പ്രമുഖ നടന്‍ ഷോണ്‍ പെന്നിനെ റഷ്യ വെറുക്കുന്നത് വെറുതെയല്ല, അതിനു കാരണമുണ്ട്!

By P R VandanaFirst Published Nov 10, 2022, 6:26 PM IST
Highlights

മേഖലയിലെ പ്രശ്‌നങ്ങള്‍ ചിത്രീകരിക്കുന്ന ഡോക്യുമെന്ററിയുടെ നിര്‍മാണത്തിനാണ് പെന്‍ അന്ന് അവിടെ എത്തിയത്. പിന്നെ നിരവധി അഭയാര്‍ത്ഥികളോടൊപ്പം നടന്ന് പോളണ്ടിലെത്തിയാണ് പെന്നും കൂട്ടരും സ്വരാജ്യത്തേക്ക് പോയത്.

യുക്രൈയ്‌ന് നിര്‍ലോഭമായി നല്‍കുന്ന പിന്തുണക്കും ആഗോള തലത്തില്‍ യുക്രൈ‌ന്റെ വാദം ഉയര്‍ത്തിക്കാട്ടുന്നതിന് നല്‍കുന്ന സംഭാവനകള്‍ക്കും സെലെന്‍സ്‌കി പെന്നിനോട് നന്ദിയും പറയുന്നുണ്ട്. തന്റെ രാജ്യത്തിന്റെ വിജയത്തില്‍ വിശ്വസിക്കുന്നതിന്റെ പ്രതീകമായി പെന്‍ സമ്മാനിച്ച ഓസ്‌കര്‍ യുദ്ധത്തിന്റെ അന്ത്യം വരെ സൂക്ഷിക്കുമെന്നും സെലെന്‍സ്‌കി കൂട്ടിച്ചേര്‍ക്കുന്നു.

 

 

''എനിക്ക് അറിയാം, ഇതൊരു ചെറിയ കാര്യമാണെന്ന്. പ്രതീകാത്മകമായ ഒരു ചെറിയ നടപടിയാണെന്ന്. എന്നാലും ഇത് ഇവിടെ ഇരിക്കട്ടെ. അത് എനിക്ക് ഒരു സമാധാനമാണ്. സന്തോഷമാണ്. ഇത് ഇവിടെ താങ്കള്‍ക്കൊപ്പം ഇരിക്കുമ്പോള്‍ എനിക്ക് പോരാടാന്‍ കൂടുതല്‍ ശക്തി കിട്ടും.  യുദ്ധം ജയിക്കുമ്പോള്‍ ജേതാവ് ആകുമ്പോള്‍ മാലിബുവിലേക്ക് ഇതും കൊണ്ടു വരൂ''

തനിക്ക് കിട്ടിയ രണ്ട് ഓസ്‌കറില്‍ ഒന്ന് യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കിക്ക് സമ്മാനിച്ച് പ്രശസ്ത നടന്‍ ഷോണ്‍ പെന്‍ പറഞ്ഞ വാക്കുകള്‍. സെലെന്‍സ്‌കി തന്നെ സാമൂഹിക മാധ്യമങ്ങളില്‍ ഷോണ്‍ പെന്‍ ഓസ്‌കര്‍ കൈമാറുന്ന വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഇതിന് പിന്നാലെ സെലെന്‍സ്‌കി പെന്നിന് യുക്രൈയ്ന്‍ ഓര്‍ഡര്‍ ഓഫ് മെറിറ്റ് സമ്മാനിക്കുന്നുണ്ട്. പിന്നെ രണ്ടു പേരും കീവിലെ തെരുവുകളിലൂടെ നടക്കുന്നതും പെന്നിന് അഭിവാദ്യം അര്‍പ്പിക്കുന്ന ഫലകത്തിന്റെ അടുത്ത് നിന്ന് വര്‍ത്തമാനം പറയുന്നതും ദൃശ്യങ്ങളിലുണ്ട്. 

യുക്രൈയ്‌ന് നിര്‍ലോഭമായി നല്‍കുന്ന പിന്തുണക്കും ആഗോള തലത്തില്‍ യുക്രൈ‌ന്റെ വാദം ഉയര്‍ത്തിക്കാട്ടുന്നതിന് നല്‍കുന്ന സംഭാവനകള്‍ക്കും സെലെന്‍സ്‌കി പെന്നിനോട് നന്ദിയും പറയുന്നുണ്ട്. തന്റെ രാജ്യത്തിന്റെ വിജയത്തില്‍ വിശ്വസിക്കുന്നതിന്റെ പ്രതീകമായി പെന്‍ സമ്മാനിച്ച ഓസ്‌കര്‍ യുദ്ധത്തിന്റെ അന്ത്യം വരെ സൂക്ഷിക്കുമെന്നും സെലെന്‍സ്‌കി കൂട്ടിച്ചേര്‍ക്കുന്നു. വീഡിയോ തരംഗമാണ്. അന്താരാഷ്ട്ര തലത്തില്‍ വലിയ വാര്‍ത്തയാണ്.   

റഷ്യയുടെ പട്ടാളം യുക്രൈനിലേക്ക് നീങ്ങിയ ഫെബ്രുവരിയില്‍ ഷോണ്‍ പെന്‍ കീവില്‍ ഉണ്ടായിരുന്നു. 'അധിനിവേശത്തിന് തൊട്ടുമുമ്പും അധിനിവേശം തുടങ്ങുന്ന അന്നും ഞാന്‍ സെലെന്‍സ്‌കിയെ കണ്ടിരുന്നു. ഈ അടിയന്തിര സാഹചര്യം നേരിടുക എന്നതായിരുന്നോ സെലെന്‍സ്‌കിയുടെ ജന്മലക്ഷ്യം എന്ന് എനിക്ക് അറിയില്ല. പക്ഷെ ഒന്ന് എനിക്ക് അറിയാം. ധൈര്യം, അന്തസ്സ്, സ്‌നേഹം, രാജ്യത്തോടുള്ള പ്രതിബദ്ധത...ഈ ഗുണങ്ങള്‍ക്ക് ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. രാജ്യത്തെ ഒറ്റക്കെട്ടായി നിര്‍ത്തുന്ന അദ്ദേഹത്തിന്റെ നേതൃഗുണം ഞാന്‍ ആദരിക്കുന്നു. അതേ സമയം അദ്ദേഹത്തിന്റെയും യുക്രൈയ്‌ന്റെയും സാഹചര്യം ഓര്‍ത്ത് ഞാന്‍ ഭയപ്പെടുകയും ചെയ്യുന്നു'.-അന്നത്തെ ദിവസങ്ങളെ പറ്റി പെന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്. 

 

 

മേഖലയിലെ പ്രശ്‌നങ്ങള്‍ ചിത്രീകരിക്കുന്ന ഡോക്യുമെന്ററിയുടെ നിര്‍മാണത്തിനാണ് പെന്‍ അന്ന് അവിടെ എത്തിയത്. പിന്നെ നിരവധി അഭയാര്‍ത്ഥികളോടൊപ്പം നടന്ന് പോളണ്ടിലെത്തിയാണ് പെന്നും കൂട്ടരും സ്വരാജ്യത്തേക്ക് പോയത്. അന്നു തൊട്ട് ഇന്നുവരെ യുക്രൈയ്‌ന് വേണ്ടിയും സെലെന്‍സ്‌കിക്ക് വേണ്ടിയും പെന്‍ സംസാരിക്കുന്നു. വാദിക്കുന്നു. പ്രചാരണം നടത്തുന്നു. പോരാട്ടത്തില്‍ യുക്രൈയ്‌നെ തനിച്ചാക്കിയാല്‍ അമേരിക്കയുടെ ആത്മാവ് നഷ്ടപ്പെട്ടു എന്നാണ് അര്‍ത്ഥമെന്ന് പെന്‍ ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു. റഷ്യന്‍ അധിനിവേശത്തിന് എതിരെ പോരാടുന്ന യുക്രൈയ്‌നോട് പൊതുവേദികളിലും ഷോണ്‍ പെന്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നുണ്ട്. 

ഓസ്‌കര്‍ വേദിയില്‍ സെലെന്‍സ്‌കിക്ക് സംസാരിക്കാന്‍ അക്കാദമി അവസരം നല്‍കിയില്ലെങ്കില്‍ തന്റെ ഓസ്‌കറുകള്‍ പരസ്യമായി ഉരുക്കുമെന്ന് പ്രഖ്യാപിച്ച ആളാണ് പെന്‍. എന്തായാലും ഓസ്‌കര്‍ വേദിയില്‍ എത്തിയില്ലെങ്കിലും ഗ്രാമി പുരസ്‌കാര വേദിയില്‍ യുക്രൈയ്‌ന് പിന്തുണ തേടിയുള്ള സെലെന്‍സ്‌കിയുടെ സന്ദേശം മുഴങ്ങിയിരുന്നു. സെപ്തംബറില്‍ റഷ്യ വിലക്കിയ അമേരിക്കക്കാരുടെ പട്ടികയില്‍ പെന്‍ ഇടംപിടിക്കുകയും ചെയ്തു. ഹിലരി ക്ലിന്റനെയും മോര്‍ഗന്‍ ഫ്രീമാനെയും  പോലുള്ള പ്രമുഖര്‍ കൂടെയുണ്ട്. 

2003-ല്‍ മിസ്റ്റിക് റിവര്‍ എന്ന സിനിമയിലേയും 2008-ല്‍ മില്‍ക്ക് എന്ന സിനിമയിലേയും പ്രകടനത്തിനാണ് പെന്‍ ഓസ്‌കര്‍ നേടിയത്. വിവിധ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുന്ന ആളാണ് പെന്‍. 


 

click me!