
ആഗോള ഫാഷൻ ലോകത്തെ ഏറ്റവും വലിയ വേദിയായ പാരീസ് ഫാഷൻ വീക്കിൽ അമേരിക്കൻ ലക്ഷ്വറി ബ്രാൻഡായ റാൽഫ് ലോറന്റെ വരാനിരിക്കുന്ന 'ഫാൾ 2026' കളക്ഷൻ വലിയ ചർച്ചയായിരിക്കുകയാണ്. എന്നാൽ ഈ ചർച്ചകൾ ബ്രാൻഡിന്റെ ഡിസൈനുകളെക്കുറിച്ചുള്ള പുകഴ്ത്തലുകളല്ല, മറിച്ച് 'സാംസ്കാരിക മോഷണം' എന്ന ഗൗരവകരമായ ആരോപണത്തെക്കുറിച്ചാണ്. ഇന്ത്യയുടെ തനതായ ജിമിക്കി കമ്മലുകൾക്ക് സമാനമായ ഡിസൈനുകൾ റാൽഫ് ലോറൻ റൺവേയിൽ അവതരിപ്പിച്ചു എങ്കിലും, അതിന് പിന്നിലെ ഇന്ത്യൻ കരകൗശല വിദ്യയെക്കുറിച്ചോ സാംസ്കാരിക പൈതൃകത്തെക്കുറിച്ചോ ഒരക്ഷരം പോലും മിണ്ടാത്തതാണ് ഇപ്പോൾ വലിയ വിവാദമായിരിക്കുന്നത്.
റാൽഫ് ലോറന്റെ ഏറ്റവും പുതിയ കളക്ഷനിലെ സിഗ്നേച്ചർ സ്റ്റേറ്റ്‌മെന്റ് ആയിരുന്നത് ജിമിക്കി ശൈലിയിലുള്ള വലിയ കമ്മലുകളായിരുന്നു. ഓരോ ഔട്ട്‌ഫിറ്റിനും അനുയോജ്യമായ രീതിയിൽ കോർഡിനേറ്റ് ചെയ്തിരുന്ന ഈ കമ്മലുകൾ കണ്ടാൽ ഏതൊരാൾക്കും ഇന്ത്യയിലെ പരമ്പരാഗത ജിമിക്കികളാണെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാകും. എന്നാൽ തന്റെ കളക്ഷനെ വിവരിക്കാൻ ബ്രാൻഡ് ഉപയോഗിച്ച സോഷ്യൽ മീഡിയ പോസ്റ്റുകളിലോ ക്യാപ്ഷനുകളിലോ എവിടെയും 'ഇന്ത്യ' എന്നോ 'ജിമിക്കി' എന്നോ ഉള്ള വാക്കുകൾ പരാമർശിച്ചിട്ടില്ല.
പകരം, റൺവേ ചിത്രങ്ങൾക്കൊപ്പം ഈ കമ്മലുകളെ ‘ഓതന്റിക് വിന്റേജ് ആക്സസറീസ്’ എന്നാണ് റാൽഫ് ലോറൻ വിശേഷിപ്പിച്ചത്. ഇതാണ് ഇന്ത്യൻ ഫാഷൻ പ്രേമികളെയും ആക്ടിവിസ്റ്റുകളെയും ചൊടിപ്പിച്ചത്. ഇന്ത്യൻ കരകൗശല വിദഗ്ധരുടെ അധ്വാനത്തെയും നൂറ്റാണ്ടുകളുടെ പഴക്കമുള്ള നമ്മുടെ സംസ്കാരത്തെയും വെറും 'വിന്റേജ്' എന്ന ലേബലിൽ ഒതുക്കി എന്നതായിരുന്നു പ്രധാന ആരോപണം.
റാൽഫ് ലോറൻ ബ്രാൻഡിൻ്റെ പോസ്റ്റുകൾക്ക് താഴെ വൻ പ്രതിഷേധമാണ് ഉയരുന്നത്. ഇന്ത്യൻ ഡിസൈനുകളെ യാതൊരു ക്രെഡിറ്റും നൽകാതെ ആഗോള പ്ലാറ്റ്‌ഫോമുകളിൽ പ്രദർശിപ്പിക്കുന്നത് പതിവാണെന്ന് പലരും ചൂണ്ടിക്കാട്ടി. ഡൽഹിയിലെ പ്രശസ്തമായ ജൻപഥ് മാർക്കറ്റിലെ ചെറിയ കടകളിൽ പോലും ഇതിലും മികച്ച ജിമിക്കികൾ കിട്ടുമെന്നും, ഒരു ഇന്ത്യൻ ജിമിക്കി കമ്മൽ എന്ന് ക്രെഡിറ്റ് നൽകാൻ ബ്രാൻഡിന് എന്ത് തടസമാണ് ഉള്ളതെന്നും സോഷ്യൽ മീഡിയയിൽ ആളുകൾ ചോദിക്കുന്നു. ചിലർ തമാശരൂപേണ ഇതിനെ വിമർശിക്കുമ്പോൾ, മറ്റ് ചിലർ ഇത് ഗൗരവകരമായ സാംസ്കാരിക മോഷണമായി കാണുന്നു. ദക്ഷിണേഷ്യൻ സംസ്കാരത്തിലെ ഡിസൈനുകൾ തങ്ങൾ കണ്ടെത്തിയതെന്ന രീതിയിൽ അവതരിപ്പിക്കുന്നത് നിർത്തണമെന്നാണ് ഭൂരിഭാഗം കമന്റുകളുടെയും സാരം.
റാൽഫ് ലോറന്റെ ഇതേ കളക്ഷനിൽ ചില ഡിസൈനുകൾക്ക് ബ്രാൻഡ് കൃത്യമായ ക്രെഡിറ്റ് നൽകിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. നെറ്റീവ് അമേരിക്കൻ ഡിസൈനർമാരുടെ സംഭാവനകളെക്കുറിച്ച് റാൽഫ് ലോറൻ പ്രത്യേകം എടുത്തുപറയുന്നുണ്ട്. എന്നാൽ ജിമിക്കികളുടെ കാര്യത്തിൽ മാത്രം എന്തുകൊണ്ട് ഇന്ത്യയ്ക്ക് ക്രെഡിറ്റ് നൽകിയില്ല എന്ന ചോദ്യം ഇവിടെ പ്രസക്തമാകുന്നു.
ഇത് ആദ്യമായല്ല!
റാൽഫ് ലോറൻ ബ്രാൻഡ് മാത്രമല്ല ഈ ലിസ്റ്റിലുള്ളത്. ലോകപ്രശസ്ത ബ്രാൻഡുകളായ പ്രാഡ, ലൂയി വിറ്റൺ, ഡിയോർ എന്നിവരും മുൻപ് സമാനമായ വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. കോലാപ്പൂരി ചെരുപ്പുകൾ, ഓട്ടോറിക്ഷയുടെ ആകൃതിയിലുള്ള ബാഗുകൾ, ഇന്ത്യൻ കൈവേലയായ മുക്കാഷ് എംബ്രോയ്ഡറി (Mukaish embroidery) എന്നിവയെല്ലാം ഒരു ക്രെഡിറ്റും നൽകാതെ ഇത്തരം ബ്രാൻഡുകൾ റൺവേയിൽ എത്തിച്ചിട്ടുണ്ട്. സംസ്കാരത്തെ ബഹുമാനിക്കുന്നതിന് പകരം ലാഭത്തിന് വേണ്ടി അവയെ ഉപയോഗിക്കുന്ന രീതിയാണിതെന്നാണ് വിമർശകർ പറയുന്നത്.
റാൽഫ് ലോറനെ വിമർശിക്കുമ്പോൾ തന്നെ മറ്റൊരു ജ്വല്ലറി ബ്രാൻഡായ സോഫി ബുഹായ് കാണിച്ച മാതൃകയും ശ്രദ്ധിക്കപ്പെടുന്നു. അവരുടെ 'R’26' കളക്ഷനിൽ അവതരിപ്പിച്ച കമ്മലുകളുടെ ഡിസ്ക്രിപ്ഷനിൽ 'പരമ്പരാഗതമായ ഇന്ത്യൻ കരകൗശല വിദ്യയുടെ കാലാതീതമായ സൗന്ദര്യത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടത്' എന്ന് അവർ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കമ്മലുകൾക്ക് ഏകദേശം 63,900 രൂപ മുതൽ 96,500 രൂപ വരെയാണ് വില. പ്രചോദനം ഉൾക്കൊള്ളുന്നത് തെറ്റല്ലെന്നും, അത് ഏത് സംസ്കാരത്തിൽ നിന്നാണെന്ന് തുറന്നു പറയാനുള്ള ആർജ്ജവമാണ് ബ്രാൻഡുകൾ കാണിക്കേണ്ടതെന്നും ഈ ഉദാഹരണം തെളിയിക്കുന്നു.
പാരീസ് ഫാഷൻ വീക്ക് പോലുള്ള വേദികളിൽ ഈ ഡിസൈനുകൾ എത്തുമ്പോൾ സാംസ്കാരികമായ സുതാര്യതയും അംഗീകാരവും അത്യാവശ്യമാണെന്ന് ഫാഷൻ വിദഗ്ധർ ഒന്നടങ്കം പറയുന്നു. റാൽഫ് ലോറന്റെ ഈ മൗനം ഫാഷൻ ലോകത്തെ സാംസ്കാരിക ചൂഷണത്തിന്റെ പുതിയ ഉദാഹരണമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്..