തിടുക്കത്തില്‍ ചൂടുള്ള ഭക്ഷണം കഴിച്ച് പിന്നാലെ തണുത്ത വെള്ളവും കുടിച്ചു, അന്നനാളത്തിൽ വ്രണം!

Published : May 22, 2026, 02:48 PM IST
hotpot

Synopsis

ചൈനയിൽ തിടുക്കത്തിൽ ചൂടുള്ള ഹോട്ട്‌പോട്ട് ഭക്ഷണം കഴിച്ച യുവതിയുടെ അന്നനാളത്തിൽ 8 സെമി നീളമുള്ള വ്രണം രൂപപ്പെട്ടു. അമിതമായി ചൂടുള്ള ഭക്ഷണം കഴിക്കുന്നതും പിന്നാലെ തണുത്ത വെള്ളം കുടിക്കുന്നതും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും?

ചൂടുള്ള ഭക്ഷണം കഴിക്കുന്നത് പൊതുവെ ആരോഗ്യകരവും മനസ്സിന് സന്തോഷം നൽകുന്നതുമായാണ് കരുതപ്പെടുന്നത്. എന്നാൽ അമിതമായി ചൂടുള്ള ഭക്ഷണം തിടുക്കത്തിൽ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. ചൈനയിൽ നിന്നുള്ള ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 'ഹോട്ട്‌പോട്ട്' ഭക്ഷണം ചൂടാറുന്നതിന് മുൻപ് വേഗത്തിൽ കഴിച്ചതിനെ തുടർന്ന് 42-കാരിയായ ഒരു യുവതിയുടെ അന്നനാളത്തിൽ 8 സെൻ്റീമീറ്റർ നീളമുള്ള വലിയൊരു വ്രണം രൂപപ്പെട്ടു.

'സൗത്ത് ചൈന മോർണിംഗ് പോസ്റ്റ്' റിപ്പോർട്ട് ചെയ്തതനുസരിച്ച്, ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ നിന്നുള്ള യുവതി സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിക്കുന്നതിനിടയിലാണ് തിളച്ചുമറിയുന്ന ഹോട്ട്‌പോട്ടിൽ നിന്ന് നേരിട്ട് ഭക്ഷണ സാധനങ്ങൾ എടുത്ത് ധൃതിയിൽ കഴിച്ചത്. ഭക്ഷണം കഴിച്ച് തൊട്ടുപിന്നാലെ തന്നെ അവർക്ക് കടുത്ത നെഞ്ചുവേദനയും തൊണ്ടയിൽ ശക്തമായ എരിച്ചിലും അനുഭവപ്പെടാൻ തുടങ്ങി. ഇത് താൽക്കാലികമായ അസ്വസ്ഥത മാത്രമാണെന്ന് കരുതി ആശ്വാസത്തിനായി അവർ ഐസ് വെള്ളം കുടിക്കുകയും ചെയ്തു.

എന്നാൽ, രാത്രിയായപ്പോഴേക്കും ഇവരുടെ ആരോഗ്യസ്ഥിതി കൂടുതൽ വഷളായി. പിറ്റേന്ന് രാവിലെയായപ്പോഴേക്കും വെള്ളം പോലും ഇറക്കാൻ കഴിയാത്ത അവസ്ഥയിലായതിനെ തുടർന്ന് യുവതിയെ അടിയന്തിരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഡോക്ടർമാർ നടത്തിയ എൻഡോസ്കോപ്പി പരിശോധനയിലാണ് അവരുടെ അന്നനാളത്തിൽ 8 സെൻ്റീമീറ്റർ നീളമുള്ള വ്രണം കണ്ടെത്തിയത്. ഇത് മുതിർന്ന ഒരാളുടെ അന്നനാളത്തിൻ്റെ ആകെ നീളത്തിൻ്റെ മൂന്നിലൊന്നിനോളം വരും. മനുഷ്യൻ്റെ തൊണ്ടയ്ക്ക് ഉയർന്ന താപനില താങ്ങാൻ കഴിയുമെന്നാണ് പലരും കരുതുന്നതെന്നും എന്നാൽ അന്നനാളത്തിലെ ഉൾപ്പാളികൾക്ക് പരമാവധി 50 മുതൽ 60 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനില മാത്രമേ പ്രതിരോധിക്കാൻ സാധിക്കൂ എന്നും വിദഗ്ധർ വ്യക്തമാക്കുന്നു.

എന്നാൽ പുതുതായി പാകം ചെയ്ത ഹോട്ട്‌പോട്ട് ഭക്ഷണങ്ങളുടെ താപനില 80 മുതൽ 90 ഡിഗ്രി സെൽഷ്യസ് വരെയാകാം. ഇതാണ് ശരീരത്തിൻ്റെ ഉള്ളിലെ കോശങ്ങൾ കരിഞ്ഞുപോകുന്ന തരത്തിലുള്ള ഗുരുതരമായ പൊള്ളലിന് കാരണമായത്.

അമിതമായ ചൂടുള്ള ഭക്ഷണം കഴിച്ച ഉടൻ തന്നെ ഐസ് വെള്ളം കുടിക്കുന്നത് പൊള്ളലേറ്റ കോശങ്ങൾക്ക് ആശ്വാസം നൽകുന്നതിന് പകരം, അവയെ കൂടുതൽ തകരാറിലാക്കുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. വളരെയധികം ചൂടുള്ള ഭക്ഷണപാനീയങ്ങൾ സ്ഥിരമായി കഴിക്കുന്നത് അന്നനാളത്തിന് ആഴത്തിലുള്ള കേടുപാടുകൾ വരുത്തുമെന്നും ദീർഘകാലാടിസ്ഥാനത്തിൽ മറ്റ് ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും വിദഗ്ധർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം, ചൈനയിൽ എവിടെയും ഹോട്ട്‌പോട്ട് വളരെ ജനപ്രിയമായ ഒരു ഭക്ഷണമാണ്. ഇതിൻ്റെ പല വകഭേദങ്ങളിൽ സിചുവാൻ, ചോങ്കിംഗ് എന്നിവിടങ്ങളിലെ 'സ്പൈസി ഹോട്ട്‌പോട്ട്' ആണ് ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്നത്. കടുത്ത ചൂടും നാവിൽ തരിപ്പുണ്ടാക്കുന്ന എരിവും നൽകുന്ന പ്രത്യേക അനുഭൂതിയാണ് ഇതിന് കാരണം. എന്നാൽ, തിളച്ചുമറിയുന്ന ചൂടോടെ ഭക്ഷണം കഴിക്കുന്ന ഈ സംസ്കാരം വലിയ ആരോഗ്യ ഭീഷണിയാണ് ഉയർത്തുന്നത്. ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന അന്നനാളത്തിലെ ക്യാൻസർ കേസുകളിൽ 40 ശതമാനവും ചൈനയിലാണ്. അമിതമായി ചൂടുള്ള ഭക്ഷണം കഴിക്കുന്ന ശീലമാണ് ഇതിന് പ്രധാന കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ ക്യാൻസർ ഗവേഷണ ഏജൻസി, 65 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂടുള്ള പാനീയങ്ങൾ സ്ഥിരമായി കുടിക്കുന്നത് മനുഷ്യരിൽ ക്യാൻസറിന് കാരണമായേക്കാമെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഒരൊറ്റ ദിവസം കൊണ്ട് 1 കോടി ഫോളോവേഴ്സ്! സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് ആ തിരിച്ചുവരവ്
പുരുഷ ഫാഷനിൽ വീണ്ടും തരംഗമായി 'ഹൂപ്പ് ഇയറിങ്സ്'; സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർ വരെ ഇതിന് പിന്നാലെ