അട്ടകൾ നിസ്സാരക്കാരല്ല; ജീവികളെ വേട്ടയാടി ഭക്ഷണമാക്കിയിരുന്നുവെന്ന് കണ്ടെത്തൽ

Published : Oct 09, 2025, 09:58 PM IST
leech

Synopsis

അട്ടകൾക്ക് മുൻപ് കരുതിയത് പോലെ 15-20 കോടി വർഷത്തെ പഴക്കമല്ല എന്നും ഇവ കുറഞ്ഞത് 20 കോടി വർഷം മുൻപ് തന്നെ ഭൂമിയിൽ ജീവിയ്ക്കാൻ തുടങ്ങിയവയാണെന്നുമാണ് പഠനത്തിനായി ഉപയോഗിച്ച പുതിയ ഫോസിൽ സൂചിപ്പിയ്ക്കുന്നത്.

അട്ടകൾ കേവലം രക്തം ഭക്ഷിച്ചു ജീവിച്ചവയല്ല മറിച്ച് ഒരു കാലത്ത് സമുദ്രങ്ങളിലെ ചെറിയ ജീവികളെ വേട്ടയാടി ഭക്ഷണമാക്കിയവയോ ചത്ത ജീവികളെ തിന്നുന്നവയോ ആയിരുന്നിരിക്കാമെന്ന് കണ്ടെത്തൽ. കാലിഫോർണിയ യൂണിവേഴ്സിറ്റി, റിവർസൈഡുമായി സഹകരിച്ച് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. പഠനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ PeerJ-യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അട്ടകൾക്ക് മുൻപ് കരുതിയത് പോലെ 15-20 കോടി വർഷത്തെ പഴക്കമല്ല എന്നും ഇവ കുറഞ്ഞത് 20 കോടി വർഷം മുൻപ് തന്നെ ഭൂമിയിൽ ജീവിയ്ക്കാൻ തുടങ്ങിയവയാണെന്നുമാണ് പഠനത്തിനായി ഉപയോഗിച്ച പുതിയ ഫോസിൽ സൂചിപ്പിയ്ക്കുന്നത്.

വിസ്കോൺസിനിലെ വൗക്കേഷ ബയോട്ടയിൽ (Waukesha biota) നിന്ന് കണ്ടെത്തിയ ഈ ഫോസിലിന് പ്രീഹിസ്റ്റോറിക് അട്ടകളുടെ ഭക്ഷണരീതിയെക്കുറിച്ചും പാരിസ്ഥിതികമായ പങ്കിനെക്കുറിച്ചും പുതിയ വിവരങ്ങൾ നൽകാൻ സാധിച്ചേക്കുമെന്നാണ് ഗവേഷകർ കരുതുന്നത്. ആധുനിക അട്ടകളുമായി താരതമ്യം ചെയ്യുമ്പോൾ പുതുതായി കണ്ടെത്തിയ ഫോസിലിന് സമാനതകളും അതോടൊപ്പം തന്നെ ശ്രദ്ധേയമായ വ്യത്യാസങ്ങളുമുണ്ട്. അട്ടകളിൽ കാണപ്പെടുന്ന രക്തം വലിച്ചെടുക്കാനായി ഉപയോഗിക്കുന്ന ടെയിൽ സക്കർ ഈ ഫോസിലിലുമുണ്ട്. എന്നാൽ, സസ്തനികളുടെയും മറ്റ് നട്ടെല്ലുള്ള ജീവികളുടെയും ചർമ്മത്തിൽ തുളയ്ക്കാൻ വേണ്ടി അട്ടകൾ ഉപയോഗിക്കുന്ന ഫോർവേഡ് സക്കർ ഇതിനില്ല.

ഹിരുഡിനിഡ (Hirudinida) എന്നറിയപ്പെടുന്ന ഈ ജീവിവർ​ഗത്തിന് വളരെ വ്യത്യസ്തമായൊരു ജീവിതശൈലിയാണ് മുൻപുണ്ടായിരുന്നത് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഓഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ വൗക്കേഷ സൈറ്റിലെ പഠനത്തിനിടയിലാണ് ഈ ഫോസിൽ ആദ്യം കണ്ടെത്തിയത്. ആദ്യം ഇത് തിരിച്ചറിഞ്ഞിരുന്നില്ല. മഹാമാരിയുടെ ആദ്യ വർഷങ്ങളിൽ കാലിഫോർണിയ സർവകലാശാലയിലെ പാലിയൻ്റോളജിസ്റ്റ് കർമ്മ നംഗ്ലു ഇതിന്റെ തനതായ പ്രത്യേകതകൾ ശ്രദ്ധിക്കുകയും ടൊറന്റോ യൂണിവേഴ്സിറ്റിയിലെ പ്രമുഖ എഴുത്തുകാരിയായ ഡാനിയേൽ ഡി കാൾ ഉൾപ്പെടെയുള്ള വിദഗ്ധരുമായി ഇതേക്കുറിച്ചു സംസാരിക്കുകയും ചെയ്തു.

ഇതിന്റെ ടെയിൽ സക്കറും സെഗ്മന്റേഡ് ശരീരവും അടിസ്ഥാനമാക്കി അവർ ഇത് അട്ടയുടേതാണെന്ന് സ്ഥിരീകരിച്ചു, തുടർന്ന് ഫോസിൽ സ്പീഷിസായ മാക്രോമൈസൺ സിലൂറിക്കസിനെ (Macromyzon siluricus) പുനഃസൃഷ്ടിക്കുകയും ഇത് ആധുനിക അട്ടകളോട് സാമ്യമുള്ളതും എന്നാൽ കടലിൽ വേട്ടയാടിക്കഴിയുന്ന ജീവിതശൈലിക്ക് അനുയോജ്യമായതുമാണെന്ന് കണ്ടെത്തി.

മാക്രോമൈസൺ സിലൂറിക്കസ്സിന്റെ കണ്ടെത്തൽ അവയുടെ പരിണാമ ചരിത്രത്തിലേക്ക് പുതിയ വെളിച്ചം വീശുന്നതായിരുന്നു. രക്തം കുടിക്കുന്നത് ഒരു പാരമ്പര്യ സ്വഭാവമായിരുന്നില്ല എന്നും പിൽക്കാലത്ത് രൂപപ്പെട്ടതാണ് എന്ന് അത് തെളിയിക്കുകയും ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

'ഇത് വിമാനമല്ല'; ക്യാബ് ബുക്ക് ചെയ്ത് കാത്തിരുന്ന യാത്രക്കാരന് ഡ്രൈവറുടെ സന്ദേശം
പഞ്ചനക്ഷത്ര ഹോട്ടലിൽ താമസം, കഴുത്തിൽ സ്വർണ ചെയിൻ, കഴിക്കുന്നത് 'കാവിയാർ', പൂച്ചകളിലെ രാജകുമാരി 'ലിലിബെറ്റ്'