
നിസാരം എന്ന് തോന്നാമെങ്കിലും നമ്മുടെ ചുറ്റും സംഭവിക്കുന്ന ചില കാര്യങ്ങൾ ഏറെ ഹൃദയസ്പർശിയായി അനുഭവപ്പെട്ടേക്കാം. അത്തരത്തിൽ ഒരു സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ ഹൃദയം കവരുകയാണ്. ഇൻസ്റ്റഗ്രാമിൽ വൈറലായി കൊണ്ടിരിക്കുന്ന ഈ വീഡിയോ അമേരിക്കൻ റിപ്പോർട്ടർ കെയ്‌ല സള്ളിവൻ ആണ് മാധ്യമങ്ങളിൽ പങ്കുവച്ചത്. അമേരിക്കയിൽ ഏറ്റവും അധികം ആളുകൾ ശ്രദ്ധിച്ച ഒരു വാർത്തയായി ഇത് മാറിക്കഴിഞ്ഞു.
ഇനി കാര്യത്തിലേക്ക് വരാം, മാതാപിതാക്കൾ സമ്മതിക്കാത്തതിനെ തുടർന്ന് കളിക്കാൻ വീടിന് പുറത്തേക്ക് വരാൻ കഴിയാതിരുന്ന കൂട്ടുകാരന് വേണ്ടി ഒരു സംഘം സുഹൃത്തുക്കൾ അവൻറെ വീടിനുമുന്നിൽ നടത്തിയ പ്രതിഷേധമാണ് ഇപ്പോൾ ആഗോളതലത്തിൽ തന്നെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. 'വി വാണ്ട് നിക്ക്' എന്ന് വീട്ടുപടിക്കൽനിന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു കൊണ്ടായിരുന്നു സുഹൃത്തിനു വേണ്ടിയുള്ള ഈ കൂട്ടുകാരുടെ പ്രതിഷേധം.
ഏറെ കൗതുകകരവും ഹൃദയസ്പർശിയുമായ ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ ഇതിനോടകം ആറുലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. കുട്ടികളുടെ പ്രതിഷേധത്തോടൊപ്പം തന്നെ വീഡിയോയിൽ കാഴ്ചക്കാരെ ആകർഷിച്ച മറ്റൊരു ഘടകം കെയ്‌ല സള്ളിവൻ്റെ രസകരമായ റിപ്പോർട്ടിംഗ് ശൈലിയായിരുന്നു. ഒരു ബ്രേക്കിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്ന അതേ ഗൗരവത്തോടെ കുട്ടിപ്പട്ടാളത്തിന്റെ പ്രതിഷേധവും അവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. റിപ്പോർട്ടിങ്ങിനിടെ ഈ സമരം എത്രനേരം നീളുമെന്ന് അറിയില്ലെന്നും ചെറിയൊരു ചിരിയോടെ കെയ്‌ല പറയുന്നത് കാണാം.
വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളാണ് നിറഞ്ഞിരിക്കുന്നത്. 'നിക്ക് എത്രമാത്രം ഭാഗ്യവാനാണ്' എന്നായിരുന്നു ഒരാൾ കുറിച്ചത്. ഒരു സെലിബ്രിറ്റിക്കു വേണ്ടിയും ഇത്രമാത്രം ആരാധകർ ഒരുമിച്ച് ശബ്ദമുയർത്തിയിട്ടില്ലെന്നും ചിലർ അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള മാധ്യമപ്രവർത്തനമാണ് ആവശ്യമെന്നായിരുന്നു മറ്റു ചിലർ കുറിച്ചത്. ഏതായാലും നിക്കും നിക്കിന്റെ കൂട്ടുകാരും ലോകശ്രദ്ധ നേടി കഴിഞ്ഞു.