ആറ് വർഷമായി സൈബർ ലോകത്ത് തന്നെ വേട്ടയാടിയ മുൻ സഹപാഠിയെ നിയമത്തിന് മുന്നിലെത്തിച്ച് അമൂല്യ ശർമ എന്ന യുവതി. ഇൻസ്റ്റഗ്രാമിലൂടെ നടത്തിയ വെളിപ്പെടുത്തൽ വൈറലായതോടെയാണ് ഇയാള്‍ അറസ്റ്റിലായത്.
ആറുവർഷത്തോളമായി തന്നെ നിരന്തരം സൈബർ ലോകത്ത് വേട്ടയാടിക്കൊണ്ടിരുന്ന മുൻ സഹപാഠിയെ നിയമത്തിന് മുന്നിൽ എത്തിച്ച് അമൂല്യ ശർമ എന്ന യുവതി. ഇൻസ്റ്റഗ്രാമിലൂടെ യുവതി നടത്തിയ വെളിപ്പെടുത്തലുകൾ വൈറലായതോടെയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. തന്റെ മുൻ സഹപാഠിയിൽ നിന്നും ഏകദേശം ആറ് വർഷമായി താൻ നേരിട്ട ക്രൂരമായ പീഡനങ്ങളെക്കുറിച്ചാണ് അമൂല്യ വെളിപ്പെടുത്തിയത്. ഇത് വെറുമൊരു ശല്യപ്പെടുത്തലായിരുന്നില്ല, മറിച്ച് ആസൂത്രിതമായി ഇയാൾ തന്നെ വേട്ടയാടുകയായിരുന്നു. ഭീഷണി സന്ദേശങ്ങൾ, അശ്ലീല ഇമെയിലുകൾ, അപകീർത്തികരമായ പരാമർശങ്ങൾ എന്നിവ നിരന്തരം അയച്ചുകൊണ്ട് പ്രതി തന്നെ മാനസികമായി തളർത്തുകയായിരുന്നുവെന്നും അമൂല്യ പറയുന്നു.
ആദ്യഘട്ടത്തിൽ അധികാരികളെ സമീപിച്ചെങ്കിലും അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല. ഇതേത്തുടർന്ന്, തനിക്ക് ലഭിച്ച ഓരോ ഇമെയിലുകളും ഓഡിയോ സന്ദേശങ്ങളും അമൂല്യ തെളിവായി സൂക്ഷിച്ചു. നടപടികൾ വൈകുന്നതിൽ മനംമടുത്താണ് അവർ തന്റെ ദുരനുഭവം ഇൻസ്റ്റഗ്രാമിലൂടെ പുറംലോകത്തെ അറിയിച്ചത്. സ്ക്രീൻഷോട്ടുകളും വീഡിയോകളും സഹിതം പങ്കുവെച്ച പോസ്റ്റ് നിമിഷങ്ങൾക്കകം വൈറലായി. രാജ്യമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകൾ അമൂല്യയ്ക്ക് പിന്തുണയുമായി രംഗത്തെത്തി.
സന്നദ്ധ സംഘടനയായ ബ്രോസെഫ് ഫൗണ്ടേഷന്റെ ഇടപെടൽ കേസന്വേഷണത്തിന് കരുത്തേകി. അമൂല്യ ശേഖരിച്ച 55-ഓളം ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ 2026 ജനുവരി 30-ന് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വാലന്റൈൻസ് ദിനത്തിന് തൊട്ടുമുമ്പ് പ്രതിയെ പോലീസ് പിടികൂടി. പ്രതി നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
പ്രതിയുടെ അറസ്റ്റ് ഒരു വലിയ വിജയമാണെങ്കിലും നിയമപോരാട്ടം അവസാനിച്ചിട്ടില്ലെന്ന് അമൂല്യ ശർമ വ്യക്തമാക്കി. 'അവൻ എവിടെയായിരിക്കണമോ അവിടെ എത്തി' എന്ന് പ്രതിയുടെ അറസ്റ്റിനെക്കുറിച്ച് അവർ സോഷ്യൽ മീഡിയയിൽ കുറിച്ചു. പ്രതിക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യതയും നീണ്ട കോടതി നടപടികളും മുന്നിലുണ്ടെങ്കിലും, സൈബർ ആക്രമണങ്ങൾ നേരിടുന്നവർക്ക് ഈ കേസ് ഒരു പ്രതീക്ഷയാകുമെന്ന് അവർ വിശ്വസിക്കുന്നു.
