
ഒരു രൂപാ പോലും ചിലവഴിക്കാതെ രണ്ട് മാസം ഷാങ്‍ഹായി നഗരത്തിൽ ഹോട്ടലിൽ താമസിക്കുകയും കാറിൽ കറങ്ങി നടക്കുകയും ചെയ്ത യുവതി അറസ്റ്റിൽ. ഹുവാങ്ങ് എന്നാണ് യുവതിയുടെ പേര്. ഇരുപതുകളിലാണ് പ്രായം. പറ്റിച്ചതിനും ആളുകൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചതിനുമാണ് യുവതിക്കെതിരെ നിലവിൽ കേസെടുത്തിരിക്കുന്നത്.
നിരവധി ഹോട്ടലുകളും ബാത്തിംഗ് സെന്ററുകളും സന്ദർശിച്ച യുവതി പണം നൽകാതിരിക്കാനായി അവിടെയെല്ലാം പ്രശ്നങ്ങളുണ്ടാക്കുകയായിരുന്നു. തീരെ വൃത്തിയില്ല എന്ന് പറഞ്ഞുകൊണ്ട് അവൾ അവിടെയൊന്നും പണം നൽകാതെ ഇറങ്ങിയത്. പറയുന്നത് സത്യമാണ് എന്ന് കാണിക്കാനും ബാത്തിംഗ് സെന്ററുകളിൽ നിന്നും റീഫണ്ട് കിട്ടാനും ശരീരത്തിൽ ചർമ്മപ്രശ്നങ്ങൾ പോലെ തോന്നിക്കുന്ന അടയാളങ്ങളുണ്ടാക്കുക തുടങ്ങിയ കാര്യങ്ങളും അവൾ ചെയ്തതായി പറയുന്നു.
യുവതിയുടെ ബാഗിൽ നിന്നും ചത്ത പ്രാണികളെയിട്ടുവച്ച ബോക്സും പൊലീസ് കണ്ടെത്തി. ഇവയെ മുറിയിലിട്ട ശേഷം ഹോട്ടലിന് വൃത്തിയില്ലെന്നും ചത്ത പ്രാണികളുണ്ടായിരുന്നു എന്നും മറ്റും ആരോപിക്കുകയായിരുന്നു ഇവരുടെ പ്രധാന പരിപാടി.
ഈ രണ്ട് മാസത്തിൽ മൂന്നേമൂന്ന് തവണയാണ് അവൾ താമസിച്ച ഹോട്ടലിൽ ബില്ലടച്ചത്. അത് മൂന്നും അടച്ചത് അവൾ ഓൺലൈനിലൂടെ പരിചയപ്പെട്ട പുരുഷന്മാരാണ്. സാധാരണയായി അവൾ പണമടക്കാൻ ആവശ്യപ്പെടുമെന്നും പണം അടച്ചു കഴിഞ്ഞാൽ പിന്നെ അവഗണിക്കാറാണ് പതിവ് എന്നുമാണ് ഇതിൽ ഒരു യുവാവ് പറഞ്ഞത്.
നഗരത്തിൽ യുവതി സഞ്ചരിച്ചത് ടാക്സികൾ ബുക്ക് ചെയ്തിട്ടാണ്. എന്നാൽ, ഡ്രൈവർമാർക്ക് പണം നൽകാതിരിക്കാനായി അവർക്കെതിരെ തെറ്റായ പരാതികൾ നൽകുകയായിരുന്നു ചെയ്തത്. അതുപോലെ ഓൺലൈനിലൂടെ വസ്ത്രം വാങ്ങി ധരിക്കും. 7 ദിവസത്തെ റിട്ടേൺ പോളിസി ഉപയോഗിച്ച് അത് അതുപോലെ റിട്ടേൺ ചെയ്യുകയായിരുന്നു എന്നും പൊലീസ് പറയുന്നു.
ഇതുകൊണ്ടും തീർന്നില്ല, കോസ്മെറ്റിക് സർജറികൾ ചെയ്ത ശേഷം തനിക്ക് സുഖമില്ലാതെയായി എന്ന് പറഞ്ഞുകൊണ്ട് അതിന്റെ പണവും അവൾ അടച്ചിരുന്നില്ല.