
ഇറാനിലെ സൈനിക ജനറൽ കാസിം സുലെമാനിയെ അമേരിക്കൻ സൈന്യം വ്യോമാക്രമണത്തിലൂടെ വധിച്ചതിന് ശേഷം പ്രദേശത്താകെ സംഘർഷാവസ്ഥയാണ്. തങ്ങൾ തിരിച്ചടിക്കും എന്ന് ഭീഷണി മുഴക്കിയ ഇറാൻ, സാമ്പിളെന്നോണം ഇറാഖിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കു നേരെ മിസൈലാക്രമണം നടത്തി.
ആ ആക്രമണത്തിൽ തങ്ങളുടെ രോമത്തിനു പോലും പരിക്കേറ്റിട്ടില്ല എന്നും, തങ്ങൾക്ക് എന്തെങ്കിലും നാശനഷ്ടങ്ങൾ ഇറാൻ ആക്രമണത്തിൽ ഉണ്ടായാൽ തങ്ങൾ 52 ലൊക്കേഷനുകളിൽ ആക്രമണങ്ങൾ നടത്തും എന്ന് അമേരിക്കയും, അമേരിക്ക തങ്ങളെ ആക്രമിച്ചാൽ തങ്ങൾ തിരിച്ചും ആക്രമിക്കാൻ മടിക്കില്ല എന്ന് ഇറാനും പറയുന്നു. ഇങ്ങനെ പരസ്പരമുള്ള പോർവിളികൾ മുഴങ്ങുമ്പോൾ ആകെ ചങ്കിടിപ്പോടെ അത് കേട്ടുനിൽക്കുന്നത് മൂന്നാമതൊരു കൂട്ടരാണ്, ഇസ്രായേൽ. കാരണം, ഇറാന്റെ അമേരിക്കയോടുള്ള അടുത്ത ഭീഷണി, തങ്ങളെ ആക്രമിച്ചാൽ തിരിച്ച് ഇസ്രായേലിനെ ആക്രമിക്കാനും തങ്ങൾ മടിക്കില്ല എന്നതാണ്.
ഇറാന്റെ റെവല്യൂഷനറി ഗാർഡ്സിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്ന പ്രസ്താവനയിൽ പറയുന്നത് ഈ ആക്രമണത്തിൽ അമേരിക്ക- ഇസ്രായേൽ എന്ന് വേറിട്ട് കാണാൻ തങ്ങൾക്ക് സാധിക്കുന്നില്ല എന്നാണ്. അമേരിക്ക ഇറാനുനേരെ തിരിച്ചടിച്ചാൽ, ഹിസ്ബുള്ള ഇസ്രായേലിനെ ആക്രമിക്കാൻ മടിച്ചേക്കില്ല എന്നാണ് ഇറാനിലെ പത്ര ഏജൻസിയായ തസ്‌നീം റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറയുന്നത്, ഇറാൻ അങ്ങനെ വല്ല അബദ്ധവും പ്രവർത്തിച്ചാൽ അതിന്റെ പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കും, തങ്ങൾ ശക്തമായി തിരിച്ചടിക്കും എന്നൊക്കെയാണ്.
അമേരിക്കൻ സൈനികർ ഇറാഖി മണ്ണ് വിട്ട് പോകണം എന്നാണ് പാർലമെന്റ് പ്രമേയം പാസാക്കിയിരിക്കുന്നത്. എന്നാൽ അമേരിക്ക അങ്ങനെ ചെയ്യാനുള്ള യാതൊരു സാധ്യതയുമില്ല എന്നാണ് പ്രദേശത്തെ നയതന്ത്ര വിദഗ്ധർ പറയുന്നത്. ഇപ്പോഴത്തെ സ്ഥിതികൾ എപ്പോൾ വേണമെങ്കിലും വഷളാകാൻ സാധ്യതയുണ്ടെന്നും, അങ്ങനെ സംഭവിച്ചാൽ അത് ചെന്ന് നിൽക്കുക ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധത്തിലാകും എന്നാണ് യെരുശലേം ടൈംസ് പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അമേരിക്കയുടെ സുഹൃത്തും സഖ്യകക്ഷിയുമായ ഒരു രാജ്യമെന്ന നിലയ്ക്ക്, ഇസ്രായേൽ എന്നും തന്നെ ഇറാന്റെ നോട്ടപ്പുള്ളിയായിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ പതിറ്റാണ്ടുകൾ മുമ്പ് തന്നെ ശത്രുതയിലായിരുന്നോ എന്ന് തോന്നിപ്പോകും ഇന്നത്തെ അവർ തമ്മിലുള്ള ഇടപെടലുകൾ കണ്ടാൽ. എന്നാൽ, അടയും ചക്കരയുമായിരുന്ന രണ്ടു രാജ്യങ്ങളായിരുന്നു ഇറാനും ഇസ്രായേലും ഒരുകാലത്ത് എന്നത് എന്നോർക്കുമ്പോൾ ഏറെ അവിശ്വസനീയമായി അനുഭവപ്പെട്ടേക്കാം.
സൗഹൃദത്തിന്റെ ആ സുവർണകാലം
ആ സൗഹൃദം ഒരു പഴങ്കഥയാണ്. മുപ്പതു വർഷം മുമ്പ് തീർന്നതാണ് അവർ തമ്മിലുള്ള ബന്ധുത. അതിനുകാരണമോ 1979 -ൽ ഇറാനിലുണ്ടായ ഇസ്ലാമിക വിപ്ലവവും. ഇസ്രായേലിലെ ഏറ്റവും പഴയ പത്രമായ ഹാരെറ്റ്‌സിൽ വന്ന ഒരു റിപ്പോർട്ട് പറയുന്നത്, 1974 -75 കാലത്ത് അതിർത്തിത്തർക്കത്തിന്റെ പേരിൽ ഇറാഖുമായി നിരന്തരയുദ്ധത്തിലേർപ്പെട്ടിരുന്ന കാലത്ത് ഇറാൻ ഇസ്രായേലിൽ നിന്ന് ആയുധങ്ങൾ വാങ്ങിയിരുന്ന കാലം വരെ ഉണ്ടായിരുന്നു.
1948 -ൽ ഇസ്രായേൽ രൂപീകൃതമായ കാലത്ത് ഇറാഖിൽ യഹൂദർക്കെതിരെ നിരന്തരം ആക്രമണങ്ങൾ നടന്നിരുന്നു. അന്നവർ പലായനം ചെയ്തത് ഇറാനിലേക്കായിരുന്നു. അവർക്ക് അന്ന് രണ്ടു കയ്യും നീട്ടി അഭയം നൽകാൻ സന്മനസ്സു കാണിച്ചു ഇറാൻ. താത്വികമായി പലസ്തീനെ വിഭജിച്ച് ഇസ്രായേൽ എന്ന രാജ്യമുണ്ടാക്കുന്നതിന് എതിരായിരുന്നു എങ്കിലും, അങ്ങനെ സംഭവിച്ച ശേഷം അവരെ രാജ്യമായി അംഗീകരിച്ച രണ്ടാമത്തെ മാത്രം അറബ് രാജ്യമായിരുന്നു ഇറാൻ.
തുർക്കിയായിരുന്നു ഇസ്രായേലിനെ ആദ്യം അംഗീകരിച്ചത്. അമേരിക്കയുമായുള്ള ഇറാന്റെ ഇടപെടലുകളിൽ, അമേരിക്കയിലെ ജൂതന്മാർ അവർക്ക് ഗുണം ചെയ്തിരുന്നു. അതിനുള്ള ഒരു മാധ്യമമായി, ഒരു ഇടനിലയായി ഇസ്രായേൽ മാറിയിരുന്നു.
അറബ് ലോകത്ത് തങ്ങളുടെ ഷിയാ സ്വത്വം കാരണം ഇറാൻ വേറിട്ട് നിന്നിരുന്നതും അന്ന് ഇസ്രായേലുമായി സൗഹൃദത്തിലാകാൻ കാരണമായി. പേർഷ്യൻ ഗൾഫിലെ ഇറാന്റെ സ്വാധീനം അക്കാലത്ത് അമേരിക്കയ്ക്ക് ഇറാനുമായി സഹകരിക്കേണ്ടി വന്നിരുന്നു,അതുപോലെ ഇസ്രായേലിനും. ഇറാനിലെ എണ്ണയും സൗഹൃദത്തിലേക്ക് നയിച്ച മറ്റൊരു ഘടകമായിരുന്നു.
ഇസ്രായേലിനും അന്ന് ഇറാൻ എണ്ണ വിറ്റിരുന്നു. ഇസ്രയേലിന്റെ നിരവധി സൈനിക ഉപദേഷ്ടാക്കൾ അക്കാലത്ത് ടെഹ്റാനിൽ താമസിച്ചിരുന്നു. അറുപതുകളിലും എഴുപതുകളിലുമൊക്കെ ടെഹ്‌റാനും ടെൽഅവീവിനും ഇടക്ക് നിരന്തരം വിമാനസർവീസുകളും ഉണ്ടായിരുന്നു.
1970 -ൽ ഗമാൽ അബ്ദുൽ നസീറിന്റെ മരണത്തിനും, അൻവർ സാദത്തിന്റെ സ്ഥാനാരോഹണത്തിനും ശേഷമാണ് ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധത്തിൽ വിള്ളലുകൾ വീണുതുടങ്ങുന്നത്. മറ്റൊന്ന്, 1975 -ൽ ഇറാഖുമായി ഉണ്ടാക്കിയ ഒത്തുതീർപ്പ് ഉടമ്പടിയാണ്. അതോടെ കുർദിഷ് വിപ്ലവകാരികൾക്ക് ആയുധം നൽകുന്ന പരിപാടി ഇറാൻ അവസാനിപ്പിക്കുകയും, ഇസ്രായേലിന് പഴയ രാഷ്ട്രീയ സ്വാധീനം ഇറാന്റെ മേൽ ഇല്ലാതെയാവുകയും ചെയ്തു. 1979 -ൽ അയത്തൊള്ളാ ഖൊമേനി ഫ്രാൻസിൽ നിന്ന് തിരിച്ചെത്തിയ ശേഷം, ഇറാനിൽ ഇസ്ലാമിക വിപ്ലവം നടക്കുകയും, അതോടെ വിള്ളൽ പൂർണ്ണമാവുകയും ചെയ്തു.
സുലെമാനി ഫാക്ടർ
ഇനി സുലെമാനിയെയും ഇസ്രയേലിനെയും പറ്റി. കഴിഞ്ഞ വർഷം മാർച്ചിൽ ബിബിസി പ്രക്ഷേപണം ചെയ്ത 'ഷാഡോ കമാൻഡർ: ഇറാൻസ് മിലിട്ടറി മാസ്റ്റർമൈൻഡ്' എന്ന ഡോക്യുമെന്ററിയിൽ ഇസ്രായേലി സൈനികോദ്യോഗസ്ഥർ സൊലേമാനിയുടെ സൈന്യത്തിന്റെ പ്രവർത്തനങ്ങളെപ്പറ്റിയുള്ള അവരുടെ അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയുകയുണ്ടായി.
കഴിഞ്ഞ അമ്പതുവർഷമായി ഇസ്രായേലിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ഗോലാൻ മലനിരകൾ കയ്യടക്കാൻ ഇറാൻ സൊലേമാനിയുടെ നേതൃത്വത്തിൽ ശ്രമിച്ചു എന്നായിരുന്നു ഇസ്രായേലിന്റെ ആരോപണം. അമേരിക്കയെപ്പോലെ ഇസ്രായേലും കാസിം സൊലേമാനിയെ വലിയ ഭീഷണിയായിട്ടാണ് കണ്ടിരുന്നത് എന്നതാണ് വാസ്തവം.
1998 -ലാണ് ജനറൽ സൊലേമാനി ഖുദ്സ് ഫോഴ്‌സിന്റെ തലപ്പത്തെത്തുന്നത്. 1992 -ൽ ഹിസ്ബുല്ലാ തീവ്രവാദികൾ ബ്യൂണസ് അയേഴ്‌സിലെ ഇസ്രായേൽ എംബസി തകർത്തപ്പോൾ അതിന് വേണ്ട സഹായം ചെയ്തത് ഖുദ്സ് ഫോഴ്‌സ് ആണെന്ന് ഇസ്രായേൽ ആരോപിച്ചിരുന്നു.
2006 -ൽ ഇസ്രായേലും ഹിസ്ബുല്ലയും തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഹിസ്ബുല്ലാ പക്ഷത്തിന് വേണ്ട ആയുധങ്ങൾ നൽകി സഹായിച്ചത് ഇറാനായിരുന്നു. കഴിഞ്ഞ കുറേ വര്ഷങ്ങളായി ഇസ്രായേൽ വിരുദ്ധ ശക്തികളായ ഹിസ്ബുള്ള, ഹമാസ് തുടങ്ങിയ സംഘടനകളുടെ നേതാക്കളുമായി നിരന്തരം കണ്ടുമുട്ടിയിരുന്ന സൊലേമാനി അവയുടെ സംയോജനത്തിനു പിന്നിൽ പ്രവർത്തിച്ചിരുന്നു.
മൂന്നു വർഷം മുമ്പ് തന്നെ ഇസ്രായേൽ സൊലേമാനിയെ ഇല്ലാതാക്കാനുള്ള തീരുമാനം എടുത്തിരുന്നു എന്നും, 2018 പ്രസ്തുത തീരുമാനത്തിന് അമേരിക്കൻ ഗ്രീൻ സിഗ്നൽ കിട്ടും വരെ ഇസ്രായേൽ കാത്തിരിക്കുകയായിരുന്നു എന്നുമാണ് കുവൈറ്റിൽ നിന്നും പുറപ്പെടുന്ന അൽ ജരീദാ എന്ന പത്രം എഴുതിയത്. ഇസ്രായേൽ കൂടി അറിഞ്ഞുകൊണ്ടാണ് ഈ വധമെന്നാണ് അവർ ഭംഗ്യന്തരേണ പറഞ്ഞുവെച്ചത്.
ഇത്തരത്തിൽ ആകെ ഒരു ഇസ്രായേൽ വിരുദ്ധ വികാരം ഇറാനിലെ ഭരണാധികാരികൾക്കും സൈനിക നേതാക്കൾക്കും ഇടയിൽ നിറഞ്ഞു നിൽക്കെ, പ്രദേശത്ത് സാഹചര്യം വഷളായാൽ അത് ഏറ്റവും ആദ്യം ബാധിക്കുക ഇസ്രായേലിനെ ആയിരിക്കും.
അമേരിക്കയിലേക്ക് നേരിട്ടൊരു ആക്രമണം നടത്തുക ഇറാൻ ദുഷ്കരമാകും എന്നതിനാൽ അടുത്തുള്ള ഇസ്രായേലിനെ അവർ ലക്ഷ്യമിടാനുള്ള സാദ്ധ്യതകൾ ഏറെയാണ്. വിശേഷിച്ച്, ഹിസ്ബുള്ള എന്നൊരു ഭീകര സംഘടനയെ മുൻനിർത്തിക്കൊണ്ടുള്ള തീവ്രവാദ ആക്രമണങ്ങൾ. അതുകൊണ്ട്, നിലവിലെ സാഹചര്യത്തെ ആശങ്കയോടെ കാണുകയാണ് ഇസ്രായേൽ അടക്കമുള്ള അമേരിക്കയോട് സൗഹൃദമുള്ള രാജ്യങ്ങൾ ഇപ്പോൾ.