നമ്മുടെ മല്ലിയില അവര്‍ക്ക് പിശാചിന്റെ സസ്യം, മല്ലിയില വിരോധികള്‍ക്കായി ഒരു ദിവസവും!

By Web TeamFirst Published Jan 21, 2023, 6:35 PM IST
Highlights

മല്ലിയിലയെ ഭയക്കുന്നവര്‍. മല്ലിയിലയെ വെറുക്കുന്നവര്‍. അതിനായി ഒരു ദിനവും!
 

നമ്മുടെ ഭക്ഷണപദാര്‍ത്ഥങ്ങളിലെ ഒഴിച്ചുകൂടാന്‍ ആകാത്ത ഒരു ഘടകമായി മല്ലിയില മാറിക്കഴിഞ്ഞു. പാചകം ചെയ്യുന്ന ഭക്ഷണത്തിനുള്ളില്‍ മാത്രമല്ല വെറുതെ പോലും മല്ലിയില തിന്നാന്‍ ഇഷ്ടപ്പെടുന്നവര്‍ നമുക്കിടയിലുണ്ട്. വളരെയധികം ഔഷധഗുണമുള്ള ഒരു സസ്യമായാണ് നാം മല്ലിയിലയെ കാണുന്നത്. അതുകൊണ്ടുതന്നെയാണ് ഇന്ത്യക്കാരുടെ തീന്‍മേശകളില്‍ മല്ലിയിലയ്ക്ക് ഇത്രയധികം സ്ഥാനവും. 

എന്നാല്‍ ഇതിനൊരു മറുവശം ഉണ്ട്. മല്ലിയില നമ്മള്‍ ഇന്ത്യക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണെങ്കില്‍ വിദേശികള്‍ക്ക് അങ്ങനെയല്ല. പ്രത്യേകിച്ച് യൂറോപ്യന്മാര്‍ക്ക്. മല്ലിയിലയുടെ രുചിയിലുള്ള വ്യത്യാസം തന്നെയാണ് വിദേശരാജ്യങ്ങളില്‍ ഉള്ളവര്‍ മല്ലിയിലയെ വെറുക്കാന്‍ പ്രധാന കാരണം. എല്ലാവര്‍ക്കും അത്ര വേഗത്തില്‍ ഇഷ്ടപ്പെടുന്ന രുചിയല്ല മല്ലിയിലയുടേത് എന്നത് ഒരു സത്യം തന്നെ.  മല്ലിയിലയോടുള്ള ഈ ഇഷ്ടക്കേട് കാരണം മല്ലിയിലയെ വെറുക്കുന്നവര്‍ക്ക് ഒത്തുചേരാനും അവരുടെ എതിര്‍പ്പ് പ്രകടിപ്പിക്കാനും ആയി അന്താരാഷ്ട്ര തലത്തില്‍ ഒരു ദിനം തന്നെയുണ്ട്.

ഫെബ്രുവരി 24 ആണ് ഐ ഹേറ്റ് കൊറിയാന്‍ഡര്‍ ഡേ എന്ന പേരില്‍ മല്ലിയിലയെ വെറുക്കുന്നവര്‍ക്കായുള്ള ദിനം. ഈ ദിനത്തില്‍ മല്ലിയില ഇഷ്ടമില്ലാത്ത ആളുകള്‍ ഒത്തുചേരുകയും ഈ സസ്യത്തോടുള്ള തങ്ങളുടെ വിയോജിപ്പ് അറിയിക്കുകയും ചെയ്യുന്നു. മല്ലിയില ഉപയോഗിച്ച് ഭക്ഷണങ്ങള്‍ ഉണ്ടാക്കുന്ന റസ്റ്റോറന്റുകള്‍ നിര്‍ബന്ധമായും തങ്ങളുടെ മെനുവില്‍ അത് ഉള്‍പ്പെടുത്തിയിരിക്കണം എന്നാണ് ഈ കൂട്ടായ്മയില്‍ പെട്ടവരുടെ പ്രധാന ആവശ്യം. അത് ഭക്ഷണം കഴിക്കാന്‍ വരുന്നവരുടെ അവകാശമാണെന്നും ഇവര്‍ പറയുന്നു.

ചില ആളുകള്‍ക്ക് മല്ലിയില രുചിച്ചു നോക്കുമ്പോള്‍ സോപ്പിന് സമാനമായ രീതിയിലുള്ള ഒരു രുചി അനുഭവപ്പെടുന്നതാണ് ഈ സസ്യത്തോട് ഇത്രയേറെ എതിര്‍പ്പ് ഉണ്ടാകാന്‍ കാരണം. എന്നാല്‍ എല്ലാവര്‍ക്കും ഇത്തരത്തിലുള്ള രുചി അനുഭവപ്പെട്ടു കൊള്ളണമെന്നില്ല. നാവിലെ  രുചി മൂകുളങ്ങളില്‍'സോപ്പി' OR6A2  ജീന്‍ ഘടകമുള്ള ആളുകള്‍ക്ക് ഈ സോപ്പിന്റെ രുചി വേഗത്തില്‍ തിരിച്ചറിയാന്‍ സാധിക്കും എന്നാണ് പറയുന്നത്. 

എന്നാല്‍ എല്ലാവര്‍ക്കും നാവിലെ രുചി മുകുളങ്ങളില്‍ ഈ ജീന്‍  ഇല്ലാത്തതിനാല്‍ മല്ലിയില ചവയ്ക്കുമ്പോള്‍ ഇത്തരത്തിലുള്ള സ്വാദ് ലഭിച്ചു കൊള്ളണമെന്നും നിര്‍ബന്ധമില്ല. 2012 -ല്‍ അന്‍പതിനായിരം ആളുകളെ ഉള്‍പ്പെടുത്തിയ ഒരു പഠനത്തില്‍ മല്ലിയിലയെ  വെറുക്കുന്നവരില്‍ ഭൂരിഭാഗം ആളുകളും യൂറോപ്യന്മാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുപോലെതന്നെ ചില സ്ഥലങ്ങളിലെ ആളുകള്‍ മല്ലിയില ഒരു ശാപം പിടിച്ച സസ്യമായാണ് കരുതുന്നത്. അതുകൊണ്ടുതന്നെ അവരിതിനെ പിശാചിന്റെ സസ്യം എന്നാണ് വിളിക്കുന്നത്. 

click me!