ദുർമന്ത്രവാദിനികളാണോ എന്നറിയാൻ നൂറ്റാണ്ടുകൾക്കു മുമ്പ് സ്ത്രീകളെ പരീക്ഷിച്ചിരുന്ന ഏഴു രീതികൾ

By Web TeamFirst Published Dec 7, 2020, 4:25 PM IST
Highlights

മൂന്നു നൂറ്റാണ്ടു കാലത്തിനിടെ അമേരിക്കയിലും യൂറോപ്പിലുമായി ദുർമന്ത്രവാദം നടത്തി എന്നതിന്റെ പേരിൽ മാത്രം വധിക്കപ്പെട്ടിട്ടുള്ളത് അറുപതിനായിരത്തോളം പേരാണ്

 
പതിനാറാം നൂറ്റാണ്ടിലും പതിനേഴാം നൂറ്റാണ്ടിലും യൂറോപ്പിനെയും അമേരിക്കയെയും ഗ്രസിച്ചിരുന്ന ഒരു ഭയമാണ് ദുർമന്ത്രവാദിനികളെക്കുറിച്ചുള്ളത്. കൂടുതലും സ്ത്രീകൾക്ക് നേരെയാണ് ദുർമന്ത്രവാദം നടത്തുന്നു എന്ന ആക്ഷേപം ജനം ഉയർത്താറുണ്ടായിരുന്നത് എങ്കിലും, അതിന്റെ പേരിൽ പുരുഷന്മാരെയും, കുട്ടികളെയും വരെ ക്രൂരമായ പീഡനങ്ങൾക്കും, കൊലപാതകങ്ങൾക്കും വരെ ഇരയാകുന്ന പതിവുണ്ടായിരുന്നു അവിടങ്ങളിൽ. മൂന്നു നൂറ്റാണ്ടു കാലത്തിനിടെ അമേരിക്കയിലും യൂറോപ്പിലുമായി ദുർമന്ത്രവാദം നടത്തി എന്നതിന്റെ പേരിൽ മാത്രം വധിക്കപ്പെട്ടിട്ടുള്ളത് അറുപതിനായിരത്തോളം പേരാണ്. ദുർമന്ത്രവാദം നടത്തി എന്നാരോപിച്ച്  ജനം തടഞ്ഞുവെച്ചാൽ, തങ്ങൾ ദുർമന്ത്രവാദിനികൾ അല്ലെന്നു തെളിയിക്കേണ്ട ബാധ്യത തടഞ്ഞു വെയ്ക്കപ്പെടുന്നവരുടേതാണ് എന്നതാണ് ഈ പീഡനങ്ങളിലെ മറ്റൊരു ദയനീയാവസ്ഥ. ഇതിന്റെ പേരിൽ ഇവർ വിധേയമാക്കപ്പെടുന്നത് അതിക്രൂരമായ പരീക്ഷകൾക്കാവും. അത്തരത്തിൽ അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന വിജയിക്കുക അസാധ്യമായ ഏഴു പരീക്ഷകളെക്കുറിച്ചാണ് ഇനി. 

1 . വെള്ളത്തിൽ മുക്കുക 

അടുത്തുള്ള കുളത്തിന്റെ കരയിലേക്ക് കൂട്ടിക്കൊണ്ടു പോയി, കുറ്റം ആരോപിക്കപ്പെടുന്ന സ്ത്രീകളെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് കൈകാലുകൾ കെട്ടി വെള്ളത്തിലേക്ക് വലിച്ചെറിയും. ദുർമന്ത്രവാദിനികൾ ആണെങ്കിൽ കെട്ടൊക്കെ നിഷ്പ്രയാസം അഴിച്ചു പുറത്തുവരുമല്ലോ. നിരപരാധികൾ മുങ്ങി മരിക്കാതിരിക്കാൻ സ്വീകരിച്ചിരുന്ന മാർഗം, അവരുടെ അരയിൽ ഒരു കയറുകൊണ്ട് കെട്ടിയിരിക്കും. വെള്ളത്തിലേക്കിട്ട് കുറച്ചു നേരം കഴിഞ്ഞും ഇവർ പൊങ്ങി വന്നില്ലെങ്കിൽ, കയർ മേലോട്ട് വലിച്ച് ഇവരെ ചാവാതെ രക്ഷിക്കും എന്നാണ് കണക്കെങ്കിലും, ഇതിനിടെ മരിച്ചുപോയിട്ടുമുണ്ട് നിരവധി സ്ത്രീകൾ. ജലം പവിത്രമാണ് എന്ന എന്നത്രെ സങ്കൽപം അനുസരിച്ചാണ് ഈ ജല പരീക്ഷണം നടത്തപ്പെട്ടിരുന്നത്. പ്രതി ദുർമന്ത്രവാദിനി ആണെന്നുണ്ടെങ്കിൽ, ജലം ആളെ തിരസ്കരിക്കും എന്നാണ് അവർ കരുതിയിരുന്നത്. ഇങ്ങനെ കെട്ടി വെള്ളത്തിൽ എറിയപ്പെടുന്ന സ്ത്രീകൾ എങ്ങനെയെങ്കിലും മരണവെപ്രാളത്തിൽ കെട്ടുപൊട്ടിച്ച് ജലോപരിതലത്തിലേക്ക് തിരിച്ചു ചെന്നാൽ അവർ  ദുർമന്ത്രവാദിനികൾ എന്ന് വിധിച്ച ശേഷം പിന്നീട് കഴുവേറ്റപ്പെടുകയും ചെയ്യുമായിരുന്നു അന്ന്. 

2. മൂത്രത്തിൽ ബേക്ക് ചെയ്ത കേക്കുകൾ 

നായ്ക്കളെ ദുർമന്ത്രവാദിനികളുമായി പണ്ടേക്കുപണ്ടേ ജനം ബന്ധിപ്പിക്കുമായിരുന്നു. അതുകൊണ്ട് ഒരു സ്ത്രീ ദുർമന്ത്രവാദിനി ആണ് എന്നൊരു ആക്ഷേപമുണ്ടായാൽ , അവരെക്കൊണ്ട് ആരാണോ രോഗം ബാധിച്ച് അവശനിലയിലായത് ആ രോഗിയുടെ മൂത്രം ശേഖരിച്ച് അതിൽ ധാന്യമാവു കുഴച്ച് ചാരം കൂടി ചേർത്ത് കേക്ക് ചുട്ടെടുക്കും. ഇങ്ങനെ നിർമിക്കുന്ന കേക്ക് ഏതെങ്കിലും നായയ്ക്ക് തിന്നാൻ കൊടുക്കും. ഈ കേക്ക് കഴിച്ച് നായക്ക് അസുഖമുണ്ടായാൽ ആരുടെ മൂത്രമാണോ കേക്കുണ്ടാക്കാൻ ഉപയോഗിച്ചത് അവർ ദുര്മന്ത്രവാദത്തിന്റെ ഇരയാണ് എന്നുറപ്പിക്കും. 


3 . ദേഹത്ത് ദുർമന്ത്രവാദത്തിന്റെ അടയാളങ്ങൾ തിരയുക 

പ്രകടമായ ഒരു മറുകോ, കാക്കാപ്പുള്ളിയോ, തേമലോ ഒക്കെ മതിയായിരുന്നു അന്ന് അത് നിങ്ങൾക്കു നേരെ ദുർമന്ത്രവാദം നടത്തി എന്ന ആക്ഷേപം സ്ഥിരീകരിക്കപ്പെടാൻ. പലപ്പോഴും ഇങ്ങനെയുള്ള പരിശോധനകൾക്ക്, അതിനുവേണ്ടിയുള്ള തുണിയുരിയലുകൾക്ക് ഇംഗ്ലണ്ടിലും മറ്റും സ്ത്രീകൾ പതിനേഴാം നൂറ്റാണ്ടിൽ വിധേയരായിരുന്നു. ദേഹത്തുള്ള രോമം വടിച്ചു പോലും അതിനുള്ളിൽ ഒളിപ്പിക്കപ്പെട്ടിരിക്കുന്ന അടയാളങ്ങൾ നോക്കി ഉറപ്പിക്കുന്ന പതിവുമുണ്ടായിരുന്നു അന്നൊക്കെ. ഏതൊക്കെ തരത്തിലുള്ള അടയാളങ്ങളാണ് ദുർമന്ത്രവാദിനിക്കുള്ള എന്നത് വിശദീകരിച്ചുകൊണ്ട് അന്ന് പുസ്തകങ്ങളും എമ്പാടും ഇറങ്ങിയിരുന്നു. 


4 . സ്പർശം, ശാപം, വരം 

ഏതെങ്കിലും ഒരു സ്ത്രീയെ സ്പർശിച്ച പാടെ രോഗം ബാധിക്കുക. പിന്നീട് രണ്ടാമതും സ്പർശിക്കുന്ന നിമിഷം രോഗം ഭേദപ്പെടുക. ഇങ്ങനെ ഉണ്ടായാൽ അന്ന് കരുതപ്പെട്ടിരുന്നത് ഇങ്ങനെ തൊട്ട സ്ത്രീ ഉറപ്പായും ഒരു ദുര്മന്ത്രവാദി ആണ് എന്നാണ്. 

5. ബൈബിൾ ഓർത്തു തെറ്റാതെ വായിക്കുക 

ദുർമന്ത്രവാദം ശീലിച്ചവർക്കെതിരെ അന്ന്  എടുത്തുപയോഗിച്ചിരുന്ന മറ്റൊരു പരീക്ഷണം അവരെക്കൊണ്ട് ബൈബിൾ വായിപ്പിക്കുക എന്നതാണ്. ദുർമന്ത്രവാദിനികൾക്ക് സ്ഫുടമായി ബൈബിൾ വഴങ്ങില്ല എന്നതാണ് അന്ന് വ്യാപകമായി വിശ്വസിക്കപ്പെട്ടിരുന്ന ഒരു സങ്കൽപം. ഇത് വേണ്ടത്ര അക്ഷരസ്ഫുടതയില്ലാത്ത, അക്ഷരാഭ്യാസം വേണ്ടുവോളമില്ലാത്ത നിരപരാധികളിൽ പലരെയും ദുർന്ത്രവാദികളാക്കുമായിരുന്നു.


6 . തൂക്കി നോക്കുക 

തൂക്കി നോക്കുന്നതിന്റെ അടിസ്ഥാനം ദുർമന്ത്രവാദിനികൾ സ്ഥിരം ചൂലിൽ സഞ്ചരിക്കുന്നവർ ആണെന്നും, അവർക്ക് ഭാരമേയില്ല എന്നുമുള്ളതായിരുന്നു. ഈ പരീക്ഷകളിലും പലരെയും കുറ്റവാളികളായി വിധിച്ചിട്ടുണ്ട് ജനം. ഈ പരീക്ഷണങ്ങളുടെ ഇര ഭാരക്കുറവുള്ള സ്ത്രീകളായിരുന്നു. 

7 . മൊട്ടുസൂചി കൊണ്ട് കുത്തി ചോരയൊലിപ്പിക്കുക 

തൊലിപ്പുറമേ അടയാളങ്ങൾ ഇല്ലാത്ത ദുര്മന്ത്രവാദികളുടെ തൊലിക്കുള്ളിൽ അവ കാണും എന്ന സങ്കല്പമാണ് നഗ്നരാക്കി ചുറ്റും കൂടി നിന്ന് കുത്തിനോവിക്കാനുള്ള കാരണം. ദുർമന്ത്രവാദിനികൾ ആണെങ്കിൽ ചോരവരില്ല എന്നും, അല്ലാതെ ചോര വരുന്നുണ്ടെങ്കിൽ, അവർ ചാരവന്മാർ അല്ലെന്നുമാണ് ഈ പരീക്ഷണം പറയുന്നത്. ഈ അഭ്യാസവും ഇതൊന്നും താങ്ങാൻ സാധിക്കാതിരുന്ന ചില സ്ത്രീകൾ ഇങ്ങനെ ചോര പൊട്ടിച്ചുള്ള പരീക്ഷയിൽ കൊല്ലപ്പെടുന്നുമുണ്ട് അക്കാലത്ത്. 


 

click me!