പാകിസ്ഥാനെതിരെയുള്ള യുദ്ധസമയത്ത് സ്വന്തം കാൽ മുറിച്ചുമാറ്റേണ്ടി വന്ന ധീരൻ, ആരാണ് മേജർ ജനറൽ ഇയാൻ കാർഡോസോ?

By Web TeamFirst Published Oct 26, 2021, 1:05 PM IST
Highlights

ക്യാമ്പിലെത്തിച്ചെങ്കിലും ചികിത്സിക്കാൻ ക്യാമ്പിൽ ഡോക്ടർ ഇല്ലായിരുന്നു. ഇയാൻ മരിച്ചേക്കുമോ എന്ന് എല്ലാവരും ഭയപ്പെട്ടു. അദ്ദേഹത്തിന്റെ നില അതീവഗുരുതരമായിരുന്നു. കുഴിബോംബിൽ തട്ടി പരുക്കേറ്റ കാലിന്റെ അവസ്ഥ വളരെ മോശമായിരുന്നു. 

1971 ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധം കഴിഞ്ഞിട്ട് 50 വർഷങ്ങൾ പിന്നിട്ടു. ഇന്ത്യക്കാരുടെ വീര്യവും ധീരതയും എന്നും ഓർമ്മിപ്പിക്കുന്ന വിജയമായിരുന്നു അത്. കേവലം 13 ദിവസത്തെ യുദ്ധത്തിൽ പാകിസ്ഥാൻ ഇന്ത്യയുടെ മുന്നിൽ മുട്ടുകുത്തുകയും ലോകത്തിലെ ഏറ്റവും വലിയ കീഴടങ്ങൽ എന്ന ടാഗ് പാകിസ്ഥാൻ സൈന്യത്തിന് ലഭിക്കുകയും ചെയ്തു. ബംഗ്ലാദേശ് എന്ന രാഷ്ട്രത്തിന്റെ ജനനത്തിനും ഈ യുദ്ധം വഴിവച്ചു. 

അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും, ഇന്ത്യയുടെ ഫീൽഡ് മാർഷലായിരുന്ന സാം മനേക്ഷയുടെയും ധൈര്യവും, വീര്യവും ലോകം മുഴുവൻ പ്രശംസിക്കപ്പെട്ടു. ഇതുകൂടാതെ, എണ്ണമറ്റ ഇന്ത്യൻ സൈനികരും യുദ്ധക്കളത്തിൽ അഭൂതപൂർവമായ വീര്യം പ്രകടിപ്പിച്ചു. അക്കൂട്ടത്തിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു മേജർ ജനറൽ ഇയാൻ കാർഡോസോ(Major General Ian cardozo). അഞ്ചാമത്തെ ഗൂർഖ റൈഫിൾസിന്റെ മേജർ ജനറലായിരുന്നു അദ്ദേഹം. യുദ്ധത്തിൽ മേജറിന് തന്റെ കാൽ സ്വയം മുറിച്ചു മാറ്റേണ്ട അവസ്ഥയുണ്ടായി. അദ്ദേഹത്തിന്റെ കഥ ആരെയും അതിശയിപ്പിക്കും.

1937-ൽ മുംബൈയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ഇയാന് ചെറുപ്പം മുതലേ രാജ്യത്തെ സേവിക്കണമെന്ന ആഗ്രഹമായിരുന്നു. ഇതിനായി അദ്ദേഹം ചെറുപ്പം മുതലേ തയ്യാറെടുപ്പ് തുടങ്ങി. കോളേജ് പഠനം പൂർത്തിയാക്കിയ ശേഷം നാഷണൽ ഡിഫൻസ് അക്കാദമിയിലും, പിന്നീട് ഇന്ത്യൻ മിലിട്ടറി അക്കാദമിയിലും ചേർന്നു. അവിടെ പരിശീലനം തീരുംമുമ്പ് തന്നെ ഗൂർഖ റൈഫിളിൽ ഇടം നേടി. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സംഘർഷം നടക്കുന്ന കാലമായിരുന്നു അത്. യുദ്ധത്തിനുള്ള സാദ്ധ്യതകൾ കൂടുതൽ തെളിഞ്ഞു വന്നു. 1971-ൽ കിഴക്കൻ പാക്കിസ്ഥാന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി യുദ്ധം പ്രഖ്യാപിക്കപ്പെട്ടു. യുദ്ധത്തിന് ഇന്ത്യ സൈന്യത്തെ ഇറക്കി. രാജ്യം ആദ്യം അയച്ച സൈനികരിൽ ഒരാൾ ഇയാനായിരുന്നു.

4/5 ഗൂർഖ റൈഫിൾസിലായിരുന്നു ഇയാൻ. എന്നാൽ പക്ഷേ തുടക്കത്തിൽ അദ്ദേഹത്തിന് യുദ്ധത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. പാകിസ്ഥാൻ സൈന്യത്തോട് പോരാടുന്നതിനിടെ അദ്ദേഹത്തിനൊപ്പമുള്ള ഒരു ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചപ്പോൾ അദ്ദേഹത്തെ ആ ദൗത്യം ഏല്പിച്ചു. ഇത് മാത്രമല്ല, ഇക്കാലയളവിൽ അദ്ദേഹം ഇന്ത്യൻ സൈന്യത്തിന്റെ ആദ്യ ഹെലികോപ്റ്റർ ദൗത്യത്തിന്റെ ഭാഗമാകുകയും ചെയ്തു. ഇയാനും കൂട്ടാളികളും ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോൾ അവരെ എതിരേറ്റത് കനത്ത വെടിവെപ്പാണ്. വളരെ വലിയ ഒരു സേനയെയാണ് അവർക്ക് തോല്പിക്കേണ്ടിയിരുന്നത്.  

പ്രതികൂല സാഹചര്യമുണ്ടായിട്ടും അദ്ദേഹം പതറിയില്ല. പാക് സൈന്യവുമായുള്ള പോരാട്ടം തുടർന്നു. ഭക്ഷണവും വെടിക്കോപ്പുകളും തീർന്നുവെങ്കിലും, അവരുടെ വീര്യം മാത്രം കുറഞ്ഞില്ല. ദിവസം ചെല്ലുന്തോറും പോരാട്ടം കൂടുതൽ രൂക്ഷമായി. എല്ലാവരും ആശങ്കയോടെ കാത്തിരുന്നു. അതിനിടെ, സമീപത്ത് കുടുങ്ങിക്കിടക്കുന്ന ചില ബംഗ്ലാദേശി തടവുകാരെ മോചിപ്പിക്കാനുള്ള ചുമതല ഇയാന്റെ സംഘത്തിന് ലഭിച്ചു. ബിഎസ്എഫിന്റെ ഒരു സംഘത്തോടൊപ്പം അദ്ദേഹത്തിന് ഈ ദൗത്യം ഏറ്റെടുക്കേണ്ടി വന്നു. രണ്ട് യൂണിറ്റുകളും തടവുകാരുടെ സ്ഥലത്ത് എത്തി.

പാകിസ്ഥാൻ സൈന്യവുമായി യുദ്ധം ചെയ്ത് മുന്നോട്ട് നീങ്ങിയ അദ്ദേഹം ആ സ്ഥലം പൂർണ്ണമായും ഒഴിപ്പിച്ചു. പരിക്കേറ്റവരും ബലഹീനരുമായ തടവുകാരെ സൈനിക ക്യാമ്പിലെത്തിക്കുക എന്നതായി അടുത്ത അവരുടെ ലക്ഷ്യം. എന്നാൽ പക്ഷേ ആര് പോകും? തടവുകാരെ കൊണ്ടുവരുന്ന ജോലി ആരു ചെയ്യുമെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥൻ ചോദിച്ചപ്പോൾ, താൻ ചെയ്യാമെന്ന് ഇയാൻ പറഞ്ഞു. തടവുകാരെ സഹായിക്കാൻ, അദ്ദേഹം അവരുടെ അടുത്തേക്ക് നടക്കാൻ തുടങ്ങി. എന്നാൽ പക്ഷേ അതൊരു വലിയ കെണിയാണെന്ന് ഇയാൻ അപ്പോൾ അറിഞ്ഞില്ല. അദ്ദേഹം പോകുന്ന സ്ഥലത്ത് പാകിസ്ഥാൻ സൈന്യം കുഴിബോംബുകൾ സ്ഥാപിച്ചിരുന്നു.  

ഇതറിയാതെ, ഇയാൻ മുന്നോട്ട് നടന്നു. എന്നാൽ പെട്ടെന്ന് അദ്ദേഹത്തിന്റെ കാൽ അതിലൊന്നിൽ പതിഞ്ഞു. ഒരു വലിയ ശബ്ദത്തോടെ സ്ഫോടനം ഉണ്ടായി. ഇയാൻ അകലേയ്ക്ക് തെറിച്ചു വീണു. ശരീരമാകെ രക്തം പുരണ്ടു. കണ്ണുകളിൽ ഇരുട്ട് പടർന്നു. സൈനികർ അടുത്തെത്തുന്നതിന് മുമ്പ് ഇയാൻ പരിക്കേറ്റ് കിടക്കുന്നത് ഒരു ബംഗ്ലാദേശി കണ്ടു. അദ്ദേഹം അടുത്ത് ചെന്ന് ഇയാനെ പൊക്കിയെടുത്ത് സൈനികരുടെ പക്കൽ എത്തിക്കുകയും, സൈനികർ ഇയാനെ ക്യാമ്പിലേക്ക് കൊണ്ടുപോവുകയും ചെയ്തു.  

ക്യാമ്പിലെത്തിച്ചെങ്കിലും ചികിത്സിക്കാൻ ക്യാമ്പിൽ ഡോക്ടർ ഇല്ലായിരുന്നു. ഇയാൻ മരിച്ചേക്കുമോ എന്ന് എല്ലാവരും ഭയപ്പെട്ടു. അദ്ദേഹത്തിന്റെ നില അതീവഗുരുതരമായിരുന്നു. കുഴിബോംബിൽ തട്ടി പരുക്കേറ്റ കാലിന്റെ അവസ്ഥ വളരെ മോശമായിരുന്നു. വേദന സഹിക്കാനാകാതെ സമീപത്ത് നിന്ന സൈനികരോട് അദ്ദേഹം മോർഫിൻ ആവശ്യപ്പെട്ടു. എന്നാൽ അതും ലഭ്യമല്ലായിരുന്നു. വേദന അല്പമെങ്കിലും കുറക്കാൻ സഹായിക്കുന്ന ഒരു മരുന്നും സൈന്യത്തിന്റെ പക്കൽ അവശേഷിച്ചിരുന്നില്ല.

വേറെ വഴിയില്ലാതെ വന്നപ്പോൾ കൂടെയുള്ളവരോട് തന്റെ കാൽ വെട്ടാൻ ഇയാൻ പറഞ്ഞു. മെഡിക്കൽ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ കാൽ മുറിച്ചുമാറ്റാൻ അവർ വിസമ്മതിച്ചു. ഒടുവിൽ ആരും ഇത് ചെയ്യാൻ സമ്മതിക്കാതെ വന്നപ്പോൾ, ഇയാൻ തന്നെ അത് ചെയ്യാൻ തീരുമാനിച്ചു. അദ്ദേഹം തന്റെ പക്കലുണ്ടായിരുന്ന കത്തിയെടുത്ത് ഒരു മടിയും കൂടാതെ സ്വന്തം കാൽ മുറിച്ചു! തന്റെ മുന്നിൽ നിന്ന സൈനികനോട് കാൽ മണ്ണിൽ കുഴിച്ചിടാൻ പറഞ്ഞു. ഇയാന്റെ ഈ പ്രവൃത്തി കണ്ട് എല്ലാവരും അമ്പരന്നു. യുദ്ധത്തിൽ തുടരാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു ആ ധീരമായ തീരുമാനത്തിന് പിന്നിൽ.  

ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇന്ത്യ വിജയിച്ചു. സൈന്യത്തെ രാജ്യത്തേക്ക് തിരികെ കൊണ്ടുവരാനുള്ള ക്രമീകരണങ്ങൾ നടന്നു. നാട്ടിൽ വന്ന ശേഷം ഇയാന്റെ ധീരതയുടെ കഥ കേട്ട് ജനങ്ങൾ അമ്പരന്നു. ഇയാൻ ചെയ്ത ഈ ധീരമായ പ്രവൃത്തിയെ എല്ലാവരും അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ ധീരമായ സേവനത്തിന് 'സേനാ മെഡലും' ലഭിച്ചു. ഇന്നും അദ്ദേഹത്തിന്റെ ധീരതയുടെ കഥ ഓർമ്മിക്കപ്പെടുന്നു. ബ്രിഗേഡിനെ നയിച്ച കാലില്ലാത്ത ആദ്യത്തെ ഓഫീസറായിരുന്നു അദ്ദേഹം. ഇപ്പോൾ അദ്ദേഹത്തെ കേന്ദ്രകഥാപാത്രമാക്കി ഗോർഖയെന്ന പേരിൽ ഒരു പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു. ചിത്രത്തിൽ ഇയാനായി അക്ഷയ് കുമാറാണ് എത്തുന്നത്.  

tags
click me!