ട്വിറ്ററിനെ കോടതി കയറ്റാനൊരുങ്ങി സുപ്രീംകോടതി വക്കീൽ; രണ്ടാഴ്ചയ്ക്കുള്ളിൽ അക്കൗണ്ട് സസ്‌പെൻഡ് ചെയ്‍തത് രണ്ടുവട്ടം

Published : Nov 08, 2019, 11:17 AM ISTUpdated : Nov 08, 2019, 11:20 AM IST
ട്വിറ്ററിനെ കോടതി കയറ്റാനൊരുങ്ങി സുപ്രീംകോടതി വക്കീൽ; രണ്ടാഴ്ചയ്ക്കുള്ളിൽ അക്കൗണ്ട് സസ്‌പെൻഡ് ചെയ്‍തത് രണ്ടുവട്ടം

Synopsis

 പക്ഷേ, ഈ വിവേചനത്തിന് ട്വിറ്ററിനെ കോടതി കയറ്റാതെ ഞാൻ വിടില്ല. അന്താരാഷ്ട്ര കോടതികൾ അടക്കമുള്ള സാദ്ധ്യതകൾ ഞാൻ പരിശോധിച്ച് വരികയാണ്...

സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകനാണ് സഞ്ജയ് ഹെഗ്‌ഡെ. ഹിറ്റ്ലർക്കെതിരെ ഓഗസ്റ്റ് ലാൻഡ്‌മെസ്സർ എന്ന സൈനികൻ ഒറ്റയ്ക്ക് നടത്തിയ പ്രതിഷേധത്തിന്റെ അതിപ്രസിദ്ധമായ ചരിത്രചിത്രം തന്റെ പ്രൊഫൈലിന്റെ കവറാക്കി എന്ന പേരിലാണ്, മീഡിയാ പോളിസിക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്ന കാരണം കാട്ടിക്കൊണ്ട് ഹെഗ്‌ഡെയുടെ അക്കൗണ്ട് റദ്ദാക്കപ്പെടുന്നത്. ആദ്യതവണ റദ്ദാക്കപ്പെട്ടതിനു ശേഷം പ്രതിഷേധങ്ങളെത്തുടർന്ന് ട്വിറ്റര്‍ ഹാൻഡിൽ പുനഃസ്ഥാപിക്കപ്പെട്ടു. അടുത്തനിമിഷം വീണ്ടും അതേ ചിത്രം കവറാക്കിക്കൊണ്ട് ഹെഗ്‌ഡെ, "ഈ അബദ്ധം ട്വിറ്റർ ഇനി ആവർത്തിക്കില്ല എന്ന്  പ്രതീക്ഷിക്കുന്നു'' എന്ന് കുറിച്ചിരുന്നു. എന്നാൽ, ഹെഗ്‌ഡെ വീണ്ടും കവർ ചിത്രമായി അതേ ഫോട്ടോ അപ്‌ലോഡ് ചെയ്തതിന് പിന്നാലെ ട്വിറ്റർ അദ്ദേഹത്തിന്റെ ഹാൻഡിൽ വീണ്ടും സസ്‌പെൻഡ് ചെയ്തു. പ്രസ്തുത നടപടിക്കെതിരെ ഹെഗ്‌ഡെ സന്ദേശമയച്ചു എങ്കിലും, ട്വിറ്റർ ആ നടപടിയിൽ ഉറച്ചു നിൽക്കുകയാണ് ഇപ്പോഴും. ഹെഗ്‌ഡെ അപ്‌ലോഡ് ചെയ്ത ചിത്രം  'വെറുപ്പ് പ്രചരിപ്പിക്കുന്ന ഒന്നാണെന്ന് ട്വിറ്ററും അല്ലെന്ന് ഹെഗ്‌ഡെ അടക്കമുള്ളവരും പറയുന്നു. എന്തായാലും സംഭവം വീണ്ടും വിവാദമായിട്ടുണ്ട്.

സൈബർപോരാളികളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ട്വിറ്റർ ഇങ്ങനെ ചെയ്തതെന്ന് ഹെഗ്‌ഡെ 'ലൈവ് ലോ' എന്ന സൈറ്റിനോട് പറഞ്ഞു. സസ്‌പെൻഡ് ചെയ്യപ്പെടുമ്പോൾ 98,000 ഫോളോവെർസുണ്ടായിരുന്നു @sanjuvacha എന്ന ഹെഗ്‌ഡെയുടെ ട്വിറ്റർ ഹാൻഡിലിന്‌. "Mastodon പോലുള്ള ഒരു സമാന്തരപ്ലാറ്റ്ഫോമിലേക്ക് ചേക്കേറുകയല്ലാതെ എനിക്ക് വേറെ വഴിയില്ല. പക്ഷേ, ഈ വിവേചനത്തിന് ട്വിറ്ററിനെ കോടതി കയറ്റാതെ ഞാൻ വിടില്ല. അന്താരാഷ്ട്ര കോടതികൾ അടക്കമുള്ള സാദ്ധ്യതകൾ ഞാൻ പരിശോധിച്ച് വരികയാണ്..." ഹെഗ്‌ഡെ പറഞ്ഞു.

സംഭവമറിഞ്ഞ് പല സീനിയർ അഭിഭാഷകരും ഹെഗ്ഡെക്ക് നിയമസഹായം വാഗ്ദാനം ചെയ്തുകൊണ്ട് മുന്നോട്ടുവന്നിട്ടുണ്ട്. കശ്മീർ ഹേബിയസ് കോർപ്പസ്, ആരേ കോളനി മരം വെട്ട് തുടങ്ങിയ പല സെൻസിറ്റീവ് കേസുകളിലും വക്കാലത്തേറ്റെടുത്തിട്ടുള്ള ഹെഗ്‌ഡെ കേന്ദ്രസർക്കാരിനെതിരെയുള്ള തന്റെ നിലപാടുകൊണ്ട് ശ്രദ്ധേയനായ ഒരു അഭിഭാഷകനാണ്.

അഭിപ്രായസ്വാതന്ത്ര്യം ട്വിറ്ററിന് ബാധകമോ?

ഇവിടെ ഉയർന്നുവരുന്ന ഒരു പ്രധാന ചോദ്യം, അഭിപ്രായസ്വാതന്ത്ര്യം എന്ന ഉരകല്ലിന്മേൽ നമുക്ക് ട്വിറ്റർ, ഫേസ്‌ബുക്ക് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളെ ഉറച്ചുനോക്കാനുള്ള നിയമപരിരക്ഷയുണ്ടോ എന്നതാണ്. ഉണ്ട് എന്നും രാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന നിയമങ്ങളുടെ പാലനം അന്താരാഷ്ട്രപ്ലാറ്റ്ഫോമുകൾക്കും ബാധകമാണ് എന്നും ഹെഗ്‌ഡെ പറഞ്ഞു. വിഷയം അഭിപ്രായസ്വാതന്ത്ര്യത്തിന്‍റേത് മാത്രമല്ല എന്നും, ഇങ്ങനെ ഒരു മുട്ടാപ്പോക്ക് ന്യായം പറഞ്ഞുകൊണ്ട് തന്റെ ട്വിറ്റർ ഹാൻഡിൽ സസ്‌പെൻഡ് ചെയ്തത് തന്നെ ദുഷ്കീർത്തിപ്പെടുത്തുന്ന നടപടിയായിപ്പോയി എന്നും, അതിന്റെ പേരിൽ മാനനഷ്ടക്കേസ് വേറെ ഫയൽ ചെയ്യുമെന്നും ഹെഗ്‌ഡെ പറഞ്ഞു. ട്വിറ്റർ പോലെ പ്രഖ്യാതമായ ഒരു അന്താരാഷ്ട്ര സാമൂഹ്യമാധ്യമം, ഇത്തരത്തിൽ മോബ് ലിഞ്ചർമാരുടെ കൂടെക്കൂടി അവർക്ക് വാലാട്ടാൻ പാടില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

എന്തായിരുന്നു തർക്കവിഷയം? 

സുപ്രീം കോടതിയിലെ സീനിയർ വക്കീലായ സഞ്ജയ് ഹെഗ്‌ഡെയുടെ അക്കൗണ്ട് രണ്ടാഴ്ച മുമ്പ് ട്വിറ്റർ ഒന്ന് സസ്‌പെൻഡ് ചെയ്തിരുന്നു . 1936 -ലെ നാസി മാർച്ചിന്റെ, ചരിത്രത്തിന്റെ ഭാഗമായ ഒരു ചിത്രം തന്റെ ട്വിറ്റർ ഹാൻഡിലിന്റെ കവർ ചിത്രമാക്കിയതിനായിരുന്നു അദ്ദേഹത്തിനെതിരെ നടപടി വന്നത്. ഓഗസ്റ്റ് ലാൻഡ്മെസ്സർ എന്ന പട്ടാളക്കാരൻ സ്വന്തം ജീവൻ തന്നെ അപകടത്തിലാക്കിക്കൊണ്ട് നടത്തിയ ഒരു പ്രതിഷേധപ്രകടനത്തിന്റെ ചിത്രമാണ് അത്. മറ്റുള്ളവർ എല്ലാവരും തന്നെ ഹിറ്റ്ലർക്ക് നാസി സല്യൂട്ട് അടിച്ചപ്പോൾ, അതിന് വിസമ്മതിച്ച്‌ കയ്യുംകെട്ടി നിന്നുകൊണ്ടായിരുന്നു ലാൻഡ്മെസ്സറുടെ പ്രതിഷേധം. മാസങ്ങളായി ഇതേ ചിത്രം തന്നെയായിരുന്നു ഹെഗ്‌ഡെയുടെ കവർ ഇമേജെങ്കിലും നടപടിയുണ്ടായത് രണ്ടാഴ്ച മുമ്പാണ്. 'ഫോട്ടോ നീക്കം ചെയ്യണം. ഈ ചിത്രം ട്വിറ്റർ പോളിസികൾക്ക് എതിരാണ് ' എന്നായിരുന്നു ട്വിറ്റർ വക മുന്നറിയിപ്പ്. ഇത് 'വെറുപ്പ് പ്രചരിപ്പിക്കുന്ന' ഒരു ചിത്രമാണെന്നാണ് ട്വിറ്റർ പറയുന്നത്. ഈ ചിത്രം കവർ ഇമേജാക്കിയതിലൂടെ ഹെഗ്‌ഡെ ട്വിറ്റർ മീഡിയാ പോളിസി ലംഘിച്ചു എന്നും അറിയിപ്പുണ്ടായി. 

എന്നാൽ, സംഭവം വളരെ പെട്ടന്ന് മാധ്യമശ്രദ്ധയാകർഷിച്ചു. വിവാദം കൊഴുത്തതോടെ ട്വിറ്റർ പ്രസ്തുത ചിത്രം നീക്കം ചെയ്ത പരുവത്തിൽ ഹെഗ്‌ഡെയുടെ പ്രൊഫൈൽ പുനഃസ്ഥാപിച്ചുനൽകി. അക്കൗണ്ടിലേക്ക് ആക്സസ് കിട്ടി അടുത്ത നിമിഷം ഹെഗ്‌ഡെ എന്തായാലും വീണ്ടും അതേ ചിത്രം തന്നെ കവർ ആക്കിയിട്ടുണ്ട്. അതിനുശേഷം ഹെഗ്‌ഡെ 'ഇനിയൊരിക്കൽ കൂടി ഈ അബദ്ധം ട്വിറ്ററിൽ നിന്നുണ്ടാവില്ലെന്നു പ്രതീക്ഷിക്കുന്നു' എന്ന് ട്വീറ്റ് ചെയ്തിരുന്നു. ഏതെങ്കിലും ട്രെയിനികൾ വിവരമില്ലാതെ ചെയ്തതായിരിക്കും അതെന്ന് കരുതുന്നതായി ഹെഗ്‌ഡെ അറിയിച്ചു. 

 

എന്നാൽ ഈ സംഭവം ട്വിറ്ററിൽ പ്രതികരണങ്ങളുടെ ഒരു അല തന്നെ ഉയർത്തി. അറിയപ്പെടുന്ന ഒരു കേന്ദ്രസർക്കാർ വിമര്‍ശകനായ ഹെഗ്‌ഡെയുടെ ട്വിറ്റർ അക്കൗണ്ട് സസ്‌പെൻഡ് ചെയ്യപ്പെട്ടത് ഇനി PMO -യിൽനിന്നുള്ള നിർദേശപ്രകാരമാണോ എന്നാണ് ഒരാൾ ചോദിച്ചത്. 

ആരായിരുന്നു ഓഗസ്റ്റ് ലാൻഡ്മെസ്സർ? 

ഈ സംഭവം നടക്കുന്നത് 1930 -ലാണ്. ജർമ്മൻ സാമ്പത്തികരംഗം ആകെ തളർന്നുകിടക്കുന്ന കാലമാണത്. ഒരു തൊഴിൽ കിട്ടാനുള്ള ഒരേയൊരു മാർഗം നാസി കാർഡ് കരസ്ഥമാക്കുക എന്നതാണ്. അങ്ങനെ ഗതികേടുകൊണ്ട് ആഗസ്റ്റ് ലാൻഡ് മെസ്സറിനും എടുക്കേണ്ടിവന്നു ഒരു നാസികാർഡ്. ആവേണ്ടി വന്നു ഹിറ്റ്‌ലറുടെ അനുയായി വൃന്ദത്തിലൊരാൾ. എന്നാൽ തലച്ചോർ ഉപദേശിച്ച യുക്തിപ്രകാരം അങ്ങനെ ഒരു രാഷ്ട്രീയ അടവുനയം സ്വീകരിച്ചപ്പോഴും, അതിനു കടകവിരുദ്ധമായാണ് തന്റെ ഹൃദയത്തിന്റെ നയപ്രഖ്യാപനം വരാനിരിക്കുന്നത് എന്ന് ലാൻഡ്മെസ്സർ പ്രതീക്ഷിച്ചില്ല. ആ പ്രണയത്തിന്റെ പേരിൽ ഒരുപാട് ക്രൂശിക്കപ്പെട്ട ശേഷം, ഒന്നിച്ചു ജീവിക്കുന്നതിന്റെ പേരിൽ നിരന്തരം വേട്ടയാടപ്പെട്ടുകൊണ്ടിരുന്ന കാലത്ത്, കണ്മുന്നിൽ വന്നുപെട്ട ഹിറ്റ്‌ലറെ കൈ നീട്ടി സല്യൂട്ട് അടിക്കാൻ വിസമ്മതിച്ച ധീരനാണ് ആഗസ്റ്റ് ലാൻഡ്‌മെസ്സർ.

1934 -ൽ ലാൻഡ്‌മെസ്സർ ഇർമാ എക്ക്ലറിനെ കണ്ടുമുട്ടുന്നു. പ്രഥമദർശനേ ഇരുവരും പരസ്പരം അനുരക്തരാവുന്നു. ഒരൊറ്റ കുഴപ്പം മാത്രം. ലാൻഡ് മെസ്സർ പ്രഖ്യാപിത നാസി. ഇർമയോ ഒരു ജൂതയും. വിലക്കപ്പെട്ട പ്രണയമായിരുന്നു ഇരുവരുടെയും. അവർ തമ്മിൽ ഡേറ്റ് ചെയ്യാൻ തുടങ്ങിയതോടെ ലാൻഡ്മെസ്സറെ നാസി പാർട്ടിയിൽ നിന്നും പുറത്താക്കുന്നു. അപ്പോഴാണ് ന്യൂറംബർഗ് നിയമങ്ങൾ നടപ്പിലാക്കപ്പെടുന്നത്. വിവാഹത്തിനുള്ള  പ്രണയിതാക്കളുടെ അപേക്ഷ ഭരണകൂടം നിരസിക്കുന്നു. അവർക്കിടയിലുള്ള പ്രണയപ്രവാഹങ്ങളെ തടഞ്ഞുനിർത്താൻ ഭരണകൂടത്തിനോ നിയമങ്ങൾക്കോ ഒന്നുമായില്ല. അക്കൊല്ലം ഒക്ടോബറിൽ ഇർമ, ആഗസ്റ്റിന്റെ പെൺകുഞ്ഞിനെ, 'ഇൻഗ്രിഡ്'നെ പ്രസവിക്കുന്നു. ഹിറ്റ്‌ലറുടെ വിലക്കുകളിൽ നിന്നും രക്ഷപ്പെട്ടോടി ഡെന്മാർക്കിൽ ചെന്നുകഴിയാം എന്നവർ തീരുമാനിക്കുന്നു. എന്നാൽ, അതിനുള്ള പരിശ്രമത്തിനിടെ അതിർത്തിയിൽ വെച്ച് പിടിക്കപ്പെടുന്നു. നാസി 'വംശത്തിന്' അവമതിപ്പുണ്ടാക്കി എന്ന കുറ്റം ചാർത്തി ഇരുവരെയും തടവിലിടുന്നു. 

ഇർമ ജൂതയാണെന്ന് അറിയില്ല എന്ന് അവർ കോടതിയിൽ വാദിക്കുന്നു. ഇർമയുടെ അമ്മ ഒരു ക്രിസ്ത്യാനിയെ വിവാഹം ചെയ്തപ്പോൾ ഇർമയേയും ക്രിസ്ത്യാനിയായി മാമോദീസ മുക്കിയിരുന്നു. ഒടുവിൽ തെളിവുകളുടെ അഭാവത്തിൽ ലാൻഡ്‌മെസ്സറെ കോടതി 'ഇനി ഇങ്ങനൊന്നും ആവർത്തിക്കരുത്' എന്ന മുന്നറിയിപ്പോടെ മോചിപ്പിക്കുന്നു. ജയിൽമോചിതനായ ലാൻഡ് മെസ്സർ വീണ്ടും തന്റെ ഭാര്യയുടെയും കുഞ്ഞിന്റെയും കൂടെ ജീവിച്ചുകൊണ്ട് കുറ്റം ആവർത്തിക്കുന്നു. അത് ഭരണകൂടത്തെ ചൊടിപ്പിക്കുന്നു. അവർ വീണ്ടും അദ്ദേഹത്തെ അറസ്റ്റുചെയ്ത് 15  മാസത്തേക്ക് കോൺസൻട്രേഷൻ ക്യാമ്പിൽ കഴിയാൻ ശിക്ഷിക്കുന്നു. പിന്നീടൊരിക്കലും ലാൻഡ്‌മെസ്സർ തന്റെ കുടുംബത്തെ കാണുന്നില്ല.

അതിനിടയിൽ ആരുമറിയാതെ ഹിറ്റ്‌ലർ മറ്റൊരു കരിനിയമം കൂടി പാസാക്കുന്നു. വംശത്തെ അപമാനിക്കുന്ന നാസി പൗരന്മാരെ ശിക്ഷിക്കുന്നതോടൊപ്പം അവരെ അതിനു പ്രേരിപ്പിച്ച ജൂത വനിതകളെയും തടവിലാക്കണം. അങ്ങനെ ഗെസ്റ്റപ്പോ ഇർമയെ വീണ്ടും പിടികൂടി കോൺസൻട്രേഷൻ ക്യാമ്പിൽ അടയ്ക്കുന്നു. അവിടെ വെച്ച് അവർ അഗസ്റ്റിന്റെ രണ്ടാമത്തെ സന്താനത്തിന്, ഐറീൻ എന്ന ഒരു  പെൺകുഞ്ഞിന് ജന്മം നൽകുന്നു. കുട്ടികൾ രണ്ടുപേരെയും ഇർമയിൽ നിന്നും അടർത്തിമാറ്റി ആദ്യം ഒരു അനാഥാലായത്തിലേക്കും പിന്നീട് കോൺസൻട്രേഷൻ ക്യാമ്പുകളിലേക്കും കൊണ്ടുപോവുന്നു. ഇൻഗ്രിഡിനെ ഇർമയുടെ അച്ഛനമ്മമാർ കൊണ്ടുപോവുന്നു. ഐറീനെ ഒരു കുടുംബം കോൺസൻട്രേഷൻ ക്യാമ്പിൽ നിന്നും രക്ഷിച്ച് ഓസ്ട്രിയയിൽ കൊണ്ടുപോയി വളർത്തുന്നു. 1942 -ൽ ഇർമ നാസികളാൽ കൊലചെയ്യപ്പെടുന്നു. ബേൺബെർഗിലെ ഒരു ഗ്യാസ് ചേംബറിൽ ഒടുങ്ങാനായിരുന്നു അവരുടെ വിധി. കോൺസൻട്രേഷൻ ക്യാമ്പിൽ നിന്നും ആഗസ്ത് ലാൻഡ്മെസ്സറെ നേരെ അവർ റിക്രൂട്ട് ചെയ്യുന്നത് നാസി സൈന്യത്തിലേക്കാണ്. 

തുടക്കത്തിൽ കൊടുത്തിരുന്ന ആ ചിത്രം എടുക്കുന്നത് 1936 ജൂൺ 13 -നാണ്. അന്ന്  ആഗസ്റ്റ് ലാൻഡ്‌മെസ്സർ തന്റെ കുടുംബവുമായി വേർപിരിഞ്ഞിരുന്നില്ല. ബെർലിനിലെ ഒരു കപ്പൽ നിർമാണ ശാലയിലായിരുന്നു അയാളുടെ ജോലി. ഒരു പുതിയ കപ്പലിന്റെ അനാച്ഛാദന ചടങ്ങായിരുന്നു അത്. ചടങ്ങു കഴിഞ്ഞപ്പോൾ കപ്പലിന് മുന്നിൽ സാക്ഷാൽ ഫ്യൂറർ നില്കുന്നത് കണ്ട തൊഴിലാളികളെല്ലാം അമ്പരന്നു. തന്റെ ഭാര്യയേയും കുഞ്ഞിനെയും പരസ്യമായ അപമാനിച്ച ഹിറ്റ്‌ലറെ സല്യൂട്ട് ചെയ്യാൻ ലാൻഡ്‌മെസ്സർക്ക് സ്വാഭാവികമായും കഴിഞ്ഞില്ല. ഹിറ്റ്‌ലറെ അനുഗമിച്ചുകൊണ്ട് പ്രൊപ്പഗാണ്ടാ ഫോട്ടോഗ്രാഫർ ഉണ്ടാവുമെന്നും,  ഈ പ്രവൃത്തിയുടെ പേരിൽ തന്റെ ജീവൻ പോലും നഷ്ടമായേക്കും എന്നും അറിഞ്ഞിരുന്നിട്ടും ലാൻഡ്‌മെസ്സർക്ക് ആ നിമിഷം അങ്ങനെ ചെയ്യാനേ തോന്നിയുള്ളൂ. അഭിമാനം ഉയർത്തിപ്പിടിക്കാനുള്ള ലാൻഡ്‌മെസ്സറുടെ ആ പ്രവൃത്തി ഒരർത്ഥത്തിൽ അയാളുടെയും ഭാര്യയുടെയും ജീവനെടുത്തു എങ്കിലും.

1951 -ൽ, ഹിറ്റ്‌ലറുടെ കാലശേഷം, ഏറെ വൈകിയെങ്കിലും ജർമ്മൻ സർക്കാർ ആഗസ്റ്റ് ലാൻഡ്‌മെസ്സറുടെയും ഇർമാ എക്ക്ലറുടെയും വിവാഹം അംഗീകരിച്ചു. ഇൻഗ്രിഡ് തന്റെ അച്ഛന്റെ പേരിനെ സർ നെയിം ആയി സ്വീകരിച്ചു, ഐറിൻ അമ്മയുടേതിനേയും. 

PREV
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!