വളര്‍ത്തുപട്ടിയെ രക്ഷിക്കാന്‍ ചുടുനീരുറവയിലേക്ക് എടുത്തു ചാടി, യുവതി അബോധാവസ്ഥയില്‍

By Web TeamFirst Published Oct 8, 2021, 3:31 PM IST
Highlights

ഇവര്‍ അബോധാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരുടെ കൈത്തലങ്ങള്‍ പൊള്ളിനശിച്ചതായി സഹോദരിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

പാര്‍ക്കിലെ ചുടുനീരുറവയില്‍ വീണ പട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ, യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു. അമേരിക്കയിലെ യെലോസ്‌റ്റോണ്‍ നാഷനല്‍ പാര്‍ക്കിലാണ് സംഭവം. വെട്ടിത്തിളക്കുന്ന വെള്ളത്തില്‍ വീണുപോയ പട്ടി വെന്തുമരിച്ചു. യുവതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അബോധാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരുടെ കൈത്തലങ്ങള്‍ പൊള്ളിനശിച്ചതായി സഹോദരിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

വാഷിംഗ്ടണ്‍ സ്വദേശിയായ ലെയ്ഹ സ്‌ലെയിറ്റണ്‍ എന്ന യുവതിക്കാണ് അപകടമുണ്ടായത്. കഴിഞ്ഞ ആഴ്ചയാണ് ഡെന്റിസ്റ്റിന്റെ ജോലി കിട്ടിയ ഇവര്‍ വാഷിംഗ്ടണില്‍നിന്നും ഒഹയോവില്‍ എത്തിയത്. യെലോസ്‌റ്റോണ്‍ നാഷനല്‍ പാര്‍ക്കില്‍ ഇതുവരെ പോവാത്തതിനാല്‍ പിതാവിനൊപ്പം അവിടെ എത്തിയതായിരുന്നുവെന്ന്് ഈസ്റ്റ് ഇദാഹോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 

യെ്ഹയുടെ കൂടെ രണ്ടു പട്ടികളുംഉണ്ടായിരുന്നു. പാര്‍ക്കില്‍ എത്തിയതും പട്ടികള്‍ കളി തുടങ്ങി. അതിനിടെയാണ്, ഇവിടെയുള്ള ഒരു ചുടുനീരുറവയില്‍നിന്നും മുകളിലേക്ക് തെറിച്ചുവീണ ചൂടുവെള്ളം അതിലൊരു പട്ടിയുടെ കാലില്‍ തെറിച്ചത്. പൊള്ളലേറ്റ പട്ടി ആ സമയം തന്നെ അപ്പുറത്തേക്ക് ചാടി. അവിടെ  93 സെല്‍ഷ്യസ് ചൂടുള്ള മെയിഡന്‍സ് ഗ്രേവ് സ്പ്രിംഗ് ചുടുനീരുറവയിലേക്കായിരുന്നു ചാട്ടം. അതോടെ, പട്ടിക്കു പിന്നാലെ യുവതിയും ഓടി. ചുടുനീരുറവയിലേക്ക് വീണ പട്ടി പിടയുന്നതിനിടെ അതിനെ രക്ഷിക്കാനായി യുവതി കടുത്ത ചൂടില്‍ തിളയ്ക്കുന്ന വെള്ളത്തിലേക്ക് ചാടി. സമീപത്തുണ്ടായിരുന്ന പിതാവ് ഒാടി വന്ന് ഉടന്‍ തന്നെ യുവതിയെയും പട്ടിയെയും പുറത്തെടുത്തു. പെട്ടെന്ന് തന്നെ സമീപത്തെ ആശുപത്രിയിലേക്കും അവിടെ നിന്നും വിമാനമാര്‍ഗം വിദഗ്ധ ചികില്‍സക്കായും എത്തിച്ചു. 

പാര്‍ക്കിലെ ഏറ്റവും പ്രശസ്തമായ ചുടുനീരുറവയാണ് മെയിഡന്‍സ് ഗ്രേവ് സ്പ്രിംഗ്. 93 സെല്‍ഷ്യസാണ് ഇതിലെ വെള്ളത്തിന്റെ ചൂട്. കാര്യമായി പൊളളലേറ്റുവെങ്കിലും പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ചതാണ് ജീവന്‍ രക്ഷപ്പെടുത്തിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് പാര്‍ക്ക് അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. 

യുവതിക്ക് 70 ശതമാനം പൊള്ളലേറ്റതായി സഹോദരി കാമില സ്‌ലെയിറ്റന്‍ പറഞ്ഞു. കടുത്ത ുവദന കാരണം മരുന്നുകള്‍  നല്‍കി അബോധാവസ്ഥയിലാക്കിയിരിക്കുകയാണ്. പിതാവിന്റെ സമയോചിതമായ ഇടപെടലാണ് സഹോദരിയുടെ ജീവന്‍ രക്ഷിച്ചതെന്നും കാമില പറഞ്ഞു. ഇനിയും മാസത്തിലേറെ ആശുപത്രിയില്‍ കിടന്നാലേ ചികില്‍സ പൂര്‍ത്തിയാക്കാനാവൂ എന്നും അവര്‍ പറഞ്ഞു. 

അതിനിടെ, പൊള്ളലേറ്റു ആശുപത്രിയില്‍ കഴിയുന്ന യുവതിയുടെ ചികില്‍സാ ചെലവിലേക്കായി മൃഗസ്‌നേഹികളുടെ സംഘടന ക്രൗഡ് ഫണ്ടിംഗ് ആരംഭിച്ചു.  നിരവധി മൃഗസ്‌നേഹികള്‍ സഹായവുമായി രംഗത്തുവന്നിട്ടുണ്ട്. 

യെലോ സ്‌റ്റോണ്‍ നാഷനല്‍ പാര്‍ക്കിലെ ഏറ്റവും സന്ദര്‍ശകരെത്തുന്ന സ്ഥലമാണ് ഈ ചുടുനീരുറവ. ഇവിടെ മുമ്പും സമാനമായ അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങളെ ഇവിടെ കൊണ്ടുവരരുതെന്നാണ് പാര്‍ക്കിലെ ചട്ടം. ഇത് ലംഘിച്ചാണ് യുവതി പട്ടിയുമായി എത്തിയത്. എന്നാല്‍, യുവതിയ്ക്ക് ഇവിടെയുള്ള നിയമങ്ങളെ കുറിച്ചൊന്നും അറിയില്ലായിരുന്നുവെന്ന് സഹോദരി പറഞ്ഞു. 

click me!