മരിച്ചെന്ന് കരുതി ശവസംസ്കാരം നടത്താൻ ഒരുങ്ങവേ ശ്വാസമെടുത്ത് സ്ത്രീ

Published : Feb 07, 2023, 03:43 PM IST
മരിച്ചെന്ന് കരുതി ശവസംസ്കാരം നടത്താൻ ഒരുങ്ങവേ ശ്വാസമെടുത്ത് സ്ത്രീ

Synopsis

ആരോഗ്യവകുപ്പും പൊലീസും സംയുക്തമായി ചേർന്നാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്. സമാനമായ മറ്റൊരു സംഭവം അയോവയിലെ ഒരു കെയർ ഹോമിൽ നടന്ന് ആഴ്ചകൾ പിന്നിടുന്നതിന് മുൻപേ ആണ് മറ്റൊരു സംഭവം കൂടി ഉണ്ടായിരിക്കുന്നത്.

മരിച്ചെന്ന് കരുതിയ ഒരാൾ പെട്ടെന്ന് കണ്ണു തുറക്കുകയോ ശ്വാസം എടുക്കുകയോ ചെയ്താൽ എന്തായിരിക്കും നിങ്ങളുടെ അവസ്ഥ? തീർച്ചയായും കുറച്ച് സമയത്തേക്ക് എങ്കിലും പരിഭ്രാന്തരാകും അല്ലേ?  സമാനമായ ഒരു സംഭവം കഴിഞ്ഞ ദിവസം ന്യൂയോർക്കിലെ ഒരു നഴ്സിംഗ് ഹോമിൽ ഉണ്ടായി. മരിച്ചു എന്ന് കരുതി ശവസംസ്കാര ശുശ്രൂഷകൾക്കായി തയ്യാറെടുപ്പുകൾ നടത്തുന്നതിനിടയിലാണ് 89 -കാരിയായ സ്ത്രീ പെട്ടെന്ന് ശ്വാസം എടുത്തത്. മരണം സ്ഥിരീകരിച്ച് ഏകദേശം മൂന്നു മണിക്കൂറുകൾക്ക് ശേഷമാണ് ഈ സ്ത്രീ ശ്വാസം എടുക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിൽ എന്തെങ്കിലും ദുരൂഹത ഉണ്ടോ എന്നറിയാൻ പൊലീസ് അന്വേഷണം ആരംഭിച്ചു. 

ശനിയാഴ്ച രാവിലെ 11.15 -ന് ലോംഗ് ഐലൻഡിലെ പോർട്ട് ജെഫേഴ്സണിലെ വാട്ടർസ് എഡ്ജ് റീഹാബ് ആൻഡ് നഴ്സിംഗ് സെന്ററിൽ വെച്ചാണ് ഈ സ്ത്രീ മരിച്ചത്. മരണം ഉറപ്പാക്കിയതോടെ നഴ്സിംഗ് ഹോം അധികൃതരും ബന്ധുക്കളും ചേർന്ന് ശവസംസ്കാര ശുശ്രൂഷകൾക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. ഇതിനിടയിലാണ് ഇവർ പെട്ടെന്ന് ശ്വാസം എടുക്കുന്നതായി കണ്ടുനിന്നവരുടെ ശ്രദ്ധയിൽപ്പെട്ടത്. ശവസംസ്കാര ശുശ്രൂഷകൾ നടത്തുന്നതിനായി ഇവരുടെ ശരീരം ഉച്ചയ്ക്ക് ഒന്നരയോടെ മില്ലർ പ്ലേസിലെ ഒബി ഡേവിസ് ഫ്യൂണറൽ ഹോമിലേക്ക് മാറ്റിയിരുന്നു. ഇവിടെ വെച്ചാണ് ഇവരുടെ ശരീരത്തിൽ ജീവൻ അവശേഷിക്കുന്നതിന്റെ തെളിവുകൾ പുറത്തുവന്നത്. ഉടൻതന്നെ അവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നിലവിലെ സ്ഥിതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സ്ത്രീയുടെ പേരും അധികൃതർ പുറത്തുവിട്ടിട്ടില്ല.

ആരോഗ്യവകുപ്പും പൊലീസും സംയുക്തമായി ചേർന്നാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്. സമാനമായ മറ്റൊരു സംഭവം അയോവയിലെ ഒരു കെയർ ഹോമിൽ നടന്ന് ആഴ്ചകൾ പിന്നിടുന്നതിന് മുൻപേ ആണ് മറ്റൊരു സംഭവം കൂടി ഉണ്ടായിരിക്കുന്നത്. അയോവയിലെ കെയർ ഹോം അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് ഇത്തരത്തിൽ ഒരു കാര്യം സംഭവിക്കാൻ ഇടയാക്കിയത് എന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇവരിൽ നിന്നും 10,000 ഡോളർ പിഴ ചുമത്തിയിരുന്നു. ജനുവരി 3 -നാണ് കെയർ ഹോം അധികൃതർ തങ്ങളുടെ അന്തേവാസിയായ 66 -കാരിയായ ഒരു സ്ത്രീ മരണപ്പെട്ടു എന്ന വാർത്ത പുറത്തുവിട്ടത്. എന്നാൽ, സംസ്കാര ശുശ്രൂഷകൾക്കിടയിൽ ഈ സ്ത്രീ ശ്വാസം എടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് രണ്ടു ദിവസങ്ങൾക്കുശേഷം ഇവർ ആശുപത്രിയിൽ വച്ച് മരണമടഞ്ഞു.

(ചിത്രം പ്രതീകാത്മകം)

PREV
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!