
1999 -ൽ ആണ് ആദ്യമായി ഒരു പാക്കിസ്ഥാനിയുമായി പരിചയപ്പെടുന്നത്. അതായത് ഏകദേശം ഇരുപതു വർഷം മുമ്പ്.. അതുവരെ പാക്കിസ്ഥാനി എന്ന് പറഞ്ഞാൽ ഹിന്ദി സിനിമകളിലെ 'ആതഗവാദി' എന്ന് വിളിപ്പേരുള്ള മുഖം മൂടിക്കെട്ടി, വെടിയുണ്ട മാലകൾ അണിഞ്ഞു തോക്കുമായി നിൽക്കുന്നവരെയാണ്. ഒരു ശരാശരി ഇന്ത്യക്കാരന്‍റെ മനസ്സിലുള്ള പാക്കിസ്ഥാൻകാരന്റെ രൂപം ഏകദേശം ഇതേപോലെ ആയിരിക്കും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
തൊണ്ണൂറുകളുടെ അവസാനം ട്രിനിറ്റി കോളേജ്, ഡബ്ലിനിൽ PhD ചെയ്യുമ്പോൾ ആണ്, അസന എന്ന പാകിസ്ഥാനി പോസ്റ്റ്-ഡോക്ടറൽ ഗവേഷകയെ പരിചയപ്പെടുന്നത്. അന്ന് ഡബ്ലിനിൽ വളരെക്കുറച്ചു ഏഷ്യൻസെ ഉള്ളൂ. അതുകൊണ്ടു തന്നെ അവർ എന്നെ ഇങ്ങോട്ടു വന്നു പരിചയപ്പെട്ടു. പിന്നെ കാണുമ്പോൾ ഒക്കെ വിശേഷങ്ങൾ ഒക്കെ അന്വേഷിച്ചു. "സുരേഷേ..." എന്ന് നീട്ടി വിളിക്കും, നാട്ടിലെ വിശേഷങ്ങൾ ഒക്കെ ചോദിക്കും. ഇവിടെ ഇന്ത്യൻ സാധനങ്ങൾ കിട്ടുന്ന കടകൾ ഒക്കെ പറഞ്ഞു തന്നു. പുഞ്ചിരിച്ചു കൊണ്ട് മാത്രം സംസാരിച്ചിരുന്നവർ.
നമ്മുടെ സിനിമകൾ ഒക്കെ ഇഷ്ടമുള്ളവർ. കുറച്ചു മാസങ്ങൾക്ക് ശേഷം അവർ കാനഡയിലേക്ക് പോയി. യാത്ര ഒക്കെ പറഞ്ഞിട്ടാണ് പോയത്. അസനയെ പരിചയപ്പെട്ട ശേഷമാണ് ആദ്യമായി പാക്കിസ്ഥാനി എന്നാൽ വെറുക്കപ്പെടാനുള്ള ആൾക്കാർ അല്ല എന്നു മനസിലാകുന്നത്. നിറച്ചും സ്നേഹമുള്ളവർ.
മോനെ എന്റെ കൈകളിൽ തന്നത് ആ പാക്കിസ്ഥാനി ലേഡി ഗൈനക്കോളജിസ്റ്റ് ആണ്
പിന്നെയും ധാരാളം പാക്കിസ്ഥാനികളെ പരിചയപ്പെട്ടിട്ടുണ്ട് ഡബ്ലിനിൽ (2001) ഞാൻ താമസിച്ച വീടിന്റെ അടുത്ത് അഞ്ച് പാകിസ്ഥാനി ഡോക്ടർമാർ താമസിച്ചിരുന്നു. അതിലൊരാൾ പാകിസ്ഥാനി ഹിന്ദു ആയിരുന്നു (ആദ്യമായി ഒരു പാകിസ്ഥാനി ഹിന്ദുവിനെ കാണുന്നത് അന്നാണ്). അവർ വീട്ടിലേക്കു വിളിച്ചു, കോഫീ ഒക്കെ തന്നു, സ്വന്തം നാട്ടുകാരെ പോലെ കുറേനേരം സംസാരിച്ചു. അവരും നമ്മുടെ ഹിന്ദി സിനിമകൾ ഒക്കെ കാണുന്നവർ, ക്രിക്കറ്റ് ഇഷ്ടം ഉള്ളവർ.
ശ്രീഹരിയുടെ (മൂത്ത മകൻ) ഡെലിവറി സമയത്തു കൂടെ ഉണ്ടായിരുന്ന ലേഡി ഗൈനക്കോളജിസ്റ്റും (പേര് ഓർമ്മയില്ല) അനസ്തസ്റ്റിസ്റ്റും (anesthetist) പാകിസ്ഥാനികൾ ആയിരുന്നു. ഒരു അടുത്ത ബന്ധുവിനെ പോലെ ആണ് അന്ന് അവർ സരിതയോടും എന്നോടും പെരുമാറിയത്. അന്ന് അവർ ഉണ്ടായിരുന്നത് വളരെ സഹായം ആയിരുന്നു. മോനെ എന്റെ കൈകളിൽ തന്നത് ആ പാക്കിസ്ഥാനി ലേഡി ഗൈനക്കോളജിസ്റ്റ് ആണ്. ഒരു ചേച്ചിയെ പോലെ തോന്നി. എനിക്ക് ഫോൺ നമ്പർ തന്നു, ആവശ്യം ഉള്ളപ്പോൾ വിളിക്കണം എന്നൊക്കെ പറഞ്ഞാണ് പിരിഞ്ഞത്.
പിന്നെ, എന്റെ സഹ പ്രവർത്തകൻ ആയിരുന്ന മസർ. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി യിൽ നിന്നും PhD യും Smurfit ബിസിനസ്സ് സ്കൂളിൽ നിന്നും MBA യും ഒക്കെ ഉള്ള ആൾ. കറാച്ചി യൂണിവേഴ്സിറ്റിയിൽ ഒരു കോൺഫറൻസിൽ പ്രഭാഷണം നടത്താൻ ക്ഷണിച്ചിരുന്നു. മറ്റെന്തോ തിരക്കിനിടയിൽ അന്നത് നടന്നില്ല.
ഒമർ എപ്പോളും സ്നേഹത്തോടെ ഹഗ് ചെയ്യുന്ന ആളാണ്. ഒരു സുഹൃത്തിനേക്കാൾ എന്റെ സഹോദരനെപ്പോലെ ആണ് ഒമർ. ഒമറിന്റെ പെൺ മക്കളും ഹോളിവുഡ് സിനിമകളുടെ ആരാധകർ ആണ്.
അവരൊക്കെ നമ്മളെ പോലെ ഉള്ളവർ. നമ്മൾ വീടിന്റെ അടുത്തുള്ള കവലയിൽ ഇറങ്ങിയാൽ കാണുന്നവരെ പോലെ ഉള്ളവർ. നമ്മുടെ ഇടുക്കിക്കാരെ പോലെ, കോട്ടയം, തലശ്ശേരിക്കാരെപ്പോലെ. അല്ലെങ്കിൽ നമ്മുടെ, കസിൻ, ചേട്ടൻ, ചേച്ചി, ഇവരെ പോലെ ഉള്ളവർ.
ഇന്ത്യക്കെതിരെയോ, ഇന്ത്യാക്കാർക്കെതിരെയോ ഇവർക്കൊന്നും വിദ്വേഷം ഉണ്ട് എന്നും തോന്നിയിട്ടില്ല
ഡബ്ലിനിൽ പത്തു വര്‍ഷത്തോളം ഞങ്ങളുടെ അയൽവാസിയും പാകിസ്ഥാൻകാരായിരുന്നു. ഇവിടെ സ്ലൈഗോ ടെന്നീസ് ക്ലബിൽ എന്റെ കൂടെ ബാഡ്മിന്റൺ കളിക്കാനും മൂന്ന് പാക്കിസ്ഥാനികൾ ഉണ്ട്. ഇനിയും ഉണ്ട് ധാരാളം അറിയാവുന്ന പാക്കിസ്ഥാനികൾ.. ഇവരൊന്നും തീവ്ര വാദികളോ, തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നവരോ അല്ല. ഇന്ത്യക്കെതിരെയോ, ഇന്ത്യാക്കാർക്കെതിരെയോ ഇവർക്കൊന്നും വിദ്വേഷം ഉണ്ട് എന്നും തോന്നിയിട്ടില്ല.
ഇരുപത് വർഷത്തെ പരിചയം വച്ചാണ് പറയുന്നത്. ഓരോ ബോംബ് വീഴുമ്പോഴും എന്റെ ഇന്ത്യക്കാരായ സുഹൃത്തുക്കളും, ബന്ധുക്കളേയും ക്കുറിച്ചുള്ള ആകുലതകൾ പോലെ, എന്റെ സുഹൃത്തുക്കളുടെ പാകിസ്ഥാനിലുള്ള ബന്ധുക്കളെപ്പറ്റിയും ഉത്ക്കണ്ഠ ഉണ്ട്.
ജവാന്മാർ രണ്ടു സൈഡിലും മരിച്ചു വീഴുമ്പോഴും അവരുടെ കുടുംബാംഗങ്ങളുടെ വിലാപം എന്റെ മനസ്സിലും അലയടിക്കാറുണ്ട്. മനുഷ്യജീവൻ കഴിഞ്ഞേ ഉള്ളൂ, രാജ്യങ്ങളും, അതിരുകളും.
എന്റെ പാക്കിസ്ഥാനികൾ ആയ സുഹൃത്തുക്കൾ ഒന്നും യുദ്ധത്തെയോ, തീവ്രവാദത്തെയോ സപ്പോർട്ട് ചെയ്യുന്നവർ ആല്ല. ഇന്ത്യയെ നശിപ്പിക്കണം അല്ലെങ്കിൽ ഇന്ത്യ നശിച്ചു കാണണം എന്ന് ആഗ്രഹം ഉള്ളവർ ആരും തന്നെ ഇല്ല. യുദ്ധം ജനങ്ങൾ തമ്മിൽ ഉള്ളതല്ല, ഭരണകൂടങ്ങൾ തമ്മിൽ ഉള്ളതാണ്.
ഇന്ത്യൻ പത്രങ്ങൾ വായിക്കുന്ന കൂടെത്തന്നെ പാക്കിസ്ഥാനി ഓൺലൈൻ പത്രങ്ങളും വായിക്കുന്ന ആളാണ്, ഞാൻ.
ഇപ്പോൾ ദാ, വസിം അക്രത്തിന്റെ പ്രസ്ഥാവന പാക്കിസ്ഥാൻ പത്രമായ Dawn -ൽ വായിച്ചതേ ഉള്ളൂ, "With my heavy heart I appeal to yours, India, Pakistan is not your enemy, Your enemy is our enemy! How much more blood needs to be spilled before we realise we are both fighting the same battle.We need brothers in arm if we want to beat this war on terror". എന്റെ അനുഭവം വച്ച് ഇത് തന്നെയാവണം ഭൂരിപഷം പാക്കിസ്ഥാനികളും മനസ്സിൽ പറയുന്നത് (India,Pakistan is not your enemy, Your enemy is our enemy!). "തീവ്രവാദം പാക്കിസ്ഥാന്റെയും ശാപം ആണ്, We need brothers in arm if we want to beat this war on terror".
ബഹുമാന്യ പ്രധാനമന്ത്രി മോദി ദയവായി പാക്കിസ്ഥാൻ മുന്നോട്ടു വച്ച ചർച്ചയ്ക്കുള്ള ക്ഷണം സ്വീകരിച്ച്, യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ ആരംഭിക്കണം. ഇത് ഇന്ത്യക്ക് വലിയ ഒരു അവസരമാണ് തുറന്നു തന്നിരിക്കുന്നത്.
കൈവിട്ടു പോയാൽ, ചിലപ്പോൾ പൊടിപോലും ഉണ്ടാവില്ല കണ്ടു പിടിക്കാൻ
നമ്മൾ യുദ്ധം ഇല്ലാതാക്കിയില്ലെങ്കിൽ, യുദ്ധം നമ്മളെ ഇല്ലാതാക്കും.
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇന്ന് പറഞ്ഞത് ശ്രദ്ധിച്ചു കാണുമല്ലോ? ''Won't Be In My Control Or Narendra Modi's, If This Escalates": രണ്ടും ശക്തമായ ആണവ രാജ്യങ്ങൾ ആണ്, കൈവിട്ടു പോയാൽ, ചിലപ്പോൾ പൊടിപോലും ഉണ്ടാവില്ല കണ്ടു പിടിക്കാൻ. ലോക മഹായുദ്ധങ്ങളിൽ ഉണ്ടായതിലും വലിയ നാശനഷ്ടങ്ങൾ ആവും നമുക്ക് ഉണ്ടാവുക.
അതാണ് ബ്രിട്ടീഷ് തത്വചിന്തകൻ ബര്‍ട്രാണ്ട് റസ്സല്‍ (Bertrand Russell) പറഞ്ഞത് 'War does not determine who is right - only who is left.' അതായത് യുദ്ധം എന്നത് ആരുടെ ഭാഗം ശരി എന്നല്ല തീരുമാനിക്കുന്നത്, ആരൊക്കെ ബാക്കി ഉണ്ടാവും എന്ന് മാത്രമാണ്.
മറക്കരുത്, മനുഷ്യജീവൻ കഴിഞ്ഞേ ഉള്ളൂ, രാജ്യങ്ങളും, അതിരുകളും...