മുൻവശം തകർന്ന വാഹനവുമായി യുവതി റോഡിൽ, 40 മിനിറ്റ് സഞ്ചരിച്ചു, പിഴയീടാക്കി പൊലീസ്

By Web TeamFirst Published Mar 20, 2023, 5:25 PM IST
Highlights

ഏതായാലും അനേകം പേരാണ് കാറിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഷെയർ ചെയ്തത്. പലരും ചിത്രങ്ങൾക്ക് കമന്റുകളുമായും എത്തി.

വാഹനം ഓടിക്കുമ്പോൾ കൃത്യമായി നിയമം പാലിച്ചില്ലെങ്കിൽ പിഴയീടാക്കും. അക്കാര്യത്തിൽ യാതൊരു സംശയവും ഇല്ല. ഹെൽമറ്റ് ഇടാതിരുന്നാൽ, സീറ്റ്ബെൽറ്റ് ധരിക്കാതിരുന്നാൽ, അതുപോലെ വാഹനത്തിന് കൃത്യമായ പേപ്പറുകളില്ലെങ്കിൽ ഒക്കെയും ഇത് സംഭവിക്കാം. എന്നാൽ, ഓസ്ട്രേലിയയിലെ സൺഷൈൻ നോർത്തിലുള്ള ഒരു സ്ത്രീയിൽ നിന്നും പിഴയീടാക്കിയത് ഇതിനൊന്നുമല്ല. മുൻഭാ​ഗം പകുതിയും ഇല്ലാത്ത വണ്ടി ഓടിച്ചതിനാണ്. 

മാർച്ച് 18 -നാണ് 41 -കാരിയായ യുവതി പ്രസ്തുത വാഹനവുമായി നിരത്തിലേക്കിറങ്ങിയത്. ബ്രൈറ്റണിൽ നിന്നുമുള്ള സ്ത്രീ തന്റെ വീട്ടിൽ നിന്നും 40 മിനിറ്റ് നേരം ഈ വാഹനവും ഓടിച്ച് സഞ്ചരിച്ചു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അവിടെ വച്ചാണ് പൊലീസ് വാഹനം ശ്രദ്ധിക്കുന്നത്. ഒരു 2022 മോഡൽ ഹ്യുണ്ടായ് പാലിസേഡായിരുന്നു ഇത്. ഇതിന് വിൻഡ് സ്ക്രീനോ, ബാക്ക് വിൻഡോയോ ഉണ്ടായിരുന്നില്ല. എഞ്ചിൻ മറച്ചിട്ടും ഉണ്ടായിരുന്നില്ല. 

വിക്ടോറിയ പൊലീസ് ഫെയ്‌സ്ബുക്കിൽ വാഹനത്തിന്റെ ഫോട്ടോകൾ പങ്കുവെച്ചു. ഇതിന്റെ ഡ്രൈവർക്ക് നേരത്തെ തന്നെ പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട് എന്നും ഈ വാഹനവുമായി റോഡിൽ ഇറങ്ങുന്നത് സുരക്ഷിതമല്ല എന്ന് അറിയിച്ചിട്ടുണ്ടായിരുന്നു എന്നും അതിനോടൊപ്പം പൊലീസ് കുറിച്ചിട്ടുണ്ട്. എന്നാൽ, വീണ്ടും അതേ വാഹനവുമായി റോഡിലിറങ്ങിയതിനാൽ ഇത്തവണ സ്ത്രീക്ക് $740 പിഴ ഈടാക്കിയിട്ടുണ്ട് എന്നും ഡീമെറിറ്റ്സ് പോയിന്റ് ഉണ്ട് എന്നും കൂടി പൊലീസ് വ്യക്തമാക്കി. 

ഏതായാലും അനേകം പേരാണ് കാറിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഷെയർ ചെയ്തത്. പലരും ചിത്രങ്ങൾക്ക് കമന്റുകളുമായും എത്തി. അതിലൊരാൾ കുറിച്ചത്, ഇനി ശരിക്കും ഈ സ്ത്രീ താമസിക്കുന്നത് കാറിന്റെ അകത്തായിരിക്കുമോ, അതായിരിക്കുമോ അവർ കാറുമായി പുറത്തിറങ്ങിയത്, മറ്റുള്ളവരുടെ ജീവിതത്തെ കുറിച്ച് നമുക്ക് എല്ലാമൊന്നും അറിയില്ലല്ലോ എന്നാണ്. എന്തിരുന്നാലും ഇങ്ങനെ ഒരു വാഹനവുമായി പുറത്തിറങ്ങുന്നതിനെ അനുകൂലിക്കുന്നില്ല എന്നും അയാൾ കുറിച്ചു. 

click me!