
അതിർത്തിക്കപ്പുറത്തുനിന്നു ബലൂണുകളിൽ കെട്ടി ഉത്തരകൊറിയയെ ദുഷിക്കുന്ന ലഘുലേഖകൾ അയക്കുന്നത് നിർത്തിയില്ലെങ്കിൽ കടുത്ത നടപടികൾ ഉണ്ടാകും എന്ന് കഴിഞ്ഞ ആഴ്ച പറഞ്ഞ ഉത്തര കൊറിയ ആ നടപടി സ്വീകരിച്ചിരിക്കുകയാണ്. കർശന നടപടികളുടെ ആദ്യഘട്ടമായി, ദക്ഷിണ കൊറിയയുമായി നിലവിലുള്ള ഹോട്ട് ലൈൻ ബന്ധങ്ങൾ അവർ വിച്ഛേദിച്ചു കളഞ്ഞിരിക്കുകയാണ്. ഉത്തര കൊറിയയുടെ ഒരു രീതി അങ്ങനെയാണ്. ദക്ഷിണ കൊറിയയുമായുള്ള ബന്ധം വഷളായാൽ ഉടൻ അവർ ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള 'ഹോട്ട് ലൈൻ' ബന്ധം അങ്ങ് വിച്ഛേദിച്ചു കളയും. 49 ഹോട്ട് ലൈനുകളാണ് ഉത്തര-ദക്ഷിണ കൊറിയകൾക്കിടയിൽ ഉള്ളത്.
ഹോട്ട് ലൈനുകളാണ് ഇരു രാജ്യങ്ങൾക്കും ഇടയിൽ സമ്പർക്കം പുലർത്താനുള്ള ഏക മാർഗം. ഈ ലൈനുകളിലൂടെയാണ് ഇരു കൊറിയകളും തങ്ങളുടെ നയതന്ത്ര ബന്ധങ്ങൾ സ്ഥാപിക്കുന്നതും പരസ്പരം സംസാരിക്കുന്നതും മറ്റും. അക്ഷരാർത്ഥത്തിൽ ഹോട്ട് ലൈനുകളാണിവ. ഈ ലൈനുകളിൽ വിളിച്ചാണ് അവർ പട്ടാള സഹകരണവും, മനുഷ്യാവകാശ, ദുരിതാശ്വാസ മിഷനുകളും ഒക്കെ നടത്തുന്നത്. അതിർത്തിയിലെ നീക്കങ്ങൾ പങ്കുവെക്കുന്നത്.
എന്നാൽ, ഉത്തര കൊറിയയാകട്ടെ, ഒന്ന് പറഞ്ഞ് രണ്ടിന് ഈ ലൈനുകൾ വിച്ഛേദിക്കുന്നവരുമാണ്. 2016 -ൽ വിച്ഛേദിച്ച ലൈനുകൾ 2018 -ൽ കിം ജോംഗ് ഉൻ നയതന്ത്ര ബന്ധങ്ങൾ മെച്ചപ്പെടുത്താൻ തീരുമാനിച്ചപ്പോഴാണ് വീണ്ടും തുറന്നത്. ദക്ഷിണ കൊറിയയാകട്ടെ ഈ ലൈനുകളെ അയൽരാജ്യത്തോടുള്ള സഹകരണം നിലനിർത്താനുള്ള ഒരേയൊരുപാധി എന്ന നിലയ്ക്ക് വളരെ താത്പര്യത്തോടെ കാണുന്ന കൂട്ടരാണ്. ഇതിനു മുമ്പ് ഉത്തര കൊറിയ വിളിക്കാതെ ആയ സാഹചര്യത്തിലും ദിവസവും ദക്ഷിണ കൊറിയ ആ ഫോണിന്റെ റിസീവർ എടുത്ത് ഉത്തര കൊറിയൻ പക്ഷത്തുള്ള നയതന്ത്രജ്ഞരെ വിളിക്കുമായിരുന്നു. ഒരു ഉത്തരവും കിട്ടാതിരുന്നിട്ടും മാസങ്ങളോളം ആ വിളി കൃത്യമായി തുടർന്നിരുന്നു. അതിർത്തിക്കടുത്തുള്ള ജോയിന്റ് സെക്യൂരിറ്റി ഏരിയ ആയ പൻമുൻജോമിൽ അവർ ഉച്ചഭാഷിണി കെട്ടി സന്ദേശങ്ങൾ അതിർത്തിക്കപ്പുറത്തേക്ക് ഉച്ചത്തിൽ വിളിച്ചു പറയുക വരെ ചെയ്തിരുന്നു അക്കാലത്ത്.
ദക്ഷിണ കൊറിയൻ പക്ഷത്തുള്ളത് ഒരു കമ്പ്യൂട്ടർ സ്‌ക്രീൻ, ഡിസ്ക് ഡ്രൈവുകൾ, യുഎസ്ബി പോർട്ടുകൾ, രണ്ടു ഫോണുകൾ എന്നിവയാണ്. ചുവന്ന ഫോൺ ഉത്തര കൊറിയയിൽ നിന്നുള്ള കോളുകൾ സ്വീകരിക്കാനുള്ളതാണ്. പച്ച ഫോൺ അങ്ങോട്ട് വിളിക്കാനുള്ളതും. ഓരോ ഹോട്ട് ലൈനും മറ്റേയറ്റത് ഒരു ഫോണുമായി ബന്ധപ്പെട്ടുകിടക്കുന്നു. ആ ഫോണുകളിൽ നിന്ന് മറ്റേയറ്റത്തുള്ള ഒരു ഫോണിലേക്കല്ലാതെ മറ്റെവിടേക്കും വിളിക്കാൻ സാധിക്കില്ല.
ഉത്തര കൊറിയയുടെ ഭാഗത്തുള്ള ഉപകരണങ്ങൾ ഇന്നോളം പുറംലോകം കണ്ടിട്ടില്ല.
READ ALSO