100 വര്‍ഷത്തിനുശേഷം വോള്‍വെറിനുകള്‍ തിരികെയെത്തി, അമ്പരപ്പിലും സന്തോഷത്തിലും അധികൃതര്‍

By Web TeamFirst Published Sep 5, 2020, 2:03 PM IST
Highlights

ശാസ്ത്രജ്ഞര്‍ കരുതുന്നത് മൗണ്ട് റെയിനര്‍ നാഷണല്‍ പാര്‍ക്കിലേക്ക് വോള്‍വെറിനുകള്‍ തിരികെ വന്നുതുടങ്ങി എന്നാണ്. 2018 -ല്‍ അവര്‍ ഓരോ വോള്‍വെറിനുകളെയും പ്രത്യേകമായി തിരിച്ചറിയാന്‍ പാകത്തില്‍ ഇവിടെ ക്യാമറ സ്ഥാപിച്ചിരുന്നു. 

നൂറ് വര്‍ഷത്തിനുശേഷം ഈ അമേരിക്കന്‍ നാഷണല്‍ പാര്‍ക്കിലേക്ക് അപൂര്‍വ ഇനത്തില്‍പെട്ട വോള്‍വെറിനുകള്‍ തിരിച്ചെത്തിയിരിക്കുന്നു. യു എസ്സിലെ ശാസ്ത്രജ്ഞരാണ് സിയാറ്റിലിനടുത്ത് മൗണ്ട് റെയിനര്‍ നാഷണല്‍ പാര്‍ക്കില്‍ ഒരു പെണ്‍ വോള്‍വെറിനെയും രണ്ട് കുട്ടികളെയും കണ്ടെത്തിയത്. യു എസ്സില്‍ വളരെ അത്യപൂര്‍വമായി മാത്രം കണ്ടുവരുന്നവയാണ് വോള്‍വെറിനുകള്‍. അലാസ്‍ക, ഹവായി എന്നിവിടങ്ങളൊഴികെയുള്ള 48 ലോവര്‍ സ്റ്റേറ്റുകളിലുമായി ഏകദേശം 300-1000 വരെ വോള്‍വെറിനുകളേ ഉള്ളൂവെന്നാണ് കണക്കാക്കപ്പെടുന്നത്. 

വോള്‍വെറിനുകള്‍ തിരികെയെത്തിയത് വളരെയധികം സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്ന് മൗണ്ട് റെയിനര്‍ നാഷണല്‍ പാര്‍ക്ക് സൂപ്രണ്ട് ചിപ് ജെന്‍കിന്‍സ് പറഞ്ഞു. ഇതൊരു നല്ല സൂചനയാണെന്നും പാര്‍ക്കിന്‍റെ മെച്ചപ്പെട്ട അവസ്ഥയെയാണ് സൂചിപ്പിക്കുന്നതെന്നും ജെന്‍കിന്‍സ് പ്രതികരിച്ചു. 

ചെറിയ കരടികളെപ്പോലെ തോന്നിക്കുന്ന ദേഹമാണ് വോള്‍വെറിനുകള്‍ക്ക്. അവയെ ഗുലോ-ഗുലോ എന്നും വിളിക്കുന്നു. സാധാരണഗതിയിൽ ഇടത്തരം മൃഗങ്ങളായ അണ്ണാൻ, മുയലുകൾ തുടങ്ങിയവെയാണ് ഇവ ആഹാരമാക്കുന്നത്. എന്നാൽ മാൻ, ചെന്നായ്‌ക്കുട്ടികൾ എന്നിവപോലെ തങ്ങളേക്കാള്‍ വലിപ്പമുള്ള മൃഗങ്ങളെയും ഇവ കൊല്ലാറുണ്ട്. 

ശാസ്ത്രജ്ഞര്‍ കരുതുന്നത് മൗണ്ട് റെയിനര്‍ നാഷണല്‍ പാര്‍ക്കിലേക്ക് വോള്‍വെറിനുകള്‍ തിരികെ വന്നുതുടങ്ങി എന്നാണ്. 2018 -ല്‍ അവര്‍ ഓരോ വോള്‍വെറിനുകളെയും പ്രത്യേകമായി തിരിച്ചറിയാന്‍ പാകത്തില്‍ ഇവിടെ ക്യാമറ സ്ഥാപിച്ചിരുന്നു. കാനഡ, അലാസ്‍ക, റഷ്യ എന്നിവിടങ്ങളിലാണ് വോള്‍വെറിനുകളെ കൂടുതലായി കാണാനാവുന്നത്. പത്തൊമ്പതാം നൂറ്റാണ്ട് മുതല്‍ തന്നെ ഇവയുടെ എണ്ണം കുറഞ്ഞുവന്നു തുടങ്ങിയിരുന്നു. മനുഷ്യര്‍ ഇവയെ വേട്ടയാടുന്നതും ഇവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് നടത്തിയ കയ്യേറ്റവുമെല്ലാം അതിന് കാരണമായിത്തീര്‍ന്നിട്ടുണ്ട്. 

ഒറ്റയ്ക്ക് ജീവിക്കുന്ന പ്രവണതയാണ് ഇവയില്‍ കണ്ടുവരുന്നത്. അവ കൂട്ടമായി സഞ്ചരിക്കുന്നതും കുറവാണ്. തികച്ചും ഏകാന്തമായ മൃഗങ്ങളെന്നും വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്നതാണ്. ചില സമയങ്ങളിൽ ഭക്ഷണം തേടാനായി അവർ പ്രതിദിനം 24 കിലോമീറ്റർ വരെ യാത്രചെയ്തേക്കും. സ്വന്തം ദേഹത്തുനിന്നും പുറപ്പെടുവിക്കുന്ന മണത്തെയും ശത്രുക്കള്‍ക്കെതിരെയുള്ള ആയുധമായി ഇവ പ്രയോഗിക്കാറുണ്ട്. 

click me!