മകളുടെ വിഷാദത്തിന്‍റെ കാരണം കണ്ടെത്താന്‍ അച്ഛന്‍ ഷെർലക് ഹോംസ് ആയ കഥ...

By Web TeamFirst Published Jul 3, 2019, 3:57 PM IST
Highlights

കുറച്ചു ദിവസങ്ങളായി ശ്രദ്ധിക്കുന്നു. മോൾക്ക് ഒരു വിഷാദമുണ്ട്. വല്ല ചെക്കന്മാരുമായുള്ള കൗമാരകാല പ്രണയമാണെന്നു കരുതി ആദ്യം സമാധാനിച്ചതാ. പക്ഷേ, പ്രണയത്തിന്‍റെ ലക്ഷണങ്ങളൊന്നും കാട്ടുന്നില്ലെന്നു കണ്ടപ്പോൾ മറ്റെന്തോ ആണെന്ന് മനസ്സിലായി. 

മക്കള്‍ക്ക് ഒരുപാട് പ്രശ്നങ്ങളുണ്ടാകും. ചിലതെല്ലാം അവര്‍ അച്ഛനമ്മമാരോട് തുറന്നു പറയും. ചിലത് ഒളിച്ചുവെക്കും. അതിന് പേടി, മടി തുടങ്ങി പല കാരണങ്ങളുണ്ടാകും. ഏതായാലും മകളുടെ വിഷാദത്തിന്‍റെ കാരണം കണ്ടെത്താന്‍ സ്വയം ഒരു ഷെര്‍ലക് ഹോംസായി മാറിയ കഥ പറയുകയാണ് ജെ. ബിന്ദുരാജ്  തന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍. ഒടുവില്‍ വിഷാദത്തിന്‍റെ കാരണം കണ്ടുപിടിക്കുകയും ചെയ്യുന്നുണ്ട് ബിന്ദുരാജ്. ഏതായാലും കുട്ടികള്‍ക്ക് ഒരുപാട് പ്രശ്നങ്ങളുണ്ടാകും അവരത് പറയാന്‍ തയ്യാറായില്ലെങ്കിലും ഇതുപോലെ കണ്ടെത്തി കട്ടക്ക് കൂടെ നില്‍ക്കുകയും ചെയ്യാം. 

ഫേസ്ബുക്ക് കുറിപ്പ്: 
കുറച്ചു ദിവസങ്ങളായി ശ്രദ്ധിക്കുന്നു. മോൾക്ക് ഒരു വിഷാദമുണ്ട്. വല്ല ചെക്കന്മാരുമായുള്ള കൗമാരകാല പ്രണയമാണെന്നു കരുതി ആദ്യം സമാധാനിച്ചതാ. പക്ഷേ, പ്രണയത്തിന്‍റെ ലക്ഷണങ്ങളൊന്നും കാട്ടുന്നില്ലെന്നു കണ്ടപ്പോൾ മറ്റെന്തോ ആണെന്ന് മനസ്സിലായി. പക്ഷേ, കാര്യം ചോദിച്ചിട്ട് പറയുന്നില്ല. കണ്ടെത്തി പരിഹരിക്കേണ്ടത് അങ്ങനെ അപ്പനായ എന്‍റെ ഉത്തരവാദിത്തമാണെന്ന് സ്വയം മനസ്സിലാക്കി ഞാൻ ആ ജോലി ഏറ്റെടുത്തു. കാര്യമെന്താണെന്ന് സ്വയം പറയാത്ത സ്ഥിതിക്ക് ഷെർലക് ഹോംസിനെ മാതൃകയാക്കുകയാണ് പതിവ്. അതെ. സമ്പൂർണ നിരീക്ഷണം തന്നെ. 

'ഊണിന്നാസ്ഥ കുറഞ്ഞു, നിദ്ര നിശയിങ്കൽപോലുമില്ലാതെയായ്
വേണുന്നോരോടൊരാഭിമുഖ്യമൊരുനേരം നാസ്തി നക്തം ദിവം,
കാണും പോന്നു പുറത്തുനിന്നു കരയും ഭൈമീ...'

ഇതൊക്കെയുണ്ടെങ്കിലും പുതിയകാല പ്രേമലക്ഷണങ്ങളായ വാട്ട്‌സാപ്പ്, ഫോൺവിളി... ഒന്നുമില്ല. പ്രേമമല്ലെന്ന് നിരീക്ഷണത്തിൽ തെളിഞ്ഞ സ്ഥിതിക്ക് വിഷാദത്തിന്റെ മറ്റു കാരണങ്ങൾ എന്തൊക്കെയാകുമെന്ന് പരിശോധിക്കപ്പെട്ടു. അങ്ങനെ ഊണുമേശയിൽ നുറുങ്ങു ചോദ്യങ്ങളുമായി അഭിനവ കുറ്റാന്വേഷകൻ കം മനശ്ശാസ്ത്രജ്ഞൻ വർധിത വീര്യത്തോടെ ഇരുന്നു. ക്ലാസിനെപ്പറ്റി ചോദിക്കവേ പെട്ടെന്ന് വന്ന ഒരു മറുപടി അണ്ടർലൈനിട്ടു.

'ക്ലാസിൽ നിന്നും ഇപ്പോൾ ഫ്രീ സമയത്തുപോലും പുറത്തുപോകാൻ തോന്നുന്നില്ല'- മകൾ
'എന്താ കാര്യം?'
'ഒന്നുമില്ല' മകൾ.

അന്വേഷകൻ അതിന് രണ്ടു കാരണങ്ങൾ സ്വയം നിരൂപിച്ചു.
1. കൂട്ടുകാരുമായി തെറ്റി (അവളുടെ കൂട്ടുകാർ എന്‍റേയും സുഹൃത്തുക്കളായതിനാൽ ആ സാധ്യത ഞാൻ ആദ്യമേ തള്ളി)
2. ക്ലാസിൽ നിന്നും പുറത്തുപോയ സമയത്ത് അവളുടെ ബാഗിൽ നിന്നും എന്തോ മോഷണം പോയി.

രണ്ടാമത്തേതിന്‍റെ പിറകേ നീങ്ങി അന്വേഷകൻ. സെൽഫോൺ മകൾ ഇപ്പോൾ സ്‌കൂളിലേക്കോ ട്യൂഷൻ സ്ഥലത്തേക്കോ കൊണ്ടുപോകാറില്ലെന്ന് ഭാര്യയുമായി സംസാരിച്ച് മനസ്സിലാക്കി. പക്ഷേ, സെൽഫോൺ നഷ്ടപ്പെട്ടിട്ടില്ല. വീട്ടിലുണ്ട്. അപ്പോൾ അത് കൊണ്ടുപോകാത്തത് മറ്റെന്തോ വിലപ്പെട്ടത് നഷ്ടപ്പെട്ടതിനാലാണെന്നും ഫോണും അതുപോലെ കാണാതാകുമെന്നും അവൾ ഭയക്കുന്നതിനാലാണെന്നും അന്വേഷകന്‍റെ അസംപ്ഷൻ.

പിന്നെയുള്ളത് പുതിയൊരു വാച്ചാണ്. സ്മാർട്ട് വാച്ച്. മൂന്നാഴ്ചയേ ആയുള്ളൂ വാങ്ങിയിട്ട്. ഒരുപാട് ഇഷ്ടമുള്ള വാച്ചായതുകൊണ്ട് അവൾ പലപ്പോഴും അത് ഊരി ബാഗിൽ വയ്ക്കുകയാണ് പതിവ്. അതവൾ ഇപ്പോൾ കെട്ടുന്നില്ലെന്ന് ഷെർലക് ഹോംസ് കണ്ടുപിടിക്കുന്നു. 'നിന്റെ വാച്ചിന്‍റെ ചാർജ് തീരാറായിട്ടുണ്ടാകുമല്ലോ. ചാർജ് ചെയ്തു തരാം.' -രാത്രി ലവളുടെ മുറിയിലെത്തിയ കുറ്റാന്വേഷകൻ നമ്പറിടുന്നു. 

'അതാ കൂട്ടിൽ കാണും.'- മകൾ. കൂടു തുറന്നുനോക്കുമ്പോൾ അതിനകത്ത് ഒരു തൂവൽ. 
'എടീ, വാച്ച് തൂവലായി മാറി. അത്ഭുതം,' - ഞാൻ.
'അച്ചീ, അതവിടെ വല്ലതും കാണും. ഞാൻ നോക്കിയെടുത്തു കൊണ്ടു തരാം' മുഖം കൊടുക്കാതെ പുസ്തകത്തിലേക്ക് നോക്കിക്കൊണ്ട് ലവൾ. 
'അത് ഈ വീട്ടിലില്ലെന്നാണ് എന്റെ ഇന്‍റ്യൂഷൻ' ചിരി കടിച്ചമർത്തിക്കൊണ്ട് ധ്യാനമഗ്നനായ ഞാൻ.
'അച്ചിക്കെല്ലാം ഇന്‍റ്യൂഷനാണല്ലോ.'
'എടീ, ക്ലാസ് മുറിയിൽ ബാഗിൽ വച്ചിരുന്ന വാച്ച് ആരോ എടുത്തോണ്ടുപോയതായാണ് കാണുന്നത്.'- ഞാൻ.
അവൾ ഭയഭക്തിബഹുമാനത്തോടെ എന്നെ നോക്കുന്നു. എനിക്കിപ്പോൾ ഒരു അവതാരപുരുഷന്‍റെ കട്ടാണ്. എന്റെ തലയ്ക്കു പിന്നിലെ എൽ ഇ ഡി ബൾബ് പോലും അവൾക്ക് ഹാലോ ആയാണ് അനുഭവപ്പെടുന്നത്.
'ആരാണ് അതെടുത്തതെന്ന് കൂടി കണ്ടുപിടിക്കാമോ അച്ചീ' സർവപ്രതിരോധവും താറുമാറായ മകൾ.
'അതിനുള്ള മാർഗം എനിക്കറിയാം. പക്ഷേ അതുവേണ്ട. അപ്പോഴത്തെ തോന്നലിന് എടുത്തതാകാം. അത് ആരാണെന്ന് തിരിച്ചറിഞ്ഞാൽ ജീവിതകാലം മുഴുവനും അവൾ/അവൻ നിന്റെ ഉള്ളിൽ കള്ളനായി മാറില്ലേ?'
'എന്നാൽ വേണ്ട'- മകൾ.
'രാവിലെ റെഡിയായി എന്റെയൊപ്പം വാ. നമുക്ക് പുതിയൊരു വാച്ച് വാങ്ങാം.' -ഞാൻ.
'അച്ചീ, വാച്ച് കാണാതായതിന് എന്നെ വഴക്കുപറയുമെന്നു വിചാരിച്ചാണ് ഞാൻ വാച്ച് കാണാതായ വിവരം പറയാതിരുന്നത്. അച്ചിക്കെങ്ങനെ മനസ്സിലായി?'
'നീ വാച്ച് സൂക്ഷിച്ചുകൊണ്ടു നടന്നിരുന്നതായതുകൊണ്ട് നിന്റെ കുഴപ്പം കൊണ്ടല്ല അത് നഷ്ടപ്പെട്ടതെന്ന് അച്ചിക്കു മനസ്സിലായി. പിന്നെ വഴക്കുപറയേണ്ട കാര്യമില്ലല്ലോ.'- മഹാമനസ്‌കനെന്ന് നടിച്ചുകൊണ്ട് ഞാൻ.
പുതിയ വാച്ച് വന്നതോടെ മകളുടെ വിഷാദം മാറി. തണ്ടൂരി ചിക്കനും ചപ്പാത്തിയും പഴയതുപോലെ അടിച്ചുവിടുന്നുണ്ട്. വാച്ചാകട്ടെ ഇപ്പോൾ ബാഗിൽ സൂക്ഷിക്കപ്പെടുന്നില്ല. കൈയിൽ തന്നെയുണ്ട് എപ്പോഴും!

ഇടയ്ക്കിടെ വന്ന് ഇന്‍റ്യൂഷൻ വിദ്യ അവളേയും പഠിപ്പിക്കാമോ എന്ന അഭ്യർത്ഥനയാണ് ഇപ്പോൾ. അവതാരപുരുഷൻ അതങ്ങനെ പറഞ്ഞുകൊടുക്കില്ലല്ലോ.

click me!