അനാവശ്യ ടെൻഷൻ വേണ്ട, ജസ്റ്റ് ബി 'നോൺഷാലന്റ്'! ജെൻ സി ഏറ്റെടുത്ത പുതിയ 'കൂൾ' സ്ലാങ്; വൈറൽ വാക്കിന് പിന്നിലെ കഥയറിയാം!

Published : Apr 16, 2026, 02:56 PM IST
Gen Z

Synopsis

സോഷ്യൽ മീഡിയ റീൽസുകളിലും ഇൻസ്റ്റാഗ്രാം ക്യാപ്‌ഷനുകളിലും ഇന്ന് ഏറ്റവുമധികം തരംഗമാകുന്ന ഒരു വാക്കാണ് 'നോൺഷാലന്റ്'…പ്രത്യേകിച്ച് ജെൻ സികൾക്കിടയിൽ ഈ വാക്ക് ഒരു ട്രെൻഡായി മാറിക്കഴിഞ്ഞു…

സോഷ്യൽ മീഡിയ റീൽസുകളിലും ഇൻസ്റ്റാഗ്രാം ക്യാപ്‌ഷനുകളിലും ഇന്ന് ഏറ്റവുമധികം തരംഗമാകുന്ന ഒരു വാക്കാണ് 'നോൺഷാലന്റ്' (Nonchalant). പ്രത്യേകിച്ച് ജെൻ സികൾക്കിടയിൽ ഈ വാക്ക് ഒരു ട്രെൻഡായി മാറിക്കഴിഞ്ഞു. കേൾക്കുമ്പോൾ അല്പം ഗൗരവമുള്ള വാക്കെന്നു തോന്നുമെങ്കിലും, ഒരു തരം പ്രത്യേക 'കൂൾ' മനോഭാവത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഏത് വലിയ പ്രതിസന്ധിയിലും പതറാതെ, അമിതമായി ആകുലപ്പെടാതെ വളരെ ശാന്തമായി കാര്യങ്ങളെ നേരിടുന്ന രീതിയെയാണ് ഇന്ന് യുവാക്കൾ 'നോൺഷാലന്റ്' എന്ന് വിളിക്കുന്നത്.

മറ്റുള്ളവർ പരിഭ്രാന്തരാകുന്ന സാഹചര്യങ്ങളിൽ പോലും ഒരു കുലുക്കവുമില്ലാതെ, തികഞ്ഞ ആത്മവിശ്വാസത്തോടെ ഇരിക്കുന്ന സ്വഭാവമാണിത്. പലപ്പോഴും ഇത് 'നിസ്സംഗത' ആണെന്ന് ചിലരെങ്കിലും തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ നോൺഷാലന്റ് എന്നാൽ ഒന്നിനോടും താല്പര്യമില്ലാത്ത അവസ്ഥയല്ല. അവർക്ക് കാര്യങ്ങളിൽ ശ്രദ്ധയുണ്ടാകാം, പക്ഷേ അത് പുറമെ പ്രകടിപ്പിക്കാതെ വളരെ പക്വതയോടെയും ആത്മനിയന്ത്രണത്തോടെയും കാര്യങ്ങളെ കൈകാര്യം ചെയ്യുന്നു എന്ന് മാത്രം. ചുരുക്കത്തിൽ, അനാവശ്യമായ ബഹളങ്ങളോ ഉത്കണ്ഠയോ ഇല്ലാത്ത ഒരു ശാന്തമായ അവസ്ഥയാണിത്. മനഃശാസ്ത്രപരമായ വശങ്ങൾ പരിശോധിച്ചാൽ, വൈകാരിക സ്ഥിരത കൈവരിക്കാനുള്ള ഒരു ശ്രമമായി ഇതിനെ കാണാം. നിരന്തരമായ നോട്ടിഫിക്കേഷനുകളും വിവരങ്ങളുടെ അതിപ്രസരവും നൽകുന്ന മാനസിക സമ്മർദ്ദത്തിൽ നിന്ന് രക്ഷനേടാൻ യുവാക്കൾ കണ്ടെത്തിയ ഒരു കവചമാണിത്.

നൂറ്റാണ്ടുകൾക്ക് മുൻപേ നിലവിലുള്ള വാക്കാണിതെങ്കിലും, ആധുനിക പോപ്പ് സംസ്കാരത്തിലൂടെയും സോഷ്യൽ മീഡിയ സ്ലാങ്ങുകളിലൂടെയുമാണ് ഇതിന് പുതിയൊരു ജീവൻ ലഭിച്ചത്. അമിതമായി പ്രയത്നിക്കുന്നില്ല എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള 'എഫർട്ട്‌ലെസ്' ആയ ശൈലിയെയാണ് യുവാക്കൾ ഇന്ന് ഇതിലൂടെ ആർത്ഥമാകുന്നത്. സോഷ്യൽ മീഡിയയുടെ സമ്മർദ്ദവും നിരന്തരമായ മത്സരങ്ങളും നിറഞ്ഞ ഇന്നത്തെ ലോകത്ത് വൈകാരികമായ സ്ഥിരത വലിയൊരു ഗുണമാണ്. കാര്യങ്ങൾ നിയന്ത്രണത്തിന് പുറത്തുപോകുമ്പോഴും ശാന്തത പാലിക്കാനുള്ള കഴിവിനെയാണ് ഇത് സൂചിപ്പിക്കുന്നത്.

ഫ്രഞ്ച് ഭാഷയിൽ നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം. 'ശ്രദ്ധിക്കാതിരിക്കുക' എന്ന അർത്ഥത്തിൽ നിന്നും പരിണമിച്ച് ഇന്ന് 'പക്വതയോടെയുള്ള ശാന്തത' എന്ന പോസിറ്റീവ് അർത്ഥത്തിലേക്ക് ഈ വാക്ക് മാറിക്കഴിഞ്ഞു. 'നോൺ-ഷ-ലാന്റ്' എന്നാണ് ഇതിന്റെ ശരിയായ ഉച്ചാരണം. ഉത്കണ്ഠയ്ക്കും പരിഭ്രാന്തിക്കും പകരം ആത്മവിശ്വാസവും പക്വതയും അടയാളപ്പെടുത്തുന്ന ഒന്നായി ഇന്ന് ഈ മനോഭാവം മാറിക്കഴിഞ്ഞു. ലോകം മുഴുവൻ ബഹളമയമാകുമ്പോഴും ഉള്ളിൽ ശാന്തനായി ഇരിക്കാൻ പഠിക്കുന്നതാണ് പുതിയ കാലത്തെ നോൺഷാലന്റ് രീതി.

PREV
Read more Articles on
click me!

Recommended Stories

300 മീറ്റർ താഴ്ചയിൽ സ്വർണ ഖനിയിൽ കുടുങ്ങിയത് 14 ദിവസം, വെള്ളമോ ഭക്ഷണമോ ഇല്ല; ഒടുവിൽ അത്ഭുതകരമായ രക്ഷപ്പെടൽ, വീഡിയോ
എട്ട് മണിക്കൂർ ജോലിക്കിടെ അഞ്ച് മണിക്കൂർ 'ഉറങ്ങി' പ്രതിഷേധം പിന്നാലെ ബോസിന്‍റെ ചോക്ലേറ്റും അടിച്ച് മാറ്റി; കാരണം ശമ്പളം കുറവ്!