ഷോക്കടിപ്പിക്കല്‍, ജനനേന്ദ്രിയത്തിൽ കുരുമുളക് സ്‌പ്രേ, ലൈംഗികാതിക്രമം; ഇറാനില്‍ കൊടുംപീഡനമെന്ന് ആംനെസ്റ്റി

By Web TeamFirst Published Sep 5, 2020, 11:41 AM IST
Highlights

പ്രതിഷേധത്തിൽ പങ്കുചേരൽ, പ്രതിപക്ഷ ഗ്രൂപ്പുകളിൽ അംഗത്വം അല്ലെങ്കിൽ വിദേശ സർക്കാരുകളുമായും മാധ്യമങ്ങളുമായും സമ്പർക്കം പുലർത്തൽ എന്നീ കുറ്റങ്ങളാണ് അവരെക്കൊണ്ട് സമ്മതിപ്പിച്ചെടുത്തത്.

കഴിഞ്ഞ നവംബറിലാണ്, ഇറാൻ ഇന്ധനവിലയിൽ 50 മുതൽ 200 ശതമാനം വരെ വർധന പ്രഖ്യാപിച്ചത്. ഇതിനെ തുടർന്ന് രാജ്യമെമ്പാടും പ്രകടനങ്ങൾ ആരംഭിക്കുകയുണ്ടായി. പ്രതിഷേധം ഇറാനിലുടനീളമുള്ള നൂറിലധികം നഗരങ്ങളിലേക്ക് അതിവേഗം വ്യാപിച്ചു. അധികം താമസിയാതെ, ഇത് സമീപവർഷങ്ങളിൽ രാജ്യം കണ്ട ഏറ്റവും വലിയ ബഹുജന പ്രകടനങ്ങളിലൊന്നായി മാറി. പ്രതിഷേധത്തെ ഇറാനിയൻ അധികൃതർ നിഷ്‌കരുണം അടിച്ചമർത്താൻ തുടങ്ങി. ഭരണകൂടം അഴിച്ചുവിട്ട ആക്രമണത്തിൽ നൂറുകണക്കിന് പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്‍തു. പ്രതിഷേധവുമായി ബന്ധപ്പെട്ട് തടവിലാക്കപ്പെട്ടവർക്കെതിരെ ഞെട്ടിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളാണ് ഇറാൻ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷണൽ ബുധനാഴ്‍ച പ്രസിദ്ധീകരിച്ച വിശദമായ റിപ്പോർട്ടിൽ പറയുന്നു. ഇറാനിലെ പൊലീസ്, രഹസ്യാന്വേഷണ, സുരക്ഷാ സേന, ജയിൽ ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് ആയിരക്കണക്കിന് തടവുകാരെ അതിക്രൂരമായി പീഡിപ്പിക്കുന്നുവെന്നാണ് ആംനെസ്റ്റി ഇന്റർനാഷണൽ ആരോപിക്കുന്നത്. ലണ്ടൻ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയാണ് ആംനെസ്റ്റി.

തടവിലാക്കപ്പെട്ടവരിൽ പത്ത് വയസ്സിന് താഴെയുള്ള കുട്ടികളും, വെടിയേറ്റ് മുറിവുകൾക്ക് വൈദ്യസഹായം തേടി ആശുപത്രികളിൽ കഴിഞ്ഞ പ്രതിഷേധക്കാരും, കൂടാതെ നിരവധി മനുഷ്യാവകാശ സംരക്ഷകരും, ന്യൂനപക്ഷ അവകാശ പ്രവർത്തകരും, പത്രപ്രവർത്തകരും, പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട ആളുകളെ അനുസ്‍മരിക്കുന്നതിനായി ചടങ്ങുകളിൽ പങ്കെടുത്തവരും എല്ലാം ഉൾപ്പെടുന്നു. വ്യക്തവും, ന്യായവുമായ കാരണങ്ങളില്ലാതെ തന്നെ നൂറുകണക്കിന് പേരെ ശിക്ഷിക്കുകയും മർദ്ദിക്കുകയും ജയിലിലടയ്ക്കുകയും ചെയ്‍തുവെന്ന് റിപ്പോർട്ടിൽ പറയുന്നു. കൊടുംപീഡനങ്ങളിലൂടെ ആളുകളെക്കൊണ്ട് 'കുറ്റസമ്മതം' നടത്തിച്ചുവെന്നും അതിൽ പറയുന്നു. കേട്ടാൽ ഞെട്ടുന്ന പീഡനമുറകളാണ് പ്രതിഷേധക്കാരിൽ അധികൃതർ പ്രയോഗിച്ചത്. മുഖം ഒരു തുണി ഉപയോഗിച്ച് മൂടിക്കെട്ടി വെള്ളം കോരി ഒഴിക്കുക, മർദ്ദിക്കുക, വൈദ്യുതി ഉപയോഗിച്ച് ഹൈ വോൾട്ടേജ് ഷോക്ക് ഏല്‍പിക്കുക, ജനനേന്ദ്രിയത്തിൽ കുരുമുളക് സ്‌പ്രേ ചെയ്യുക, ലൈംഗികാതിക്രമം നടത്തുക, വിരലും കാൽവിരലുകളിലെ നഖങ്ങളും പറിച്ചെടുക്കുക എന്നിവ പീഡനരീതികളിൽ ഉൾപ്പെടുന്നുവെന്ന് ആംനെസ്റ്റി റിപ്പോർട്ട് ചെയ്‍തു.

പ്രതിഷേധത്തിൽ പങ്കുചേരൽ, പ്രതിപക്ഷ ഗ്രൂപ്പുകളിൽ അംഗത്വം അല്ലെങ്കിൽ വിദേശ സർക്കാരുകളുമായും മാധ്യമങ്ങളുമായും സമ്പർക്കം പുലർത്തൽ എന്നീ കുറ്റങ്ങളാണ് അവരെക്കൊണ്ട് സമ്മതിപ്പിച്ചെടുത്തത്. പ്രതിഷേധവുമായി ബന്ധപ്പെട്ട് അഞ്ഞൂറിലധികം ആളുകളെയാണ് അന്യായമായ ക്രിമിനൽ നടപടികൾക്ക് വിധേയമാക്കിയതെന്ന് ആംനെസ്റ്റി അറിയിച്ചു. അങ്ങേയറ്റത്തെ ശാരീരികപീഡനവും, ലൈംഗികാതിക്രമവുമാണ് ഇരകൾ അവിടെ അനുഭവിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. കസ്റ്റഡിയിലിരിക്കെ വൈദ്യുതാഘാതമേല്‍പ്പിച്ചതായി ആരോപിക്കപ്പെടുന്ന ഒരാൾ ആംനസ്റ്റിയോട് പറഞ്ഞു, “വൈദ്യുതാഘാതമാണ് പീഡനത്തിന്റെ ഏറ്റവും ക്രൂരമായ രൂപം. ഒരായിരം സൂചികൾ എന്റെ ശരീരത്തിൽ കുത്തിയിറങ്ങുന്ന വേദനയാണ് എനിക്ക് അനുഭവപ്പെട്ടത്. അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഞാൻ വിസമ്മതിച്ചാൽ, അവർ വോൾട്ടേജ് പിന്നെയും ഉയർത്തുകയും, എനിക്ക് കൂടുതൽ ശക്തമായ വൈദ്യുതാഘാതമേല്‍പ്പിക്കുകയും ചെയ്യുമായിരുന്നു. പീഡനം എന്റെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ എന്നെന്നേക്കുമായി ബാധിച്ചു. അതിനുശേഷം ഇന്നുവരെ, എനിക്ക് രാത്രി ഉറങ്ങാൻ കഴിഞ്ഞിട്ടില്ല” അദ്ദേഹം പറഞ്ഞു. 

"ഞാൻ അനുഭവിച്ച വേദന അസഹ്യമായിരുന്നു. എന്‍റെ ശരീരത്തിൽ വളരെയധികം സമ്മർദ്ദവും വേദനയും അനുഭവപ്പെട്ടു. ചിലപ്പോൾ വേദനിച്ച് വേദനിച്ച് അറിയാതെ മൂത്രം പോകും. എന്നെ പീഡിപ്പിക്കുന്നുവെന്ന് എന്റെ കുടുംബത്തിന് അറിയാം. പക്ഷേ, എങ്ങനെ എന്നത് അവർക്ക് അറിയില്ലായിരുന്നു. എനിക്ക് എന്‍റെ സങ്കടം പറഞ്ഞ് ഒന്ന് കരയാൻ പോലും ആരുമില്ലായിരുന്നു" അദ്ദേഹം കൂട്ടിച്ചേർത്തു. ഖൊറാസാൻ റസാവി പ്രവിശ്യയിൽ നിന്നുള്ള മറ്റൊരാൾ, താൻ എങ്ങനെ വാട്ടർബോർഡിംഗിന് വിധേയനായി എന്നതിനെക്കുറിച്ച് സംസാരിച്ചു. "എന്നെ ചോദ്യം ചെയ്യുന്നവർ ഒരു തൂവാല വെള്ളത്തിൽ നനച്ച് എന്റെ മുഖത്ത് വയ്ക്കും. എന്നിട്ട് അവർ ടവ്വലിന് മുകളിലൂടെ പതുക്കെ വെള്ളം ഒഴിക്കും. എനിക്ക് ശ്വാസം മുട്ടും. ഞാൻ ശ്വാസം കിട്ടാതെ പിടയാൻ തുടങ്ങുമ്പോൾ അവർ നിർത്തും. ശ്വാസം നേരെയായാൽ വീണ്ടും ഈ രീതി തുടരും. ഒരു കേബിൾ ഉപയോഗിച്ച് അവർ എന്നെ കാലിൽ ശക്തമായി അടിക്കുകയും ചെയ്യുമായിരുന്നു.''

മറ്റൊരാൾ ജനനേന്ദ്രിയത്തിൽ കുരുമുളക് സ്‌പ്രേ ചെയ്‍തതായും വൃഷണങ്ങളിൽ വൈദ്യുതാഘാതമേല്‍പ്പിച്ചതായും പറഞ്ഞു. ഇരകളുടെ കണ്ണുമൂടിക്കെട്ടി മരത്തടി, റബ്ബർ ഹോസ്പൈപ്പുകൾ, കത്തികൾ, ബാറ്റണുകൾ, കേബിളുകൾ എന്നിവ ഉപയോഗിച്ച് അവരെ അടിക്കുകയും,  ദീർഘനേരം വേദനാജനകമായ അവസ്ഥയില്‍ നിർത്തുകയും, നഗ്നരാക്കി തണുത്ത വെള്ളം തളിക്കുകയും ചെയ്യുമായിരുന്നു അധികൃതർ. ഇതുകൂടാതെ, തടവുകാരെ ഏകാന്തതടവിൽ പാർപ്പിക്കുകയും ചെയ്യുമായിരുന്നു, ചിലപ്പോൾ മാസങ്ങളോളം. ഇരകൾക്ക് ഭക്ഷണം, കുടിവെള്ളം അല്ലെങ്കിൽ അടിയന്തിര വൈദ്യസഹായം തുടങ്ങിയവയും അധികൃതർ നിഷേധിക്കുമായിരുന്നു.  


 

ആംനെസ്റ്റി ഇന്‍റർനാഷണലിന്‍റെ മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക എന്നിവയുടെ ഡെപ്യൂട്ടി റീജിയണൽ ഡയറക്ടർ ഡയാന എൽതഹാവി കണ്ടെത്തലുകളെക്കുറിച്ച് ഒരു പ്രസ്‍താവന നൽകി. അതിൽ അവർ പറഞ്ഞത് ഇങ്ങനെയാണ്, 'നിർബന്ധിത തിരോധാനം, പീഡനം, തടവുകാർക്കെതിരായ മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ അന്വേഷിക്കുന്നതിനുപകരം, ഇറാനിയൻ പ്രോസിക്യൂട്ടർമാർ നൂറുകണക്കിന് ആളുകൾക്കെതിരെ ദേശീയ സുരക്ഷാകുറ്റങ്ങൾ ചുമത്തി അടിച്ചമർത്തലിന് കൂട്ടുനിൽകുകയായിരുന്നു. എന്നാൽ, ഇത്രയൊക്കെ അനുഭവിക്കാൻ അവർ എന്താണ് ചെയ്‍തത്? സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞു. "അഭിപ്രായ സ്വാതന്ത്ര്യം, സമാധാനപരമായ സമ്മേളനം എന്നിവയ്ക്കുള്ള അവകാശങ്ങൾ വിനിയോഗിച്ചതിന് മാത്രമാണ് ആളുകൾ ഈ പീഡനങ്ങൾക്ക് ഇരയായത്, അവരെക്കൊണ്ട് 'കുറ്റസമ്മതം' നടത്തിച്ച് ജഡ്‍ജിമാർ കുറ്റകരമായ വിധികൾ പുറപ്പെടുവിച്ചു' എൽതഹാവി പറഞ്ഞു.

ഇറാനിലെ മനുഷ്യാവകാശ ലംഘനങ്ങൾ പരിഹരിക്കാൻ യുഎൻ മനുഷ്യാവകാശ കൗൺസിലിലെ അംഗരാജ്യങ്ങളോടും യുഎൻ മനുഷ്യാവകാശ കമ്മീഷണറുടെ ഓഫീസിനോടും ആംനെസ്റ്റി ഇന്‍റർനാഷണൽ അഭ്യർത്ഥന നടത്തി. മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ ഇറാൻ പഴികേൾക്കുന്നത് ഇതാദ്യമായല്ല. മുൻപും പല തവണ റൈറ്റ്സ് ഗ്രൂപ്പുകളും അന്താരാഷ്ട്ര സംഘടനകളും ഇറാന്‍റെ ക്രൂരമായ നയങ്ങളെ അപലപിച്ചിരുന്നു. CATO ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2019 -ലെ മനുഷ്യ സ്വാതന്ത്ര്യ സൂചികയിൽ 162 രാജ്യങ്ങളിൽ ഇറാൻ 154-ാം സ്ഥാനത്താണ്. 

click me!