കിണറിനും പൂന്തോട്ടത്തിനും വിവാഹം, അതിഥികളായി ഡെപ്യൂട്ടി കളക്ടറടക്കം 400 -ധികം പേർ

Published : Mar 20, 2023, 03:04 PM IST
കിണറിനും പൂന്തോട്ടത്തിനും വിവാഹം, അതിഥികളായി ഡെപ്യൂട്ടി കളക്ടറടക്കം 400 -ധികം പേർ

Synopsis

എന്നാൽ, ഇവിടെ വിവാഹം നടന്നത് ഒരു കിണറിന്റെയും ഒരു പൂന്തോട്ടത്തിന്റെയും ആയിരുന്നു. സ്ഥലത്തെ ഡെപ്യൂട്ടി കളക്ടർ മഹേഷ് കുമാർ കൈതാലിന്റെ സാന്നിധ്യവും വിവാഹത്തിന് ഉണ്ടായിരുന്നു. ​

വിവാഹച്ചടങ്ങുകൾക്ക് വലിയ പ്രാധാന്യം നൽകുന്ന ഒരു സമൂഹമാണ് നമ്മുടേത്. ഓരോ സമൂഹത്തിനും അവരുടേതായ ചടങ്ങുകളും രീതികളും വിവാഹത്തിനുണ്ട്. ഇതൊന്നുമല്ലാതെ രജിസ്റ്റർ വിവാഹം കഴിക്കുന്നവരും ഇന്ന് ഒരുപാട് പേരുണ്ട്. എന്നാൽ, ഇങ്ങനെ ഒക്കെ ആണെങ്കിലും വിവാഹത്തിന് ഒരു വരനും വധുവും ഉണ്ടാകും അല്ലേ? എന്നാൽ, ഉത്തർ പ്രദേശിലെ ഒരു ​ഗ്രാമത്തിൽ വളരെ വ്യത്യസ്തമായ ഒരു വിവാഹം നടന്നു. ആ വിവാഹത്തിലെ വധുവും വരനും മനുഷ്യരായിരുന്നില്ല.

ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിലെ കൈസർഗഞ്ച് പ്രദേശത്താണ് അത്തരത്തിൽ വിചിത്രം എന്ന് തോന്നുന്ന ഒരു വിവാഹം സംഘടിപ്പിച്ചത്. സാധാരണ വിവാഹത്തിന്റെ ചടങ്ങുകൾ എല്ലാം ഇതിനും ഉണ്ടായിരുന്നു. വിവാഹത്തിന് പന്തലൊരുക്കിയിരുന്നു. നൃത്തവും സം​ഗീതവും ഉണ്ടായിരുന്നു. ആചാരപ്രകാരം വിവാഹം നടത്താൻ പണ്ഡിറ്റുകൾ ഉണ്ടായിരുന്നു. വിഐപികൾ ഉൾപ്പടെ 400 -ലധികം അതിഥികളാണ് വിവാഹത്തിൽ പങ്കെടുത്തത്. 

എന്നാൽ, ഇവിടെ വിവാഹം നടന്നത് ഒരു കിണറിന്റെയും ഒരു പൂന്തോട്ടത്തിന്റെയും ആയിരുന്നു. സ്ഥലത്തെ ഡെപ്യൂട്ടി കളക്ടർ മഹേഷ് കുമാർ കൈതാലിന്റെ സാന്നിധ്യവും വിവാഹത്തിന് ഉണ്ടായിരുന്നു. ​ഗ്രാമത്തിലെ ഈ കിണർ വളരെ വളരെ പഴക്കമുള്ളതാണ്. എന്നാൽ, കിണർ വറ്റിവരളാൻ തുടങ്ങിയതോടെ ആളുകൾ അത് എന്തോ അശുഭസൂചകമാണ് എന്ന് വിശ്വസിക്കാൻ തുടങ്ങി. ​ഗ്രാമത്തിലെ എല്ലാവർക്കും ആശങ്കയായി. ​ഗ്രാമത്തിലെ 85 വയസുള്ള കിഷോരി ദേവിയാണ് കിണറിന്റെയും പൂന്തോട്ടത്തിന്റെയും വിവാഹം നിർദ്ദേശിക്കുന്നത്. അതുവഴി മോശം കാര്യങ്ങൾ ഇല്ലാതെയാകും എന്നായിരുന്നു വിശ്വാസം എന്ന് ​ഗ്രാമവാസിയായ ബ്രിജേഷ് സിങ് റാത്തോർ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 

അത് ഏറെപ്പേരും അം​ഗീകരിച്ചു. മാർച്ച് 13 -ന് വിവാഹം നടത്താൻ നിശ്ചയിച്ചു. ഗ്രാമത്തിലെ മുതിർന്നവരായ രാകേഷ് സിംഗ്, അഖിലേഷ് സിംഗ്, അമ്രേഷ് സിംഗ്, സുരേഷ് സിംഗ് എന്നിവർ ചടങ്ങ് ​ഗംഭീരമായി നടത്താനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തു. ക്ഷണക്കത്തും അടിച്ചു. 1500 പേർക്കാണ് ക്ഷണക്കത്ത് നൽകിയത്. പിന്നാലെയാണ് അതി​ഗംഭീരമായി വിവാഹചടങ്ങുകൾ നടന്നത്. 

പിന്നാലെ, കിണറിൽ വെള്ളം വന്നോ, ശുഭകാര്യങ്ങൾ സംഭവിച്ചോ എന്നൊന്നും ഏതായാലും അറിവായിട്ടില്ല. 

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?