കണ്ണിൽക്കണ്ടതൊക്കെ എടുത്തോണ്ട് പോകരുത്, ഹോട്ടൽറൂമിൽ നിന്നും എടുക്കാവുന്നതും എടുക്കാൻ പാടില്ലാത്തതും

By Web TeamFirst Published Mar 4, 2024, 3:37 PM IST
Highlights

ട്രാവൽ എക്സ്പേർട്സായ ഡെവണും ബെറ്റ്സി ഫാറ്റയും പറയുന്നത് ഹോട്ടലിൽ റൂമെടുക്കുമ്പോൾ കോർണർ റൂമുകൾ എടുക്കുന്നതാണ് നല്ലത് എന്നാണ്. കാരണം അവ വലുതായിരിക്കും.

ഹോട്ടലിൽ മുറി എടുത്തു കഴിഞ്ഞാൽ അവിടെ നിന്നുമിറങ്ങുമ്പോൾ മുറിയിൽ കാണുന്ന മുഴുവൻ സാധനങ്ങളും എടുത്തു കൊണ്ടുപോകുന്ന ആളുകളുണ്ട്. എന്നാൽ, ഹോട്ടലിൽ താമസിച്ച് ചെക്ക് ഔട്ട് ചെയ്ത് ഇറങ്ങുമ്പോൾ അവിടെ നിന്നും എടുക്കാവുന്നതും എടുക്കാൻ പാടില്ലാത്തതുമായ ചില സാധനങ്ങളൊക്കെയുണ്ട്. 

എന്തൊക്കെയാണ് നിങ്ങൾക്ക് ഒരു ഹോട്ടൽ മുറിയിൽ നിന്നും എടുക്കാവുന്നത്. എന്തൊക്കെയാണ് എടുക്കാൻ പാടില്ലാത്തത്. ഈ വിഷയത്തിൽ ഉപദേശം നൽകുന്നത് ഹോളിഡേ എക്സ്പേർട്ടായ മാർക്ക് ജോൺസൺ ആണ്. ഷാംപൂ, കണ്ടീഷണർ, സോപ്പ്, ബോഡി ലോഷൻ തുടങ്ങിയവയെല്ലാം അതിഥികൾക്ക് ചെക്ക് ഔട്ട് ചെയ്യുമ്പോൾ കൂടെ കൊണ്ടുപോകാവുന്നതാണ്. സിം​ഗിൾ യൂസ് എന്ന് പറഞ്ഞാലാണ് ഇതെല്ലാം എടുക്കാവുന്നത്. അതുപോലെ, പെൻ, പെൻസിൽ, നോട്ട്ബുക്ക്, ബിസ്ക്കറ്റ് പാക്കുകൾ, ടീ ബാ​ഗ്, കോഫി സാഷെ, ഷു​ഗർ പാക്കറ്റുകൾ തുടങ്ങിയവയും എടുക്കാവുന്നതാണ്. ഡ്രൈ ക്ലീനിം​ഗ് ബാ​ഗ്, സിം​ഗിൾ‌ യൂസ് സ്ലിപ്പർ തുടങ്ങിയവയും അതിഥികൾക്ക് ഒപ്പം കൊണ്ട് പോകാവുന്നതാണ്. 

അതുപോലെ തന്നെ, അതിഥികൾക്ക് വീട്ടിലേക്ക് കൊണ്ടുപോകാൻ പാടില്ലാത്ത ചില ഇനങ്ങളും ഉണ്ട്. ബെഡ്ഷീറ്റുകൾ, ടവലുകൾ, പുതപ്പുകൾ, തലയിണകൾ, ഇസ്തിരിപ്പെട്ടി ഹാംഗറുകൾ, ഇസ്തിരിയിടുന്ന ബോർഡുകൾ എന്നിവ അതിൽ ഉൾപ്പെടുന്നു. 

അതിഥികൾക്ക് ഹോട്ടലിൽ താമസിക്കുമ്പോൾ റൂം അപ്​ഗ്രേഡിന് വേണ്ടി അഭ്യർത്ഥിക്കാമെന്നും ന്യൂയോർക്കിലെ ഡൗൺടൗൺ ഹോട്ടലിൻ്റെ മാനേജർ ചിന്തൻ ദധിച്ച് വെളിപ്പെടുത്തുന്നു. പല അതിഥികൾക്കും ഈ ഓപ്ഷനെ കുറിച്ച് അറിയില്ല. അവർ ബുക്ക് ചെയ്ത അതേ മുറിയിൽ തന്നെ താമസിക്കാറാണ്. ദാദിച്ച് പറയുന്നതനുസരിച്ച്, മെച്ചപ്പെട്ട മുറി ഹോട്ടലുകളിൽ ലഭ്യമാണെങ്കിൽ അതിഥികൾക്ക് അധിക നിരക്കുകളൊന്നും കൂടാതെ തന്നെ റൂം അപ്‌ഗ്രേഡ് ചെയ്യാൻ അഭ്യർത്ഥിക്കാം.

ട്രാവൽ എക്സ്പേർട്സായ ഡെവണും ബെറ്റ്സി ഫാറ്റയും പറയുന്നത് ഹോട്ടലിൽ റൂമെടുക്കുമ്പോൾ കോർണർ റൂമുകൾ എടുക്കുന്നതാണ് നല്ലത് എന്നാണ്. കാരണം അവ വലുതായിരിക്കും. അതുപോലെ പുതിയ ഹോട്ടലുകളിൽ റെന്റ് കുറവായിരിക്കും എന്നും ഇവർ പറയുന്നു. പൊസിറ്റീവ് റിവ്യൂ കിട്ടുന്നതിന് വേണ്ടി പുതിയ ഹോട്ടലുകൾ റെന്റു കുറച്ച് മുറികൾ നൽകാറുണ്ട് എന്നും ഇവർ പറയുന്നു.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!