എന്നും ഒരേ പാത്രങ്ങള്‍, ഒരേ തീ, ഒരേ അടുക്കള; പെണ്ണുങ്ങള്‍ക്ക് മടുക്കുന്നില്ലേ?

By Chilla Lit SpaceFirst Published Jan 23, 2023, 3:23 PM IST
Highlights

പെണ്ണുങ്ങളോട് അധികമായി കൂട്ടുകൂടാന്‍ ഇഷ്ടമുള്ള ആളാണ് നമ്മുടെ ഈ മായാവി. നിശ്ശബ്ദത നിറഞ്ഞു നില്‍ക്കുന്ന രാത്രി കഴിഞ്ഞ് രാവിലെ അടുക്കളയില്‍ ആ നിശ്ശബ്ദത ഒഴിവാക്കാന്‍ വരുന്ന സ്ത്രീകളോടാണ് മായാവിക്ക് ശരിക്കും ഇഷ്ടം. 

പാചകം അറിയാത്ത ആളുകളോടാണ്, നിങ്ങള്‍ക്ക് ഒരു കാര്യം അറിയോ, എന്തോ ഒരു അദൃശ്യ ശക്തി ഉണ്ട് അടുക്കളയില്‍. ഉണ്ടെന്നേ... ഞാന്‍ കണ്ടതാ, ഈ മായാവി ചുമ്മാ ഒരു ആളൊന്നും അല്ല. അടുക്കളയില്‍ എത്തിയാലുടന്‍ ഈ മായാവി നമ്മുടെ ശരീരത്തു കൂടും. നിങ്ങള്‍ ശ്രദ്ധിക്കാഞ്ഞിട്ടാണ്, നിങ്ങടെ വീട്ടിലും കാണും അവന്‍. ഇത്ര ഉറപ്പിച്ചു പറയുന്നത് എന്താണെന്നോ...? ഞാന്‍ ആ മായാവിയോട് സംസാരിച്ചു. അന്നേരമാണ് അറിഞ്ഞത് പല അടുക്കളയിലും ഈ മായാവിയുടെ കൂട്ടുകാര്‍ ഉണ്ട്!

ദൈവമേ ഇനി എങ്ങനെ അടുക്കളയില്‍ കയറും എന്ന് ചിലരൊക്കെ ഓര്‍ത്തു കാണും ഇപ്പോള്‍. മായാവി അല്ല, അടുക്കളയില്‍ കൊടും ഭീകരപ്രേതം വന്നാലും നാളെ ഞാന്‍ അടുക്കളയില്‍ പോകും എന്ന് പറയുന്ന ചിലരും ഉണ്ട്.

ഇനി പറയട്ടെ, ഈ മായാവിയുടെ കുറച്ചു രഹസ്യങ്ങള്‍. പെണ്ണുങ്ങളോട് അധികമായി കൂട്ടുകൂടാന്‍ ഇഷ്ടമുള്ള ആളാണ് നമ്മുടെ ഈ മായാവി. നിശ്ശബ്ദത നിറഞ്ഞു നില്‍ക്കുന്ന രാത്രി കഴിഞ്ഞ് രാവിലെ അടുക്കളയില്‍ ആ നിശ്ശബ്ദത ഒഴിവാക്കാന്‍ വരുന്ന സ്ത്രീകളോടാണ് മായാവിക്ക് ശരിക്കും ഇഷ്ടം. കാരണം അടുക്കളയിലെ സ്ത്രീയും ഒറ്റയ്ക്കാണല്ലോ.

ഒറ്റയ്ക്ക് സംസാരിക്കുന്ന സ്ത്രീകളെ ശരിക്കും എല്ലാ വീട്ടിലും കാണാം. ഒറ്റയ്ക്ക് ആണെങ്കിലും അവര്‍ ഉണ്ടാക്കി വരുന്ന വിഭവങ്ങള്‍ എന്തൊരു രുചിയാണ്! ഇന്നലെ കഴിച്ച വിഭവം അല്ല ഇന്ന്, ഇന്നത്തെ വിഭവം അല്ല നാളെ, രാവിലത്തെ വിഭവം അല്ല ഉച്ചയ്ക്ക്, ഉച്ചയ്ക്കത്തെ വിഭവങ്ങള്‍ അല്ല വൈകിട്ട്! എങ്ങനെ ഒരേ അടുക്കളയില്‍ നിന്നുകൊണ്ട് ഇങ്ങനെ ഒരു മാജിക് ചെയ്യാന്‍ സാധിക്കുന്നു!

 

കൂടുതല്‍ വായിക്കാന്‍: നമ്മുടെ മല്ലിയില അവര്‍ക്ക് പിശാചിന്റെ സസ്യം, മല്ലിയില വിരോധികള്‍ക്കായി ഒരു ദിവസവും!

 

എങ്ങനെയാണ് അടുക്കളയില്‍ ബോറടിക്കാതെ ഇങ്ങനെ ഇരിക്കുന്നത്? അദൃശ്യ ശക്തിയല്ലാതെ മറ്റെന്താവും അതിനു കാരണം. ഒരേ പാത്രം, ഒരേ സ്ഥലം, ഒത്തിരി പണികള്‍, എന്നും മാറ്റമില്ലാത്ത ജീവിതാവസ്ഥകള്‍.

ഒരു മണിക്കൂര്‍ ഒരേ കാര്യം ചെയ്താല്‍, ഒരേ സ്ഥലത്തു ഇരുന്നാല്‍, ബോറടിക്കുന്ന മനുഷ്യര്‍ ഒരു ജന്മം മുഴുവന്‍ ഒരേ അടുക്കളയില്‍ ഇരിക്കുന്ന പെണ്ണിനെ എന്ത് പറയും?

അപ്പോ തന്നെ ഉറപ്പാണല്ലോ, എന്തോ അതിലുണ്ട്. അതാണ് ഞാനാദ്യം പറഞ്ഞ മായാവി. എന്നും ബോര്‍ അടിക്കാതെ മിണ്ടാന്‍, അല്ലെങ്കില്‍ അടുക്കളയില്‍ മണിക്കൂറുകളോളം നില്‍ക്കുമ്പോള്‍ കൂടെ നില്‍ക്കാന്‍ ഒരദൃശ്യ ശക്തി.

അവളും അവളുടെ അടുക്കളയും എന്നും ഒറ്റയ്ക്കാണ്. സത്യം പറഞ്ഞാല്‍ ആ മായാവി ഒരു മിത്താണ്. അങ്ങനെയൊന്നില്ല. ഉള്ളത് അവളുടെ മനസിലെ സ്‌നേഹം ആണ്. അതാണ് ആ മായാവി. ആ സ്‌നേഹം ആണ് അവളെ ബോര്‍ അടിപ്പിക്കാത്തത്. ആ സ്‌നേഹം തന്നെ ആണ് അവളെ രുചികരമായ വിഭവങ്ങള്‍ തയാറാക്കാന്‍ പ്രേരിപ്പിക്കുന്നത്. അടുക്കളയിലെ പണികളിലൂടെ ഒരു മായാവി ആയി മാറുന്നത് പെണ്ണ് തന്നെ ആണ്. ഒന്നും പറയാതെ മറ്റുള്ളവര്‍ക്ക് വേണ്ടി മുഴുവന്‍ സമയവും ചിലവഴിക്കാനും ഉള്ള എല്ലാ പണികളും ഒരു മടി ഇല്ലാതെ ചെയ്യാനും കാണിക്കുന്ന ആ മനസ്സ് ചെറുതല്ല അത് മാത്രം ഓര്‍ത്താല്‍ അടുക്കളയിലെ ആ മായാവിയായ പെണ്ണിനെ സ്‌നേഹിച്ചു പോകും, അറിയാതെ.

മറ്റേതൊരു കഴിവും പോലെ തന്നെ വളരെ വലിയൊരു കഴിവ് തന്നെ ആണ് അടുക്കളയില്‍ പാകം ചെയ്തു വരുന്ന സ്‌നേഹനനവുള്ള വിഭവങ്ങള്‍. വിഷമം വന്നാല്‍ എന്തേലും എടുത്തു കഴിച്ചാല്‍ മതി എന്ന് പറയുന്നവരെയും നമ്മള്‍ കാണാറുണ്ട്. എന്ത് വിഷമം വന്നാലും എന്തേലും ഉണ്ടാക്കി വിഷമം മാറ്റാന്‍ തോന്നുന്ന ഒരാള്‍ ഉള്ളത് കൊണ്ടാണ് മറ്റൊരാളുടെ വിഷമം മാറുന്നത്.

ഉപ്പുഭരണി മുതല്‍ കഞ്ഞിക്കലം വരെ മായാവി ഉണ്ട് എന്ന് വിശ്വസിച്ചു അവരോടൊക്കെ സംസാരിച്ചു കൂട്ടുകൂടി ജീവിക്കുന്ന ഒരു വീട് ഉണ്ടെങ്കില്‍ അവിടെ ആരും പട്ടിണി കിടക്കില്ല.  ഒന്നാലോചിച്ചാല്‍ പെണ്ണ് എങ്ങനെ ആണ് ഒറ്റയ്ക്കു ആകുന്നത്. ഇത്രേം പാത്രങ്ങള്‍ മിണ്ടികൊണ്ടിരിക്കുകയല്ലേ, അതാകും അവള്‍ക്ക് അടുക്കള ഒരിക്കലും ബോറടിക്കാത്തത്.

click me!