ആരാണീ മോത്തിലാൽ വോറ, രാഹുലിൽ നിന്നും ബാറ്റൺ ഏറ്റുവാങ്ങാൻ നിയുക്തനായ താൽക്കാലിക പ്രസിഡന്റ്.. ?

By Babu RamachandranFirst Published Jul 3, 2019, 6:14 PM IST
Highlights

രാജീവ് ഗാന്ധി വോറയെ പതുക്കെ അടുത്തുവിളിച്ചു. എന്നിട്ട് പറഞ്ഞു, " പുതിയ മധ്യപ്രദേശ് മുഖ്യമന്ത്രിക്ക് എന്റെ അഭിനന്ദനങ്ങൾ.."

അങ്ങനെ കാത്തുകാത്തിരുന്ന് ഒടുവിൽ രാഹുൽ ഗാന്ധിക്ക് പകരം ഇടക്കാല പ്രസിഡന്റായി വരാൻ പോകുന്നത്  മോത്തിലാൽ വോറയാണ്. മധ്യപ്രദേശിൽ നിന്നുള്ള കോൺഗ്രസിന്റെ മുതിർന്ന നേതാവാണ് മോത്തിലാൽ വോറ.

ജന്മം കൊണ്ട് രാജസ്ഥാനിയാണെങ്കിലും, നന്നേ ചെറുപ്പത്തിൽ  തന്നെ അദ്ദേഹത്തിന്റെ കുടുംബം മധ്യപ്രദേശിലെ റായ്പൂരിലേക്ക് കുടിയേറിപ്പാർത്തിരുന്നു. പഠനം റായ്പൂരിലും കൽക്കത്തയിലുമായി പൂർത്തിയാക്കിയ വോറ ആദ്യം ചെന്നുപെട്ടത് ഒരു പത്രപ്രവർത്തകന്റെ ലാവണത്തിലാണ്. നവഭാരത് ടൈംസ് അടക്കമുള്ള പല പത്രങ്ങളിലും അദ്ദേഹം പ്രാദേശിക ലേഖകനായി തൊഴിലെടുത്തു. സൈക്കിളിലായിരുന്നു അക്കാലങ്ങളിൽ വോറയുടെ നിത്യ സഞ്ചാരം. 

അവിചാരിതമായ രാഷ്ട്രീയപ്രവേശം 

പത്രക്കാരനായിരിക്കെത്തന്നെ രാഷ്ട്രീയത്തിലിറങ്ങുന്നു. ആദ്യം പിടിച്ചത് പ്രജാ സമാജ് വാദി പാർട്ടിയുടെ കൊടി. 1968-ൽ മധ്യപ്രദേശിലെ ദുർഗിൽ നിന്നും മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചു. ജയിച്ചു. അടുത്തതായി വോറയെ ഭാഗ്യം കടാക്ഷിച്ചത് 1972-ൽ മധ്യപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ. അന്ന് സംസ്ഥാനരാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനും മുൻ മുഖ്യമന്ത്രിയുമായ ദ്വാരകാപ്രസാദ്‌ മിശ്ര ദുർഗിലേക്ക് പറ്റിയ ഒരു സ്ഥാനാർത്ഥിയെ തേടുന്ന സമയമായിരുന്നു അത്. സിറ്റിംഗ് എംഎൽഎ മോഹൻലാലാണ് ബാക്കലിവാളിൽ അത്ര പ്രതീക്ഷ പോരായിരുന്നു അദ്ദേഹത്തിന്. എതിർ സ്ഥാനാർഥിക്ക് അട്ടിമറി വിജയം കിട്ടാനിടയുണ്ടെന്ന രഹസ്യ റിപ്പോർട്ടുതന്നെ കാരണം.

അപ്പോഴാണ് അദ്ദേഹത്തോട് ആരോ പറയുന്നത്, പ്രജാ സമാജ്‌വാദി പാർട്ടിയിൽ ഒരു മിടുക്കൻ പയ്യനുണ്ട്, മോത്തിലാൽ, മുൻ പത്രപ്രവർത്തകൻ, നന്നായി പ്രസംഗിക്കും. ജനപ്രിയനുമാണ്. അവസരം കൊടുത്താൽ നന്നായിരിക്കും. ഡിപി സാബ് സന്ദേശമയച്ചു വിളിപ്പിച്ചു മോത്തിലാലിനെ. ടിക്കറ്റ് ഓഫർ ചെയ്തു. ഭാഗ്യക്കുറി കണ്മുന്നിൽ വന്നതും, അടുത്ത നിമിഷം മോത്തിലാൽ വോറ പ്രജാ സമാജ് വാദി പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. തെരഞ്ഞെടുപ്പിൽ മത്സരിച്ചു. ജയിച്ചു. നിയമസഭയിലുമെത്തി.

ദ്വാരകാ പ്രസാദ് മിശ്ര, മോത്തിലാൽ വോറ 

ആ തെരഞ്ഞെടുപ്പിനു ശേഷം മധ്യപ്രദേശിൽ കോൺഗ്രസ് മന്ത്രിസഭ രൂപീകരിച്ചപ്പോൾ മുഖ്യമന്ത്രിയായത് ഇന്ദിരയുടെ വിശ്വസ്തനായ പിസി സേഠി ആയിരുന്നു. അധികം താമസിയാതെ തന്നെ വോറ സേഠിയുടെ വിശ്വാസം ആർജ്ജിച്ചു. വോറയ്ക്ക് നിരവധി ഭരണ ചുമതലകളും കിട്ടി. മധ്യപ്രദേശിലെ റോഡ്‌വെയ്‌സ് ഡിപ്പാർട്ട്മെന്റ് ചരിത്രത്തിലാദ്യമായി ലാഭത്തിലെത്തിയത് വോറയും സേഠിയും ചേർന്ന് വകുപ്പ് ഭരിച്ചകാലത്താണ്.

പിസി സേഠി, മോത്തിലാൽ വോറ

അതിനു പിന്നാലെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നു. ശേഷം, ജനതാ പാർട്ടിയുടെ സർക്കാർ വരുന്നു. അടിയന്തരാവസ്ഥയ്ക്കു ശേഷമുണ്ടായ നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ കോൺഗ്രസ് വിരുദ്ധ തരംഗം ആഞ്ഞടിക്കുന്നു മധ്യപ്രദേശിൽ. മത്സരിച്ച ഒരു വിധം എല്ലാ കോൺഗ്രസ് നേതാക്കൾക്കും അടിതെറ്റിയപ്പോഴും, ദുർഗിൽ നിന്നും 54 ശതമാനത്തിലധികം വോട്ടുനേടി വോറ ജയിച്ചുകേറി. 1980 ജനതാ പാർട്ടിയുടെ ശക്തി ക്ഷയിച്ചപ്പോൾ, വീണ്ടും ഒരിക്കൽക്കൂടി മോത്തിലാൽ വോറ നേരത്തേക്കാൾ കൂടിയ ഭൂരിപക്ഷത്തിന് വിജയിച്ചു.

അർജുൻ സിങ്ങ്, മോത്തിലാൽ വോറ 

അക്കൊല്ലം മുഖ്യമന്ത്രിയായത് അർജുൻ സിങ്ങായിരുന്നു. മൂന്നാം വട്ടം എംഎൽഎ ആയ വോറ സ്വാഭാവികമായും ഒരു മന്ത്രിസ്ഥാനം പ്രതീക്ഷിച്ചു. നിരവധി തവണ അർജുൻ സിങ്ങിനെ ചെന്നു കണ്ട് ആവശ്യമറിയിച്ചു. ഒന്നും നടന്നില്ല. അദ്ദേഹം പ്രതീക്ഷ വെടിഞ്ഞില്ല. ഒരു വർഷത്തോളം ഇതേ ആവശ്യവുമായി അർജുൻ സിങ്ങിനെ ഓഫീസ് കേറിയിറങ്ങിയ ശേഷം ഒടുവിൽ അദ്ദേഹത്തിന് വിദ്യാഭ്യാസവകുപ്പിൽ സംസ്ഥാന സഹമന്ത്രി സ്ഥാനം നൽകി. ആദ്യമായി കിട്ടിയ മന്ത്രിസ്ഥാനത്ത് വോറ ഉണർന്നു പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ ഉത്സാഹത്തിൽ സംസ്ഥാനത്ത് നിരവധി കോളേജുകൾ തുറന്നു. സ്വകാര്യരംഗത്തും നിരവധി പുതിയ കോളേജുകൾ അനുവദിച്ചു. മധ്യപ്രദേശിന്റെ വിദ്യാഭ്യാസരംഗത്തിനാകെ ഒരു ഉണർവുണ്ടായി. അങ്ങനെ, മെല്ലെ മെല്ലെ, അർജുൻ സിങ്ങിനും വേണ്ടപ്പെട്ടവനായി മോത്തിലാൽ വോറ മാറി. 1983-ൽ വോറയെ അർജുൻ സിങ്ങ്.കാബിനറ്റ് മിനിസ്റ്ററാക്കി ഉയർത്തി.

നിനച്ചിരിക്കാതെ മുഖ്യമന്ത്രിസ്ഥാനം 

ആദ്യത്തെ അർജുൻ സിങ്ങ് മന്ത്രിസഭയുടെ ഭരണകാലത്താണ് മോത്തിലാൽ വോറയ്ക്ക് മധ്യപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റാവാനുള്ള യോഗമുണ്ടാവുന്നത്. ആ പദത്തിൽ അദ്ദേഹം തുടരുന്നതിനിടെ അടുത്ത തെരഞ്ഞെടുപ്പ് വരുന്നു. 1985-ൽ അർജുൻ സിങ്ങ് നേരിട്ട് കോൺഗ്രസിനെ വിജയത്തിലേക്ക് നയിച്ച മധ്യപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ്. രണ്ടാം വട്ടവും അദ്ദേഹം തന്നെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹം തന്റെ മന്ത്രിസഭാംഗങ്ങളുടെ ലിസ്റ്റുമായി പ്രധാനമന്ത്രി രാജീവ് ഗാന്ധിയെക്കാണാൻ നേരെ ദില്ലിക്ക് വെച്ചുപിടിക്കുന്നു. എന്നാൽ രാജീവിൽ നിന്നും കിട്ടിയ ഉത്തരവ് അദ്ദേഹത്തെ ഞെട്ടിക്കുന്ന ഒന്നായിരുന്നു. അർജുൻ സിങ്ങിനെ ഹൈക്കമാൻഡ് പഞ്ചാബിന്റെ ഗവർണറായി നിയോഗിച്ചിരിക്കുന്നു.

ഓർക്കാപ്പുറത്ത് രാജീവ് ഗാന്ധി ഒരടിപറ്റിച്ചു എങ്കിലും, അദ്ദേഹം അർജുൻ സിങ്ങിന് ഒരു സൗജന്യം അനുവദിച്ചു നൽകി. നിങ്ങൾക്കിഷ്ടമുള്ള ഒരാളെ മുഖ്യമന്ത്രിയാക്കാം. താത്പര്യമുള്ള ആരുടെ വേണമെങ്കിലും പേര് നിർദ്ദേശിക്കാം. നാലുദിവസത്തെ സമയമുണ്ട്. പതിനാലാം തീയതിയ്ക്കുള്ളിൽ പഞ്ചാബിൽ ചെന്ന് ഗവർണറായി സത്യപ്രതിജ്ഞ ചെയ്യണം.

രാജീവിന്റെ മുറിക്കുള്ളിൽ നിന്നും പുറത്തിറങ്ങിയ അർജുൻ സിങ്ങ്, ദില്ലിക്കു വന്ന അതെ വിമാനം നേരെ ഭോപ്പാലിലേക്ക് പറഞ്ഞയച്ചു. മകൻ അജയ് സിങ്ങിന് ഫോൺ ചെയ്ത്, മോത്തിലാൽ വോറയെ ഉടനടി ആ വിമാനത്തിലേറ്റി ദില്ലിക്കുവിടാൻ നിർദേശം നൽകി.  ആ യാത്രയിലുണ്ടായ സംഭവങ്ങൾ രസകരമാണ്. തനിക്കൊരു കാബിനറ്റ് മന്ത്രിപദം ഒപ്പിച്ചെടുക്കാൻ വേണ്ടി ശുപാർശയുമായി അജയ് സിങ്ങിന്റെ പിന്നാലെ വിടാതെ കൂടിയിരിക്കുകയായിരുന്നു വോറ. ഇവിടെ ഏതെങ്കിലും ഒരു മന്ത്രിസ്ഥാനത്തിന് താൻ ചരടുവലിച്ചുകൊണ്ടിരിക്കെ അങ്ങ് ദില്ലിയിൽ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിസ്ഥാനം തന്നെ കാത്തിരിപ്പുണ്ടെന്ന് വോറയ്ക്കറിയില്ലായിരുന്നു. എയർ പോർട്ടിൽ നിന്നും വോറ നേരെ ദില്ലിയിലെ മധ്യപ്രദേശ് ഭവനിലെത്തി. അവിടെ അർജുൻ സിങ്ങ്, കമൽ നാഥ്, ദിഗ്‌വിജയ് സിങ്ങ് തുടങ്ങിയ മുതിർന്ന നേതാക്കൾ അദ്ദേഹത്തെ കാത്തിരിക്കുകയായിരുന്നു. അവരൊന്നിച്ച് അത്താഴമുണ്ടു. എന്നിട്ട്, എല്ലാവരും കൂടി പാലം എയർപോർട്ടിലേക്ക് ചെന്നു. അന്നുരാത്രിയായിരുന്നു, രാജീവ് ഗാന്ധി റഷ്യയിലേക്ക് പോവുന്നത്.

രാജീവ് ഗാന്ധി വോറയെ പതുക്കെ അടുത്തുവിളിച്ചു. എന്നിട്ട് പറഞ്ഞു, " പുതിയ മധ്യപ്രദേശ് മുഖ്യമന്ത്രിക്ക് എന്റെ അഭിനന്ദനങ്ങൾ.."

അന്ന് വോറ മധ്യപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടായിരുന്നു. വോറ മുഖ്യമന്ത്രിയായതോടെ ദിഗ്‌വിജയ് സിങ്ങ് ആ സ്ഥാനത്തെത്തി. എല്ലാം അർജുൻ സിങ്ങിന്റെ നിർദേശപ്രകാരം തന്നെ നടന്നു. അർജുൻ സിങ്ങിനെ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നും അടർത്തിമാറ്റാൻ രാജീവ് ഗാന്ധി നേരത്തേ തന്നെ തീരുമാനിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. പുതിയ ഉത്തരവാദിത്തനം നല്കുന്നതിനെപ്പറ്റിയും തീരുമാനങ്ങളെടുത്തിരുന്നു രാജീവ്. എന്നിട്ടും രാജീവ്, അർജുൻ സിങ്ങിനെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ വിട്ടത്, ഒറ്റയടിക്ക് സംസ്ഥാനത്ത് നിന്നും പൂർണ്ണമായി മാറ്റിക്കളഞ്ഞു എന്ന തോന്നൽ ജനങ്ങൾക്കുണ്ടാവാതിരിക്കാൻ വേണ്ടി മാത്രമാണ്.

അർജുൻ സിങ്ങിന്റെ മന്ത്രിസഭയിലെ പല പേരുകളോടും വോറയ്ക്ക് അന്ന് യോജിപ്പുണ്ടായിരുന്നില്ല. അഴിമതിക്കാരായ ഇവരെയൊക്കെ എങ്ങനെയാണ് മന്ത്രിസഭയിലെടുക്കാൻ അർജുൻ സിങ്ങിന് മനസ്സുവരുന്നത് എന്നാണ് അന്ന് വോറ ചോദിച്ചത്. എന്നെങ്കിലും ഒരിക്കൽ താൻ മുഖ്യമന്ത്രിപദത്തിൽ എത്തിയാൽ ഇജ്ജാതി അഴിമതിക്കാരായ ഒരാളെയും തന്റെ മന്ത്രിസഭയുടെ ഏഴയലത്തേക്ക് അടുപ്പിക്കില്ല എന്നും അദ്ദേഹം അന്ന് വീമ്പുപറഞ്ഞിരുന്നു.

അത്ര പെട്ടന്നൊന്നും മുഖ്യമന്ത്രിയാവില്ല എന്ന് കരുതിയായിരിക്കും വോറ അന്നങ്ങനെ പറഞ്ഞത്. എന്നാൽ, പറഞ്ഞ് ഒരാഴ്ചയ്ക്കകം വോറ മുഖ്യമന്ത്രിയുമായി. മേൽപ്പറഞ്ഞ സകല അഴിമതിക്കാരും അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങളുമായി. അക്കാര്യത്തിൽ അർജുൻ സിങ്ങിന്റെ ഹിതത്തിനു വിരുദ്ധമായി ഒന്നും തന്നെ ചെയ്യാൻ അന്ന് വോറയ്ക്കായില്ല.

1988-ൽ അർജ്ജുൻ സിങ്ങ് വീണ്ടും മുഖ്യമന്ത്രിയായി തിരികെ വന്നു. അതോടെ രാജീവ് ഗാന്ധി മോത്തിലാൽ വോറയെ രാജ്യസഭാംഗമായി ദില്ലിയിലേക്ക് കൂട്ടി. അവിടെ ആരോഗ്യവകുപ്പ് മന്ത്രിയായി ഒരു വർഷത്തോളം വോറ തുടർന്നു. പിന്നീട്, മധ്യപ്രദേശിനും ദില്ലിക്കുമിടയിൽ മാറിമാറി വന്ന ഓരോ ഉത്തരവാദിത്തങ്ങൾ . 1993 -ൽ ഉത്തർപ്രദേശ് ഗവർണറായി നിയമിക്കപ്പെട്ടു. 1998-99 ലോക്സഭയിൽ ഉണ്ടായിരുന്നു.   അദ്ദേഹം രാജീവിന് ശേഷം നരസിംഹറാവുവിന്റെയും, സോണിയയുടെയും, പിന്നീട് രാഹുൽ ഗാന്ധിയുടെയും വിശ്വസ്തരുടെ പട്ടികയിൽ എന്നും വോറയുണ്ടായിരുന്നു.

കഴിഞ്ഞ കുറേക്കാലമായി, വാർദ്ധക്യം അദ്ദേഹത്തെ ഏറെക്കുറെ റിട്ടയർ ആയ ഒരു മാനസികാവസ്ഥയിലേക്ക് എത്തിച്ചിരുന്നു. എക്കാലത്തും അദ്ദേഹം നിലനിർത്തിപ്പോന്ന വിശ്വസ്ത വിധേയന്റെ പ്രതിച്ഛായ തന്നെയാവും ഇത്തവണ, ഇടക്കാല പ്രസിഡന്റിന്റെ നിയോഗം അദ്ദേഹത്തിലേക്ക് എത്തിച്ചത്..!

 

 

 

 

click me!