
തിമിംഗലങ്ങൾ ഭൂമിയിലെ ഏറ്റവും വലിയ ജീവികളാണ്. കാർബൺ സംഭരണികളാണ് ഇവയുടെ ശരീരം. അവ നമ്മുടെ കാലാവസ്ഥയിൽ വളരെ വലിയ സ്വാധീനം ചെലുത്തുന്നുണ്ട് എന്ന് എത്ര പേർക്ക് അറിയാം? സമുദ്രത്തിലെ അവയുടെ സാന്നിധ്യം ചുറ്റുമുള്ള ആവാസവ്യവസ്ഥയെ രൂപപ്പെടുത്തുന്നു. സമുദ്രത്തിന്റെ ആഴത്തിൽ നിന്ന്, ഈ ജീവികൾ ഭൂമിയുടെ താപനില നിയന്ത്രിക്കുന്നു. അവ അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡ് വലിച്ചെടുക്കുന്നു. എന്നിട്ടും, പക്ഷേ മനുഷ്യർ നൂറ്റാണ്ടുകളായി തിമിംഗലങ്ങളെ ലാഭത്തിനായി കൊന്നൊടുക്കുന്നു. എന്നാൽ, അല്പം ലാഭത്തിനായി നാം കാണിക്കുന്ന വിവേചനരഹിതമായി പ്രവൃത്തികൾ നമ്മുടെതന്നെ നാശത്തിന് കാരണമാകുന്നു എന്നത് നാം തിരിച്ചറിയുന്നില്ല. തിമിംഗലങ്ങളുടെ മാംസം മുതൽ എണ്ണ വരെ എല്ലാം നമ്മൾ കച്ചവടം ചെയ്യുന്നു. വാണിജ്യപരമായി തിമിംഗലത്തെ ഉപയോഗിക്കാൻ തുടങ്ങിയത് എ.ഡി 1000 -ത്തിലാണ്. അതിനുശേഷം, ദശലക്ഷക്കണക്കിന് തിമിംഗലങ്ങൾ കൊല്ലപ്പെട്ടു. അവയുടെ എണ്ണത്തിൽ 66% മുതൽ 90% വരെ കുറവു വന്നുവെന്ന് വിദഗ്ദ്ധർ കരുതുന്നു.
തിമിംഗലങ്ങൾ ചാവുമ്പോൾ അവ സമുദ്രനിരപ്പിലേക്ക് താഴ്ന്ന് പോകുന്നു. അവയുടെ ഭീമമായ ശരീരത്തിൽ സൂക്ഷിച്ചിരിക്കുന്ന കാർബണുകളും ഉപരിതല ജലത്തിൽ നിന്ന് ആഴക്കടലിലേക്ക് പതിക്കുന്നു. അവിടെ അത് നൂറ്റാണ്ടുകളോ അതിൽ കൂടുതലോ കാലം നിലനിൽക്കുന്നു. ഈ രീതിയിൽ തിമിംഗലങ്ങൾ പണ്ട് മരിക്കുമ്പോൾ പ്രതിവർഷം 190,000 മുതൽ 1.9 ദശലക്ഷം ടൺ കാർബൺ വരെ സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് പുറന്തള്ളപ്പെട്ടിരുന്നുവെന്ന് 2010 -ലെ പഠനത്തിൽ ശാസ്ത്രജ്ഞർ കണ്ടെത്തുകയുണ്ടായി. ഇത് ഓരോ വർഷവും റോഡിൽ ഇറങ്ങുന്ന 40,000 മുതൽ 410,000 വരെയുള്ള കാറുകൾക്ക് തുല്യമാണ്. എന്നാൽ, ഇപ്പോൾ തിമിംഗലത്തിന്റെ ശവം കടലിന്റെ അടിത്തട്ടിൽ വന്നടിയുന്നതിന് പകരം തിമിംഗലങ്ങളെ വാണിജ്യാവശ്യത്തിനായി കൊല്ലുകയും സംസ്ക്കരിക്കുകയും ചെയ്യുമ്പോൾ അവയുടെ ശരീരത്തിലെ കാർബൺ അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുകയാണ് ചെയ്യുന്നത്.
മെയ്ൻ സർവകലാശാലയിലെ സമുദ്ര ശാസ്ത്രജ്ഞനായ ആൻഡ്രൂ പെർഷിംഗ് കണക്കാക്കുന്നത് ഇരുപതാം നൂറ്റാണ്ടിൽ തിമിംഗലവേട്ടയിലൂടെ 70 ദശലക്ഷം ടൺ കാർബൺ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെട്ടുവെന്നാണ്. “ഇത് വളരെയധികമാണ്. ഒരു വർഷത്തിൽ 15 ദശലക്ഷം കാറുകൾക്ക് തുല്യമാണ് ഇത്. യുഎസിൽ നിലവിൽ 236 ദശലക്ഷം കാറുകളുണ്ട്” അദ്ദേഹം പറയുന്നു. ഇത് കൂടാതെ ഈ സസ്തനികൾ ഉൽപാദിപ്പിക്കുന്ന വിസർജ്യവും കാലാവസ്ഥയെ സ്വാധീനിക്കുന്നു.
സമുദ്രത്തിൽ ആഴങ്ങളിൽ തിമിംഗലങ്ങൾ ആഹാരം തേടുന്നു. തുടർന്ന് ഉപരിതലത്തിലേക്ക് മടങ്ങുകയും ശ്വസിക്കുകയും വിസർജ്ജനം നടത്തുകയും ചെയ്യുന്നു. ഇരുമ്പ് സമ്പുഷ്ടമായ ഈ വിസർജ്യം ഫൈറ്റോപ്ലാങ്ക്ടണുകൾ വളരാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു. സമുദ്രത്തിൽ കാണുന്ന ഒരുതരം പായലുകളാണ് ഫൈറ്റോപ്ലാങ്ക്ടൺ. ഇവ കാലാവസ്ഥയിൽ വളരെയധികം സ്വാധീനം ചെലുത്തുന്നു. അന്തരീക്ഷത്തിലുള്ള CO2 -വിന്റെയും 40 ശതമാനത്തെ പിടിച്ചെടുക്കാൻ ഇവയ്ക്ക് കഴിയുന്നു, ആമസോൺ മഴക്കാടുകൾ പിടിച്ചെടുത്തതിന്റെ നാലിരട്ടിയാണിത്.
എന്നാൽ, തിമിംഗലത്തെ കൊല്ലുന്നതിലൂടെ ഫൈറ്റോപ്ലാങ്ക്ടൺ ഉൽപാദനക്ഷമതയെയും കാർബൺ ആഗിരണം ചെയ്യാനുള്ള സമുദ്രത്തിന്റെ കഴിവിനെയും ഗുരുതരമായി ബാധിക്കുകയാണ്. അത് കൂടാതെ തിമിംഗലങ്ങളുടെ എണ്ണം കുറഞ്ഞപ്പോൾ, അവയെ ആഹാരമാക്കിയിരുന്ന ഓർക്കസുകൾ കടൽ ഒട്ടർ പോലുള്ള ചെറിയ സമുദ്ര സസ്തനികളിലേയ്ക്ക് തിരിഞ്ഞു. ഇത് ഒട്ടറുകളുടെ എണ്ണത്തെ കുറച്ചു. ഇത് ഒട്ടറുകൾ ഭക്ഷണമാക്കിയിരുന്ന കടൽ ആർച്ചിനുകളുടെ തളച്ചു വളരലിന് കാരണമായി. കടൽ ആർച്ചിനുകളുടെ ആഹാരം വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിന് ചുറ്റുമുള്ള വനങ്ങളാണ്. സ്വാഭാവികമായും ആ വനത്തെയും ഇത് ബാധിച്ചു. അത് കാർബണിന്റെ അളവിൽ വർദ്ധനവ് ഉണ്ടാക്കി.
തിമിംഗലങ്ങളുടെ എണ്ണം പുനഃസ്ഥാപിക്കുന്നതിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനും കാർബണിനെ നേരിട്ടും അല്ലാതെയും ക്രമീകരിക്കാനും ഫോസിൽ ഇന്ധനങ്ങൾ പുറന്തള്ളുന്ന CO2 -വിന്റെ അളവിൽ അൽപ്പം മാറ്റം വരുത്താനും കഴിയുന്നു. ഈ കുറവ് എങ്ങനെ കൈവരിക്കാമെന്നതിനുള്ള നിരവധി നിർദേശങ്ങൾ ഉണ്ട്, മരങ്ങൾ നട്ടുപിടിപ്പിക്കുന്നതും സമുദ്രത്തിൽ ഇരുമ്പ് ചേർത്ത് ഫൈറ്റോപ്ലാങ്ക്ടൺ കൂടുതലായി വളരാനുള്ള സാഹചര്യം ഉണ്ടാക്കുന്നതും എല്ലാം അതിൽ ചില മാർഗ്ഗങ്ങളാണ്. പക്ഷേ, വൃക്ഷത്തൈ നടുന്നതിന് സ്ഥലം ആവശ്യമാണ്. ഇതിനകം തന്നെ പല സ്ഥലങ്ങളും വിലയേറിയ മറ്റൊരു ആവാസവ്യവസ്ഥയോ, കൃഷിസ്ഥലമോ ആയി മാറിയിട്ടുണ്ടാകും. അതുകൊണ്ട് തന്നെ അത് എത്രത്തോളം ഫലവത്താകുമെന്ന് പറയാൻ സാധിക്കില്ല.
2019 ൽ ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐ.എം.എഫ്) സമുദ്രത്തിൽ തിമിംഗലങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ പരിശോധിച്ച് ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. പഠനം കണ്ടെത്തിയത്, ഒരു തിമിംഗലം അതിന്റെ ജീവിതകാലത്ത് വേർതിരിച്ചെടുത്ത കാർബണിന്റെ മൂല്യം, മത്സ്യബന്ധനം, ഇക്കോടൂറിസം തുടങ്ങിയ മറ്റ് ആനുകൂല്യങ്ങൾക്കൊപ്പം ചേർക്കുമ്പോൾ, ആഗോള സ്റ്റോക്കിൽ ശരാശരി വലിയ തിമിംഗലത്തിന് രണ്ട് മില്യൺ ഡോളറിലധികം വില വരുമെന്നാണ്. കാർബൺ ഓഫ്‌സെറ്റിംഗ് എന്നറിയപ്പെടുന്ന ഒരു സംവിധാനത്തിലൂടെ ഇത് യാഥാർത്ഥ്യമാക്കി മാറ്റുന്നതിനുള്ള ഒരു പദ്ധതിയ്ക്കായി സാമ്പത്തിക വിദഗ്ധർ ഇപ്പോൾ പ്രവർത്തിക്കുകയാണ്.
ഇതിനകം, ചിലിയൻ ചാരിറ്റിയായ Fundación MERI തിമിംഗലത്തെ അടിസ്ഥാനമാക്കിയുള്ള കാർബൺ വിപണിയുടെ അടിത്തറ പാകാൻ ശ്രമിക്കുകയാണ്. തിമിംഗലങ്ങളുടെ സംരക്ഷണം ലക്ഷ്യമിടുന്ന ഈ പദ്ധതി അനുസരിച്ച് മുന്നറിയിപ്പ് നൽകുന്ന അകൗസ്റ്റിക് ബൂയികൾ സ്ഥാപിക്കുകയും അത് തിമിംഗലങ്ങളുടെ സ്ഥാനം നിരീക്ഷിക്കുകയും കപ്പലുകൾക്ക് യാത്ര ചെയ്യാൻ മറ്റ് വഴികൾ കാണിച്ച് കൊടുക്കുകയും ചെയ്യുന്നു. തിമിംഗലങ്ങളെ സംരക്ഷിക്കുന്ന ലോകത്തിലെ ആദ്യത്തെ പദ്ധതിയാണിതെന്ന് വിശ്വസിക്കപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള ആഗോള ശ്രമത്തിൽ തിമിംഗല സംരക്ഷണത്തിന് ഇപ്പോൾ മുൻഗണന നൽകണമെന്ന് ഐഎംഎഫ് പഠനം പറയുന്നു.
(കടപ്പാട്: ബിബിസി)