
ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തുനിന്നും രാജിവെക്കുമ്പോള്‍ ലിസ് ട്രസിന് സ്വന്തമായി ഉള്ളത് ചരിത്രത്തില്‍ ഏറ്റവും കുറവ് കാലം ബ്രിട്ടീഷ് പ്രധാനമന്ത്രിപദത്തിലിരുന്ന വ്യക്തി എന്ന വിശേഷണം മാത്രമല്ല. വേണമെങ്കില്‍ അവര്‍ക്ക് മറ്റൊന്നുകൂടി അവകാശപ്പെടാം. വെറും 45 ദിവസങ്ങള്‍ മാത്രമാണ് ലിസ് ട്രസ് പ്രധാനമന്ത്രി പദത്തില്‍ ഇരുന്നത്. എങ്കില്‍ കൂടെയും യുകെയിലെ നികുതിദായകര്‍ അവര്‍ക്ക് പ്രതിവര്‍ഷം 115,000 പൗണ്ട് കൊടുക്കാന്‍ ബാധ്യസ്ഥരാണ്. എന്നുവച്ചാല്‍ 1,07,30,464.95 ഇന്ത്യന്‍ രൂപ. അമ്പരയ്ക്കണ്ട, ഈ പ്രതിഫലം ലിസ് ട്രസിന് അര്‍ഹതപ്പെട്ടത് തന്നെയാണ്.
പൊതുജീവിതത്തില്‍ ഇപ്പോഴും സജീവമായ മുന്‍ പ്രധാനമന്ത്രിമാരെ സഹായിക്കുന്നതിനായി രൂപീകരിച്ച പബ്ലിക് ഡ്യൂട്ടി കോസ്റ്റ് അലവന്‍സില്‍ (പിഡിസിഎ) നിന്നാണ് ഈ പണം ലഭിക്കുന്നത്. ഗവണ്‍മെന്റ് നയമനുസരിച്ച്, പൊതു കടമകള്‍ തുടര്‍ന്നും നിറവേറ്റുന്നതിനുള്ള ചെലവിലേക്കാണ് ഈ തുക നല്‍കുന്നതെന്ന് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
1990-ല്‍ മാര്‍ഗരറ്റ് താച്ചര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് ഈ അലവന്‍സ് സ്‌കീം നടപ്പിലാക്കിയത്. തൊട്ടടുത്ത വര്‍ഷം മാര്‍ച്ചില്‍ താച്ചറുടെ പിന്‍ഗാമി ജോണ്‍ മേജര്‍ പിഡിസിഎ സ്‌കീം പ്രഖ്യാപിച്ചു.
നിലവില്‍ അലവന്‍സ് സ്‌കീമിന് അര്‍ഹരായ 6 മുന്‍ പ്രധാനമന്ത്രിമാരാണ് യുകെയില്‍ ഉള്ളത്. ഇനി അവര്‍ക്കൊപ്പം ലിസ് ട്രസും ഉള്‍പ്പെടും. പിഡിസിഎ സ്‌കീമിലേക്കുള്ള തുക പൂര്‍ണമായും രാജ്യത്തെ നികുതി ദായകരില്‍ നിന്നാണ് ഈടാക്കുന്നത്. ഈ സ്‌കീം പറ്റുന്നവരുടെ ഗണത്തിലേക്ക് ലിസ് ട്രസുകൂടി ചേരുന്നതോടെ നികുതിദായകര്‍ക്ക് പ്രതിവര്‍ഷം £800,000-ല്‍ കൂടുതല്‍ നല്‍കേണ്ടിവരുന്നു. എന്തുതന്നെയായാലും വെറും 45 ദിവസത്തെ ജോലി കൊണ്ട് ലിസ്പ്രസിന് കിട്ടാന്‍ പോകുന്നത് ആജീവനാന്ത പ്രതിഫലമായി പ്രതിവര്‍ഷം ഒരു കോടിയിലേറെ രൂപയാണ്.