ശുദ്ധസംഗീതത്തിന്റെ നിത്യോപാസക, അന്നപൂർണാദേവി ഓർമ്മയായിട്ട് ഇന്നേക്ക് ഒരാണ്ട്

By Babu RamachandranFirst Published Oct 13, 2019, 11:58 AM IST
Highlights

''നിങ്ങൾക്ക് വേണമെങ്കിൽ അവളെ ഇഷ്ടമുള്ള ഏതെങ്കിലും മുസ്‌ലിം പേരിട്ട് വിളിക്കാം, പക്ഷേ അവളെനിക്ക് ആജീവനാന്തം 'അന്നപൂർണ' മാത്രമായിരിക്കും." 

ബാബാ അലാവുദ്ദീൻ ഖാൻ എന്ന സെനിയ മൈഹർ ഖരാനയിലെ സരോദ് മാന്ത്രികന്റെ മകൾ, ഉസ്താദ് അലി അക്ബർ ഖാൻ എന്ന പ്രസിദ്ധ സരോദ് വാദകന്റെ അനിയത്തി, അലാവുദ്ദീൻ ഖാന്റെ പ്രിയശിഷ്യനും സിതാറിൽ വിസ്മയം തീർക്കുന്ന കലാകാരനുമായ പണ്ഡിറ്റ് രവിശങ്കറിന്റെ ആദ്യ ഭാര്യ - അന്നപൂർണാ ദേവി എന്നറിയപ്പെട്ടിരുന്ന റോഷനാരാ ഖാന് വിശേഷണങ്ങൾ അങ്ങനെ പലതുണ്ടെങ്കിലും, ഏറ്റവും ചേരുക, , ജീവിതകാലം മുഴുവൻ ശുദ്ധസംഗീതത്തെ ഉപാസിക്കുകയും, ആ അറിവുകൾ തന്റെ ശിഷ്യർക്ക് പകർന്നുനൽകുകയും ചെയ്ത ഒരു സംഗീതജ്ഞ എന്നതാകും. സ്വപൻ കുമാർ ബോന്ദ്യോപാധ്യായ് എഴുതിയ 'അന്നപൂർണാ ദേവി, ദി അൺഹേർഡ് മെലഡി' എന്ന ജീവചരിത്ര പുസ്തകത്തിൽ ഇപ്രകാരം പറയുന്നുണ്ട് , "ബാബാ അലാവുദ്ദീൻ ഖാന്റെ സംഗീതത്തിന്റെ എൺപതു ശതമാനം അന്നപൂർണയ്ക്കും, എഴുപതു ശതമാനം അലി അക്ബർ ഖാനും, നാൽപതു ശതമാനം രവിശങ്കറിനുമാണ് കിട്ടിയിട്ടുള്ളത്..."  ഇന്ന് അന്നപൂർണാ ദേവിയുടെ ഓർമ്മദിവസമാണ്. അവർ മരിച്ച നാൾ..! 

ചൈത്രപൗർണ്ണമി നാളിലെ ജനനം 

മെയ്ഹറിലെ മഹാരാജാവായിരുന്ന ബ്രിജ്‌നാഥ്‌ സിങിന്റെ കൊട്ടാരത്തിലെ ആശ്രിതനായിരുന്നു അന്നപൂർണയുടെ അച്ഛൻ ബാബാ അലാവുദ്ദീൻ ഖാൻ. മഹാരാജാവിന്റെ ആത്മീയഗുരു കൂടിയായിരുന്നു ബാബ. അദ്ദേഹത്തിന് ഏറ്റവും വേണ്ടപ്പെട്ട ഒരു വ്യക്തി. 1927 -ൽ അന്നപൂർണ ജനിക്കുമ്പോൾ, ബാബ സ്ഥലത്തില്ലായിരുന്നു. മഹാരാജാവിന്റെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കുചേരാനായി റാംപൂരിലേക്ക് പോയിരിക്കുകയായിരുന്നു അദ്ദേഹം. ബാബയുടെ പത്നി മദീനാ ബീഗം ഒരു പെൺകുഞ്ഞിന് ജന്മം നൽകി എന്നറിഞ്ഞ് ആദ്യമായി കാണാൻ ചെല്ലുന്നത് ദിവാന്റെ പത്നിയായ സുലതികയാണ്. അവിടെ മദീനാ ബീഗം തളർന്നു മയങ്ങുമ്പോൾ, ചുവന്നുതുടുത്ത മൂക്കുള്ള ഒരു പെൺകുഞ്ഞ് ഈ ലോകത്തെ കണ്ണും മിഴിച്ച് ഉറ്റുനോക്കിക്കൊണ്ട് മലർന്ന് കിടക്കുകയായിരുന്നു. ചൂളം കുത്തുന്ന ഉഷ്ണക്കാറ്റിൽ ഇലിപ്പപ്പൂവിന്റെ ഗന്ധം തങ്ങിനിൽക്കുന്ന, നിലാവുള്ള ഒരു രാത്രിയായിരുന്നു  അത്. 

ഏതാനും ദിവസങ്ങൾക്കകം ബാബ റാംപൂരിൽ നിന്ന് തിരിച്ചുവന്നു. മഹാരാജാവിന്റെ സദസ്സിലേക്ക് ചെന്ന അലാവുദ്ദീൻ ഖാനോട് അദ്ദേഹം പറഞ്ഞു, "ഉസ്താദ് ബാബാ, അങ്ങയുടെ പുത്രി ജനിച്ചിരിക്കുന്നത് ചൈത്രപൗർണ്ണമിയുടെ പവിത്രരാവിലാണ്. ഞങ്ങൾ ഹിന്ദുക്കൾക്ക് അത് അന്നപൂർണാദേവിയെ സ്തുതിക്കേണ്ടുന്ന ദിവസമാണ്. സർവൈശ്വര്യദായിനിയാണ് അന്നപൂർണ. ഈ കുഞ്ഞ് നിങ്ങൾക്ക് സമ്പത്തും സമാധാനവും ഐശ്വര്യവും കൊണ്ടുവരുമെന്നുതന്നെ ഞാൻ കരുതുന്നു. ഗുരുമായെയും കുഞ്ഞിനേയും കണ്ട ആ നിമിഷം തന്നെ അവൾക്ക് ഞാൻ മനസ്സിൽ ഒരു പേരിട്ടിരുന്നു. നിങ്ങൾക്ക് വേണമെങ്കിൽ അവളെ ഇഷ്ടമുള്ള ഏതെങ്കിലും മുസ്‌ലിം പേരിട്ട് വിളിക്കാം, പക്ഷേ അവളെനിക്ക് ആജീവനാന്തം 'അന്നപൂർണ' മാത്രമായിരിക്കും." 

ബാബ എന്നുമെന്നപോലെ അന്നും മഹാരാജാവിന്റെ ഹിതത്തിന് സമ്മതം മൂളി. "അവൾക്ക് മറ്റൊരു പേരിന്റെ ആവശ്യമില്ല, അവൾ ഇന്നുമുതൽ എനിക്കും അന്നപൂർണ തന്നെ..." 

രാജകൊട്ടാരത്തിൽ നിന്ന് സ്വന്തം വീട്ടിലേക്കുള്ള നടത്തിനിടെ ബാബ മനസ്സിൽ പറഞ്ഞു, "അന്നപൂർണ. എന്തു നല്ല പേരാണത്. നല്ലതെന്നു പറഞ്ഞാൽ പോരാ, വളരെ നല്ലത്... ഹിന്ദു പേരാണെങ്കിലെന്താ? എത്ര സംഗീതാത്മകമാണത്..!"  മനോഗതം അത്രയുമെത്തിയപ്പോൾ അറിയാതെ ബാബ പാടിപ്പോയി. 'ആ നി നി പാ രെ നി...'

ആ കൊലുന്നനെയുള്ള പെൺകുട്ടിക്ക് ഒരു മുസ്ലിം പേരും വീട്ടുകാർ ഇട്ടിരുന്നു. പക്ഷേ, അതിപ്പോൾ ആരും ഓർക്കുന്നു പോലുമില്ല. 'റോഷനാരാ'. അന്നപൂർണയുടെ  ജനനം തികച്ചും സാധാരണമായിരുന്നു. അവൾ ജനിച്ചിരുന്നില്ലെങ്കിലും മെയ്ഹറിലെ കാറ്റിൽ അതേ ഇലിപ്പപ്പൂ മണം പരക്കുമായിരുന്നു. അവൾ പിറന്നിരുന്നില്ലെങ്കിലും, ചൈത്രപൗർണമി രാവിൽ നിലാവുദിക്കുമായിരുന്നു. 

അന്നപൂർണാ ദേവിയുടെ ജീവിതത്തിലെ ഏറ്റവും നിഗൂഢമായ ഭാഗം അവരുടെ ശൈശവമാണ്. ബാബയുടെ മക്കളിൽ അന്നപൂർണയും അലി അക്ബറും തികഞ്ഞ വികൃതികളായിരുന്നു. ചേട്ടനുമായി അടിയൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല അന്നപൂർണയ്ക്ക്. അനിയത്തിയോട് ഒരു കരുണയും ചേട്ടനും കാണിക്കില്ലായിരുന്നു. മുടിക്കുപിടിച്ച് വലിച്ചും, നുള്ളിയും, പിച്ചിയുമൊക്കെ അനിയത്തിയെ ഭയപ്പെടുത്തി നിർത്തിയിരുന്നു അലി. ചേട്ടനോട് ഒരു പ്രതികാരത്തിനുള്ള അവസരവും പാർത്ത് ഇരിക്കും അന്നപൂർണ. ആ അവസരങ്ങൾ ഭാഗ്യവശാൽ വളരെ സ്വാഭാവികമെന്നോണം, അലിയെ ബാബ സരോദ് അഭ്യസിപ്പിക്കുന്നതിനിടെ അന്നപൂർണ്ണയ്ക്ക് വീണുകിട്ടുകയും ചെയ്യും. അച്ഛൻ പഠിപ്പിക്കുന്നതിൽ ഒരു അന്തരയോ മറ്റോ അലി മറന്നുപോകും ഇടക്കൊക്കെ. പരിശീലനത്തിനിടെ തെറ്റുവരുത്തിയാൽ ബാബയ്ക്ക് അടക്കാനാകാത്ത കലി വരും. അത് അന്നപൂർണയ്ക്ക് നന്നായി അറിയാം. അതുകൊണ്ടുതന്നെ അവൾ അച്ഛൻ ചേട്ടനെ പഠിപ്പിക്കുന്ന നേരം കാതും കൂർപ്പിച്ച് കേട്ടിരിക്കും. ചേട്ടൻ വായിക്കുമ്പോൾ ഏതെങ്കിലും ഭാഗത്ത് തെറ്റുവന്നാൽ, പറഞ്ഞുകൊടുക്കുന്നതിനു പകരം അവൾ അർത്ഥം വെച്ച് ഒന്ന് ചുമയ്ക്കുകമാത്രം ചെയ്യും. അടുത്തതായി കേൾക്കുക അലിക്ക് ബാബയുടെ കിഴുക്ക് കിട്ടുന്നതിന്റെ ബഹളമായിരിക്കും.
"നീയിങ്ങനെ ഞാവൽപ്പഴം തിന്നാതെ അന്നപൂർണാ, ചുമ മാറില്ല..." എന്ന് ബാബ മകളെ ഉപദേശിക്കും. 


അവിചാരിതമായി കൈവന്ന ഭാഗ്യം 

വളരെ യാദൃച്ഛികമായിട്ടാണ് അന്നപൂർണയെ ബാബ സംഗീതം പഠിപ്പിക്കാൻ തീരുമാനിക്കുന്നത്. അന്നത്തെ സാമൂഹിക സാഹചര്യങ്ങളിൽ, ഉസ്താദുമാർ സ്വന്തം പെൺമക്കൾക്ക് സംഗീതം പകർന്നുകൊടുക്കുന്ന പതിവില്ലായിരുന്നു. ആൺമക്കളെ ആയിരുന്നു അവർ പിൻഗാമികളായി വളർത്തിക്കൊണ്ടുവന്നിരുന്നത്. വിവാഹം ചെയ്തു ചെല്ലുന്ന യാഥാസ്ഥിതിക കുടുംബങ്ങളിൽ നിന്ന് സംഗീതത്തിലുള്ള കമ്പത്തിന്റെ പേരിൽ പെൺമക്കൾക്ക് അനുഭവിക്കേണ്ടി വന്നിരുന്ന പീഡനങ്ങൾ തന്നെയായിരുന്നു അതിന് ഒരു പരിധിവരെ കാരണം. മൂത്തമകളായ ജഹാനാരാ ബീഗത്തിന് തന്റെ ഭർതൃവീട്ടിൽ നിന്ന് അനുഭവിക്കേണ്ടി വന്ന ദുരിതങ്ങൾ ബാബയുടെ മനം മടുപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ അലിയെ സരോദ് പഠിപ്പിച്ചുകൊണ്ടിരുന്നിട്ടും, ബാബ അന്നപൂർണയെ സംഗീതം പഠിപ്പിച്ചതേയില്ല. 

നന്നേ ചെറുപ്പത്തിൽ തന്നെ മകൻ അലി അക്ബറിന്റെ കയ്യിൽ സരോദ് പിടിപ്പിച്ചു ബാബ. എന്നാൽ ആ കുഞ്ഞുകൈകൾക്ക് സരോദോ, ആ ഇളംമനസ്സിന് സംഗീതമോ വഴങ്ങുന്ന പ്രായമായിട്ടില്ല എന്നത് അദ്ദേഹമോർത്തില്ല. പഠിപ്പിക്കുന്നതിൽ അലി വേണ്ടത്ര ശ്രദ്ധ ചെലുത്താത്തപ്പോഴും, താൻ ഉദ്ദേശിച്ച പൂർണ്ണതയോടെ അവൻ സരോദ് വായിക്കാതെ വന്നപ്പോഴും ഒക്കെ ബാബയുടെ മനസ്സ് കുഞ്ഞുങ്ങളെപ്പോലെ വിഷമിച്ചു. ഒരിക്കൽ അദ്ദേഹം അലിയെ ഭൈരവ് രാഗം അഭ്യസിപ്പിക്കുകയായിരുന്നു. പുലർച്ചെ വിളിച്ചുണർത്തിയാണ് പരിശീലനം. കണ്ണും തിരുമ്മിക്കൊണ്ട് സരോദ് വായിക്കാൻ വന്നിരിക്കുന്ന അലി ഇടയ്ക്കിടെ ഉറക്കം തൂങ്ങും. താൻ ഉദ്ദേശിച്ച ലയം അലിയിൽ നിന്ന് വരാതെയാകുമ്പോൾ ബാബയ്ക്ക് കലിയിളകും. അദ്ദേഹം പറയും, "നാണംകെട്ടവനേ..! ഇങ്ങനെയല്ല... കോമൾ ധൈവത് ശരിക്ക് വായിക്ക്. പാട്.. പാടിക്കൊണ്ട് വായിക്ക്.." 

പലതവണ പരിശ്രമിച്ചിട്ടും അലിക്ക് ബാബ ഉദ്ദേശിച്ചതിന്റെ ഏഴയലത്ത് എത്താനാവുന്നുണ്ടായിരുന്നില്ല. വായിക്കുമ്പോൾ ഇടയ്ക്കിടെ ശ്രുതി പിഴച്ചു. സ്വരങ്ങൾ മാറി. ബാബ അസ്വസ്ഥനായി, "നീ എന്താണീ വായിച്ചുകൂട്ടുന്നത്..! എന്തൊരു പാഴാണ് നീ.. സംഗീതബോധമില്ലാത്ത കഴുത..! " അദ്ദേഹം അലറി. ആകെ പ്രാന്തുപിടിച്ച അവസ്ഥയിലായ ബാബ, ഒന്ന് പുറത്തിറങ്ങി നടന്നിട്ടു വന്നാലോ എന്ന് മനസ്സിലോർത്തു. "നീ എന്ത് തേങ്ങയെങ്കിലും വായിക്ക്. ഞാൻ പോവുന്നു..." അദ്ദേഹം മകനെ ശപിച്ചുകൊണ്ട് ചന്തയിലേക്ക് പോകാൻ തുണിസഞ്ചിയും കുടയുമായി പുറത്തേക്കിറങ്ങി. 

കലിമൂത്ത് കണ്ണുകാണാത്ത അവസ്ഥയിലായിരുന്നു ബാബ. ചന്തയിലേക്കുള്ള വഴി പാതി കടന്നിട്ടാണ് സാധനം വാങ്ങാൻ വേണ്ട കാശെടുത്തിട്ടില്ല എന്ന് അദ്ദേഹമോര്‍ക്കുന്നത്. അവനവനെത്തന്നെ ശപിച്ചുകൊണ്ട് ബാബ തിരിച്ചു നടന്നു. കാശെടുക്കാൻ വേണ്ടി കിടപ്പുമുറിയിലേക്ക് നടക്കുമ്പോഴാണ് പുറത്തെ മുറിയിൽ നിന്ന് ശ്രുതിബദ്ധമായ സ്വരത്തിൽ ഒരു ഭൈരവ് ആലാപനം അദ്ദേഹത്തിന്റെ കാതിൽ വന്നുവീഴുന്നത്. "ആരാണിവിടെ ഇത്രയ്ക്ക് മധുരമായി പാടുന്നത്.. ?" അദ്ദേഹം ഓർത്തു. 

പാട്ടുകേട്ട ദിക്കിലേക്ക് അദ്ദേഹം നടന്നുചെന്നു. അടുത്തെത്തിയപ്പോൾ, ചേട്ടൻ അലിക്ക് സരോദിൽ വായിക്കാനുള്ളത് പാടിക്കേൾപ്പിക്കുന്ന അന്നപൂർണയെ ബാബ കണ്ടു. വാതിലിന് പുറം തിരിഞ്ഞായിരുന്നു അവൾ നിന്നിരുന്നത്. അതുകൊണ്ടു തന്നെ തൊട്ടുപിന്നിൽ വന്നുനിന്നു അച്ഛനെ അവൾ കണ്ടിരുന്നില്ല. മകളുടെ മനോഹരമായ ആലാപനം അച്ഛൻ പിന്നിൽ നിന്ന് ആസ്വദിച്ച് കേട്ടു. 

"ഒന്നുകൂടി ശ്രമിച്ചുനോക്ക്..." അവൾ അലിയോട് പറഞ്ഞു. വീണ്ടും ഒരിക്കൽ കൂടി അന്നപൂർണ അലിക്ക് പാടിക്കൊടുത്തു. അലിയുടെ കണ്ണിൽ പെട്ടെന്നാവേശിച്ച ഭയം കണ്ടപ്പോൾ അവൾ അച്ഛന്റെ സാന്നിധ്യം മണത്തറിഞ്ഞു. പാട്ടുനിർത്തി, വെട്ടിത്തിരിഞ്ഞു നോക്കിയപ്പോൾ തൊട്ടുപിന്നിലതാ അച്ഛൻ..! 

ഒരു വാക്കുപോലും പറയാതെ ബാബ അവളുടെ മുടിക്ക് കുത്തിപ്പിടിച്ച് അടുത്ത മുറിയിലേക്ക് വലിച്ചിഴച്ചു. അവൾ കണ്ണുകൾ ഇറക്കിപ്പൂട്ടി, വരാനിരിക്കുന്ന കടുത്ത ശിക്ഷയ്ക്ക് മനസ്സിൽ തയ്യാറെടുത്തു. അടുത്ത ഏതാനും നിമിഷങ്ങൾ നിശബ്ദമായിരുന്നു. അച്ഛന്റെ സ്‌നേഹനിർഭരമായ  "അന്നപൂർണാ..." എന്ന വിളികേട്ടപ്പോൾ രണ്ടും കല്പിച്ചു കൊണ്ട് അന്നപൂർണ കണ്ണുതുറന്നു. നേരെ മുന്നിൽ കണ്ടത് സരസ്വതീദേവിയുടെ വിഗ്രഹമായിരുന്നു. അവിടെ ഒരു മേശപ്പുറത്ത് സരോദ്, സിതാർ, വയലിൻ, സുർബഹാർ എന്നിവ നിരത്തി വെച്ചിരുന്നു. അക്കൂട്ടത്തിൽ നിന്ന് സിതാർ കയ്യിലെടുത്ത് ബാബ അന്നപൂർണയുടെ കയ്യിൽ വെച്ചുകൊടുത്തു. പ്രിയഗുരു വസീർ ഖാനെ മനസ്സിലോർത്തുകൊണ്ട് ബാബ മകളോട് പറഞ്ഞു, "കേൾക്കൂ മാ... ഇന്നുമുതൽ ഞാൻ നിന്നെ സംഗീതം പഠിപ്പിക്കാം. നിന്നെ ഞാൻ സരസ്വതീ ദേവിയുടെ കരങ്ങളിലേക്ക് സമർപ്പിക്കുകയാണ്. പഠിച്ച സംഗീതം കൊണ്ട് നിന്റെ ചേച്ചി ജഹനാരയ്ക്ക് വന്ന ദുരവസ്ഥയാണ് നിന്നെ ഇതുവരെ പഠിപ്പിക്കേണ്ട എന്ന് ഞാൻ കരുതാൻ കാരണം. ഇന്ന് ഞാൻ എന്റെ തീരുമാനം മാറ്റുന്നു. ഇനി നിന്റെ ജീവിതം നീ സംഗീതത്തിന് സമർപ്പിക്കണം അന്നപൂർണ."

അങ്ങനെ അച്ഛനും മകളും കൂടി സംഗീതത്തിൽ വിദ്യാരംഭം കുറിച്ചുകൊണ്ടിരിക്കെയാണ് അന്നപൂർണയുടെ അമ്മ മദീനാ ബീഗം അവിടേക്ക് കടന്നുവരുന്നത്. കോപം കൊണ്ട് വിറച്ച് അവർ തന്റെ ഭർത്താവിനോട് ചോദിച്ചു, "നിങ്ങൾക്ക് മതിയായിട്ടില്ലേ ഇതുവരെ..? മൂത്തവളെ പഠിപ്പിച്ച് അവളുടെ ജീവിതം കുളംതോണ്ടി. ഇനി ഇളയവളുടെ ജീവിതം കൂടി നശിപ്പിക്കാനാണോ പുറപ്പാട്..? " 

അന്നപൂർണാ ദേവി ബാബാ അലാവുദ്ദീൻ ഖാനുമൊത്ത് പരിശീനത്തിനിടെ 

ബാബ എന്തുപറയാനാണ്..! മറുപടിക്ക് കാക്കാതെ മദീനാ ബീഗം ചാടിത്തുള്ളിക്കൊണ്ട് മുറിവിട്ടിറങ്ങിപ്പോയി. പക്ഷേ, അമ്മയുടെ വിക്ഷോഭമൊന്നും അച്ഛന്റെയും മകളുടെയും സംഗീതസപര്യക്ക് വിഘാതമായില്ല. "എന്റെ ഗുരു എന്നെ പഠിപ്പിച്ചതെല്ലാം  നിനക്കു ഞാൻ പകർന്നുതരാം അന്നപൂർണാ..! നീ നിന്റെ സഹോദരനെപ്പോലെയല്ല. നിനക്ക് തിടുക്കവും അത്യാർത്തിയും ഒന്നുമില്ല. അപാരമായ ക്ഷമയും, ശാന്തമായ ഒരു മനസ്സുമുണ്ട് നിനക്ക്. നീ ശുദ്ധസംഗീതത്തിന്റെ അധ്യയനത്തിന് എന്തുകൊണ്ടും യോഗ്യയാണ്. ഞാൻ കരുതുന്നത്, നീയിനി സിതാർ അഭ്യസിക്കേണ്ടതില്ല എന്നാണ്. കൂടുതൽ ജനപ്രിയം സിതാർ ആയിരിക്കും. പക്ഷേ, യഥാർത്ഥ സംഗീതമിരിക്കുന്നത് സുർബഹാറിലാണ്. അതിനെ മനസ്സിലാക്കുന്നവർ ചുരുക്കമാവാം. എങ്കിലും, അതാണ് ഇനി നീ അഭ്യസിക്കേണ്ടത് എന്ന് ഞാൻ കരുതുന്നു. എന്തു പറയുന്നു..?" അന്നപൂർണയുടെ മറുപടി ഇങ്ങനെയായിരുന്നു, "ബാബയുടെ ഇഷ്ടം പോലെ മതി എനിക്കും." 

സംഗീതത്തിന്റെ വഴി പിടിക്കുന്ന സ്ത്രീകളെ വേശ്യകളെന്ന് മുദ്രകുത്തുന്ന ഒരു കാലത്താണ് ബാബ സ്വന്തം മകളെ സംഗീതമേ ജീവിതമെന്ന് വളർത്തിക്കൊണ്ടുവരാനുള്ള ധൈര്യം കാണിച്ചത്. അദ്ദേഹം മകൻ അലി അക്ബറിനും മകൾ അന്നപൂർണയ്ക്കുമിടയിൽ സംഗീതത്തിന്റെ കാര്യത്തിൽ ഒരു വിവേചനവും കാട്ടിയില്ല. കാലം കടന്നുപോയി. അന്നപൂർണ  സിതാറിലും സുർബഹാറിലും അപാരമായ അവഗാഹം നേടി. അതിമധുരമായി പാടാനും പഠിച്ചു. മൈഹാറിലെ സംഗീതത്തിന് ഒരു ദൈവികാംശമുണ്ടായിരുന്നു. തികഞ്ഞ  സാധനയോടെ, എല്ലാവിധ ദുരഭിമാനങ്ങളും ഉപേക്ഷിച്ച് അന്നപൂർണ അച്ഛന്റെ ശിക്ഷണത്തിൽ സംഗീതം അഭ്യസിച്ച് തെളിഞ്ഞുവന്നു. 

രവിശങ്കറുമായുള്ള അടുപ്പം 

തന്റെ പന്ത്രണ്ടാമത്തെ വയസ്സിൽ ജ്യേഷ്ഠൻ ഉദയ് ശങ്കറിന്റെ ട്രൂപ്പിനൊപ്പം കൂടിയതാണ് രവിശങ്കർ. 1935 -ലെ വിദേശടൂറിനിടെയാണ് അദ്ദേഹം ബാബാ അലാവുദ്ദീൻ ഖാനുമായി സമ്പർക്കത്തിലാവുന്നത്. അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കുന്നത്. ഐഹികജീവിതത്തിൽ തികഞ്ഞ അച്ചടക്കമുള്ളവർക്കു മാത്രമേ ബാബ സംഗീതം പകർന്നുകൊടുക്കുമായിരുന്നുള്ളൂ. പ്രലോഭനങ്ങളിൽ ഒരു ചിത്രശലഭത്തെപ്പോലെ പറന്നു നടന്നിരുന്ന രവിശങ്കറിനെ ബാബ സൗമ്യമായി ശാസിക്കുമായിരുന്നു അന്ന്. മകൻ അലി അക്ബറിനെ പരിശീലിപ്പിക്കുന്നതിൽ ശ്രദ്ധചെലുത്താൻ വേണ്ടി ബാബ ഉദയ് ശങ്കറിന്റെ ട്രൂപ്പ് വിട്ട അതേകാലത്ത് തന്നെയാണ് നൃത്തമല്ല, സംഗീതമാണ് തന്റെ വഴി എന്ന് രവിശങ്കറിനും തോന്നിത്തുടങ്ങുന്നത്. അങ്ങനെ സകലതും വെടിഞ്ഞുകൊണ്ട് ബാബയുടെ വീട്ടിലേക്ക് ഒരുദിവസം രവി വന്നുകേറി. അപ്പോൾ അന്നപൂർണ സിതാറിൽ പരിശീലനം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. "എന്റെ മകൾ അന്നപൂർണ സിതാർ പരിശീലിക്കുകയാണ് രവീ. ഇത് നീ കേൾക്കണം. നിന്റെ പരിശീലനത്തിന്റെ തുടക്കം ഇതാവട്ടെ..." സിതാറിൽ മഗ്നയായിരുന്ന പതിനൊന്നുകാരി  അന്നപൂർണ, ഒരുനിമിഷത്തേക്ക് മുഖമുയർത്തി, വാതിൽപ്പടിക്കൽ വന്നുനിന്ന ആ ചെറുപ്പക്കാരനെ ഒന്ന് നോക്കി. "അവൾ വായിക്കുന്നത് നീ ശ്രദ്ധിച്ചു കേൾക്കണം രവി. ഞാൻ പഠിപ്പിക്കുന്നത് അവൾ അതുപോലെ വായിക്കും. കേൾക്കൂ." ബാബ പറഞ്ഞു. അതുകേട്ട് നാണിച്ച് അന്നപൂർണ മുഖം കുനിച്ചു. 

രണ്ടോ മൂന്നോ വർഷങ്ങൾക്കുള്ളിൽ, ഉദയ് ശങ്കർ ഒരു വിവാഹാലോചനയുമായി ബാബയെ സമീപിച്ചു. അദ്ദേഹം പറഞ്ഞു, "ബാബാ.. അങ്ങേന്തായാലും രവിയെ ഒരു മകനായി സ്വീകരിച്ചു കഴിഞ്ഞു. അന്നപൂർണയെ അവന് വിവാഹം ചെയ്തുകൊടുക്കണം എന്നപേക്ഷിക്കാനാണ് ഞാൻ വന്നത്.." ഏറെ നേരം മനസ്സിലിട്ട് ആലോചിച്ച ശേഷം, ബാബ ഉദയ് ശങ്കറിന്റെ അപേക്ഷയ്ക്ക് സമ്മതം മൂളി. അന്നപൂർണയുടെ പതിനാലാം വയസ്സിൽ ആ വിവാഹം നടന്നു. അന്നപൂർണ-രവിശങ്കർ ദമ്പതികൾക്ക് ശുഭോ എന്ന ശുഭേന്ദ്ര ശങ്കർ മകനായിപ്പിറന്നു.

അന്നപൂർണാദേവി രവിശങ്കറുമൊത്ത്, സന്തോഷത്തിന്റെ ദിനങ്ങളിൽ 

എന്നാൽ ആ വിവാഹത്തിന് അധികം ആയുസ്സുണ്ടായില്ല. രവിശങ്കറിന്റെ ഒരിടത്തും ഉറച്ചുനിൽക്കാത്ത മനസ്സുതന്നെയായിരുന്നു അത് തകർത്തത്. ഇരുവരുടെയും സുഹൃത്തായിരുന്ന കമലയുമായി രവി അടുത്തു. അന്നപൂർണ രവിശങ്കറുമൊത്ത് കഴിയാൻ മുംബൈയിലെ ഫ്ലാറ്റിലേക്ക് വന്നതിനു ശേഷവും, രവി കമലയുമായുള്ള അടുപ്പം തുടർന്നു. അത് അധികം താമസിയാതെ അന്നപൂർണയുടെ ചെവിയിലും എത്തി. രവിശങ്കർ തന്നെ അന്നപൂർണയോട് ആ അടുപ്പത്തെപ്പറ്റി തുറന്നുപറഞ്ഞു. അന്നപൂർണ ഒന്നേ ചോദിച്ചുള്ളൂ, "പിന്നെന്തിനാണ് നിങ്ങൾ എന്നെ വിവാഹം കഴിച്ചത്..? കമലയെ നിങ്ങൾക്ക് ചെറുപ്പത്തിലേ അറിയാമായിരുന്നു. അന്നേ ഇഷ്ടവുമായിരുന്നു. എന്തിന് എന്നെ ഇങ്ങനൊരു ബന്ധത്തിൽ പെടുത്തി..? ബാബയിൽ നിന്ന് സിത്താർ അഭ്യസിക്കാനോ.? " 

രവിശങ്കറിന്‌ ഉത്തരമില്ലായിരുന്നു. വിവാഹം കഴിച്ചതെന്തിനെന്നോ, പിന്നീട് കമലയോട് അടുത്തതെന്തിനെന്നോ ഒന്നും രവിശങ്കറിന് നിശ്ചയമില്ലായിരുന്നു. ആ അവിഹിത ബന്ധത്തെപ്പറ്റിയുള്ള തർക്കം ഇരുവരെയും തമ്മിൽ അകറ്റി. രണ്ടുപേരും രണ്ടു മുറിയിലാക്കി കിടപ്പ്. അവരുടെ പ്രിയപ്പെട്ട വളർത്തു നായ മുന്ന മാത്രം, ആരുടെ പക്ഷം പിടിക്കണമെന്നറിയാതെ, ഇരുമുറികൾക്കുമിടയിലെ ഇടനാഴിയിൽ സങ്കടപ്പെട്ടു കിടന്നു. സങ്കടം മറക്കാൻ അന്നപൂർണ പതുക്കെ വായനയിലേക്ക് തിരിഞ്ഞു. മകൻ ശുഭോയെ അന്നപൂർണ സിതാർ അഭ്യസിപ്പിച്ചു. ഒടുവിൽ ആ വിവാഹം അലസിയപ്പോൾ, രവിശങ്കർ മകനെ അമ്മയിൽ നിന്ന് പറിച്ചെടുത്തുകൊണ്ട് അമേരിക്കയ്ക്ക് പോയി. അവിടെ വെച്ച് അകാലത്തിൽ ശുഭോ മരണപ്പെട്ടു. 1961 -ൽ ശാസ്ത്രീയ സംഗീത കച്ചേരികളിൽ നിന്ന് അന്നപൂർണ എന്നെന്നേക്കുമായി പിൻവാങ്ങുകയും ചെയ്തു. 

 അന്നപൂർണാ ദേവി എന്ന സംഗീത ഗുരു 

അറിയപ്പെടുന്ന ഫയൽവാനായിരുന്ന ശ്രീലാൽ ചൗരസ്യയുടെ മകൻ ഹരിപ്രസാദ്, ഗുസ്തി വെടിഞ്ഞ് ബാംസുരി അഭ്യസിക്കാൻ തീരുമാനിച്ചപ്പോൾ അദ്ദേഹം ഗുരുവായി മനസ്സിൽ കണ്ടത് അന്നപൂർണാ ദേവിയെ ആയിരുന്നു. യാദൃച്ഛികമായിരുന്നു ആ  തീരുമാനം. ഒരു രാത്രിയിൽ പേരറിയാത്ത ഏതോ ഒരു സ്ത്രീശബ്ദത്തിലുള്ള  ദർ‌ബാരി രാഗാലാപനം കേട്ടുകൊണ്ടിരിക്കുകയായിരുന്നു ഹരിപ്രസാദ്. അതിമധുരമായ ആ ആലാപനം അദ്ദേഹത്തെ വിസ്മയിപ്പിച്ചു. നല്ലൊരു ഹിന്ദുസ്ഥാനി ഗുരുവിനായുള്ള തന്റെ അന്വേഷണം ഇവിടെ അവസാനിക്കുന്നതായി അദ്ദേഹത്തിന് തോന്നി. അദ്ദേഹം നേരെ അന്നപൂർണയെ കാണാൻ വച്ചുപിടിച്ചു. "അന്നപൂർണാജി വലിയ കോപക്കാരിയാണ്. മാത്രമല്ല, അവർ സുർബഹാർ വായിക്കുന്നവരാണ്. നിങ്ങൾ ബാംസുരിയും. അവരെങ്ങനെ നിങ്ങളെ പഠിപ്പിക്കും..?" പലരും ഹരിപ്രസാദിനോട് ചോദിച്ചു. 

"ഞാൻ അവരെ കാണും. എനിക്ക് കണ്ടേ പറ്റൂ. ഞങ്ങൾ വായിക്കുന്നത് വെവ്വേറെ വാദ്യങ്ങളാകാം. അത് വിഷയമല്ല. ഞാൻ അവരിൽ നിന്ന് പഠിക്കാൻ ആഗ്രഹിക്കുന്നത് സംഗീതം മാത്രമാണ്."  ചോദിച്ചവരോടൊക്കെ അദ്ദേഹം പറഞ്ഞു. 

സിനിമാക്കാരെ സംഗീതം പഠിപ്പിക്കുന്ന പ്രശ്നമേയില്ല എന്ന് അന്നപൂർണ ചൗരസ്യയുടെ മുഖത്തുനോക്കി വെട്ടിത്തുറന്നു പറഞ്ഞു. ബാംസുരി തനിക്ക് വഴങ്ങില്ല എന്നതും അവർ കാരണമായി പറഞ്ഞു. ചൗരസ്യ പിന്മാറിയില്ല. അന്നപൂർണ മുന്നോട്ടുവെച്ച അസാധ്യമെന്നു തോന്നുന്ന സകല നിബന്ധനകൾക്കും ചൗരസ്യ സമ്മതം മൂളിയശേഷം മാത്രമാണ് അവർ പഠിപ്പിക്കാം എന്ന് സമ്മതിച്ചത്. സംഗീതത്തിന്റെ ബാലപാഠങ്ങൾ തൊട്ടിങ്ങോട്ട് ഇന്നുകാണുന്നതെല്ലാം ചൗരസ്യയിൽ ഊട്ടിയുറപ്പിച്ചത് അന്നപൂർണാ ദേവിയാണ്. ആദ്യത്തെ വർഷങ്ങളിൽ അവർ ചൗരസ്യയെ ഭൈരവിയും യമനും മാത്രമാണ് അഭ്യസിപ്പിച്ചത്. തികഞ്ഞ ഒരു പെർഫെക്ഷനിസ്റ്റ് ആയിരുന്നു അന്നപൂർണ. മട്ടുപ്പാവിൽ പ്രാവുകൾക്ക് ഗോതമ്പുമണികൾ വിതറിക്കൊടുക്കുന്ന നേരത്ത മാത്രമാണ് അവരെ ചിരിച്ചു കണ്ടിട്ടുള്ളത്. മറ്റുള്ള നേരങ്ങളിലെല്ലാം  സംഗീതത്തിൽ മുഴുകിയായിരുന്നു അവർ ജീവിച്ചിരുന്നത്. 1982 -ൽ, അമ്പത്തഞ്ചാമത്തെ വയസിൽ അവർ തന്റെ തന്നെ ശിഷ്യനായ റൂഷികുമാർ പാണ്ഡ്യയെ വിവാഹം ചെയുന്നുണ്ട്. ആ ബന്ധം തന്റെ മരണം വരയും അന്നപൂർണ തുടരുന്നുണ്ട്. 

റൂഷികുമാർ പാണ്ഡ്യ

ഹരിപ്രസാദ് ചൗരസ്യക്ക് പുറമേ മറ്റു പല പ്രസിദ്ധ  സംഗീതജ്ഞർക്കും ഗുരുവാണ് അന്നപൂർണാ ദേവി. അവരിൽ സിതാറിസ്റ്റുകളായ ദേബി പ്രസാദ് ചാറ്റർജി, ബഹാദൂർ ഖാൻ, ഹിരൻ റോയ്, ഇന്ദ്രനീല ഭട്ടാചാര്യ, കാർത്തിക് കുമാർ, നിഖിൽ ബാനർജി എന്നിവരും, സരോദ് വാദകനായ ധ്യാനേഷ് ഖാൻ, ആശിഷ് ഖാൻ, ബസന്ത് കബ്ര, സുരേഷ് വ്യാസ്, ബാംസുരി വാദകനായ നിത്യാനന്ദ് ഹൽദിപൂർ, ദിൽറുബ വാടക ദക്ഷിണ മോഹൻ ടാഗോർ, വയലിൻ വടക്കൻ സത്യദേവ് പവാർ എന്നിങ്ങനെ പലരുമുണ്ട്. 

തന്റെ പ്രാവുകളെ വലിയ കാര്യമായിരുന്നു അന്നപൂർണ്ണയ്ക്ക്. നിത്യം ഊട്ടിയിരുന്ന പ്രാവുകളിൽ ഓരോന്നിനെയും അവർ വേറിട്ടറിഞ്ഞിരുന്നു. അവയോട് സംസാരിച്ചിരുന്നു മുടങ്ങാതെ. വിശേഷങ്ങൾ തിരക്കിയിരുന്നു. ആ പ്രാവുകളുടെ കുറുകൽ ശബ്ദങ്ങളിൽ അവർ തന്റെ സങ്കടങ്ങളെല്ലാം മറക്കുമായിരുന്നു. ശുദ്ധസംഗീതത്തെ മറ്റുപരിഗണനകൾക്ക് ഒന്നിനും വശംവദയാകാതെ തന്നെ നെഞ്ചോടുചേർത്ത ഒരു പക്ഷേ, അവസാനത്തെ സംഗീതോപാസകയായിരിക്കും അന്നപൂർണാ ദേവി. സംഗീതത്തിന് സമർപ്പിതമായിരുന്നു അവരുടെ ജീവിതം. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ആത്മീയാംശം കണ്ടറിഞ്ഞ അവർ  സുർബഹാർ എന്ന വാദ്യോപകരണത്തിന്റെ ആത്മാവിൽ വ്യാപാരിച്ചിട്ടുള്ള അപൂർവം വാദകരിൽ ഒരാളാണ്. ഇന്ന് അവരുടെ ഒന്നാം ചരമവാർഷികം..! 

click me!