
മതങ്ങള്‍ വിവാഹത്തെ പവിത്രമായിട്ടാണ് കണക്കാക്കുന്നത്. വിവാഹം സ്വര്‍ഗ്ഗത്തില്‍ വച്ച് നടക്കുന്നുവെന്ന ചൊല്ലിന് അടിസ്ഥാനവും മറ്റൊന്നല്ല. എന്നാല്‍, ഇങ്ങനെ നടക്കുന്ന 'സ്വര്‍ഗ്ഗീയ വിവാഹ'ങ്ങള്‍ക്ക് ശേഷമുള്ള ജീവിതം പലര്‍ക്കും അത്ര ആസ്വാദ്യമല്ല. പലപ്പോഴും സ്വരച്ചേര്‍ച്ച ഇല്ലാതെ രണ്ട് പേരും രണ്ട് വഴിക്ക് നീങ്ങുന്നു. അസ്വാസ്ഥ്യം വര്‍ദ്ധിക്കുന്നതോടെ ഒന്നിച്ചുള്ള ജീവിതം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളാകും പിന്നെ. ഇത്തരത്തില്‍ ബ്രസീല്‍ പൗരനായ റാഫേൽ ഡോസ് സാന്‍റോസ് ടോസ്റ്റ (22) തന്‍റെ ദുരന്തപൂര്‍ണ്ണമായ വൈവാഹിക ജീവിതം ഒടുവില്‍ നിയമപരമായി അവസാനിപ്പിച്ചു.
വിവാഹമോചനം അനുവദിച്ച് കിട്ടിയതിന് പിന്നാലെ സ്വാതന്ത്ര്യം ആഘോഷിക്കാന്‍ റാഫേൽ തീരുമാനിച്ചു. അങ്ങനെയാണ് കഴിഞ്ഞ ഫെബ്രുവരി 11 -ാം തിയതി ബ്രസീലിലെ കാമ്പോ മാഗ്രോ എന്ന സ്ഥലത്തേക്ക് ബംഗി ജംമ്പിംഗിനായി റാഫേല്‍ എത്തിയത്. ഉയരത്തില്‍ നിന്നും ശരീരത്തില്‍ കയര്‍ ബന്ധിച്ച് താഴേക്ക് ചാടുന്നതാണ് ബംഗി ജംമ്പിംഗ്. റാഫേല്‍, ബംഗി ജംമ്പിംഗ് ചെയ്തെങ്കിലും കയര്‍ പൊട്ടി 70 അടി താഴ്ചയിലേക്ക് വീണു. താഴെ നദിയായിരുന്നതിനാല്‍ അദ്ദേഹം വെള്ളത്തിലേക്കായിരുന്നു വീണത്. എന്നാല്‍ ഇത്രയും ഉയരത്തില്‍ നിന്നുള്ള വീഴ്ചയില്‍ അദ്ദേഹത്തിന്‍റെ കഴുത്തിന് കാര്യമായ ക്ഷതം സംഭവിച്ചു.
അപകടത്തിന് പിന്നാലെ സ്ഥലത്തെത്തിയ മിലിട്ടറി പോലീസ് എയർ ഓപ്പറേഷൻസ് ബറ്റാലിയനിലെ ഒരു മെഡിക്കൽ സംഘം റാഫേലിനെ ഉടന്‍ തന്നെ ഹെലികോപ്റ്ററില്‍ റോസിയോ ആശുപത്രിയിലേക്ക് കൊണ്ട് പോയി. അടിയന്തര ശസ്ത്രക്രിയകള്‍ക്ക് ശേഷം അദ്ദേഹം സുഖം പ്രാപിച്ച് വരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബ്രസീലിലെ അരൗക്കറിയ മേഖലയിലെ ഒരു ഫാക്ടറിയിൽ പ്രൊഡക്ഷൻ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന റാഫേലിന് അപകടത്തെ തുടര്‍ന്ന് ജോലി നഷ്ടമായി. എങ്കിലും താന്‍ ജീവിതത്തോട് നന്ദിയുള്ളവനാണെന്ന് റാഫേല്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 'അപകടത്തിന് ശേഷം ഉറക്ക പ്രശ്നങ്ങളുണ്ട്. പേടിസ്വപ്നങ്ങള്‍ കാണുന്നു.' കാമ്പോ ലാർഗോയില്‍ തീവ്രപരിചരണത്തിലുള്ള റാഫേല്‍ പറഞ്ഞതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. \