
മെക്സിക്കോയിൽ ഒരു സ്വർണ ഖനി തകർന്ന് ഏതാണ്ട് രണ്ടാഴ്ചയോളം ഖനിക്കുള്ളിൽ കുടുങ്ങിപ്പോയ 42 -കാരനെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ഖനിക്കുള്ളിൽ ഭക്ഷണമോ ശുദ്ധജലമോ ഇല്ലാതെ 14 ദിവസം അതിജീവിച്ച ഖനിത്തൊഴിലാളി ഫ്രാൻസിസ്കോ സപാറ്റ നജേരെ രക്ഷപ്പെടുത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഏതാണ്ട് 300 മീറ്റർ താഴ്ചയിലാണ് ഫ്രാൻസിസ്കോ കുടുങ്ങിപ്പോയത്. 14 ദിവസം വെളിച്ചം പോലുമില്ലാത്തെ അദ്ദേഹം അതിജീവിച്ചത് സമൂഹ മാധ്യമ ഉപയോക്താക്കളെ അമ്പരപ്പിച്ചു.
ഫ്രാൻസിസ്കോ സപാറ്റ നജേര ജോലി ചെയ്തിരുന്ന സ്വർണ ഖനിയുടെ ഒരു ഭാഗം തകർന്ന് ഖനിക്കുള്ളിലേക്ക് വെള്ളം കയറിയതിനെ തുടർന്നാണ് അദ്ദേഹം കുടുങ്ങിപ്പോയത്. വടക്കൻ മെക്സിക്കോയിലെ സിനലോവയിലുള്ള എൽ റൊസാരിയോ സ്വർണ്ണ ഖനിയിലാണ് ഫ്രാൻസിസ്കോ ജോലി ചെയ്തിരുന്നത്. ഈ ഖനിയിലെ ഖനന മാലിന്യങ്ങൾ സൂക്ഷിച്ചിരുന്ന ഒരു ടെയിലിംഗ്സ് അണക്കെട്ട് പൊട്ടി ഖനിയുടെ ചില ഭാഗങ്ങൾ വെള്ളത്തിനടിയിലായി. ഇതോടെയാണ് ഫ്രാന്‍സിസ്കോയ്ക്ക് പുറത്തേക്കുള്ള വഴി അടഞ്ഞതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ചിറ തകരുമ്പോൾ ഏതാണ്ട് 25 ഓളം തൊഴിലാളികൾ ഖനിക്കുള്ളിലുണ്ടായിരുന്നു. എന്നാൽ, അതിൽ 21 പേർ പലപ്പോഴായി ഖനിയിൽ നിന്നും രക്ഷപ്പെട്ടെങ്കിലും നാല് പേർ ഉള്ളിൽ കുടുങ്ങുകയായിരുന്നു.
അപകടത്തിന് പിന്നാലെ രക്ഷാപ്രവർത്തകർ തങ്ങളുടെ ജോലി ആരംഭിച്ചു. അഞ്ച് ദിവസത്തിന് ശേഷം ജോസ് അലജാൻഡ്രോ കാസ്റ്റുലോ എന്ന തൊഴിലാളിയെ രക്ഷപ്പെടുത്തി. എന്നാൽ ഇതിനിടെ ഒരു ഖനിത്തൊഴിലാളി മരിച്ചിരുന്നു. വീണ്ടും തിരച്ചിൽ നടത്തിയെങ്കിലും രണ്ടാഴ്ചയോളം ഫ്രാൻസിസ്കോയെ കുറിച്ച് ഒരു വിവരവും ലഭ്യമല്ലായിരുന്നു. 300 മണിക്കൂറിലധികം നീണ്ട തിരച്ചിലിന് ഒടുലിൽ രക്ഷാപ്രവർത്തകർ ഒരു ചെറിയ വെളിച്ചം കണ്ടെത്തി. അത് ഫ്രാൻസിസ്കോയുടെ ടോർച്ചിൽ നിന്നുള്ള വെളിച്ചമായിരുന്നു. തന്നെ തിരഞ്ഞെത്തുന്ന രക്ഷാപ്രവർത്തകരുടെ ശ്രദ്ധ ക്ഷണിക്കാൻ വേണ്ടി അദ്ദേഹം തന്‍റെ ടോർച്ച് ഇടയ്ക്കിടെ തെളിയിച്ച് കൊണ്ടിരുന്നു. ഈ വെളിച്ചം അന്വേഷിച്ച് പോയ രക്ഷാപ്രവർത്തകർ ഒടുവിൽ അദ്ദേഹത്തെ കണ്ടെത്തുകയും രക്ഷിക്കുകയുമായിരുന്നു.
രക്ഷാപ്രവർത്തകർ ഫ്രാൻസിസ്കോയെ കണ്ടെത്തുമ്പോൾ അദ്ദേഹം വെള്ളപ്പൊക്കമുണ്ടായ തുരങ്കത്തിനുള്ളിൽ അരയോളം വെള്ളത്തിൽ നിൽക്കുകയായിരുന്നു. ബുദ്ധിമുട്ടുള്ള സാഹചര്യങ്ങൾക്കിടയിലും മനസാന്നിധ്യം വിടാതെ നിൽക്കാനും രക്ഷാപ്രവർത്തകരോട് സംസാരിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. തങ്ങൾ കണ്ടെത്തിയത് ഫ്രാൻസിസ്കോയെ ആണെന്ന് തിരിച്ചറഞ്ഞപ്പോൾ ടോർച്ചിന്‍റെ വെളിച്ചം ആളെ കണ്ടെത്താൻ സഹായിച്ചെന്ന് രക്ഷാപ്രവർത്തകർ അദ്ദേഹത്തോട് പറയുന്നതും എനിക്ക് വിശ്വാസം നഷ്ടപ്പെട്ടിരുന്നില്ലെന്ന് അദ്ദേഹം മറുപടി പറയുന്നതും വീഡിയോയിൽ കേൾക്കാം. എന്നാൽ, അദ്ദേഹത്തെ അപ്പോൾ പുറത്തിറക്കാൻ സാധിച്ചില്ല. അങ്ങനെ രക്ഷാപ്രവർത്തകർ തങ്ങളുടെ കൈയിലുണ്ടായിരുന്ന കുടിവെള്ളവും ഭക്ഷണവും അദ്ദേഹത്തിന് നൽകി. പെട്ടെന്ന് തന്നെ തിരിച്ച് വരാമെന്ന് പറഞ്ഞ് മടങ്ങി. പിന്നാലെ 20 മണിക്കൂറോളം മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിച്ച ശേഷമാണ് അദ്ദേഹത്തെ പുറത്തെത്തിക്കാനായതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. പുറത്തെത്തിച്ചതിന് പിന്നാലെ അദ്ദേഹത്തെ ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചു. ശാരീരിക അസ്വസ്ഥതകളുണ്ടെങ്കിലും മാനസികമായി ഫ്രാൻസിസ്കോ കരുത്തനാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഫ്രാൻസിസ്കോയുടെ രക്ഷാപ്രവർത്തനം അടുത്തകാലത്ത് നടന്ന ഏറ്റവും വലിയ രക്ഷാപ്രവത്തമായി മാറി.