പ്രസവിച്ചുവെന്ന് പറഞ്ഞ് ഭർത്താവിനെ പറ്റിച്ചു, കുഞ്ഞുങ്ങൾക്ക് പകരം പാവകൾ, സത്യം തിരിച്ചറിഞ്ഞത് ഇങ്ങനെ

By Web TeamFirst Published Feb 14, 2021, 8:24 AM IST
Highlights

തുടർന്ന് ആശുപത്രിക്ക് സമീപം ഒരു ഫ്ലാറ്റ് ലോറ വാടകയ്‌ക്കെടുക്കുകയും, രണ്ട് പാവകളെ വാങ്ങുകയും കുഞ്ഞുങ്ങൾ പ്രസവത്തോടെ മരിച്ചുവെന്ന് വീട്ടുകാരോട് പറയുകയും ചെയ്തു.

താൻ ഗർഭിണിയാണ് എന്ന് കള്ളം പറയുകയും, മക്കളെന്നും പറഞ്ഞ് പാവകളെ നൽകി സ്വന്തം ഭർത്താവിനെ പറ്റിക്കുകയും ചെയ്തിരിക്കയാണ് റഷ്യയിലെ ഒരു യുവതി. പ്രസവത്തിൽ മരിച്ചുപോയി എന്ന് പറഞ്ഞ് നവജാതശിശുക്കളെ അടക്കം ചെയ്യുന്നതിനിടയിലാണ് ആ റഷ്യക്കാരൻ അത് തിരിച്ചറിഞ്ഞത്. തുണികൊണ്ട് മൂടിയ ആ രൂപങ്ങൾ തന്റെ മക്കളല്ലെന്നും പകരം ജീവനില്ലാത്ത വെറും പാവകളാണെന്നും അപ്പോഴാണ് അദ്ദേഹം മനസ്സിലാക്കുന്നത്. 33 -കാരനായ ഡൗഡ് ഡൗഡോവ് ആദ്യം കരുതിയത് തന്റെ മക്കളെ ആരോ തട്ടിക്കൊണ്ടു പോയി എന്നാണ്. എന്നാൽ, ഗർഭധാരണത്തെക്കുറിച്ച് ഭാര്യ ലോറ തുടക്കം മുതൽ നുണ പറയുകയായിരുന്നുവെന്ന് പിന്നീടാണ് കണ്ടെത്തിയത്. ശവസംസ്കാരത്തിനായി പാവകളെ ഒരു തുണിയിൽ താൻ പൊതിഞ്ഞതായിരുന്നുവെന്ന് തുടർന്നുള്ള അന്വേഷണത്തിൽ ലോറ തുറന്ന് പറയുകയുണ്ടായി. താൻ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ഭർത്താവ് വളരെ സന്തോഷവാനായി എന്നും, പിന്നീട് മാറ്റിപ്പറയാൻ മനസ്സ് വന്നില്ലെന്നും അവർ പറഞ്ഞു. അതുകൊണ്ടാണ് ഇത്തരമൊരു നാടകം നടത്തിയതെന്നും അവർ കൂട്ടിച്ചേർത്തു.

മക്കൾ ജനനസമയത്ത് മരിച്ചുവെന്നാണ് അദ്ദേഹത്തോട് ഭാര്യ പറഞ്ഞത്. അതുകൊണ്ട് തന്നെ മക്കളുടെ സ്‌ഥാനത്ത്‌ പാവകളെ കണ്ടപ്പോൾ തന്റെ കുഞ്ഞുങ്ങൾ ജീവിച്ചിരിക്കാമെന്നും, കുഞ്ഞുങ്ങളെ വിൽക്കുന്ന റാക്കറ്റ് അവരെ തട്ടിക്കൊണ്ടു പോയിക്കാണുമെന്നും അദ്ദേഹം കരുതി. പ്രസവാനന്തരം ആശുപത്രിയിലെ ഡോക്ടർമാർ തന്നെ തന്റെ കുട്ടികളെ മാറ്റി പകരം പാവകളെ വച്ചതായിരിക്കും എന്ന് സംശയിച്ച അദ്ദേഹം പൊലീസിൽ പരാതിപ്പെട്ടു. എന്നാൽ, അപ്പോഴും യഥാർത്ഥ കുറ്റവാളി തന്റെ ഭാര്യ ആയിരിക്കുമെന്ന് അദ്ദേഹം സ്വപ്നത്തിൽ പോലും ചിന്തിച്ചില്ല. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ശവസംസ്കാര സമയത്ത് എടുത്ത ഒരു വീഡിയോയും അദ്ദേഹം തെളിവായി ഹാജരാക്കി. ശവസംസ്കാരചടങ്ങിൽ വച്ചാണ് കുഞ്ഞുങ്ങളെ മൂടിയിരിക്കുന്ന തുണി ആ അച്ഛൻ ആദ്യമായി അഴിച്ചുമാറ്റിയത്.

പാവകളെ കണ്ട നാട്ടുകാരും ബന്ധുക്കളും ഞെട്ടിപ്പോയി. ഇതൊരു ശിശുപീഡന കേസാണ് എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ ഡൗഡിന്റെ ഭാര്യ താൻ പ്രസവിച്ചിട്ടില്ലെന്നും, ഗർഭിണിയാണെന്ന് കള്ളം പറയുകയായിരുന്നുവെന്നും, ശവസംസ്കാരത്തിൽ പാവകളെ തുണിയിൽ പൊതിഞ്ഞു വയ്ക്കുകയായിരുന്നുവെന്നും പൊലീസിനോട് ഏറ്റുപറഞ്ഞു. അന്വേഷണത്തിൽ ലോറ എന്ന പേരിൽ ഒരു സ്ത്രീ ആശുപത്രിയിൽ പ്രസവിച്ചതായി രേഖകൾ ഒന്നും പൊലീസിന് ലഭിച്ചില്ല. ആശുപത്രിയുടെ ഒരു വക്താവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു: “അത്തരമൊരു സ്ത്രീ ഞങ്ങളുടെ അടുത്തേക്ക് വന്നിട്ടില്ല. പ്രസവത്തിൽ മരിക്കുന്ന സംഭവങ്ങൾ വളരെക്കാലമായി ഇവിടെ ഉണ്ടായിട്ടില്ല." അതിന് പുറമെ, വൈദ്യപരിശോധനയിലൂടെ യുവതി പ്രസവിച്ചില്ലെന്നും പൊലീസ് കണ്ടെത്തി.

'ഞാൻ ഗർഭിണിയാണെന്ന് എന്റെ ഭർത്താവിനോട് പറഞ്ഞപ്പോൾ അദ്ദേഹം വളരെ സന്തോഷവാനായി. എന്നാൽ, എനിക്ക് തെറ്റുപറ്റിയതാണെന്ന് മനസിലായപ്പോഴും പക്ഷേ തിരുത്താൻ എനിക്ക് സാധിച്ചില്ല. കാരണം എനിക്ക് അദ്ദേഹത്തെ വേദനിപ്പിക്കാൻ തോന്നിയില്ല. അതിനാൽ ഞാൻ ഗർഭിണിയായി അഭിനയിക്കാൻ തുടങ്ങി. ചിലപ്പോൾ എന്റെ വയറു വീർത്തു വരുന്നതുപോലെ തോന്നി, ഞാൻ ഗർഭിണിയാണെന്ന് എനിക്ക് തോന്നി' ലോറ പറഞ്ഞു. 'ജനുവരിയിൽ ഞാൻ കുഞ്ഞുങ്ങൾക്കുള്ള സാധനങ്ങൾ വാങ്ങാൻ പോയി. അത് വിശദീകരിക്കാൻ പ്രയാസമാണ്, ഒരു വശത്ത് ഞാൻ ഗർഭിണിയല്ലെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ അപ്പോഴും എനിക്ക് അഭിനയിക്കുന്നത് നിർത്താൻ കഴിഞ്ഞില്ല' അവർ കൂട്ടിച്ചേർത്തു. തുടർന്ന് ആശുപത്രിക്ക് സമീപം ഒരു ഫ്ലാറ്റ് ലോറ വാടകയ്‌ക്കെടുക്കുകയും, രണ്ട് പാവകളെ വാങ്ങുകയും കുഞ്ഞുങ്ങൾ പ്രസവത്തോടെ മരിച്ചുവെന്ന് വീട്ടുകാരോട് പറയുകയും ചെയ്തു.

അന്നുതന്നെ ഭർത്താവ് കുഞ്ഞുങ്ങളെ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ കല്ലറയിൽ അടക്കം ചെയ്യണമെന്ന് പറഞ്ഞു. കുഞ്ഞുങ്ങൾ മസ്തിഷ്ക രക്തസ്രാവം മൂലമാണ് മരണപ്പെട്ടത് എന്നവൾ പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിലൂടെ മാത്രമേ അത് കണ്ടെത്താൻ കഴിയുമായിരുന്നുള്ളു. എന്നാൽ,  ഇസ്ലാം വിശ്വാസം അനുസരിച്ച്, പോസ്റ്റ്‌മോർട്ടം ചെയ്യൽ അസാധ്യമാണ്. കുഞ്ഞുങ്ങളുടെ മുഖം മൂടിയിരുന്നത് കൊണ്ട് അപ്പോഴും അദ്ദേഹത്തിന് കുഞ്ഞുങ്ങളെ കാണാൻ സാധിച്ചില്ല. ശവസംസ്കാരവേളയിൽ, അദ്ദേഹത്തിന്റെ ഒരു ബന്ധു അവരെ അടക്കം ചെയ്യുന്നതിനുമുമ്പ് അവരുടെ മുഖം കാണേണ്ടതുണ്ട് എന്ന് പറഞ്ഞതിൻ പ്രകാരം തുണി മാറ്റിയപ്പോഴാണ് സംഭവം അറിയുന്നത്. “ഞാൻ ആദ്യത്തെ കുഞ്ഞിന്റെ മുഖം നോക്കിയപ്പോൾ അതിന് കണ്ണുകളില്ലായിരുന്നു. രണ്ടാമന്റെ മുഖം തുറന്നപ്പോൾ അതും പാവയായിരുന്നു" അദ്ദേഹം പറഞ്ഞു. 

(ആദ്യചിത്രം പ്രതീകാത്മകം)

click me!