ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന നിറം ഏതാണെന്ന് അറിയാമോ?

By Web TeamFirst Published Sep 21, 2022, 10:12 AM IST
Highlights

1970 -കളുടെ അവസാനത്തിലാണ്  വേൾഡ് കളർ സർവേ സംഘടിപ്പിച്ചത്. ലോകമെമ്പാടുമുള്ള 110 എഴുതപ്പെടാത്ത ഭാഷകളിലെ വിശാലമായ സർവേ ആയിരുന്നു ഇത്.

നിറങ്ങളാൽ നിറയപ്പെട്ട ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത്. നേരിയ ഏറ്റക്കുറച്ചിലുകളിലൂടെ ഒരായിരക്കണക്കിന് നിറങ്ങളാണ് നമുക്ക് ചുറ്റുമുള്ളത്. തീർച്ചയായും അവയിൽ ഏതെങ്കിലും ഒരു നിറം നമുക്ക് പ്രിയപ്പെട്ടതായിരിക്കും. ചിലപ്പോൾ നമ്മുടെ ഇഷ്ടനിറങ്ങളുടെ പട്ടികയിൽ ഒന്നിൽ കൂടുതൽ ഉണ്ടായേക്കാം. എന്നാൽ ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന നിറം ഏതാണെന്ന് അറിയാമോ? അങ്ങനെ ഒരു നിറം ഉണ്ടോ?

അങ്ങനെ ഒരു നിറമുണ്ട്. ആ നിറം കണ്ടുപിടിക്കാൻ നിരവധി  സർവ്വേകളാണ് നടന്നിട്ടുള്ളത്. പക്ഷേ ഇതിലെ രസകരമായ വസ്തുത എന്താണെന്ന് വെച്ചാൽ ഓരോ സർവ്വേകളിലും കണ്ടെത്തിയ നിറം വ്യത്യസ്തമായിരുന്നു. എന്തിനേറെ പറയുന്നു, ഒരേ വിഭാഗം ആൾക്കാരിൽ മണിക്കൂറുകൾക്കിടയിൽ നടത്തിയ സർവ്വേയിൽ വരെ ഫലം മാറിമറിഞ്ഞു.

മനുഷ്യരാശിയുടെ പ്രിയപ്പെട്ട നിറം സ്ഥിരം അല്ലെന്നും ഓരോ നിമിഷവും അത് മാറിമറിഞ്ഞു കൊണ്ടിരിക്കുകയും ആണെന്നാണ് ഇതുവരെ പുറത്തുവന്ന സർവ്വേഫലങ്ങൾ പറയുന്നത്. 2015 -ൽ YouGov നടത്തിയ ഒരു സർവേയിൽ ലോകമെമ്പാടുമുള്ള ഏറ്റവും ജനപ്രിയ നിറം നീലയാണെന്നാണ് കണ്ടെത്തിയത്. അതേസമയം, 2017 -ൽ, 100 രാജ്യങ്ങളിലായി 30,000 ആളുകളിൽ നടത്തിയ ഒരു സർവേയിൽ ഡീപ് റ്റീൽ അഥവാ കടും പച്ച കലർന്ന നീല ആണ് ഏറ്റവും ജനപ്രിയമായ നിറമാണെന്ന് കണ്ടെത്തി. വർഷം, സർവേ രീതി, ജനസംഖ്യ സാമ്പിൾ എന്നിവ അനുസരിച്ച് ഉത്തരം വ്യത്യാസപ്പെട്ടു കൊണ്ടേയിരിക്കുന്നു.

കൂടാതെ ഇത് സംസ്കാരത്താൽ വളരെയധികം സ്വാധീനിക്കപ്പെടുന്നു.  ഉദാഹരണത്തിന്, പെർസെപ്ഷൻ ജേണലിലെ 2019 ലെ ഒരു പഠനം പോളിഷ്, പാപ്പുവാൻ, ഹഡ്‌സ സംസ്‌കാരങ്ങളിലെ ആളുകളുടെ പ്രിയപ്പെട്ട നിറങ്ങളെ താരതമ്യം ചെയ്തു.  (ടാൻസാനിയയിൽ താമസിക്കുന്ന ഒരു വേട്ടയാടുന്ന സംഘമാണ് ഹഡ്‌സ.) ഈ സംസ്കാരങ്ങൾക്കിടയിൽ ഇഷ്ടപ്പെട്ട നിറങ്ങൾ വ്യാപകമായി വ്യത്യാസപ്പെട്ടു.

ഒരേ സംസ്കാരത്തിനുള്ളിൽ പോലും, ജീവിതാനുഭവങ്ങളും സാമൂഹികവൽക്കരണവും കാരണം ഇഷ്ടപ്പെട്ട നിറം വ്യത്യസ്തമായേക്കാം. ഉദാഹരണത്തിന്, ആധുനിക പാശ്ചാത്യ സംസ്കാരത്തിൽ, നീല പരമ്പരാഗതമായി ആൺകുട്ടികളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതേസമയം പിങ്ക് "പെൺകുട്ടികളുടെ നിറം" ആയി കണക്കാക്കപ്പെടുന്നു.  കൂടാതെ, 2013 -ൽ ആർക്കൈവ്‌സ് ഓഫ് സെക്ഷ്വൽ ബിഹേവിയർ എന്ന ജേണലിൽ 749 അമേരിക്കൻ രക്ഷിതാക്കളിൽ നടത്തിയ ഒരു പഠനത്തിൽ പുരുഷന്മാർ നീലനിറമാണ് ഇഷ്ടപ്പെടുന്നതെന്നും സ്ത്രീകൾ ചുവപ്പ്, പർപ്പിൾ, പിങ്ക് നിറങ്ങളുമാണ് ഇഷ്ടപ്പെടുന്നതെന്നും കണ്ടെത്തി. ആൺമക്കൾ മാത്രമുള്ള കുടുംബങ്ങളിൽ നിറങ്ങളിലെ ഈ ലിംഗവിഭജനം കൂടുതലായി കണ്ടു. അതായത് പെൺകുട്ടികളുള്ള പുരുഷന്മാരേക്കാൾ ആൺമക്കൾ മാത്രമുള്ള പുരുഷന്മാർ നീലയെ കൂടുതൽ ഇഷ്ടപ്പെടുന്നു.  

1970 -കളുടെ അവസാനത്തിലാണ്  വേൾഡ് കളർ സർവേ സംഘടിപ്പിച്ചത്. ലോകമെമ്പാടുമുള്ള 110 എഴുതപ്പെടാത്ത ഭാഷകളിലെ വിശാലമായ സർവേ ആയിരുന്നു ഇത്. 1940 -ൽ എംഐടി ടെക്‌നോളജി റിവ്യൂവിൽ അമേരിക്കൻ ഭാഷാശാസ്ത്രജ്ഞനായ ബെഞ്ചമിൻ ലീ വോർഫ് ആവിഷ്‌കരിച്ച സിദ്ധാന്തം പരീക്ഷിക്കുക എന്നതായിരുന്നു ഈ സർവേയുടെ ലക്ഷ്യം. എന്നാൽ വേൾഡ് കളർ സർവേ കണ്ടെത്തിയത് അതായിരുന്നില്ല. മറിച്ച് സംസ്കാരങ്ങളിൽ ഉടനീളം ആളുകൾ ഒരേ രീതിയിൽ നിറങ്ങൾക്ക് പേരിടാൻ പ്രവണത കാണിക്കുന്നതായി സർവേ കണ്ടെത്തി.

ചുരുക്കത്തിൽ എല്ലാ സർവേ  ഫലങ്ങളുടെയും അടിസ്ഥാനത്തിൽ നോക്കുമ്പോൾ ലോകജനതയ്ക്ക് കൂടുതൽ ഇഷ്ടപ്പെട്ട നിറം ഇതാണ് എന്ന് പറഞ്ഞ് ഒരു നിറം നമുക്ക് കണ്ടെത്താനാകില്ല. കാരണം അത് ഓരോ വിഭാഗം ജനതയുടെയും സംസ്കാരത്തോടും ലിംഗവ്യത്യാസങ്ങളോടും പ്രായത്തിനോടും ഒക്കെ ബന്ധപ്പെട്ടു കിടക്കുന്നു. മാത്രമല്ല പലരിലും ആ ഇഷ്ടം മാറിമറിഞ്ഞുകൊണ്ടേ ഇരിക്കുന്നുണ്ട്.

click me!