വീടിന്റെ പരിസരത്ത് വച്ച് തെരുവുനായ്‍ക്കൾക്ക് ഭക്ഷണം കൊടുത്തു, എട്ടുലക്ഷം രൂപ പിഴ!

By Web TeamFirst Published Dec 17, 2021, 3:00 PM IST
Highlights

2021 ജൂലൈ മുതലാണ് സമുച്ചയത്തിന്റെ പരിസരത്ത് നായ്ക്കളെ ഊട്ടുന്നവർക്ക് പിഴ ചുമത്താൻ സൊസൈറ്റി മാനേജിംഗ് കമ്മിറ്റി തീരുമാനിച്ചത്. ഭക്ഷണം നൽകുന്നതിനാൽ നിരവധി തെരുവ് നായ്ക്കൾ സമുച്ചയത്തിനുള്ളിൽ അലഞ്ഞുതിരിയുന്നതായി കമ്മിറ്റി പരാതിപ്പെട്ടു.

ഒരു പാർപ്പിട സമുച്ചയത്തിലെ താമസക്കാരിക്ക് അവരുടെ വീടിന്റെ പരിസരത്ത് വച്ച് തെരുവു നായ്ക്കൾ(stray dogs)ക്ക് ഭക്ഷണം നൽകി എന്നതിന്റെ പേരിൽ എട്ട് ലക്ഷം(8 Lakh) രൂപ പിഴ ചുമത്തിയതായി റിപ്പോർട്ട്. നാൽപതോളം കെട്ടിടങ്ങൾ ഉൾപ്പെടുന്ന എൻആർഐ കോംപ്ലക്‌സിന്റെ മാനേജ്‌മെന്റ് കമ്മിറ്റിയാണ് പിഴ ചുമത്തിയത്. നവിമുംബൈയിലാണ് സംഭവം. 

സമുച്ചയത്തിനുള്ളിൽ തെരുവു നായ്ക്കൾക്ക് ഭക്ഷണം നൽകുന്നവരിൽ നിന്ന് ഹൗസിംഗ് സൊസൈറ്റി പ്രതിദിനം 5,000 രൂപയാണ് പിഴയായി ഈടാക്കുന്നത്. അതനുസരിച്ചാണ് അവർക്ക് മൊത്തം പിഴ തുക 8 ലക്ഷം രൂപയായി തീർന്നത്. അവരെ കൂടാതെ, പിഴ ഇനത്തിൽ മറ്റൊരു താമസക്കാരനിൽ നിന്ന് മൊത്തം ആറ് ലക്ഷം രൂപ പിഴയായി ഈടാക്കിയിരുന്നു. 2021 ജൂലൈ മുതലാണ് സമുച്ചയത്തിന്റെ പരിസരത്ത് നായ്ക്കളെ ഊട്ടുന്നവർക്ക് പിഴ ചുമത്താൻ സൊസൈറ്റി മാനേജിംഗ് കമ്മിറ്റി തീരുമാനിച്ചത്. ഭക്ഷണം നൽകുന്നതിനാൽ നിരവധി തെരുവ് നായ്ക്കൾ സമുച്ചയത്തിനുള്ളിൽ അലഞ്ഞുതിരിയുന്നതായി കമ്മിറ്റി പരാതിപ്പെട്ടു.

നായ്ക്കൾക്ക് ഭക്ഷണം നൽകുന്നവരെ സൊസൈറ്റി വാച്ചർമാർ പിന്തുടരുകയും അവയുടെ പേര് എഴുതി വയ്ക്കുകയും ചെയ്യുന്നുവെന്ന് മറ്റൊരു താമസക്കാരിയായ ലീല വർമ്മ പറഞ്ഞു. അത് പിന്നീട് മാനേജിംഗ് കമ്മിറ്റിക്ക് റിപ്പോർട്ട് ചെയ്യുന്നു, അവരാണ് പിഴ കണക്കാക്കുന്നത്. എന്നാൽ, ട്യൂഷനു പോകുന്ന കുട്ടികൾ തെരുവ് നായ്ക്കളെ പിന്തുടരുന്നുവെന്നും, ഭയം മൂലം മുതിർന്നവർക്ക് സമാധാനമായി പുറത്തിറങ്ങാൻ കഴിയുന്നില്ലെന്നും കമ്മിറ്റി സെക്രട്ടറി വിനിത ശ്രീനന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. ഇത് കൂടാതെ, നായ്ക്കൾ പാർക്കിംഗ് സ്ഥലവും മറ്റ് ഇടങ്ങളും മലിനമാക്കുന്നുവെന്നും അവർ പറഞ്ഞു. രാത്രിയായാൽ നായ്ക്കൾ മുഴുവൻ ഓരിയിടുന്നതിനാൽ താമസക്കാർക്ക് ശരിയായി ഉറങ്ങാൻ കഴിയുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.  

(ചിത്രം പ്രതീകാത്മകം)
 

click me!