നരേന്ദ്ര മോദിയും ഷി ജിൻപിങ്ങും തമ്മിൽ പറഞ്ഞതും, പറയാതെ പോയതും

Published : Oct 13, 2019, 01:09 PM ISTUpdated : Oct 13, 2019, 01:14 PM IST
നരേന്ദ്ര മോദിയും ഷി ജിൻപിങ്ങും തമ്മിൽ  പറഞ്ഞതും, പറയാതെ പോയതും

Synopsis

കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ഏകദേശം ആറുമണിക്കൂറുകളോളം ഇരുനേതാക്കളും തമ്മിൽ വിവിധവിഷയങ്ങളിൽ സംസാരിക്കുകയുണ്ടായി എന്നാണ് വിദേശകാര്യ സെക്രട്ടറി അറിയിച്ചത്. 

കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളായി പത്രങ്ങളിലും, ടിവിയിലും, സാമൂഹ്യമാധ്യമങ്ങളിലും ഒക്കെ നിറഞ്ഞുനിൽക്കുന്നത് ഒരേ വാർത്തയാണ്. അത് ഷി ജിൻപിങ് എന്ന ചൈനീസ് പ്രസിഡണ്ടിന്റെ ഇന്ത്യൻ സന്ദർശനമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഷി ജിൻപിങ് വിശദമായ ചർച്ചകൾ നടത്തി എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. എന്നാൽ, അവർ തമ്മിൽ എന്തൊക്കെയാണ് പറഞ്ഞത് എന്നുമാത്രം വ്യക്തമല്ലായിരുന്നു. 

ഇന്നലെ വൈകുന്നേരത്തോടെ ചർച്ചകൾക്ക് വിരാമമിട്ടുകൊണ്ട് ഷി ജിൻപിങ്ങ് നേപ്പാളിലേക്ക് പോയി. അതിനുശേഷം ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ മാധ്യമങ്ങളെ കണ്ടു. കാര്യങ്ങൾ വിശദീകരിച്ചു. ഷി ജിൻപിങ്ങ് തിരിച്ചുപോയ അന്ന് പകൽ മോദിയുമായി ഒന്നരമണിക്കൂർ നേരം തുടർച്ചയായി സംസാരിച്ചിരുന്നു എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

 

അതിനുശേഷം ഇരുരാജ്യങ്ങളുടെയും നയതന്ത്രപ്രതിനിധികൾ തമ്മിലും ചർച്ചയുണ്ടായി. തുടർന്ന് വിഭവസമൃദ്ധമായ സദ്യയുമുണ്ടായിരുന്നു പ്രധാനമന്ത്രിയുടെ വകയായി. കഴിഞ്ഞ രണ്ടുദിവസത്തിനിടെ ഏകദേശം ആറുമണിക്കൂറുകളോളം ഇരുനേതാക്കളും തമ്മിൽ വിവിധവിഷയങ്ങളിൽ സംസാരിക്കുകയുണ്ടായി എന്നാണ് വിദേശകാര്യ സെക്രട്ടറി അറിയിച്ചത്. പ്രധാനമായും ഇനി പറയുന്ന വിഷയങ്ങളാണ് അവർ തമ്മിൽ ചർച്ചക്ക് വരുമെന്ന് പ്രതീക്ഷിച്ചിരുന്നത്. 

 കശ്മീർ വിഷയത്തെപ്പറ്റി 

കശ്മീർ വിഷയത്തെപ്പറ്റി ഇരുരാജ്യങ്ങളുടെയും നേതാക്കൾ തമ്മിൽ ചർച്ചയൊന്നും തന്നെ ഉണ്ടായില്ല. ഇന്ത്യ, സന്ദർശനം തുടങ്ങുന്നതിനു മുമ്പുതന്നെ ചൈനയോട് നടത്തിയ ഒരു വെളിപ്പെടുത്തലായിരുന്നു ഇതിന് കാരണം. കശ്മീർ പ്രശ്നം ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്നും അത് ഇരു രാജ്യങ്ങൾക്കിടയിൽ ചർച്ചക്ക് വിഷയമാവേണ്ടതില്ല എന്നും ഇന്ത്യ നേരത്തെ തന്നെ ചൈനീസ് നയതന്ത്ര പ്രതിനിധികളെ രേഖാമൂലം അറിയിച്ചിരുന്നു. 

ഭീകരവാദത്തെപ്പറ്റി

മാമല്ലപുരത്തെ കോവ് ബീച്ച് റിസോർട്ടിൽ വെച്ച് മോദിയും ഷി ജിൻ പിങ്ങും തമ്മിൽ ഭീകരവാദത്തെപ്പറ്റി ചർച്ചചെയ്യുകയുണ്ടായി. വിജയ് ഗോഖലെയുടെ സാക്ഷ്യപ്രകാരം ഇരുനേതാക്കളും ഭൂതലത്തിൽ നിന്ന് തീവ്രവാദത്തെ തുടച്ചു നീക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സമാനാഭിപ്രായമാണ് പ്രകടിപ്പിച്ചത്. 

മാനസസരോവർ യാത്രയെപ്പറ്റി

ഷി ജിൻപിങ്ങിനോട് മാനസസരോവർ യാത്രയിൽ സഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനെപ്പറ്റി സംസാരിച്ചു. വേണ്ടത് ചെയ്യാമെന്ന് ഷി ജിൻ പിങ് ഉറപ്പുനൽകുകയും ചെയ്തു. അതോടൊപ്പം ഇന്ത്യയിലെ തമിഴ്‌നാടും ചൈനയിലെ ഫ്യൂജിയാനും തമ്മിൽ സഹകരണം വര്‍ധിപ്പിക്കുന്നതിനെപ്പറ്റിയും അവർ ചർച്ചചെയ്തു. 

ഇന്തോ - ചൈന വ്യാപാരത്തെപ്പറ്റി

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരബന്ധങ്ങൾ ഇനിയും ശക്തിപ്പെടാനുണ്ട് എന്ന് മോദി ഷി ജിൻ പിങ്ങിനോട് പറഞ്ഞുവത്രേ. വ്യാപാരവും, നിക്ഷേപങ്ങളും, സേവനങ്ങളും മെച്ചപ്പെടുത്താൻ കുറേക്കൂടി നല്ല ഒരു സംവിധാനം കൊണ്ടുവരും എന്ന് ചർച്ചയിൽ തീരുമാനമായി. ഇതിനായി ഇന്ത്യയുടെ ഭാഗത്തുനിന്ന് വിദേശകാര്യമന്ത്രി നിർമല സീതാരാമനും ചൈനയുടെ പക്ഷത്തുനിന്ന് ഉപപ്രധാനമന്ത്രി ഹു ഷുൻഹുവയും പ്രസ്തുത സംവിധാനത്തിന്റെ ഭാഗമാകും. 

ചർച്ചകൾക്കൊടുവിൽ ഷി ജിൻ പിങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചൈനയിലേക്ക് ക്ഷണിച്ചു എന്നും വിജയ് ഗോഖലെ പറഞ്ഞു. ക്ഷണം സ്വീകരിച്ച മോദി, അടുത്ത വർഷം ചൈന സന്ദർശിക്കും എന്ന് പ്രഖ്യാപിച്ചു. പോകാൻ നേരം വിശേഷപ്പെട്ട ചില സമ്മാനങ്ങളും നൽകിയാണ് മോദി ഷി ജിൻ പിങിനെ യാത്രയാക്കിയത്. അതിൽ നാച്ചിയാർ കോവിൽ വിളക്ക്, തഞ്ചാവൂർ ചിത്രം, നൃത്തം വെക്കുന്ന സരസ്വതിയുടെ വിഗ്രഹം എന്നിവയ്ക്ക് പുറമെ കാഞ്ചീവരം പട്ടുകൊണ്ടുള്ള ഒരു ഷാളും ഉണ്ട്. 


 

PREV
click me!

Recommended Stories

രണ്ട് മക്കളടങ്ങുന്ന കുടുംബം, ഒരു സുപ്രഭാതത്തിൽ പിരിച്ചുവിട്ടു, എങ്ങനെ ജീവിക്കും, ഇന്ത്യൻ ടെക്കിയുടെ പോസ്റ്റ്
ആറ് കിലോ കുറഞ്ഞു, മാനസികവും ശാരീരികവുമായി തളർന്നു, തൊഴിലുടമ ചൂഷണം ചെയ്യുകയാണ്, ജോലിക്കാരിയുടെ പോസ്റ്റ്