അപൂര്‍വങ്ങളില്‍ അപൂര്‍വമായ വെള്ള ജിറാഫുകളെ വെടിവെച്ച് കൊന്നു, ഇനി ശേഷിക്കുന്നത് ഒരേയൊരെണ്ണം; വേദനയില്‍ ലോകം

Published : Mar 11, 2020, 12:34 PM ISTUpdated : Mar 11, 2020, 12:42 PM IST
അപൂര്‍വങ്ങളില്‍ അപൂര്‍വമായ വെള്ള ജിറാഫുകളെ വെടിവെച്ച് കൊന്നു, ഇനി ശേഷിക്കുന്നത് ഒരേയൊരെണ്ണം; വേദനയില്‍ ലോകം

Synopsis

ഈ വെള്ള ജിറാഫ് ശ്രദ്ധിക്കപ്പെടുന്നത് ആദ്യമായി കണ്‍സര്‍വന്‍സിയില്‍നിന്നുള്ള അവയുടെ ചിത്രങ്ങള്‍ പുറത്തു വരുന്നതോടുകൂടിയാണ്. 2017 -ലായിരുന്നു ഇത്. പിന്നീട് ഈ ജിറാഫ് രണ്ട് കുട്ടികള്‍ക്ക് ജന്മം നല്‍കി. 

അപൂര്‍വങ്ങളില്‍ അപൂര്‍വമായ വെള്ള ജിറാഫിനെയും അതിന്‍റെ കുട്ടിയെയും കെനിയയില്‍ വേട്ടക്കാര്‍ വെടിവെച്ചുകൊന്നു. ഇവയെ വേട്ടക്കാര്‍ കൊന്നുകളഞ്ഞത് വലിയ തിരിച്ചടിയാണെന്ന് മൃഗ സംരക്ഷണ വിദഗ്ദര്‍ പറഞ്ഞു. ലോകത്ത് മറ്റൊരിടത്തും കാണാത്ത ഈ അപൂര്‍വ മൃഗങ്ങളുടെ സംരക്ഷണത്തെ വളരെ പ്രധാനപ്പെട്ടതായാണ് കെനിയ കണ്ടിരുന്നത്. കിഴക്കൻ കെനിയയിലെ ഗാരിസയിലാണ് ഈ രണ്ട് ജിറാഫുകളുടെയും അസ്ഥികൂടങ്ങള്‍ കണ്ടെത്താന്‍ സാധിച്ചതെന്ന് ഇഷഖ്ബിനി ഹിരോള കമ്മ്യൂണിറ്റി കണ്‍സര്‍വന്‍സി തങ്ങളുടെ പ്രസ്‍താവനയില്‍ പറഞ്ഞു. ഇനി ഇവിടെ ശേഷിക്കുന്നത് ഒരേയൊരു വെള്ള ആണ്‍ ജിറാഫ് മാത്രമാണ്.

''ഞങ്ങളാണ് ലോകത്തിലെ വെളുത്ത ജിറാഫിനെ സംരക്ഷിക്കുന്ന ഒരേയൊരിടം.'' കണ്‍സര്‍വന്‍സി മാനേജരായ മുഹമ്മദ് അഹ്‍മദ്‍‍നൂര്‍ പറയുന്നു. അപൂര്‍വങ്ങളായ ജീവജാലങ്ങളെ സംരക്ഷിക്കാന്‍ സമൂഹം വലിയ വലിയ കാര്യങ്ങള്‍ ചെയ്യുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. അതിനേറ്റ കനത്ത തിരിച്ചടിയാണ് വേട്ടക്കാരാല്‍ ഈ ജിറാഫുകള്‍ കൊല്ലപ്പെട്ട സംഭവം. ഇത്തരത്തിലുള്ള  ജീവജാലങ്ങളെ സംരക്ഷിക്കാന്‍ കൂടുതല്‍ കരുതലോടും ജാഗ്രതയോടും എല്ലാവരും തയ്യാറാവണം എന്നതിലേക്കുള്ള സൂചന കൂടിയാണിതെന്നും മുഹമ്മദ് അഹ്‍മദ്‍നൂര്‍ പറഞ്ഞു. 

 

ഈ വെള്ള ജിറാഫ് ശ്രദ്ധിക്കപ്പെടുന്നത് ആദ്യമായി കണ്‍സര്‍വന്‍സിയില്‍നിന്നുള്ള അവയുടെ ചിത്രങ്ങള്‍ പുറത്തു വരുന്നതോടുകൂടിയാണ്. 2017 -ലായിരുന്നു ഇത്. പിന്നീട് ഈ ജിറാഫ് രണ്ട് കുട്ടികള്‍ക്ക് ജന്മം നല്‍കി. അതില്‍ അവസാനത്തെ കുട്ടി പിറക്കുന്നത് കഴിഞ്ഞ ആഗസ്‍തിലാണ്. ലിസിയമെന്ന ശാരീരികാവസ്ഥയാണ് ഈ ജിറാഫുകളുടെ വെള്ളനിറത്തിന് കാരണം. കൊല്ലപ്പെടുന്നിതിനു മൂന്നുമാസം മുമ്പും ഇവയെ സംരക്ഷിതവനത്തില്‍ കണ്ടിരുന്നു. സംഭവത്തില്‍ കെനിയ വൈല്‍ഡ് ലൈഫ് സൊസൈറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

വെള്ള ജിറാഫ് കൊല്ലപ്പെട്ടതായി റേഞ്ചര്‍മാരും കമ്മ്യൂണിറ്റി അംഗങ്ങളും തിരിച്ചറിഞ്ഞ ദിവസം തങ്ങള്‍ക്ക്  ഏറ്റവും വേദനയുളവാക്കിയ ദിവസമാണ്. കെനിയയിലെ ഉള്‍പ്രദേശങ്ങളില്‍ വിനോദസഞ്ചാരത്തിനെത്തുന്നവര്‍ക്കും ഗവേഷണം നടത്തുന്നവര്‍ക്കും കൂടിയേറ്റ കനത്ത നഷ്‍ടമാണിതെന്നും കണ്‍സര്‍വന്‍സി പ്രതികരിച്ചു. മാംസത്തിനും തൊലിക്കും വേണ്ടി ജിറാഫുകളെ കൊല്ലുന്നത് വര്‍ധിച്ചുവരികയാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 30 വര്‍ഷത്തിനകത്തുതന്നെ ജിറാഫുകളുടെ എണ്ണത്തില്‍ 40 ശതമാനം കുറവ് വന്നിട്ടുണ്ടെന്ന് ആഫ്രിക്കന്‍ വൈല്‍ഡ് ഫൗണ്ടേഷന്‍റെ കണക്കുകള്‍ പറയുന്നു. 


 

PREV
click me!

Recommended Stories

അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!
അമ്പമ്പോ! 10 കൊല്ലം മുമ്പ് ഓർഡർ ചെയ്ത പാവയുടെ കണ്ണുകൾ, കിട്ടിയത് ഒരാഴ്ച മുമ്പ്