ജീവൻ നഷ്ടമാകുമ്പോഴും ത്രിവർണ്ണ പതാക ആ യുവാവ് നെഞ്ചോടടക്കിപ്പിടിച്ചിരുന്നു...

Published : Jun 12, 2022, 04:08 PM IST
ജീവൻ നഷ്ടമാകുമ്പോഴും ത്രിവർണ്ണ പതാക ആ യുവാവ്  നെഞ്ചോടടക്കിപ്പിടിച്ചിരുന്നു...

Synopsis

മണിക്കൂറുകൾക്കുശേഷം തെരുവോരത്ത് 27 വയസുള്ള ഒരു യുവാവ് ചലനമറ്റ് കിടന്നു. നിരോധിതമായ ത്രിവർണ്ണ പതാക അയാളപ്പോഴും നെഞ്ചോടടക്കിപ്പിടിച്ചിരുന്നു. ജീവൻ നഷ്ടമാകുമ്പോഴും അയാൾ കൊടി കൈവിട്ടിരുന്നില്ല.

തമിഴ്‍നാട്ടിലെ തിരുപ്പൂർ ഇന്ന് ലോകമാകെ വിപണിയുള്ള പരുത്തി വസ്ത്ര നിർമ്മാണ കേന്ദ്രമാണ്. എന്നാൽ, തിരുപ്പൂരിന് സ്വാതന്ത്ര്യസമരചരിത്രവുമായി അഭേദ്യബന്ധമുണ്ട്. ആ ബന്ധത്തിന്റെ ഏറ്റവും ഉജ്ജ്വല പ്രതീകമാണ് കൊടികാത്ത കുമാരൻ എന്നറിയപ്പെടുന്ന ഒകെഎസ്ആർ കുമാരസ്വാമി മുതലിയാർ. 

ഈറോഡിനടുത്ത് ചെന്നിമലയിൽ ഒരു നെയ്ത്ത് കുടുംബത്തിൽ ജനിച്ച കുമാരൻ കുട്ടിക്കാലത്ത് തന്നെ ദേശീയപ്രസ്ഥാനത്തിൽ ആകൃഷ്ടനായിരുന്നു. ​അഞ്ചാം ക്ലാസിനപ്പുറം പഠിക്കാൻ സാമ്പത്തികപ്രയാസം മൂലം കുമാരന് കഴിഞ്ഞില്ല. ​ഗാന്ധിജിയുടെ ആരാധകനായ കുമാരൻ സ്വാതന്ത്ര്യസമരപരിപാടികൾക്കായി ദേശബന്ധു യൂത്ത് അസോസിയേഷൻ എന്നൊരു സംഘടനയ്ക്കും രൂപം നൽകി. 

1931 ഡിസംബറിൽ ലണ്ടനിൽ ചേർന്ന രണ്ടാം വട്ടമേശ സമ്മേളനം പരാജയമായിരുന്നു. ഇന്ത്യ ഉന്നയിച്ച ആവശ്യങ്ങളെല്ലാം ബ്രിട്ടൻ തിരസ്കരിച്ചു. കോൺ​ഗ്രസിന്റെ വ്യാപകമായ പ്രതിഷേധം... ബ്രിട്ടീഷുകാർ കടുത്ത അടിച്ചമർത്തൽ നടപടി ആരംഭിച്ചു. സമ്മേളനങ്ങളും ജാഥകളും പതാകകളും വിലക്കി. ലണ്ടനിൽ നിന്നും മടങ്ങുന്ന ​ഗാന്ധിജിയെ കാണാനെത്തിയ ജവഹർലാൽ നെഹ്റു അറസ്റ്റ് ചെയ്യപ്പെട്ടു. മടങ്ങിവന്ന ​ഗാന്ധി എല്ലാ മർദ്ദകനിയമങ്ങളും പിൻവലിച്ചില്ലെങ്കിൽ പ്രക്ഷോഭം എന്ന മുന്നറിയിപ്പ് നൽകി. 

ജനുവരി നാലിന് പുലർച്ചെ മൂന്നരമണിക്ക് ബോംബെയിൽ മഹാത്മാ ​ഗാന്ധി അറസ്റ്റിലായി. യെർവാദ ജയിലിലായിരുന്നു അദ്ദേഹം. ദിവസങ്ങൾക്കകം ദേശീയനേതാക്കളെല്ലാം ഇരുമ്പഴിക്കുള്ളിലായി. മെയ് എട്ടിന് ​ഗാന്ധി ജയിലിനുള്ളിൽ നിരാഹാരസമരം ആരംഭിച്ചു. അന്ന് വൈകുന്നേരം അദ്ദേഹത്തെ വിട്ടയച്ചു. ​ഗാന്ധിജി രണ്ടാം നിസ്സഹകരണ സമരം പ്രഖ്യാപിച്ചു. 

രാജ്യമാകെ പ്രതിഷേധം അലയടിച്ചു. തിരുപ്പൂരിൽ ത്യാ​ഗി പി.എസ് സുന്ദരത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നൂറുകണക്കിന് സമരഭടന്മാർ നിരോധിക്കപ്പെട്ട പതാകയുമേന്തി നടത്തിയ പ്രകടനത്തിന് നേരെ രൂക്ഷമായ ലാത്തിച്ചാർജ്ജ്. ജനം ചിതറിയോ‌ടി. പൊലീസും ഭടന്മാരും ഏറ്റുമുട്ടി. ന​ഗരം യുദ്ധക്കളമായി ഒട്ടേറെപ്പേർ കയ്യും കാലുമൊടിഞ്ഞ് ചോരയിൽ കുളിച്ച് നിലത്തുവീണു. ധാരാളം പേർക്ക് മാരകമായി പരിക്കേറ്റു. 

മണിക്കൂറുകൾക്കുശേഷം തെരുവോരത്ത് 27 വയസുള്ള ഒരു യുവാവ് ചലനമറ്റ് കിടന്നു. നിരോധിതമായ ത്രിവർണ്ണ പതാക അയാളപ്പോഴും നെഞ്ചോടടക്കിപ്പിടിച്ചിരുന്നു. ജീവൻ നഷ്ടമാകുമ്പോഴും അയാൾ കൊടി കൈവിട്ടിരുന്നില്ല. ആ രക്തസാക്ഷി കൊടികാത്ത കുമാരൻ എന്നറിയപ്പെട്ടു. ഇന്ന് തിരുപ്പൂരിലെ മുഖ്യപാത കുമാരൻ റോഡ് എന്നാണറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ 118 -ാം ജന്മദിനത്തിൽ ഈറോഡിലെ സമ്പത്ത് നഗർ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ത്യാഗി കുമരൻ റോഡ് എന്ന് പുനർനാമകരണം ചെയ്തു.


 

PREV
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?