അസം 'ഓയിൽ ഇന്ത്യ' എണ്ണക്കിണറിലെ ബ്ലോ ഔട്ട്, തീപിടിത്തം - അറിയേണ്ടതെല്ലാം

By Web TeamFirst Published Jun 10, 2020, 3:25 PM IST
Highlights

മെയ് 27 -ന് നടന്ന ബ്ലോ ഔട്ടിനെത്തുടർന്ന് തുടർച്ചയായി നടന്നുകൊണ്ടിരുന്ന പ്രകൃതിവാതകച്ചോർച്ചയ്‌ക്കൊടുവിൽ, വരണ്ട കാലാവസ്ഥ കാരണം ഇന്നലെ കിണറിന് തീ പിടിക്കുകയായിരുന്നു .

അസമിലെ തിൻസുഖിയ ജില്ലയിലെ ഭാഘ്ജാനിലുള്ള ഓയിൽ ഇന്ത്യയുടെ എണ്ണക്കിണറിൽ മെയ് 27 -നുണ്ടായ 'ഒരു ബ്ലോ ഔട്ട് നടന്നിരുന്നു. അന്നുതൊട്ട് ഇതുവരെ തുടർച്ചയായി നടന്നുകൊണ്ടിരുന്ന പ്രകൃതിവാതകച്ചോർച്ചയ്‌ക്കൊടുവിൽ ഇന്നലെ ആ എണ്ണക്കിണറിന് തീപിടിച്ചിരിക്കുകയാണ്. രണ്ടാഴ്ചയോളമായി അനിയന്ത്രിതമായി പ്രകൃതിവാതകം ചോർന്നുകൊണ്ടിരുന്ന ആ എണ്ണക്കിണറിന് തീപിടിക്കാതിരിക്കാൻ വേണ്ടി സാധ്യമായതെല്ലാം തന്നെ ഓയിൽ ഇന്ത്യാ അധികൃതർ ചെയ്തിരുന്നു എങ്കിലും, വരണ്ട കാലാവസ്ഥ കാരണം ഇന്നലെ കിണറിന് തീപിടിച്ച് അനിയന്ത്രിതമായ രീതിയിൽ തീനാളങ്ങൾ ആളിപ്പടരുകയാണ് ഉണ്ടായത്. 

 

Massive fire at the gas well of Oil India Ltd at Baghjan in Tinsukia district, Assam. A team of National Disaster Response Force (NDRF) is present at the spot pic.twitter.com/Tw2G92aPXy

— ANI (@ANI)

തീകത്തുന്നിടത്തുനിന്ന് പുറപ്പെടുന്ന പുക, കറുത്ത നിറത്തിൽ മേഘപടലങ്ങൾ പോലെ പ്രദേശമെങ്ങും പരന്നു കഴിഞ്ഞിട്ടുണ്ട്. അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ് ഇപ്പോഴും. പതിനഞ്ചിലധികം അഗ്നിശമനസേനാ ട്രക്കുകൾ സ്ഥലത്തെത്തി തീകെടുത്താൻ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.  തീകെടുത്താനുള്ള ശ്രമത്തിനിടെ രണ്ട അഗ്നിശമന സേനാംഗങ്ങൾക്ക് ജീവൻ നഷ്ടമായതായി അല്പസമയം മുമ്പ് എൻഡിടിവി റിപ്പോർട്ട് ചെയ്തിരിക്കുന്നു.

ഇന്നലെ ഉച്ചക്ക് ഒന്നരയോടെ തുടങ്ങിയ തീ വൈകുന്നേരം അഞ്ചുമണിയോടെ അനിയന്ത്രിതമായി പടർന്നുപിടിക്കാൻ തുടങ്ങി. നിമിഷനേരം കൊണ്ട് പരിസരത്തെ മുപ്പതോളം വീടുകൾ അഗ്നിക്കിരയായി. പത്തുകിലോമീറ്ററോളം ദൂരത്ത് നിന്നുപോലും വ്യക്തമായി കാണാവുന്നത്ര വലുതാണ് ഈ തീ. പ്രദേശത്ത് താമസമുള്ള  1600 -ൽ പരം കുടുംബങ്ങൾ ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റപ്പെട്ടിട്ടുണ്ട്. 

 

 

ഭാഘ്ജാനിലെ എണ്ണക്കിണർ, ബ്ലോ ഔട്ട് നടന്നതിന് ശേഷം  കഴിഞ്ഞ പതിനാലു ദിവസങ്ങളോളമായി ഗ്യാസ് ചീറ്റിക്കൊണ്ടിരിക്കുകയായിരുന്നു. ഈ ഡ്രിൽ സൈറ്റ് ഡിബ്രൂ-സൈഖോവ ദേശീയ പാർക്കിനു സമീപത്തായതുകൊണ്ട് കടുവ, ഗാങ്ഗെറ്റിക് ഡോൾഫിൻ, കുതിരകൾ, 382 ഇനം പക്ഷികൾ എന്നിവ പ്രദേശത്തുണ്ട്. അവയൊക്കെയും ഇന്ന് ഈ തീപിടിത്തം കാരണമുള്ള അപകടത്തിന്റെ സാധ്യതാ വലയത്തിലാണ്. മെയ് 27 തൊട്ട് നടക്കുന്ന വാതകചോർച്ച കാരണം ഇതിനകം തന്നെ നിരവധി പക്ഷികളും, ഡോൾഫിനുകളും ചത്തിട്ടുണ്ടെന്ന് ഗ്രാമീണർ പറയുന്നു. 

എവിടെയാണ് ഈ എണ്ണക്കിണർ?

ഇപ്പോൾ തീപിടിച്ചിരിക്കുന്ന ഭാഘ്ജാൻ 5, കഴിഞ്ഞ പത്തുപതിനഞ്ചു വർഷമായി നിരന്തരം പ്രകൃതി വാതകം ഉത്പാദിപ്പിച്ചു കൊണ്ടിരുന്ന ഒരു എണ്ണക്കിണറാണ്. ഡിബ്രൂ-സൈഖോവ ദേശീയ പാർക്കിൽ നിന്ന് 900 മീറ്റർ മാത്രമാണ് ഇവിടേക്കുള്ള ആകാശദൂരം. 2006 -ൽ ഓയിൽ ഇന്ത്യയുടെ ഡ്രില്ലിങ് ക്രൂ ആണ് ഈ വെൽ കുഴിക്കുന്നത്. ഇത് ദിവസേന, 4200 psi മർദ്ദത്തിൽ,  80,000 സ്റ്റാൻഡേർഡ് കുബിക് മീറ്റർ പ്രകൃതി വാതകം ഉത്പാദിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു വെൽ ആണ്. സാധാരണ പ്രകൃതിവാതകം ഉത്പാദിപ്പിക്കുന്ന എണ്ണക്കിണറുകളുടെ ഉത്പാദന മർദ്ദമായ 2700 നേക്കാൾ കൂടുതലാണ് ഇതിന്റെ പ്രവർത്തനമർദ്ദം എന്നത് ശ്രദ്ധേയമായ ഒരു വസ്തുതയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും അധികം ഉത്പാദനക്ഷമതയുള്ള എണ്ണക്കിണറുകളിൽ ഒന്നാണ് ഇപ്പോൾ അഗ്നിക്കിരയായിരിക്കുന്നത്. 

എന്താണ് ബ്ലോ ഔട്ടുകൾ? അവ സംഭവിക്കാനുള്ള കാരണം എന്താണ് ?

മുകളിൽ നിന്ന് 'ഡ്രില്ലിങ് ഫ്‌ല്യൂയിഡ്' അഥവാ 'മഡ്' എന്നറിയപ്പെടുന്ന ദ്രവരൂപത്തിലുള്ള ഒരു കെമിക്കൽ മിശ്രിതം പമ്പുകൾ ഉപയോഗിച്ച്  എണ്ണക്കിണറിനുള്ളിലേക്ക് പമ്പ് ചെയ്തുകൊണ്ടാണ് സാധാരണ ഡ്രില്ലിങ് ഓപ്പറേഷൻ നടക്കാറുള്ളത്. ഭൂമിക്കടിയിൽ നിന്ന് മുകളിലേക്ക് ഡ്രിൽ ചെയ്യുമ്പോൾ ഉണ്ടാകുന്ന സ്വാഭാവികമായ മർദ്ദത്തെ ബാലൻസ് ചെയ്തു നിർത്താനും ഡ്രില്ലിങ് സുഗമമായി പുരോഗമിക്കാനും വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാൽ, ചിലപ്പോൾ ഈ 'ബാലൻസ്' തെറ്റുകയും, താഴെ നിന്ന് 'ഫോർമേഷൻ ഫ്ലൂയിഡ്' അഥവാ ഭൗമാന്തര ഭാഗത്തു നിന്നുള്ള പ്രകൃതി വാതകം അല്ലെങ്കിൽ ക്രൂഡ് ഓയിൽ ഒക്കെ കടുത്ത സമ്മർദ്ദത്തിൽ പുറത്തേക്ക് തള്ളി വരാം. താത്കാലികമായി ഉണ്ടാകുന്ന ഈ 'പ്രെഷർ ഇംബാലൻസ്' അഥവാ പൊട്ടലും ചീറ്റലും ഒക്കെയാണ് ഓയിൽ ഫീൽഡ് ഭാഷയിൽ കിക്ക് എന്നറിയപ്പെടുന്നത്. 

 

 

ഉദാ. പ്രഷർ കുക്കർ പ്രവർത്തിക്കുമ്പോൾ ഇടയ്ക്കിടെ ഓരോ പൊട്ടലും ചീറ്റലും നീരാവി പുറത്തേക്ക് വരലും ഒക്കെ സ്വാഭാവികമായി സംഭവിക്കുന്നതാണല്ലോ. എന്നാൽ, അങ്ങനെ ഒരു പത്തുലക്ഷം പ്രഷർകുക്കറുകൾ, ഇപ്പോൾ പ്രവർത്തിക്കുന്നതിന്റെ ആയിരമിരട്ടി സമ്മർദത്തോടെ, നിയന്ത്രണാതീതമായി ഗ്യാസ് പുറത്തുവിടാൻ തുടങ്ങിയാലോ ? ചിലപ്പോൾ അത് കലാശിക്കുന്ന ആ സ്ട്രക്ച്ചറുകളുടെ പൊട്ടിത്തെറിച്ചുള്ള നാശത്തിലാകും.  അങ്ങനെയുണ്ടാകുന്ന പൊട്ടിത്തെറിക്കാണ് ഓയിൽ ഫീൽഡിൽ 'ബ്ലോ ഔട്ട് 'എന്ന് പറയുന്നത്. ബ്ലോ ഔട്ടിന് ശേഷം ഒരു എണ്ണക്കിണറിൽ നടക്കുക അതിന്റെ ചുവട്ടിലെ റിസർവോയറിൽ നിൻ പ്രകൃതിവാതകം, അല്ലെങ്കിൽ ഗ്യാസ് പുറത്തക്ക് കോരുക എന്നതാണ്. അത് ഒന്നുകിൽ റിസർവോയറിലെ മുഴുവൻ സ്റ്റോക്കും തീരും വരെ, അല്ലെങ്കിൽ ആ പൊട്ടിത്തെറി നിയന്ത്രണ വിധേയമാക്കപ്പെടും വരെ തുടരും.

'ബ്ലോ ഔട്ട്' എന്ന അവസ്ഥ സംജാതമാകാതിരിക്കാൻ ഈ എണ്ണക്കിണറുകളിൽ എല്ലാം തന്നെ 'ബ്ലോ ഔട്ട് പ്രിവൻറ്റർ' അഥവാ BOP എന്നൊരു സുരക്ഷാ സംവിധാനം ഉണ്ടായിരിക്കും. മുകളിലേക്കുള്ള സമ്മർദ്ദം നിയന്ത്രണാതീതമായാൽ അത് വളരെ പെട്ടെന്നുതന്നെ താഴെനിന്ന് കുതിച്ചുവരുന്ന ഈ പ്രകൃതിവാതക-ക്രൂഡോയിൽ സമ്മർദ്ദത്തെ തടഞ്ഞു നിർത്താനുള്ള ഒരു സീൽ ആയി പ്രവർത്തിച്ച് ചോർച്ചയെ, ലോക്ക് ഔട്ടിനെ തടയും. അത് എല്ലാം നേരാംവണ്ണം നടന്നാലുള്ള അവസ്ഥ. 

 

 

ബ്ലോ ഔട്ട് നടക്കുന്ന മെയ് 27 -ന് ഈ എണ്ണക്കിണറിൽ താത്കാലികമായ ചില അറ്റകുറ്റപ്പണികൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഒരു കോൺക്രീറ്റ് പ്ലഗ് വെച്ച് മൂടി, എണ്ണക്കിണറിന്റെ പ്രൊഡക്ഷൻ സോണിനെ 'കിൽ' ചെയ്തുകൊണ്ട്, ബ്ലോ ഔട്ട് പ്രിവന്റർ അടക്കമുള്ള ഭാഗങ്ങൾ മാറ്റി വെച്ച്,  റിഗ്ഗിന്റെ വെൽഹെഡ് എന്ന ഭാഗത്ത് ചില റിപ്പയറിങ് വർക്കുകൾ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു റിഗ് ക്രൂ. അതിനിടെയാണ് നേരത്തെ കിൽ ചെയ്തു എന്ന് പറഞ്ഞ ഭാഗത്തുനിന്ന്  അനിയന്ത്രിതമായ തോതിൽ പ്രകൃതിവാതകം ചോരാൻ തുടങ്ങിയത്. സിമന്റ് പ്ലഗ് വെച്ച് മൂടിയ പ്രൊഡക്ഷൻ സോണിൽ നിന്ന് യാതൊരു കാരണവശാലും  അടിയിലുള്ള ഗ്യാസോ ക്രൂഡോയിലോ ഒന്നും ചോരാൻ പാടുള്ളതല്ല. അതെങ്ങനെ സംഭവിച്ചു എന്നത് സംബന്ധിച്ച അന്വേഷണങ്ങളാകും ഇനി നടക്കുക. 

അസമിൽ ഇതിനു മുമ്പ് രണ്ടു മേജർ ബ്ലോ ഔട്ടുകൾ നടന്നിട്ടുണ്ട്. ഒന്ന് ഓയിൽ ഇന്ത്യയുടെ തന്നെ ദിബ്രുഗഡിലെ ദിഖോമിൽ സ്ഥിതിചെയ്യുന്ന എണ്ണക്കിണറിൽ 2005 -ൽ ഉണ്ടായത്. രണ്ടാമത്തേത് രുദ്രസാഗറിൽ ഉള്ള ഒഎൻജിസി റിഗ്ഗിൽ എഴുപതുകളിൽ നടന്നത്. രണ്ടാമത്തെ അപകടത്തിൽ ഉണ്ടായ ചോർച്ച പരിഹരിക്കാൻ മൂന്നുമാടം എടുത്തിരുന്നു അന്ന്. 

നിയന്ത്രിക്കാൻ എന്താണിത്ര പ്രയാസം ?

ബ്ലോ ഔട്ടിന്റെ തീവ്രതയെന്നത് രണ്ടു ഘടകങ്ങളെ ആശ്രയിച്ചിരിക്കും. ഒന്ന്, റിസർവോയർ സൈസ്, രണ്ട്, റിസർവോയറിൽ നിന്ന് ഗ്യാസ് പുറത്തുവരുന്ന സമ്മർദ്ദം. പിന്നെ, ഗ്യാസ് ആണ് പുറത്തേക്ക് ചോരുന്നത് എങ്കിലും അതിനെ പിടിച്ചു നിർത്തുക ഏറെ പ്രയാസമാണ്. കാരണം നേരിയ ഒരു സ്പാർക്ക് മതി തീ ആളിപ്പടരും. അത് സംഭവിക്കാതിരിക്കാൻ വേണ്ടി വെൽഹെഡിലേക്ക് നിരന്തരം വെള്ളം പമ്പ്  ചെയ്തുകൊണ്ടിരിക്കുക എന്നതാൻ ഏകമാർഗം. വാട്ടർ അംബ്രെല്ല  എന്നപേരിൽ അറിയപ്പെടുന്ന ആ മാർഗം അവലംബിച്ചു കൊണ്ടിരുന്നിട്ടുപോലും, 34 ഡിഗ്രി എന്ന സാമാന്യം കടുത്ത ചൂടിൽ ഒടുവിൽ പുറത്തേക്ക് വന്നുകൊണ്ടിരുന്ന പ്രകൃതിവാതകം തന്നെത്താൻ തീപ്പൊരി കിട്ടുകയായിരുന്നു. ഓയിൽ ഇന്ത്യയുടെ അഗ്നിശമന സംവിധാനങ്ങൾ തീ കെടുത്താൻ പരമാവധി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. 

എത്ര തീവ്രമാണ് ഈ ചോർച്ചയുടെ ആഘാതം 

1610 കുടുംബങ്ങളിൽ നിന്നായി ഏകദേശം മൂവായിരത്തോളം പേർക്കാണ് ഇപ്പോൾ വീടുവിട്ടിറങ്ങേണ്ട ഗതികേടുണ്ടായിരിക്കുന്നത്. പ്രദേശത്ത് ഒരു ആംബുലൻസും പാരാ മിലിട്ടറി സ്റ്റാഫും സ്റ്റാൻഡ് ബൈ ആയി വെച്ചിട്ടുണ്ട്. പ്രകൃതി വാതകം എന്നത്  പ്രോപെൻ, മീഥേൻ, പ്രൊപ്പിലീൻ എന്നിവയുടെ മിശ്രിത രൂപമാണ്. എണ്ണക്കിണറിനു ചുറ്റുമുള്ള അഞ്ചു കിലോമീറ്റർ ദൂരത്ത് വളർന്നുവരുന്ന വാഴ, മുള, തേയില, അടക്ക, വെറ്റില തുടങ്ങിയവയുടെ കൃഷിയെ ഈ ചോർച്ച പ്രതികൂലമായി ബാധിക്കും എന്നുറപ്പാണ്. ഒപ്പം ഡോൾഫിൻ, പക്ഷികൾ തുടങ്ങിയ ജന്തുജാലങ്ങളുടെയും. 

ദേശീയ ദുരന്ത നിവാരണ സേനയുടെ രക്ഷാ സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്ത് സംഗതി നിയന്ത്രണവിധേയമാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എയർ ഫോഴ്‌സ് മൂന്ന് അഗ്നിശമന ട്രക്കുകൾ അയച്ചിട്ടുണ്ട്. തങ്ങളുടെ സംഘവുമായി കരസേനയും സ്ഥലത്തെത്തിയിട്ടുണ്ട്. ഈ നിമിഷവും 300 -ലധികം പേർ വരുന്ന സംഘം സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിച്ചുകൊണ്ട് സ്ഥലത്തുണ്ട്. നിരന്തരം തീ ആളിക്കത്തുന്നിടത്തേക്ക് വെള്ളം പമ്പ് ചെയ്തുകൊണ്ടേയിരിക്കുക തന്നെയാണ് ഇപ്പോഴും അഗ്നിശമന സേനാ സംഘം ചെയ്യുന്നത്. 

click me!