സ്പ്രിംക്ലർ കേസ് വാദിക്കാൻ കേരള ഗവൺമെന്റ് മുംബൈയിൽ നിന്നിറക്കിയ സൈബർ ലോ വക്കീൽ അഡ്വ. എൻഎസ് നപ്പിന്നൈ ആരാണ്?

By Web TeamFirst Published Apr 24, 2020, 2:56 PM IST
Highlights

ഇന്ന് ഇന്ത്യയിൽ ബൗദ്ധിക സ്വത്തവകാശം, സൈബർ പോളിസി എന്നിവയിലെ തർക്കങ്ങൾ തുടങ്ങിയവയിലെ എണ്ണം പറഞ്ഞ വിദഗ്ധരിൽ ഒരാളാണ് അഡ്വ. എൻഎസ് നപ്പിന്നൈ

കേരള സർക്കാരിനുവേണ്ടി സ്പ്രിംക്ലർ കേസിൽ വാദിക്കാൻ ഹൈക്കോടതിയിൽ എത്തിയിട്ടുള്ളത് മുംബൈയിൽ നിന്നുള്ള സുപ്രസിദ്ധ സുപ്രീം കോടതി അഭിഭാഷകയും അറിയപ്പെടുന്ന സൈബർ നിയമജ്ഞയുമായ അഡ്വ. എൻ എസ് നപ്പിന്നൈയാണ്. രണ്ടര പതിറ്റാണ്ടിലധികം കാലത്തെ പ്രാക്ടീസുള്ള അഡ്വ. നപ്പിന്നൈ ദീർഘകാലമായി സുപ്രീം കോടതിയിലും മുംബൈ ഹൈക്കോടതിയിലും ഭരണഘടനാ, ക്രിമിനൽ, സാമ്പത്തിക, സൈബർ, ബൗദ്ധിക സ്വത്തവകാശ കേസുകൾ നടത്തിവരികയാണ്. 

ചെന്നൈയിൽ നിന്ന് നിയമ പഠനം പൂർത്തിയാക്കി, അവിടെത്തന്നെ പത്തുവർഷം പ്രാക്ടീസ് ചെയ്ത ശേഷമാണ് മുംബൈയിലേക്ക് തന്നെ കർമ്മമണ്ഡലം മാറ്റാൻ  അഡ്വ. നപ്പിന്നൈ തീരുമാനിക്കുന്നത്. അവിടെ ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യവെയാണ് മീഡിയേഷൻ അഥവാ മാധ്യസ്ഥത്തിൽ പരിശീലനം നേടാൻ അവർ തിരഞ്ഞെടുക്കപ്പെടുന്നത്.

 

 

മീഡിയേഷനിൽ മുംബൈ ഹൈക്കോടതിയുടെ പ്രാഥമിക പരിശീലനങ്ങൾക്കു ശേഷം ബൗദ്ധികസ്വത്തവകാശം സംബന്ധിച്ച കേസുകളിലെ മാധ്യസ്ഥത്തിനുള്ള ഉന്നതപരിശീലനത്തിനായി അവർ ജനീവ ആസ്ഥാനമായുള്ള വേൾഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓർഗനൈസഷൻ (World Intellectual Property Organization -WIPO) നടത്തുന്ന അന്താരാഷ്ട്ര കോഴ്‌സുകൾ പൂർത്തിയാക്കുന്നത്.  അങ്ങനെ ഇന്റലക്ച്വൽ പ്രോപ്പർട്ടി അഥവാ ബൗദ്ധികസ്വത്തവകാശ രംഗത്ത് നടത്തിയ ഉന്നതപഠനത്തിന് ശേഷമാണ് അഡ്വ. നപ്പിന്നൈ ബ്രിട്ടനിലെ ക്രാൻഫീൽഡ് സർവകലാശാലയുടെ 'ചീവ്‌നിങ് സ്‌കോളർഷിപ്പ്' നേടി, സൈബർ സെക്യൂരിറ്റി ആൻഡ് സൈബർ പോളിസീസ് എന്ന വിഷയത്തിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ നേടുന്നത്. അതിനു ശേഷം അമേരിക്കയിലെ സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് CDDRL ഫെലോഷിപ്പ് നേടിയ അവർ 'ഡെമോക്രസി ഡെവലപ്പ്മെന്റ് ആൻഡ് റൂൾ ഓഫ് ലോ' എന്ന പ്രോഗ്രാമും പൂർത്തിയാക്കി. 

സാമൂഹിക പ്രവർത്തകയും സ്ത്രീ-കുട്ടിക്കടത്തുകൾക്കെതിരെ പോരാടുന്ന മലയാളി ആക്ടിവിസ്റ്റുമായ സുനിത കൃഷ്ണന്റെ പ്രജ്വല എന്ന ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംഘടനയും, യൂണിയൻ ഓഫ് ഇന്ത്യയും തമ്മിൽ 2009 -ൽ, കുട്ടികളെ ഉപയോഗിച്ചുള്ള പോർണോഗ്രഫിയും, റേപ്പ് വീഡിയോകളും ഓൺലൈൻ ആയി പ്രചരിക്കുന്നതിനെ നിയന്ത്രിക്കണം എന്ന ആവശ്യമുന്നയിച്ചുകൊണ്ട് നടന്ന സുപ്രധാനമായ വ്യവഹാരത്തിൽ സുപ്രീം കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചത് അഡ്വ. നപ്പിന്നൈയെ ആയിരുന്നു. ആധാർ കാർഡിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തുകൊണ്ട് റിട്ട. ജസ്റ്റിസ് പുട്ടുസ്വാമിയും യൂണിയൻ ഓഫ് ഇന്ത്യയും തമ്മിൽ നടന്ന നിർണ്ണായക വ്യവഹാരത്തിലും വക്കാലത്തേറ്റെടുത്ത് വാദം നടത്തിയത് അഡ്വ. നപ്പിന്നൈ തന്നെയായിരുന്നു.

 

 

നാഷണൽ ജുഡീഷ്യറി അക്കാദമി, ഐഐടി മുംബൈ തുടങ്ങിയ പല വിശ്രുത സ്ഥാപനങ്ങളിലെയും വിസിറ്റിംഗ് പ്രൊഫസർ കൂടിയായ അഡ്വ. നപ്പിന്നൈ രചിച്ച ടെക്‌നോളജി ലോസ് ഡെക്കോഡഡ് (Technology Laws - Decoded) എന്ന പുസ്തകം ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്. ഇന്ത്യൻ നീതിന്യായ കോടതികൾ പഠനപരിശീലനങ്ങൾക്കായി ആശ്രയിക്കുന്ന സോഫ്റ്റ് വെയർ പൈറസി മാനുവൽ രചിച്ചതും അവരാണ്. ടെക്‌നോളജി ലോ  ഫോറം എന്നുപേരായ ഒരു എൻജിഒയുടെ സ്ഥാപകയും അഡ്വ. നപ്പിന്നൈയാണ്.  ഇന്ന് ഇന്ത്യയിൽ ബൗദ്ധിക സ്വത്തവകാശം, സൈബർ പോളിസി എന്നിവയിലെ തർക്കങ്ങൾ തുടങ്ങിയവയിലെ എണ്ണം പറഞ്ഞ വിദഗ്ധരിൽ ഒരാളായ അഡ്വ. നപ്പിന്നൈയെ രംഗത്തിറക്കിയത് സ്പ്രിംക്ലർ കേസിൽ മുൻ‌തൂക്കം നേടാൻ സഹായകരമാകും എന്ന കണക്കുകൂട്ടലിലാണ് കേരളസർക്കാർ. 
 

click me!