നൂറ്റാണ്ട് പഴക്കമുള്ള വീട്ടിലെ ചുമരിനുള്ളിൽ ഒളിപ്പിച്ചിരുന്നത് പഴയൊരു ടിൻ, അതിനുള്ളിലെ 'നിധി' കണ്ട് കുടുംബം അമ്പരന്നു

Published : Jul 28, 2026, 06:03 PM IST
100 years old box

Synopsis

ബ്രിട്ടനിലെ ഒരു ദമ്പതികൾ നൂറ്റാണ്ടിലേറെ പഴക്കമുള്ള തങ്ങളുടെ വീട് അറ്റകുറ്റപ്പണി ചെയ്യുന്നതിനിടെ നിലവറയിൽ നിന്ന് ഒരു പഴയ ടിൻ കണ്ടെത്തി. മാസങ്ങൾക്ക് ശേഷം അത് തുറന്നുനോക്കിയപ്പോൾ, 1970-കളിലെ ആയിരം പൗണ്ടിലധികം വിലമതിക്കുന്ന കറൻസി നോട്ടുകളാണ് അവർക്ക് ലഭിച്ചത്. ഈ അപ്രതീക്ഷിത കണ്ടെത്തൽ അവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് ആശ്വാസമേകി.

ബ്രിട്ടനിലെ ഒരു ദമ്പതികൾ താമസിക്കുന്ന നൂറ്റാണ്ടിലേറെ പഴക്കമുള്ള വീട്ടിൽ നടത്തിയ ചെറിയ അറ്റകുറ്റപ്പണിക്കിടെ ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത കണ്ടെത്തൽ. വീടിന്‍റെ നിലവറയിലേക്കുള്ള പടിക്കെട്ടിന് താഴെയുണ്ടായിരുന്ന ഇഷ്ടിക കൊണ്ട് അടച്ച ഭാഗം തുറന്ന് നോക്കിയപ്പോഴാണ് വർഷങ്ങളായി ആരും സ്പർശിക്കാത്ത പഴയ വസ്തുക്കൾക്കൊപ്പം ഒരു ചായംപൂശൽ ടിന്നും അവർ കണ്ടെത്തിയത്. ആദ്യം പ്രത്യേകിച്ച് ശ്രദ്ധിക്കാതിരുന്ന ആ ടിന്നിനുള്ളിലായിരുന്നു അപ്രതീക്ഷിത രഹസ്യം ഒളിഞ്ഞിരുന്നത്.

പെടിപിടിച്ച ടിൻ

വർഷങ്ങളുടെ പൊടിയും അഴുക്കും നിറഞ്ഞ നിലയിൽ കണ്ടെത്തിയ ടിൻ തുറക്കാൻ ലൂയിസയും ഭർത്താവ് ഡാനും മാസങ്ങളോളം മടിച്ചു. ഒടുവിൽ, ധൈര്യമായി അത് തുറന്ന് നോക്കിയപ്പോൾ അതിനുള്ളിൽ സൂക്ഷിച്ചിരുന്നത് പതിറ്റാണ്ടുകൾ പഴക്കമുള്ള കറൻസി നോട്ടുകളുടെ കെട്ടുകളായിരുന്നു. 1900 -ന് മുമ്പ് പണി കഴിപ്പിച്ച ആ വീട്ടിൽ 1970 -കളിലെ ബാങ്ക് നോട്ടുകളാണ് ടിന്നിൽ അടച്ച് സൂക്ഷിച്ചിരുന്നത്. ഇവയുടെ ആകെ മൂല്യം ആയിരം പൗണ്ടിലേറെ (1.27 ലക്ഷം രൂപ) ആണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈ നിമിഷം അവർ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും പിന്നീട് അത് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. പിന്നാലെ വീഡിയോ വ്യാപക ശ്രദ്ധ നേടി.

'കുട്ടികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവം'

അപ്രതീക്ഷിതമായി ലഭിച്ച ഈ തുക കുടുംബത്തിന് വലിയ ആശ്വാസമായെന്നും തൊഴിലില്ലാത്ത കാലഘട്ടത്തിൽ കുടിശ്ശിക ബില്ലുകൾ തീർക്കാനും കുട്ടികൾക്ക് ചെറിയ സന്തോഷങ്ങൾ സമ്മാനിക്കാനും ഇത് സഹായിച്ചെന്നും വീട്ടുടമ പറഞ്ഞു. കുട്ടികൾക്ക് ജീവിതകാലം മുഴുവൻ ഓർക്കാനാകുന്ന അനുഭവമായിരുന്നു ഈ കണ്ടെത്തലെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, കണ്ടെത്തിയ പഴയ നോട്ടുകളിൽ ചിലത് അപൂർവ പുരാവസ്തുക്കളായിരിക്കാമെന്നും സാധാരണ മുഖവിലയേക്കാൾ കൂടുതലായി അവയ്ക്ക് വില ലഭിക്കാനിടയുണ്ടെന്നും സമൂഹ മാധ്യമ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. പഴയ വീടുകളിൽ വർഷങ്ങളായി മറഞ്ഞുകിടന്ന വസ്തുക്കളും നിധികളും കണ്ടെത്തുന്ന സംഭവങ്ങൾ ബ്രിട്ടനിൽ അപൂർവമല്ലെങ്കിലും, ഈ കുടുംബത്തിന്‍റെ അനുഭവം സമൂഹ മാധ്യമങ്ങളിൽ വലിയതോതിൽ ശ്രദ്ധ നേടി.

PREV
Read more Articles on
click me!

Recommended Stories

കാണാതായ നായയെ കിട്ടി, 5 കൊല്ലത്തിന് ശേഷം 1,000 കിലോമീറ്റർ അകലെ നിന്ന്!
ബജറ്റിന് പറ്റിയൊരു മുറിയുണ്ടോ എടുക്കാൻ, ജയിലിലേക്ക് യുവതിയുടെ മെസ്സേജ്!