ആ മഹത്തായ നേട്ടത്തിന്റെ മുഖ്യശക്തി, ഭാരതീയരുടെ അഭിമാനം വാനോളം ഉയർത്തിയ ധ്യാൻ ചന്ദ്

Published : Jun 17, 2022, 03:30 PM ISTUpdated : Aug 04, 2022, 08:08 PM IST
ആ മഹത്തായ നേട്ടത്തിന്റെ മുഖ്യശക്തി, ഭാരതീയരുടെ അഭിമാനം വാനോളം ഉയർത്തിയ ധ്യാൻ ചന്ദ്

Synopsis

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ആരംഭിച്ച ഇന്ത്യ@75 കാമ്പെയിനിന്റെ ഭാഗമായി തയ്യാറാക്കുന്ന 'സ്വാതന്ത്ര്യസ്പര്‍ശം' പരിപാടിയില്‍ ഇന്ന് ധ്യാൻ ചന്ദ്‌.

രാഷ്ട്രീയവും സാംസ്കാരികപ്രവർത്തനവും മാത്രമല്ല ഒരു ജനതയുടെ ആത്മാഭിമാനത്തിനും പ്രതിരോധത്തിനും ശക്തി പകരുക. ശാസ്ത്രവും കായികരംഗവുംപോലും സവിശേഷഘട്ടങ്ങളിൽ ദേശീയബോധത്തിന്റെ ഉണർവിനും വഴിയൊരുക്കാറുണ്ട്. ചിന്തയിലും പ്രവൃത്തിയിലും കലയിലും കളിയിലും കായികശേഷിയിലുമൊക്കെ  തങ്ങളേക്കാൾ എത്രയോ പിന്നിലാണ് ഇന്ത്യൻ ജനതയെന്നതായിരുന്നു ബ്രിട്ടീഷ് അധിനിവേശകരുടെ വിശ്വാസം.  

അങ്ങിനെയുള്ള ഒരു കാലഘട്ടത്തിലാണ് ഒളിമ്പിക്സ് പോലെയൊരു ആഗോള കായികമത്സരവേദിയിൽ മൂന്നു തവണ തുടർച്ചയായി സ്വർണ്ണം കയ്യടക്കിക്കൊണ്ട് ഇന്ത്യയുടെ ഹോക്കി ടീ൦ ലോകത്തെ ഞെട്ടിച്ചതും ഭാരതീയരുടെ അഭിമാനം വാനോളം ഉയർത്തിയതും. ആ മഹത്തായ നേട്ടത്തിന്റെ മുഖ്യശക്തിയായിരുന്നു ധ്യാൻ ചന്ദ്. 1928, 32, 36 വർഷങ്ങളിലെ ഒളിമ്പിക്സുകളിലായിരുന്നു ആ ഹാട്രിക്ക്. മാത്രമല്ല പിന്നീട് 1960 വരെ നടന്ന അഞ്ച് ഒളിമ്പിക്സുകളിലും ഹോക്കി സ്വർണം ഇന്ത്യ കൈവിട്ടില്ല. 

ഒമ്പത് ആംഗ്ലോ ഇന്ത്യക്കാരും ധ്യാൻ ചന്ദ് അടക്കം ഏഴ് ഇന്ത്യക്കാരുമായിരുന്നു ടീമിൽ.  ഇന്ത്യയുടെ നായകൻ ആകട്ടെ മറ്റൊരു ഐതിഹാസിക കഥാപാത്രം. ഗോത്ര വിഭാഗക്കാരനായ ജയപാൽ സിങ് മുണ്ട. ആംസ്റ്റർഡാമിലേക്കുള്ള വഴി ലണ്ടനിൽ തങ്ങിയ ഇന്ത്യൻ ടീ൦ ഇംഗ്ലണ്ടിന്റെ ഒളിമ്പിക് ടീമിനെ തന്നെ ഒരു പ്രദർശനമത്സരത്തിൽ തോൽപ്പിച്ചത് വലിയ അട്ടിമറിയും വാർത്തയും ആയി. ഇതേ തുടർന്ന് ഒളിമ്പിക്സിൽ പങ്കെടുക്കേണ്ടെന്ന് പോലും ഇംഗ്ലണ്ട് തീരുമാനിച്ചു. 

ഒളിമ്പിക് ഹോക്കിയിൽ ഇന്ത്യയുടെ കന്നിപ്രവേശമായിരുന്നു ആംസ്റ്റർഡാമിൽ. ഹോളണ്ടിലെ ആംസ്റ്റർഡാമിൽ മാർച്ച് 28 -നു നടന്ന ഫൈനലിൽ മുപ്പതിനായിരത്തിലേറെ വരുന്ന അന്നാട്ടുകാരെ സാക്ഷിനിർത്തി ആതിഥേയരെ തന്നെ മറുപടി ഇല്ലാത്ത മൂന്നു ഗോളിന് മുട്ടുകുത്തിച്ചുകൊണ്ടായിരുന്നു ഇന്ത്യയുടെ വിജയം. കടുത്ത പനിയായിട്ടും കളത്തിലിറങ്ങിയ ധ്യാൻ അടിച്ചത് ഒരു ഗോൾ. ആംസ്റ്റർഡാമിൽ ഇന്ത്യ ആകെ അടിച്ചുകയറ്റിയ 29 ഗോളിൽ പതിനാലും ധ്യാൻ ചന്ദിന്റെ വക. 

ആ വിജയം ഇന്ത്യയെ ഇളക്കിമറിച്ചു. ഇന്ത്യക്കാർക്ക് വെള്ളക്കാരെ തോൽപ്പിക്കാനാവും എന്നു തെളിഞ്ഞത് ദേശീയപ്രസ്ഥാനത്തിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. ഇന്ത്യൻ ടീ൦ ആംസ്റ്റർഡാമിലേക്ക് കപ്പൽ കയറുമ്പോൾ മൂന്ന് പേർ മാത്രമേ യാത്ര അയക്കാനുണ്ടായിരുന്നുള്ളൂ. മടങ്ങിവന്നപ്പോൾ ആയിരങ്ങൾ.   

വിജയത്തിനൊപ്പം വിവേചനത്തിന്റെ കയ്പ്പും ആ ഇന്ത്യൻ ടീമിനുണ്ടായിരുന്നു. പക്ഷെ ആ ഇന്ത്യൻ ടീമിലെ നായകൻ മറ്റൊരു ഐതിഹാസിക കഥാപാത്രമായിരുന്നു. അദ്ദേഹമായിരുന്നു ജയ്പാൽ സിങ് മുണ്ട. ചോട്ടാ നാഗ്പൂരിലെ മുണ്ട ഗോത്രവിഭാഗക്കാരൻ. അന്ന് ഓക്സ്ഫോഡിൽ വിദ്യാത്ഥിയായിരുന്നു ജയ്‌പാൽ. സമർത്ഥനായിരുന്ന അദ്ദേഹത്തെ മിഷനറിമാരാണ് ഐസിഎസ് പാസാകാനുള്ള പരിശീലനപഠനത്തിനു ലണ്ടനിലയച്ചത്. അവിടെ നിന്നും ഹോക്കിയും പരിചയിച്ച ജയ്‌പാൽ ആയിരുന്നു ഇന്ത്യൻ ടീമിന്റെ നായകൻ. പക്ഷെ, ഓക്സ്ഫോഡ് അദ്ദേഹത്തിന്റെ യാത്രയ്ക്ക് അനുവാദം നൽകിയില്ല. എന്നിട്ടും കൂട്ടാക്കാതെ അദ്ദേഹം ഇന്ത്യയെ നയിക്കാനെത്തി. 

മാത്രമല്ല തിരികെയെത്തി അദ്ദേഹം  ഐസിഎസ് പരീക്ഷ പാസായെങ്കിലും വിലക്ക് ലംഘിച്ചതിന് ശിക്ഷയായി അദ്ദേഹത്തിന് ഒരു വർഷം കൂടി പരിശീലനം നിശ്ചയിക്കപ്പെട്ടു. പ്രതിഷേധിച്ച് ഇന്ത്യയിലേക്ക് മടങ്ങിയ ജയപാൽ ഗോത്രവിഭാഗങ്ങൾക്കെതിരെയുള്ള വിവേചനത്തിനെ പ്രതിരോധിക്കുന്ന പ്രസ്ഥാനം രൂപീകരിച്ചു. പക്ഷെ, ടീമിനുള്ളിലെ കടുത്ത വിവേചനത്തിൽ പ്രതിഷേധിച്ച് അദ്ദേഹം പര്യടനം പൂർത്തിയാക്കാതെ മടങ്ങി. ടീമിൽ ആംഗ്ലോ ഇന്ത്യക്കാരും ഇന്ത്യക്കാരും തമ്മിലും ഇന്ത്യക്കാരും ഗോത്രവിഭാഗക്കാരുമൊക്കെ തമ്മിലും പലതരം സംഘർഷങ്ങളും നിലനിന്നിരുന്നു. 

1932 -ലെ ലോസാഞ്ചലസ് ഒളിമ്പിക്സിൽ ജപ്പാനെ ഒന്നിനെതിരെ പതിനൊന്നു ഗോളിന് തകർത്തായിരുന്നു ഇന്ത്യയുടെ സ്വർണവിജയം. അടുത്തത് സാക്ഷാൽ അഡോൾഫ്‌ ഹിറ്റ്ലർ ആര്യവംശമഹിമ ലോകത്തിനെ അറിയിക്കാൻ നടത്തിയ ബർലിൻ ഒളിമ്പിക്സ്. ഇന്ത്യൻ ക്യാപ്റ്റൻ ധ്യാൻ ചന്ദ്. അനുജൻ രൂപ് സിംഗായിരുന്നു മറ്റൊരു താരം. പരിശീലനമത്സരത്തിൽ ജർമ്മനി തോറ്റത് ഇന്ത്യൻ ടീമിനെ ഉത്കണ്ഠാകുലരാക്കി. പക്ഷെ മത്സരങ്ങൾ ആരംഭിച്ചപ്പോൾ ഇന്ത്യ മികവ് തിരിച്ചുപിടിച്ചു ഫൈനലിൽ ജർമ്മനിയെ തന്നെ തകർത്തായിരുന്നു സ്വർണം. ഒന്നിനെതിരെ എട്ടു ഗോൾ. 

31 -കാരൻ ധ്യാൻ ചന്ദിന്റെ തന്നെയായിരുന്നു അതിൽ ആറും. അലഹബാദുകാരനായ ധ്യാൻ ചന്ദിന്റെ പ്രതിഭ കണ്ട് അമ്പരന്ന ഹിറ്റ്‌ലർ അദ്ദേഹത്തിന് ജർമ്മനിയിൽ പൗരത്വവും ജോലിയും വാഗ്ദാനം ചെയ്‌തുവെന്നും ഇന്ത്യ വിട്ട് താൻ ഇല്ലെന്നായിരുന്നു  പ്രതികരണമെന്നും ഒരു കഥയുണ്ട്. അടിമത്തത്തിനെതിരെ പോരാട്ടം ശക്തമാക്കിയിരുന്നു കാലത്തെ ഈ വിജയം ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിനു സമ്മാനിച്ച ഊർജ്ജം നിസാരമായിരുന്നില്ല.

PREV
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?