പഫർ മത്സ്യം പാചകം ചെയ്ത് കഴിച്ചു, 83 -കാരി മരിച്ചു; അപകടകാരിയായ മത്സ്യം

Published : Apr 02, 2023, 12:23 PM IST
പഫർ മത്സ്യം പാചകം ചെയ്ത് കഴിച്ചു, 83 -കാരി മരിച്ചു; അപകടകാരിയായ മത്സ്യം

Synopsis

മത്സ്യം കഴിച്ച് അധികം കഴിയും മുമ്പേ ലിമ്മിന് വിറയലും ശ്വാസം മുട്ടലും അടക്കം അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. പിന്നാലെ, ഇവർ മകനെ വിവരം അറിയിച്ചു.

വലിയ വില കൊടുത്ത് പഫർ മത്സ്യങ്ങൾ വാങ്ങി കഴിക്കുന്ന ആളുകളുണ്ട്. എന്നാൽ, മലേഷ്യയിൽ ഒരു സ്ത്രീക്ക് പഫർ മത്സ്യം വാങ്ങി പാകം ചെയ്ത് കഴിച്ചതിനെ തുടർന്ന് ജീവൻ തന്നെ നഷ്ടമായി. മലേഷ്യയിലെ ജോഹറിലാണ് സംഭവം നടന്നത്. 83 -കാരിയായ ലിം സൂ ​ഗുവാൻ ആണ് മരണപ്പെട്ടത്. പാചകം പിഴച്ചാൽ ആരോ​ഗ്യനില പ്രശ്നത്തിലാക്കുന്ന മത്സ്യമാണിത്. 

മാർച്ച് 25 -നാണ് ലിം ഓൺലൈനായി പഫർ മത്സ്യം വാങ്ങിയത്. പിന്നാലെ വൃത്തിയാക്കി പാകം ചെയ്യുകയും ചെയ്തു. ഉച്ചയ്ക്കാണ് ഇവരും ഭർത്താവും ഇത് കഴിച്ചത്. എന്നാൽ, മത്സ്യം കഴിച്ച് അധികം കഴിയും മുമ്പേ ലിമ്മിന് വിറയലും ശ്വാസം മുട്ടലും അടക്കം അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. പിന്നാലെ, ഇവർ മകനെ വിവരം അറിയിച്ചു. മകൻ സ്ഥലത്തെത്തി ഇവരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ, അര മണിക്കൂർ കഴിയും മുമ്പ് ഇവരുടെ ഭർത്താവായ 84 -കാരനും ഭാര്യയുടെ അതേ അസ്വസ്ഥതകൾ അനുഭവപ്പെടാൻ തുടങ്ങി. 

അന്ന് വൈകുന്നേരം ഏഴ് മണിയോടെ തന്നെ ലിം മരണത്തിന് കീഴടങ്ങി. ഭർത്താവിന്റെ നില ഇപ്പോഴും ​ഗുരുതരമാണ്. മത്സ്യത്തിന്റെ ശരീരത്തിലുണ്ടായ വിഷമാണ് ലിമ്മിന്റെ ജീവനെടുത്തതും ഭർത്താവിന്റെ നില ​ഗുരുതരമാക്കിയതും എന്ന് ഡോക്ടർമാർ പറയുന്നു. 

വളരെ അധികം വിഷമുള്ള മത്സ്യമാണ് പഫർ മത്സ്യം. അതിന്റെ ശരീരത്തിൽ 30 പേരെ കൊല്ലാൻ പറ്റുന്നത്രയും വിഷം അടങ്ങിയിട്ടുണ്ട് എന്നാണ് പറയുന്നത്. മാത്രമല്ല, ഈ വിഷബാധ കണക്കിലെടുത്ത് തന്നെ പഫർ മത്സ്യം വിൽക്കുന്നത് മലേഷ്യയിൽ നിരോധിച്ചിട്ടുണ്ട്. എങ്കിലും ആളുകൾ അനധികൃതമായി ഇത് വിൽക്കുകയും വാങ്ങുകയും ചെയ്യുന്നുണ്ട് എന്നാണ് പറയുന്നത്. 

എന്നാൽ, തന്റെ മാതാപിതാക്കൾക്ക് ഇതിന്റെ അപകടത്തെ കുറിച്ച് അറിയില്ലായിരുന്നു എന്നും അതാണ് കാര്യങ്ങൾ ഇങ്ങനെയാക്കി തീർത്തത് എന്നും ഇനിയാർക്കും ഇങ്ങനെ സംഭവിക്കരുത് എന്നും ഇവരുടെ മകൾ ഇൻക് അലി ലീ പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

മൂന്ന് വീടുകൾ, ആഡംബര കാറ്, കോടികളുടെ ആസ്ഥി, ജോലി തെരുവിൽ ഭിക്ഷാടനം; ഒടുവിൽ പോലീസ് പൊക്കി
ഭർത്താവ് കാമുകിക്ക് കൈമാറിയത് 23 കോടി! ഭാര്യ കണ്ടെത്തിയത് ഭർത്താവിന്‍റെ മരണാനന്തരം, കേസ്