
ട്രെയിനിൽ പലതരത്തിലുള്ള മോഷണങ്ങളും നടക്കാറുണ്ട്. ശ്രദ്ധിച്ചില്ലെങ്കിൽ ഫോണും പണവും ആഭരണങ്ങളുമടക്കം വിലപിടിപ്പുള്ള സാധനങ്ങൾ എപ്പോൾ പോയിക്കിട്ടി എന്ന് ചോദിച്ചാൽ മതി. പലപ്പോഴും പൊലീസ് ഇക്കാര്യത്തിൽ മുന്നറിയിപ്പുകളും നൽകാറുണ്ട്. എന്നാൽ, പലരും അത് അത്രകണ്ടങ്ങ് മൈൻഡ് ചെയ്യാറില്ല എന്നതാണ് വാസ്തവും. ട്രെയിനിൽ ഏറ്റവുമധികം നടക്കുന്നത് ഒരുപക്ഷേ മൊബൈൽ ഫോൺ മോഷണമായിരിക്കും. അറിയാതെ ഉറങ്ങിപ്പോകുന്ന യാത്രക്കാരുടെ പോക്കറ്റിൽ നിന്നും ബാഗിൽ നിന്നും വരെ ഫോൺ അടിച്ചെടുത്തോണ്ട് പോകുന്ന ആൾക്കാരുണ്ട്. എന്തിനേറെ പറയുന്നു വിൻഡോ സീറ്റിലാണെങ്കിൽ വിൻഡോയിൽ കൂടി ഫോൺ അടിച്ചുമാറ്റി മുങ്ങുന്ന വിരുതന്മാർ വരേയുമുണ്ട്. അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
ഒരു പൊലീസുകാരൻ എങ്ങനെ ഫോൺ മോഷണം പോകുന്നു എന്ന് ഒരു യുവതിയെ ബോധ്യപ്പെടുത്തുന്ന രംഗമാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഒരു പൊലീസുകാരൻ വിൻഡോയിലൂടെ സ്ത്രീയുടെ ഫോൺ തട്ടിപ്പറിക്കുന്നത് വീഡിയോയിൽ കാണാം. യുവതി ആകെ അമ്പരന്നുപോവുകയും പരിഭ്രമിക്കുകയും ചെയ്യുന്നുണ്ട്. പിന്നാലെ, തന്റെ ഫോൺ തട്ടിപ്പറിച്ചത് പൊലീസാണ് എന്ന് അവർക്ക് മനസിലാവുന്നു. പൊലീസുകാരൻ അവരോട് കാര്യം പറഞ്ഞ് മനസിലാക്കുന്നതും കാണാം.
സ്ത്രീ യാത്രക്കാരിയെ ശ്രദ്ധയോടെയിരിക്കേണ്ടത് എന്തിനെന്ന് ബോധ്യപ്പെടുത്താനാണ് പൊലസുദ്യോഗസ്ഥൻ ഇത് ചെയ്തത്. കൃത്യമായ ഒരു സന്ദേശമാണ് ഈ പൊലീസുദ്യോഗസ്ഥൻ ഇതുവഴി നൽകുന്നത്. നമ്മുടെ സുരക്ഷയ്ക്ക് വേണ്ടി പൊലീസ് അടക്കമുള്ള സേനകളുണ്ടെങ്കിലും നമ്മൾ ജാഗ്രത പാലിക്കേണ്ടത് പാലിക്കുക തന്നെ ചെയ്യണമെന്നും വീഡിയോയുടെ കാപ്ഷനിൽ സൂചിപ്പിക്കുന്നത്.
നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. പൊലീസുകാരൻ ചെയ്തത് ഒരു നല്ല കാര്യമാണ് എന്നും ഇത്തരം ബോധവൽക്കരണം ആവശ്യമാണ് എന്നും ആളുകൾ കമന്റ് നൽകി.