കൊവിഡ് 19 ഭീതിക്കിടെ അമേരിക്കക്കാർ പലരും തോക്കുകൾ വാങ്ങിക്കൂട്ടുന്നു, കാരണം ഇതാണ്...

By Web TeamFirst Published Mar 17, 2020, 12:57 PM IST
Highlights

കൊവിഡ് 19 മഹാമാരിയെ നിയന്ത്രിക്കാൻ ട്രംപിന് കഴിയില്ലെന്നും,അടുത്ത യുദ്ധം വിശപ്പടക്കാനുള്ള ഭക്ഷണത്തിനുവേണ്ടിയായിരിക്കുമെന്നും അവർ ഭയക്കുന്നു. 

കൊറോണാ ഭീതിക്കാലത്ത് ലോകത്തിന്റെ പല ഭാഗങ്ങളിലായി ജനങ്ങൾ പലരീതിയിൽ പരിഭ്രാന്തി പ്രകടിപ്പിക്കുന്നുണ്ട്. നമ്മുടെ നാട്ടിൽ ക്യൂ പലചരക്കു കടകളിലാണ് എങ്കിൽ, ഹോങ്കോങ്ങിലും ഓസ്‌ട്രേലിയയിലും മറ്റും അത് ടോയ്‌ലെറ്റ് പേപ്പർ വാങ്ങാൻ വേണ്ടി ആയിരുന്നു. ചിലർ വാങ്ങിവെച്ചത് ആവശ്യമരുന്നുകളും, 'റെഡി റ്റു ഈറ്റ്' പാക്കേജ്ഡ് ഫുഡും പാലും മറ്റുമായിരുന്നു എങ്കിൽ, മറ്റുചിലർ വാങ്ങിക്കൂട്ടിയത് മദ്യവും എനർജി ഡ്രിങ്കുകളുമായിരുന്നു.

ഒരു സൂപ്പർമാർക്കറ്റിൽ നിന്ന് നാലഞ്ച് പെട്ടി കോണ്ടവും കൊണ്ട് ട്രോളിയിൽ പോകുന്ന ഒരാളുടെ ചിത്രവും അതിനിടെ വൈറലായിരുന്നു. അങ്ങനെ പലവിധത്തിലുള്ള 'പാനിക്' വാങ്ങിക്കൂട്ടൽ നമ്മൾ കണ്ടു. ഒരു പകർച്ചവ്യാധി ബാധിച്ച് ലോകം മരണത്തെ മുന്നിൽ കണ്ടുകൊണ്ടിരിക്കുന്ന വേളയിലും, പലർക്കും മുൻഗണനകൾ പലതാണ്. എന്നാൽ, അമേരിക്കയിൽ കഴിഞ്ഞ ദിവസം കണ്ട നീണ്ട വരി പക്ഷേ, ആരെയും ഒന്നിരുത്തിച്ചിന്തിപ്പിക്കും. അവർ ക്യൂ നിന്നത് തോക്കുകളും അവയ്ക്കു വേണ്ട വെടിത്തിരകളും വാങ്ങി സ്റ്റോക്കുചെയ്യാനാണ്. 
 

 

കാലിഫോർണിയയിലായിരുന്നു ഈ കാഴ്ച കാണാനിടയായത്. കൊറോണക്കാലത്ത് മനുഷ്യർക്ക് എന്തിനാണ് തോക്ക് എന്നാണോ? കൊവിഡ് 19 അമേരിക്കക്കാരുടെ മനസ്സിൽ അത്രയ്ക്ക് വലിയ ആശങ്കകളാണ് നിറച്ചിരിക്കുന്നത്. തങ്ങളുടെ ഭരണാധികാരികളിൽ അവർക്ക് വേണ്ടത്ര വിശ്വാസമില്ല. ട്രംപിനെക്കൊണ്ടോ അദ്ദേഹത്തിന്റെ ഭരണകൂടത്തെക്കൊണ്ടോ ഒന്നും ഈ മഹാമാരിയെ പിടിച്ചു നിർത്താനാവില്ല എന്നവർ കരുതുന്നു.

അവശ്യസാധനങ്ങൾ ആളുകൾ വൻതോതിൽ തങ്ങളുടെ വീടുകളിൽ സ്റ്റോക്ക് ചെയ്തു കഴിഞ്ഞാൽ അത് താമസിയാതെ വിപണിയിൽ അവയുടെ ലഭ്യത കുറയ്ക്കും. ഒടുവിൽ ആകെ ക്രമസമാധാന നില തകരുകയും, കഴിക്കാനുള്ള ഭക്ഷണം പോലും കിട്ടാതെ ഒടുവിൽ നഗരത്തിൽ കലാപങ്ങൾ വരെ ഉണ്ടാകുമെന്നും അവർ കരുതുന്നു. അങ്ങനെ വരുമ്പോൾ പിന്നെ ആളുകൾ വിശപ്പടക്കാൻ വേണ്ടി പരസ്പരം വീടുകേറി കൊള്ളയടിക്കാൻ വരെ തയ്യാറാകും. ആ സാഹചര്യത്തിൽ സ്വയരക്ഷയ്ക്കുവേണ്ടിയാണ് ആളുകൾ ആയുധങ്ങൾ വാങ്ങിക്കൂട്ടുന്നത്. 


കഴിഞ്ഞ 61 വർഷങ്ങൾക്കിടയിൽ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ രണ്ടാമത്തെ ചാകരയാണ് ഇപ്പോൾ തോക്കുകച്ചവടത്തിൽ കാണാൻ സാധിക്കുന്നത് എന്ന് നോർത്ത് കരോലിനയിലെ ഷെർലോട്ടിൽ തോക്കുകച്ചവടം നടത്തുന്ന 'ഹ്യാട്ട് ഗൺസ്' ഉടമ ലാറി ഹ്യാട്ട് പറയുന്നു. ആദ്യത്തേത് കണക്ടിക്കട്ടിലെ സ്‌കൂളിൽ നടന്ന വെടിവെപ്പിനെത്തുടർന്നുണ്ടായ തോക്കുവാങ്ങിക്കൂട്ടൽ ആയിരുന്നു എന്നദ്ദേഹം പറഞ്ഞു.  പണ്ടൊക്കെ, വേട്ടയ്ക്ക് ഉപയോഗിക്കുനതരം റൈഫിളുകൾക്കും കിടക്കയ്ക്കരികിലെ കപ്പ് ബോർഡിൽ സൂക്ഷിക്കാൻ പറ്റിയ തരത്തിലുള്ള കൈത്തോക്കുകൾക്കുമായിരുന്നു ഡിമാൻഡെങ്കിൽ, ഇന്ന് ഒന്നിച്ച് നിരവധി പേർക്കെതിരെ വെടിവെക്കാൻ പോന്ന AR -15 സെമി ഓട്ടോമാറ്റിക് അസാൾട്ട് റൈഫിളുകൾക്കാണ് ആവശ്യക്കാർ കൂടുതൽ. കൊവിഡ് 19 ഭീഷണി ഉയർന്ന ശേഷമാണ് തോക്കുവില്പന ഇത്രയധികം ഏറിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 
 


 
ഇങ്ങനെ ഒരു തത്വദീക്ഷയും കൂടാതെ മാരകമായ തോക്കുകൾ വീടുകളിൽ സൂക്ഷിക്കുന്നത് അവ കുട്ടികളുടെ കയ്യിൽ എത്തിപ്പെടാനും അതുവഴി അവരുടെയും മറ്റുള്ളവരുടെയും മരണത്തിനു കാരണമാകാനും ഇടയുണ്ട് എന്ന് ആന്റി ഗൺ ആക്ടിവിസ്റ്റുകൾ ഭയക്കുന്നു. അമേരിക്കയിൽ കാറപകടങ്ങൾ കഴിഞ്ഞാൽ ഏറ്റവും അധികം കുഞ്ഞുങ്ങളുടെ മരണത്തിന് ഇടയാക്കുന്നത് തോക്കുകൾ കൊണ്ടുണ്ടാകുന്ന അപകടങ്ങളും, കൊലപാതകങ്ങളുമാണ്. 

click me!