പ്രായം 100 വയസിന് മുകളിൽ, ഭാരം 300 കിലോയിലധികം, കൂറ്റൻ കടൽക്കൂരി

By Web TeamFirst Published Jun 28, 2022, 9:13 AM IST
Highlights

മത്സ്യത്തൊഴിലാളികൾ ഏതാനും വീഡിയോകളും ചിത്രങ്ങളും എടുത്തതിന് ശേഷം മത്സ്യത്തെ വീണ്ടും വെള്ളത്തിലേക്ക് തുറന്നുവിട്ടു.

കണ്ടാൽ ഒരു വലിയ സർഫ്‍ബോർഡാണ് എന്നൊക്കെ തോന്നും. എന്നാൽ, കാനഡ(Canada)യിൽ അടുത്തിടെ പിടിയിലായത് ഒരു കൂറ്റൻ കടൽക്കൂരി (massive sturgeon). പ്രായം 100 വയസിനും മുകളിൽ. ബ്രിട്ടീഷ് കൊളംബിയയിലുള്ള മത്സ്യത്തൊഴിലാളികളാണ് പത്തടിയിലധികം നീളവും 100 -ലധികം പ്രായവുമുള്ള കൂറ്റൻ കടൽക്കൂരിയെ പിടികൂടിയത്.

റിവർ മോൺസ്റ്റർ അഡ്വഞ്ചേഴ്‌സ്, നിക്ക് മക്‌കേബ്, ടൈലർ സ്പീഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഗൈഡുകൾക്കൊപ്പം ബിസിയിലെ ലില്ലൂറ്റിന് സമീപം മത്സ്യബന്ധനം നടത്തുകയായിരുന്നു സ്റ്റീവ് എക്‌ലണ്ടും മാർക്ക് ബോയ്‌സും. അതിനിടയിലാണ് അവർ പെട്ടെന്ന് കൂറ്റൻ മത്സ്യത്തെ കണ്ടെത്തിയത്.

റിപ്പോർട്ടുകൾ അനുസരിച്ച്, മത്സ്യത്തെ തങ്ങളുടെ ബോട്ടിൽ എത്തിക്കുന്നതിന് മുമ്പ് അവർക്ക് രണ്ട് മണിക്കൂർ മത്സ്യവുമായി ഗുസ്തി പിടിക്കേണ്ടി വന്നു. ഓൺലൈനിൽ പങ്കിട്ട ഒരു ചെറിയ ക്ലിപ്പിൽ, വെള്ളത്തിൽ നിന്ന് മത്സ്യത്തെ പുറത്തെടുക്കാൻ ഒരു മനുഷ്യൻ കഷ്ടപ്പെടുന്നത് വ്യക്തമായി കാണാം. 

10 അടിയും ഒരിഞ്ചുമാണ് ഈ കൂറ്റൻ കടൽക്കൂരിയുടെ നീളം. “ഞങ്ങളുടെ ഇന്നത്തെ അവസാനത്തെ മത്സ്യം കമ്പനിയുടെ ചരിത്രത്തിൽ പിടിക്കപ്പെട്ട ഏറ്റവും വലിയ കടൽക്കൂരി ആയിത്തീർന്നിരിക്കയാണ്. ഈ മത്സ്യത്തിന് തീർച്ചയായും 700 പൗണ്ട് (317 കിലോഗ്രാം) ഭാരമുണ്ട്. 100 വയസ്സിന് മുകളിലായിരിക്കണം പ്രായം” എന്നും അദ്ദേഹം ഫേസ്ബുക്കില്‍ പറഞ്ഞു. 

മത്സ്യത്തൊഴിലാളികൾ ഏതാനും വീഡിയോകളും ചിത്രങ്ങളും എടുത്തതിന് ശേഷം മത്സ്യത്തെ വീണ്ടും വെള്ളത്തിലേക്ക് തുറന്നുവിട്ടു. അസിപെൻസറിഡേ കുടുംബത്തിൽപ്പെട്ട 27 ഇനം മത്സ്യങ്ങളുടെ പൊതുനാമമാണ് സ്റ്റർജൻ അഥവാ കടൽക്കൂരി. ന്യൂസ് വീക്ക് റിപ്പോർട്ട് അനുസരിച്ച്, 14 അടി വരെ നീളവും 1,500 പൗണ്ട് വരെ ഭാരവും വയ്ക്കാവുന്ന, വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യമാണ് വെളുത്ത കടൽക്കൂരി. 150 വയസ് വരെ അവ ജീവിക്കാം എന്ന് കരുതുന്നു. 

click me!