
ചൈനയിൽ ടോയ്‍ലെറ്റ് പേപ്പർ കിട്ടണമെങ്കിൽ പരസ്യം കണ്ട് തീർക്കണം. പൊതു ടോയ്‍ലെറ്റുകളിൽ പ്രാവർത്തികമാക്കിയ ഈ രീതി അതേസമയം വിമർശനങ്ങൾക്കും വഴിവച്ചിരിക്കുകയാണ്. ദ മെട്രോ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, ടോയ്‍ലെറ്റുകളിൽ വച്ചിരിക്കുന്ന ടോയ്‍ലെറ്റ് പേപ്പർ ഡിസ്‍പെൻസറിൽ ഒരു ക്യുആർ കോഡ് സ്കാൻ ചെയ്യണം. ഇങ്ങനെ ചെയ്ത് കഴിയുമ്പോൾ ഒരു പരസ്യം പ്രദർശിപ്പിച്ച് തുടങ്ങും. ഈ പരസ്യം പ്രദർശിപ്പിച്ച് കഴിഞ്ഞ ശേഷമാണ് ടോയ്‍ലെറ്റ് പേപ്പർ കിട്ടുക. ഒരു നിശ്ചിത അളവിലുള്ള ടോയ്‍ലെറ്റ് പേപ്പറാണ് കിട്ടുക.
അതേസമയം, ഈ പരസ്യം സ്കിപ്പ് ചെയ്യാനുള്ള സംവിധാനവും ഉണ്ട്. അതിനായി അഞ്ച് രൂപ അടച്ചാൽ മതി. ആളുകൾ ടോയ്‍ലെറ്റ് പേപ്പറുകൾ അമിതമായി ഉപയോഗിക്കുന്നതായി ശ്രദ്ധയിൽ പെട്ടു, അതും ടോയ്‍ലെറ്റ് പേപ്പറുകൾ ദുരുപയോഗം ചെയ്യുന്നതും തടയാൻ എന്ന് പറഞ്ഞാണ് ഈ സംവിധാനം നിലവിൽ വന്നത്. എന്നാൽ, ഇതിനെതിരെ വ്യാപകമായ വിമർശനങ്ങളും ഉയർന്നു വരികയായിരുന്നു.
ഈ സംവിധാനം ഉപയോഗിക്കുന്നതിലെ ബുദ്ധിമുട്ടുകളെ കുറിച്ചും ശുചിത്വത്തെ കുറിച്ചുമാണ് പ്രധാനമായും ആളുകൾ വിമർശനം ഉന്നയിച്ചിരിക്കുന്നത്. ഒരാളുടെ ഫോണിലെ ബാറ്ററി തീർന്നുപോയേക്കാവുന്നതോ, ഇന്റർനെറ്റ് ആക്‌സസ് ഇല്ലാത്തതോ ആയ സാഹചര്യങ്ങളെ കുറിച്ചും ആളുകൾ വിമർശനമുന്നയിക്കുന്നുണ്ട്. അങ്ങനെ വരുമ്പോൾ ടോയ്‍ലെറ്റ് പേപ്പർ കിട്ടാത്ത അവസ്ഥ വരുമല്ലോ എന്നും ആളുകൾ ചോദിക്കുന്നു. അതേസമയം, ചൈന ഇത്തരം നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത് ഇതാദ്യമായിട്ടല്ല. മോഷണം തടയുന്നതിനായി 2017 -ൽ ബെയ്ജിംഗിലെ ടെമ്പിൾ ഓഫ് ഹെവൻ പാർക്കിൽ ഫേഷ്യൽ റെക്കഗ്നിഷൻ ടോയ്‌ലറ്റ് പേപ്പർ ഡിസ്പെൻസറുകൾ സ്ഥാപിച്ചിരുന്നു. അതുവഴി മെഷീനുകൾ ഒരു നിശ്ചിത അളവിലാണ് ടോയ്‍ലെറ്റ് പേപ്പർ നൽകിയിരുന്നത്. മാത്രമല്ല, കൂടുതൽ പേപ്പറുകൾ വേണമെങ്കിൽ ഒമ്പത് മിനിറ്റ് കാത്തിരിക്കുകയും വേണമായിരുന്നു.
ഏതായാലും, ഇത്തരം കുഴപ്പങ്ങളെല്ലാം ഒഴിവാക്കാൻ പലരും കയ്യിൽ ടോയ്‍ലെറ്റ് പേപ്പർ കരുതാനാണ് തീരുമാനിച്ചിരിക്കുന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു.