Sarah Lampley : പ്രസവത്തോടെ കുട്ടിയെ നഷ്ടമായി, മുലപ്പാൽ ആരോഗ്യപ്രശ്നങ്ങളുള്ള മറ്റ് കുട്ടികൾക്ക് നൽകി യുവതി

Published : Feb 25, 2022, 07:00 AM IST
Sarah Lampley : പ്രസവത്തോടെ കുട്ടിയെ നഷ്ടമായി, മുലപ്പാൽ ആരോഗ്യപ്രശ്നങ്ങളുള്ള മറ്റ് കുട്ടികൾക്ക് നൽകി യുവതി

Synopsis

ദുരന്തം സംഭവിച്ച് മൂന്ന് മാസത്തിന് ശേഷം സാറ, ഇപ്പോൾ അമ്മമാരെയും, കുഞ്ഞുങ്ങളെയും സഹായിക്കാനായി ജീവിതം മാറ്റി വയ്ക്കുന്നു.

പ്രസവ(Pregnancy)ത്തോടെ കുട്ടിയെ നഷ്ടമായ ഒരു 34 -കാരി, ഇപ്പോൾ തന്റെ മുലപ്പാൽ ആരോഗ്യപ്രശ്നങ്ങളുള്ള മറ്റ് കുട്ടികൾക്ക് ദാനം ചെയ്യുന്നു. യുകെയിലുള്ള സാറ ലാംപ്ലി(Sarah Lampley)യാണ് തന്റെ മുലപ്പാൽ(Breast Milk) മറ്റു കുട്ടികൾക്ക് നൽകി മാതൃകയായിരിക്കുന്നത്. ഏകദേശം 50 കുപ്പി മുലപ്പാലാണ് അവൾ മിൽക്ക് ബാങ്കിന് ഇതുവരെ നൽകിയത്. അതായത് ശരാശരി 28 ലിറ്റർ മുലപ്പാൽ.  

ഗർഭത്തിന്റെ 38 -ാം ആഴ്ചയിൽ അവൾക്ക് കനത്ത രക്തസ്രാവം ആരംഭിച്ചു. പ്ലാസന്റൽ അബ്രാപ്ഷൻ അനുഭവപ്പെട്ടതിനെ തുടർന്ന് അവളുടെ നില ഗുരുതരമായി. പ്രസവത്തിന് മുൻപ് പ്ലാസന്റ ഗർഭപാത്രത്തിൽ നിന്ന് വിട്ടുപോകുന്ന അവസ്ഥയാണ് ഇത്. ഇതോടെ അവൾ മരിച്ചു പോകുമെന്ന് വരെ ഡോക്ടർമാർ കരുതി. എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട് അവൾ ജീവിതത്തിലേയ്ക്ക് തിരികെ വന്നു. എന്നാൽ, കുഞ്ഞിനെ അവൾക്ക് നഷ്ടമായി. പ്രസവത്തിൽ കുഞ്ഞ് മരിച്ചു. അതേസമയം, ഗർഭപാത്രത്തിലെ കുഞ്ഞിന്റെ സ്ഥാനം സാറയുടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ രക്തം കട്ടപിടിക്കുന്നത് തടഞ്ഞു. ഇതുമൂലമാണ് സാറയുടെ ജീവൻ രക്ഷിക്കാനായതെന്ന് ഡോക്ടർമാർക്ക് പറഞ്ഞു. അതുകൊണ്ട് തന്നെ തന്റെ അമ്മയുടെ ജീവൻ രക്ഷിച്ച ആ കുഞ്ഞിനെ സാറയുടെ മൂന്ന് മക്കൾ 'സൂപ്പർ ഹീറോ' എന്നാണ് വിളിക്കുന്നത്.  

ദുരന്തം സംഭവിച്ച് മൂന്ന് മാസത്തിന് ശേഷം സാറ, ഇപ്പോൾ അമ്മമാരെയും, കുഞ്ഞുങ്ങളെയും സഹായിക്കാനായി ജീവിതം മാറ്റി വയ്ക്കുന്നു. യുഎസിലെ അലബാമയിലെ മദേഴ്‌സ് മിൽക്ക് ബാങ്കിന് ഇതുവരെ 50 കുപ്പി മുലപ്പാൽ അവൾ സംഭാവന ചെയ്തതായി മെട്രോ യുകെ റിപ്പോർട്ട് പറയുന്നു. "എന്റെ മകന്റെ മരണശേഷം, ദിവസങ്ങളോളം ഞാൻ ദുഃഖിതയായിരുന്നു. തീർത്തും വേദനാജനകമായ ഒരു സമയത്തിലൂടെയാണ് ഞാൻ കടന്നുപോയത്. പക്ഷേ, ഏറ്റവും ബുദ്ധിമുട്ട് എന്റെ കുഞ്ഞിന് ഞാൻ നൽകേണ്ടിയിരുന്ന പാൽ വെറുതെ ഒഴുക്കി കളയുന്നതായിരുന്നു" സാറ പറഞ്ഞു. ഇതിൽ നിന്ന് അല്പമെങ്കിലും ഒരാശ്വാസം കണ്ടെത്താനാണ് തന്റെ പാൽ മറ്റ് കുഞ്ഞുങ്ങൾക്ക് നൽകാൻ അവൾ തീരുമാനിച്ചത്.  

"എന്നാൽ, ഈ തീരുമാനം ബുദ്ധിമുട്ടാകുമെന്ന് എന്റെ ഭർത്താവ് ഭയപ്പെട്ടു. എന്നെ കുറിച്ചും, എന്റെ വികാരങ്ങളെ കുറിച്ചും അദ്ദേഹം ആശങ്കപ്പെട്ടു. പക്ഷേ, അത് എന്നെ എത്രമാത്രം സന്തോഷിപ്പിച്ചുവെന്ന് അദ്ദേഹം പിന്നീട് മനസ്സിലാക്കി” സാറ പറഞ്ഞു. ഇപ്പോൾ സാറയുടെ ഭർത്താവ് ലൂയിസും അവളുടെ മൂന്ന് ആൺമക്കളും ഈ തീരുമാനത്തെ പൂർണമായി പിന്തുണയ്ക്കുന്നു. "ജനിക്കുമ്പോൾ തന്നെ അമ്മമാർ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്കും, മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങൾക്കും വേണ്ടിയാണ് ഞാൻ എന്റെ പാൽ ദാനം ചെയ്യുന്നത്. ഇത് ശരിക്കും പ്രോത്സാഹജനകവും എന്നെ മുന്നോട്ട് നയിക്കുന്നതുമാണ്. തങ്ങളുടെ കുഞ്ഞുങ്ങളെ മറക്കാൻ ആഗ്രഹിക്കാത്തതിനാൽ മുലപ്പാൽ സംഭാവന നൽകിയ ചില അമ്മമാരെ ഞാൻ കണ്ടിട്ടുണ്ട്” സാറ പറഞ്ഞു.

PREV
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!