രാഷ്ട്രത്തലവന്മാരിൽ പലരും കൊവിഡ് മഹാമാരിയെ യുദ്ധത്തോടുപമിക്കുന്നത് എന്തുദ്ദേശിച്ചാണ് ?

By Web TeamFirst Published Apr 11, 2020, 4:07 PM IST
Highlights

 കൊവിഡ് 19 ഒരു യുദ്ധമാണെങ്കിൽ, ആരോഗ്യപ്രവർത്തകർ ഈ യുദ്ധത്തിലെ മുന്നണിപ്പോരാളികളാണ്. നാട്ടിലെ പോലീസ് ആണെങ്കിൽ അവരുടെ നിർദേശങ്ങൾ ലംഘിക്കുന്ന നാട്ടുകാരെ ശത്രുരാജ്യത്തിലെ സൈനികരെപ്പോലെയാണ് ഓടിച്ചിട്ടടിക്കുന്നത്. 

ഒന്നിനുപിന്നാലെ ഒന്നായി ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള പല രാജ്യങ്ങളുടെയും ഭരണാധികാരികൾ കൊവിഡ് 19 -നെ യുദ്ധത്തോടാണ് ഉപമിച്ചുകൊണ്ടിരിക്കുന്നത്. മഹാമാരിയോടുള്ള 'പോരാട്ട'ത്തിൽ രാഷ്ട്രത്തോടൊപ്പം ഒറ്റക്കെട്ടായി നിന്നു സഹകരിക്കണം എന്നതാണ് അവരുടെ ആഹ്വാനം. കൊവിഡ് 19 ഒരു യുദ്ധമാണെങ്കിൽ, ആരോഗ്യപ്രവർത്തകർ ഈ യുദ്ധത്തിലെ മുന്നണിപ്പോരാളികളാണ്. നാട്ടിലെ പോലീസ് ആണെങ്കിൽ അവരുടെ നിർദേശങ്ങൾ ലംഘിക്കുന്ന നാട്ടുകാരെ ശത്രുരാജ്യത്തിലെ സൈനികരെപ്പോലെയാണ് ഓടിച്ചിട്ടടിക്കുന്നത്. 

ഇതാദ്യമായല്ല ഇങ്ങനെ ഒരു മഹാമാരിയെ യുദ്ധവുമായി ഉപമിക്കുന്നത്. ഇതിനു മുമ്പ് ഏതാണ്ട് ഒരു നൂറ്റാണ്ടുകാലം മുമ്പ് ഈ ലോകത്തെ ആവേശിച്ച സ്പാനിഷ് ഫ്ലൂ കാലത്തും ഇങ്ങനെ തന്നെയായിരുന്നു. ഒന്നാം ലോകമഹായുദ്ധം അവസാനിച്ച പാടെയാണ് ഈ മഹാമാരിയുടെ അഴിഞ്ഞാട്ടം തുടങ്ങുന്നത്. കൊവിഡ് 19 -ൽ ഇന്നുവരെ മരിച്ചത് ഒരു ലക്ഷത്തിൽ പരം പേർ മാത്രമാണ് എങ്കിൽ സ്പാനിഷ് ഫ്ലൂ ജീവനെടുത്തത് ഏറ്റവും ചുരുങ്ങിയത് അഞ്ചു കോടിയോളം പേരുടെയാണ്. അന്ന് ഏറ്റവുമധികം മരിച്ചത് സൈനികരാണ് എന്നതിനാലാകും അക്കാലത്ത് മഹാമാരിയോടുള്ള പോരാട്ടത്തെ യുദ്ധം എന്നുതന്നെ വിളിച്ചത്. മാത്രവുമല്ല അന്ന് ലോകത്തിലെ പല രാജ്യങ്ങളിലും ജനാധിപത്യ ഭരണ സംവിധാനങ്ങൾക്ക് പകരം സൈനിക ഭരണമായിരുന്നു നിലനിന്നിരുന്നത്. അതുകൊണ്ടുതന്നെ അസുഖത്തെ നേരിടാൻ വേണ്ടി പ്രഖ്യാപിക്കപ്പെട്ട നിയന്ത്രണങ്ങൾക്ക് കടുപ്പം ഏറെയായിരുന്നു. അവ ലംഘിച്ച നിരവധി പേർക്ക് ലംഘനത്തിന്റെ പേരിൽ പോലും ജീവൻ നഷ്ടപെടുന്ന സാഹചര്യമുണ്ടായി. അതിതീവ്ര ദേശീയതാവാദം കൊടികുത്തിവാണിരുന്ന അക്കാലത്ത് മനുഷ്യരുടെ അടിസ്ഥാനപരമായ പൗരാവകാശങ്ങൾ അതിലംഘിക്കപ്പെട്ടു എന്നുതന്നെയാണ് ചരിത്രം പറയുന്നത്. 

 

 

ഇത്തവണ, രാജ്യങ്ങളിൽ പലതും പതിറ്റാണ്ടുകളുടെ സംഘർഷഭരിതമായ സമരങ്ങളിലൂടെ നേടിയെടുത്ത ജനാധിപത്യത്തിന്റെ കരുത്തലിലാണ്. പൗരന്മാർക്ക് തങ്ങളുടെ മൗലികാവകാശങ്ങൾ ഇപ്പോഴും ഏറെക്കുറെ നിലനിർത്തപ്പെട്ടു കിട്ടുന്നുമുണ്ട്. എന്നാൽ, ജനാധിപത്യത്തിന്റെ ഭാവഗീതങ്ങൾ പാടിക്കൊണ്ട് ഒന്നോ രണ്ടോ പതിറ്റാണ്ടു കാലം മുമ്പ് ഭരണത്തിലേറിയ പല നേതാക്കളും, ഉദാ. തൊണ്ണൂറുകളുടെ തുടക്കത്തിൽ ഹംഗറിക്ക് ജനാധിപത്യത്തെ പരിചയപ്പെടുത്തിയ വിക്ടർ ഓർബൻ എന്ന യുവാവ്, ഈ മഹാമാരിക്കാലത്തെ ജനങ്ങളുടെ ആശങ്കകളെ തന്റെ അധികാരത്തെ എന്നെന്നേക്കുമായി അരക്കിട്ടുറപ്പിക്കാൻ വേണ്ടി ഭരണഘടനയെയും, നിയമങ്ങളെയും മാറ്റിയെഴുതാനുള്ള അവസരമാക്കി മാറ്റുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. 

ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ മാർച്ച് 17 -ന് മാധ്യമങ്ങളോട് പറഞ്ഞത് ഫ്രാൻസ് കൊറോണാവൈറസുമായുള്ള യുദ്ധത്തിലാണ് എന്നായിരുന്നു. മുനിസിപ്പൽ തെരഞ്ഞെടുപ്പുകൾ റദ്ദാക്കിക്കൊണ്ട് ഉത്തരവിട്ട അദ്ദേഹം നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടികൾ ഉണ്ടാകുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളും രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൌൺ പ്രഖ്യാപിച്ച് പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യത്തെ വരെ നിയന്ത്രിച്ചുകൊണ്ടുള്ള നടപടികളാണ് പ്രഖ്യാപിച്ചത്. ഇന്ത്യയിൽ ലോക്ക് ടൗണിനു പുറമെ 1897 -ലെ എപ്പിഡമിക് ഡിസീസസ് ആക്റ്റിനെ പരിഷ്കരിച്ച് സംസ്ഥാനത്തിനും കേന്ദ്രത്തിനും ഒക്കെ അഭൂതപൂർവമായ അധികാരങ്ങൾ ലഭ്യമാക്കാനാണ് ശ്രമങ്ങൾ നടക്കുന്നത്.  അമേരിക്കൻ പ്രസിഡന്റ് ട്രംപ് അവനവനെത്തന്നെ വിശേഷിപ്പിച്ചത്, " ചൈനീസ് വൈറസുമായി പോരാടുന്ന രാജ്യത്തിന്റെ യുദ്ധകാല പ്രസിഡണ്ടാണ് " താൻ എന്നായിരുന്നു. 

 

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെങ്കിൽ ഒരു പടികൂടി കടന്നു കൊണ്ട്, ഇന്ത്യൻ ഇതിഹാസങ്ങളിലെ ഏറ്റവും അക്രമാസക്തമായ യുദ്ധങ്ങളിൽ ഒന്നായ കുരുക്ഷേത്രയുദ്ധത്തോടാണ് കൊവിഡിനെതിരായ പോരാട്ടത്തെ ഉപമിച്ചത്. കുരുക്ഷേത്ര ഭൂമിയിൽ പാണ്ഡവർക്ക് യുദ്ധം ചെയ്യേണ്ടിവന്നത് സ്വന്തം ബന്ധുക്കൾക്ക് നേരെക്കൂടിയായിരുന്നു എന്നത് ഈ ഉപമയുടെ പ്രസക്തിയേറുന്നു. 

ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങും കൊവിഡിനെതിരായുള്ള യുദ്ധം 'പീപ്പിൾസ് വാർ' ആണെന്നാണ് പ്രഖ്യാപിച്ചത്. ഈ മഹാമാരിയുടെ പ്രഭവകേന്ദ്രം എന്നനിലയിൽ ചൈനയ്ക്ക് ലോകത്തിലെ മറ്റുള്ള രാജ്യങ്ങൾ അനുഭവിക്കുന്ന കെടുതികളുടെ ഉത്തരവാദിത്തത്തിൽ നിന്ന് അവനവനെ മാറ്റിനിർത്തുക എന്നൊരു അധിക ജോലി കൂടിയുണ്ട്. അതിനൊത്ത ദേശീയതാവാദത്തിൽ അവർ ഏർപ്പെടുന്നുമുണ്ട്. 

സുശക്തമായനേതൃത്വം, കടുത്ത നിയന്ത്രണങ്ങൾ എന്നിവയുടെ ആവശ്യം. അത് മുന്നിൽ കണ്ടുകൊണ്ട് കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുമ്പോൾ പൗരന്മാർക്ക് ത്യാഗങ്ങൾ സഹിക്കേണ്ടിവന്നാലും അതിനു തയ്യാറാകണം എന്നുള്ള ഓർമ്മപ്പെടുത്തൽ ഇതൊക്കെ ഈ യുദ്ധവുമായുള്ള താരതമ്യത്തിനുള്ള പ്രേരണയാണ്. രാജ്യം യുദ്ധത്തെ കണ്മുന്നിൽ കാണുമ്പോഴാണോ നിങ്ങൾ ചില്ലറക്കാര്യങ്ങളും പറഞ്ഞുകൊണ്ട് വരുന്നത് എന്നുള്ള ചോദ്യമാണത്. 

യുദ്ധം എന്നുതന്നെ കൊവിഡ് ബാധയെ വിളിക്കണോ എന്നതും പ്രസക്തമായ ഒരു ചോദ്യമാണ്. ഡെന്മാർക്കിലെ രാജ്ഞി കൊറോണവൈറസിനെ വിശേഷിപ്പിച്ചത്, " വിളിക്കാതെ കയറിവന്ന അപകടകാരിയായ അതിഥി' എന്നാണ്. ലോകാരോഗ്യ സംഘടനാ ഉപയോഗിച്ച ഉപമ ഒരു സോക്കർ മത്സരത്തിന്റേതാണ്. യുദ്ധത്തോട് ഈ മഹാമാരിയെ ഉപമിക്കുന്നത്, യുദ്ധകാലത്തുണ്ടാകുന്ന ദേശീയതയിലൂന്നിയ ഒത്തൊരുമ, ഐക്യം അത് ജനങ്ങളിൽ ഉണ്ടാക്കിയെടുക്കാൻ വേണ്ടിയാകണം. എന്നാൽ, യുദ്ധത്തിന്റെ സ്പിരിറ്റിൽ അത്തരത്തിലുള്ള ആഹ്വാനങ്ങൾ ചൈനക്കാർക്കും, ന്യൂനപക്ഷത്തിനും ഒക്കെ എതിരായുള്ള വംശീയ വിദ്വേഷത്തിന് തിരികൊളുത്തുന്ന ഒന്നായി മാറരുത്.

click me!