ഭക്ഷണത്തിനായി ചീവീടിനെ പിടിക്കുന്നതിനിടെ ഭാര്യ മാൻഹോളിൽ വീണു: രക്ഷകനായി കൂടെച്ചാടി ഭർത്താവ്!

Published : Jul 28, 2026, 09:58 PM IST
cicada

Synopsis

ചൈനയിൽ ചീവീടിനെ പിടിക്കുന്നതിനിടെ മാൻഹോളിൽ വീണ ഭാര്യയ്ക്ക് കൂട്ടായി ഭർത്താവും അഞ്ചുമീറ്റർ ആഴമുള്ള കുഴിയിലേക്ക് ഇറങ്ങി. തുടർന്ന് അഗ്നിശമന സേനയുടെ സഹായം തേടിയ ഇരുവരെയും സേനാംഗങ്ങൾ സുരക്ഷിതരായി പുറത്തെത്തിച്ചു.

ചൈനയിൽ ജീവനുള്ള ചീവീടിനെ പോലുള്ള ഷഡ്പദങ്ങളെ (സീ കേഡ) പിടിക്കുന്നതിനിടെ മാൻഹോളിൽ വീണ ഭാര്യയ്ക്ക് കൂട്ടായി അഞ്ചുമീറ്റർ ആഴമുള്ള കുഴിയിലേക്ക് ഭർത്താവും ഇറങ്ങി. കിഴക്കൻ ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലുള്ള ഡോങ്‌യിംഗിൽ കഴിഞ്ഞ ജൂലൈ 15 -നാണ് സംഭവം. ഒടുവിൽ അഗ്നിശമന സേനയെത്തി ഇരുവരെയും സുരക്ഷിതരായി പുറത്തെത്തിച്ചു. സൗത്ത് ചൈനാ മോണിം​ഗ് പോസ്റ്റാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തത്.

ഭാര്യ മാൻഹോളിൽ വീണു, ഭർത്താവ് പിന്നാലെ ഇറങ്ങി

കോളനിയിലെ പച്ചപ്പുള്ള ഭാഗത്ത് വെച്ച് രാത്രിയിൽ 'സീ കേഡ'കളെ വേട്ടയാടുന്നതിനിടെയാണ് അപകടമുണ്ടായത്. മഴയിൽ പുല്ലുകളിൽ വഴുക്കലുണ്ടായിരുന്നതും പ്രദേശത്തെ വെളിച്ചക്കുറവുമാണ് യുവതി അബദ്ധത്തിൽ മാൻഹോളിലേക്ക് വീഴാൻ ഇടയാക്കിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. വീഴ്ചയുടെ ആഘാതത്തിൽ പരിക്കേറ്റ യുവതിക്ക് മാൻഹോളിൽ നിന്ന് അനങ്ങാൻ പോലും കഴിയുമായിരുന്നില്ല. ഭാര്യയുടെ ഗുരുതരാവസ്ഥ കണ്ട് ഭയന്ന ഭർത്താവ്, മറ്റൊന്നും ആലോചിക്കാതെ അവൾക്ക് കൂട്ടായി അഞ്ചു മീറ്റർ ആഴമുള്ള മാൻഹോളിലേക്ക് ഇറങ്ങുകയായിരുന്നു. തുടർന്ന് ഇരുവരും മൊബൈൽ ഫോൺ വഴി അഗ്നിശമന സേനയുടെ സഹായം തേടി.

രക്ഷകരമായി അഗ്നിശമന സേന

ഉടൻ തന്നെ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ പരിശോധനയ്ക്കൊടുവിൽ ദമ്പതികളെ കണ്ടത്തി. തുടർന്ന് ഒരു സേനാംഗം മാൻഹോളിലേക്ക് ഇറങ്ങി യുവതിയെ സുരക്ഷാ ഉപകരണങ്ങൾ ധരിപ്പിച്ച് മുകളിലേക്ക് എത്തിച്ചു. പിന്നാലെ ഭർത്താവിനോട് ഈ സാമഗ്രികൾ ഉപയോഗിച്ച് സ്വയം മുകളിലേക്ക് കയറാനും നിർദ്ദേശിക്കുകയായിരുന്നു. യുവതിയുടെ പരിക്കുകൾ അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.

സീ കേഡ

വേനൽക്കാലത്ത് ഭക്ഷണമുണ്ടാക്കാൻ സീ കേഡകളെ പിടിക്കുന്നത് ഷാൻഡോങ്ങിലെ പരമ്പരാഗത രീതിയാണ്. ഇവയെ വറുത്തും ബാർബിക്യു ചെയ്തുമാണ് പ്രധാനമായും കഴിക്കാറുള്ളത്. "ഷാൻഡോങ്ങിൽ എത്തുന്ന ഒരൊറ്റ സീ കേഡയും ജീവനോടെ തിരിച്ചുപോകില്ല" എന്നൊരു തമാശയും ചൈനീസ് സോഷ്യൽ മീഡിയയിൽ സജീവമാണ്.

സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയർന്നുവന്നത്. ഭർത്താവിന്‍റെ സ്നേഹത്തെയും ധൈര്യത്തെയും പുകഴ്ത്തി ഒരുവിഭാഗം രംഗത്തെത്തിയപ്പോൾ, "താഴേക്ക് ചാടുന്നതിലും നല്ലത് ഭർത്താവ് മുകളിൽ തന്നെ നിന്ന് അഗ്നിശമന സേനയ്ക്ക് വഴി കാണിച്ചുകൊടുക്കുന്നതായിരുന്നു" എന്ന് വേറൊരാൾ അഭിപ്രായപ്പെട്ടു. "ഇനി ഇവർ ജീവിതത്തിൽ സീ കേഡയെ പിടിക്കാൻ ഇറങ്ങുമോ?" എന്നായിരുന്നു മറ്റൊരാളുടെ പരിഹാസം.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യൻ മെഡിക്കൽ വിദ്യാർഥിയുടെ ആത്മഹത്യ: സർവകലാശാലയ്ക്കെതിരെ 287 കോടി രൂപയുടെ നഷ്ടപരിഹാര ഹർജിയുമായി മാതാപിതാക്കൾ
നൂറ്റാണ്ട് പഴക്കമുള്ള വീട്ടിലെ ചുമരിനുള്ളിൽ ഒളിപ്പിച്ചിരുന്നത് പഴയൊരു ടിൻ, അതിനുള്ളിലെ 'നിധി' കണ്ട് കുടുംബം അമ്പരന്നു