ബംഗളൂരുവിലെ എച്ച്.എസ്.ആർ ലേഔട്ടിലുള്ള ഒരു ജിമ്മിൽ പ്രദർശിപ്പിച്ച സ്വവർഗ്ഗാനുരാഗ വിരുദ്ധ പോസ്റ്റർ വലിയ വിവാദത്തിന് വഴിവെച്ചു. 'ഗേ' എന്ന വാക്കിനെ പരിഹാസ രൂപേണ ഉപയോഗിച്ചതിനെതിരെ  പ്രതിഷേധം ശക്തമായതോടെ, ജിം അധികൃതർ മാപ്പപേക്ഷയുമായി രംഗത്തെത്തി.

ബെംഗളൂരു നഗരത്തിലെ എച്ച്.എസ്.ആർ ലേഔട്ടിലുള്ള ഒരു ജിമ്മിൽ പ്രദർശിപ്പിച്ച പോസ്റ്റർ കടുത്ത സ്വവർഗ്ഗാനുരാഗ വിരുദ്ധത (Homophobia) പടർത്തുന്നതാണെന്ന് ആരോപണം. 'ഗേ' എന്ന വാക്കിനെ പരിഹാസ രൂപേണ പോസ്റ്ററിൽ ഉപയോഗിച്ചതിനെതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ജിമ്മിനുള്ളിൽ പതിപ്പിച്ചിരുന്ന പോസ്റ്ററിന്‍റെ ചിത്രം ഒരു ഉപഭോക്താവ് റെഡ്ഡിറ്റിൽ പങ്കുവെച്ചതോടെയാണ് സംഭവം വിവാദമായത്.

'ഇതോ, പൊതു ഇടത്തിലെ അഭിമാനം?'

"എച്ച്.എസ്.ആറിലെ ജിമ്മിൽ പരസ്യമായ സ്വവർഗ്ഗാനുരാഗ വിരുദ്ധത; ഇത് സത്യമാണെന്ന് വിശ്വസിക്കാനാവുന്നില്ല" എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. "സ്വവർഗ്ഗാനുരാഗികൾക്ക് വെയിറ്ററുകൾ തിരികെ വെക്കാന് അറിയില്ല. നിങ്ങളും അങ്ങനെയാണോ?" (Gays can’t re-rack the weights. Are you?) എന്നായിരുന്നു പോസ്റ്ററിലെ വരികൾ. 'ഗേ'എന്ന വാക്കിനെ പരിഹാസ രൂപേണ ഉപയോഗിച്ചതാണ് ആളുകളെ ചൊടിപ്പിച്ചത്. റെഡ്ഡിറ്റിൽ ചിത്രം പങ്കുവെച്ച വ്യക്തി ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. "ഉപയോഗിച്ച ശേഷം വെയിറ്റുകൾ അവിടെയിടുന്നത് എല്ലാവരെയും ബുദ്ധിമുട്ടിക്കുന്ന കാര്യമാണെന്ന് എനിക്കറിയാം. എന്നാൽ അതിനായി 'ഗേ' എന്ന വാക്കിനെ ഒരു അധിക്ഷേപമായി ഉപയോഗിക്കുന്നത് അമ്പരപ്പിക്കുന്നു. പൊതുസ്ഥലങ്ങളിൽ ഇത്ര അഭിമാനത്തോടെ ഇത്തരം വിവേചനങ്ങൾ പ്രദർശിപ്പിക്കുന്നത് ഒട്ടും പ്രതീക്ഷിച്ചതല്ല," അദ്ദേഹം കുറിച്ചു.

'ബുദ്ധിയില്ല, മസിൽ മാത്രം'

ശാരീരികക്ഷമതയ്ക്കും ആരോഗ്യത്തിനുമായി എത്തുന്ന ആളുകളെ സ്വാഗതം ചെയ്യേണ്ട ഒരിടത്ത്, ഒരു വിഭാഗം ആളുകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള സന്ദേശം പ്രദർശിപ്പിച്ചത് അംഗീകരിക്കാനാവില്ലെന്ന് സമൂഹ മാധ്യമ ഉപഭോക്താക്കളും ചൂണ്ടിക്കാണിച്ചു. പോസ്റ്ററിലെ വരികൾ അപമാനകരമാണെന്നും ഇത്തരം പ്രവണതകൾ തിരുത്തപ്പെടണമെന്നും ആവശ്യപ്പെട്ട് നിരവധി പേർ ജിം അധികൃതർക്കെതിരെ രംഗത്തെത്തി. ഇത്തരം ഭാഷ പ്രയോഗിക്കുന്നത് അങ്ങേയറ്റം അധിക്ഷേപകരമാണെന്നും, ഒരു പ്രമുഖ സ്ഥാപനത്തിൽ നിന്ന് ഇത്തരമൊരു നടപടി ഉണ്ടായത് അംഗീകരിക്കാനാവില്ലെന്നും ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടു. 

സാംസ്കാരികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന ചിന്താഗതിയാണിതെന്ന് വിമർശകർ ചൂണ്ടിക്കാട്ടി. "ഭൂരിഭാഗം ജിം ഉടമകളും വിവരമില്ലാത്തവരാണെന്ന് ഇത് തെളിയിക്കുന്നു. അവർക്ക് ബുദ്ധിയില്ല, മസിൽ മാത്രമേയുള്ളൂ," എന്നാണ് റെഡ്ഡിറ്റിലെ ഒരു ഉപഭോക്താവ് കുറിച്ചത്. പോസ്റ്ററിനെതിരെ പ്രതിഷേധം ശക്തമായതോടെ, മാപ്പപേക്ഷയുമായി ജിം അധികൃതർ രംഗത്തെത്തി. തങ്ങളുടെ ക്രിയേറ്റീവ് ടീമിന് പറ്റിയ പിഴവാണിതെന്നും ഒരു വിഭാഗത്തെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ജിം അധികൃതർ അറിയിച്ചു. ഓരോ വ്യക്തിയുടെയും അന്തസ്സിനെ ബഹുമാനിക്കുന്നുവെന്നും തെറ്റുകൾ തിരുത്താൻ സഹായിച്ചവരോട് നന്ദിയുണ്ടെന്നുമാണ് അവർ പങ്കുവെച്ച സന്ദേശത്തിൽ പറയുന്നത്.