ഭാര്യ‍യ്ക്ക് ദേഷ്യം വരുന്നു, ദയവായി ഏഴ് ദിവസത്തെ ലീവ് തരണം, പൊലീസുകാരന്റെ ലീവ് ലെറ്റർ വൈറൽ!

Published : Jan 11, 2023, 09:33 AM IST
ഭാര്യ‍യ്ക്ക് ദേഷ്യം വരുന്നു, ദയവായി ഏഴ് ദിവസത്തെ ലീവ് തരണം, പൊലീസുകാരന്റെ ലീവ് ലെറ്റർ വൈറൽ!

Synopsis

കഴിഞ്ഞ മാസം മാത്രമാണ് താൻ വിവാഹിതൻ ആയതെന്നും അധികം സമയം ഭാര്യയുടെ കൂടെ ചെലവഴിക്കാതെ ജോലിക്ക് കയറേണ്ടി വന്നു എന്നും അവധിക്ക് വേണ്ടിയുള്ള അപേക്ഷയിൽ പറയുന്നു. 

വിവാഹം കഴിഞ്ഞയുടനെ ദമ്പതികൾക്ക് കൂടുതൽ സമയം ഒരുമിച്ച് ചെലവഴിക്കാൻ ആ​ഗ്രഹം കാണും. എന്നാൽ, ഭാര്യയുടെയും ഭർത്താവിന്റെയും ജോലി അതിന് തടസമാകാറുണ്ട്. ലീവ് കിട്ടാത്തതും മറ്റും അതിന് കാരണമായിത്തീരാം. എന്നാൽ, സ്വാഭാവികമായും ഇത് ഭാര്യയെയോ ഭർത്താവിനെയോ അസ്വസ്ഥരാക്കും എന്നതിൽ സംശയമില്ല. 

അതുപോലെ സംഭവിച്ചിരിക്കുകയാണ് ഉത്തർപ്രദേശിലെ ഒരു പൊലീസ് കോൺസ്റ്റബിളിനും. ഒടുവിൽ ഇക്കാര്യമെല്ലാം ചൂണ്ടിക്കാണിച്ച് ഇയാൾ എഴുതിയിരിക്കുന്ന ലീവ് ലെറ്ററും വൈറലായി. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിൽ നിന്നുള്ള ഒരു കോൺസ്റ്റബിൾ എസ്പിക്ക് സമർപ്പിച്ച അവധി അപേക്ഷയാണ് ഓൺലൈനിൽ വൈറലായത്. 

തന്റെ ഭാര്യയ്ക്ക് ഭയങ്കര ദേഷ്യം വന്നിരിക്കുകയാണ് എന്നും അതിനാൽ ലീവ് തന്നേ തീരൂ എന്നുമാണ് കോൺസ്റ്റബിൾ എസ്‍പിക്ക് സമർപ്പിച്ച് ലീവ് അപേക്ഷയിൽ പറയുന്നത്. ലീവ് കിട്ടാത്ത കാരണം ദേഷ്യം വന്ന ഭാര്യ തന്റെ ഫോൺകോളുകൾ പോലും അറ്റൻഡ് ചെയ്യുന്നില്ല എന്നും ഇയാൾ അപേ‌ക്ഷയിൽ പറയുന്നു. 

മാത്രമല്ല, എപ്പോഴൊക്കെ ഇയാൾ വിളിക്കുന്നുവോ അപ്പോഴെല്ലാം ഫോൺ ഭാര്യ ഇയാളുടെ അമ്മയുടെ കയ്യിൽ കൊടുക്കുകയാണ്. അതിനി എത്ര തവണ വിളിച്ചാലും ശരി. കഴിഞ്ഞ മാസം മാത്രമാണ് താൻ വിവാഹിതൻ ആയതെന്നും അധികം സമയം ഭാര്യയുടെ കൂടെ ചെലവഴിക്കാതെ ജോലിക്ക് കയറേണ്ടി വന്നു എന്നും അവധിക്ക് വേണ്ടിയുള്ള അപേക്ഷയിൽ പറയുന്നു. 

അവധി കിട്ടാത്തത് ഭാര്യയെ ദേഷ്യം കൊള്ളിച്ചു. അതിന് ശേഷം ഭാര്യ തന്നോട് സംസാരിക്കുന്നില്ല. "എന്റെ മരുമകന്റെ ജന്മദിനത്തിൽ ഞാൻ വീട്ടിലേക്ക് വരുമെന്ന് ഞാൻ ഭാര്യയ്ക്ക് വാക്ക് കൊടുത്തിട്ടുണ്ട്. ദയവായി എനിക്ക് ജനുവരി 10 മുതൽ ഏഴ് ദിവസത്തെ കാഷ്വൽ ലീവ് അനുവദിക്കണം" എന്നാണ് അവധി അപേക്ഷയിൽ പറയുന്നത്. 

ഏതായാലും കത്ത് വൈറലാവുക മാത്രമല്ല, പൊലീസുകാരന് അഞ്ച് ദിവസത്തെ കാഷ്വൽ ലീവ് അനുവദിക്കപ്പെടുകയും ചെയ്തു എന്നാണ് റിപ്പോർട്ട്. 

PREV
Read more Articles on
click me!

Recommended Stories

വനംവകുപ്പ് ഉദ്യോഗസ്ഥനെ കീഴ്മേൽ കുത്തി മറിച്ച് കാട്ടുപന്നി, തല്ലിയോടിക്കാൻ ശ്രമിച്ച് സഹപ്രവ‍ർത്തകർ
'മോശം വായു, ആസ്മ രൂക്ഷം, മരുന്നിന് കാശില്ല'; 19 -കാരനായ യുപിക്കാരന്‍റെ കുറിപ്പിന് സഹായ ഹസ്തം